Connect with us

india

‘രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ച’; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തി ബി.ജെ.പി: രാഹുല്‍ ഗാന്ധി

ബി.ജെ.പി നടപ്പിലാക്കിയ നയങ്ങള്‍ തകര്‍ത്തത് രാജ്യത്തെ യുവാക്കളുടെ ഭാവിയും വിദ്യാഭ്യാസ മേഖലയേയുമാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് നടക്കുന്നത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പി നടപ്പിലാക്കിയ നയങ്ങള്‍ തകര്‍ത്തത് രാജ്യത്തെ യുവാക്കളുടെ ഭാവിയും വിദ്യാഭ്യാസ മേഖലയേയുമാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആയിരക്കണക്കിന് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ച പരാതിപ്പെട്ടിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആ വിഷയം ഗൗരവത്തോടുകൂടി സര്‍ക്കാരിന് മുമ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ കഷ്ടപ്പെടുകയാണ്. വഞ്ചിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവനും പ്രയോജനവും ലഭിക്കുന്നു. നമ്മുടെ വിസിമാരെ നിയമിക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയില്‍ പെട്ടവരാണ്. ഈ സംഘടനയും ബി.ജെ.പിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നുകയറുകയാണ്,’ എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

നരേന്ദ്ര മോദി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്ന വ്യാപം അഴിമതി നടന്നത് മധ്യപ്രദേശില്‍ ആണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയിലെ മുഴുവന്‍ സംവിധാനങ്ങളെയും ബി.ജെ.പി കൈവശപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ ചോര്‍ച്ച ഉണ്ടാവുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ കൈവശപ്പെടുത്തല്‍ എന്ത് വിലകൊടുത്തും തടയണമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യം നിലവില്‍ നേരിടുന്നത് ദേശീയവും സാമ്പത്തികവും വിദ്യാഭ്യാസപരവും സ്ഥാപനപരവുമായ പ്രതിസന്ധികളാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിയും അവരുടെ മാതൃസംഘടനയായ ആര്‍.എസ്.എസും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പേപ്പര്‍ ചോര്‍ച്ച രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ വ്യക്തമാക്കി. ഈ തെറ്റായ നടപടി രാജ്യത്തെ യുവാക്കളെ നിരന്തരമായി വേദനിപ്പിക്കുകയാണ്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ഉടന്‍ നടപടിയെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വോട്ടര്‍മാര്‍ക്ക് മനസിലായിട്ടുണ്ട്, രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും സ്ഥാപനങ്ങളും മോദിയുടെയും ബി.ജെ.പിയുടെയും നിയന്ത്രണത്തിലാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നീറ്റിലെ ക്രമക്കേടിന് പിന്നാലെ ചൊവ്വാഴ്ച നടന്ന യു.ജി.സി-നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തയതിനെ തുടര്‍ന്നായിരുന്നു നടപടി.

പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രിയോടെ നെറ്റ് പരീക്ഷ റദ്ദ് ചെയ്ത് കൊണ്ട് കേന്ദ്രം പ്രസ്താവന ഇറക്കിയത്. അന്വേഷണം സി.ബി.ഐക്ക് ഏല്‍പ്പിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

 

india

സൻസദ് ടി.വിയിൽ രാഹുലിന്റെ പ്രസംഗം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ; മോദിയുടേത് 68,000

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്.

Published

on

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ അതിഗംഭീര പ്രസംഗം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പരിപാടികള്‍ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടി.വിയുടെ യു ട്യൂബ് ചാനലിലും വന്‍ ഹിറ്റ്. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വിഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഒരു മണിക്കൂറും 15 മിനിറ്റും നീളുന്ന വിഡിയോ 68000 പേരും ഒരു മണിക്കൂറുള്ള മറ്റൊരു വിഡിയോ 31000 പേരുമാണ് കണ്ടത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഉത്തര്‍ പ്രദേശിലെ നാഗിന മണ്ഡലത്തില്‍നിന്ന് വിജയിച്ച ഭീം ആര്‍മി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ എട്ട് മിനിറ്റോളമുള്ള പ്രസംഗമാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിന്റെ വിഡിയോ കണ്ടത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസംഗത്തിന് 3,87,000വും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം നിയന്ത്രിക്കാനാവാതെ ബി.ജെ.പി പ്രതിരോധത്തിലായ മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി അന്‍ഗോംച ബിമോലിന്റെ പ്രസംഗത്തിന് ഒന്നര ലക്ഷത്തിലേറെയും എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗത്തിന് 74000വും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് 52000ത്തിലധികവും ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിന് 60,000വും കാഴ്ചക്കാരെ കിട്ടി. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തറപറ്റിച്ച് വിജയം പിടിച്ച എസ്.പിയിലെ അവധേഷ് പ്രസാദിന്റെ പ്രസംഗം 30,000ത്തോളം പേര്‍ സന്‍സദ് ടി.വി യു ട്യൂബ് ചാനലില്‍ കേട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ച പ്രസംഗം സമൂഹ മാധ്യമങ്ങളും വ്യാപകമായി ഏറ്റെടുത്തിരുന്നു. മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ലോക്‌സഭയിലെ ആദ്യ പ്രസംഗം.

Continue Reading

india

ബി.ആർ.എസ് രാജ്യസഭാ എം.പി കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു

ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.

Published

on

മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാർട്ടി വിട്ടത്. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബി.ആർ.എസിൽ ചേർന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ പുനഃപ്രവേശനം നേടിയത്.

ഐക്യ ആന്ധ്രയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു കേശവ റാവു. ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.

Continue Reading

india

മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

Published

on

 മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നല്‍കിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ജാമ്യാപേക്ഷ.

Continue Reading

Trending