Connect with us

india

കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മണിപ്പൂര്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രവും സംസ്ഥാനഭരണകൂടവും പരാജയപ്പെട്ടെന്ന് മണിപ്പൂര്‍ ബി.ജെ.പി മുഖ്യമന്ത്രി ബിരേന് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുഭരണകൂടങ്ങളോടും ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇന്നര്‍ മണിപ്പൂര്‍ ജെ.എന്‍.യുവിലെ പ്രൊഫസര്‍ ആയ ആഗോംച്ച ബിമോല്‍, ഔട്ടര്‍ മണിപ്പൂരില്‍ ആല്‍ഫ്രഡ് കണ്‍ഗം ആര്‍തര്‍ എന്നിവരായിരുന്നു വിജയിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ നാഗ വിഭാഗത്തിനിടയില്‍ നിന്നാണ് ആല്‍ഫ്രഡ് വിജയിച്ചത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിക്കുന്നത് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അസംതൃപ്തിയാണ്. ഇനിയുള്ള സമയം എന്നത് മണിപ്പൂരിലെ ജനതക്ക് വേണ്ടി കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ നിലകൊള്ളും.’ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഫലം ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള മറുപടിയായി കാണുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ജനങ്ങള്‍ അവരുടെ അമര്‍ഷം പുറത്തു കാണിച്ചെന്ന് അദ്ദേഹം ഉത്തരം നല്‍കി.

‘ഈ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മണിപ്പൂരില്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ജനങ്ങള്‍ ആഗ്രഹിച്ച നിലവാരം പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നത് തന്നെയാണ് വാസ്തവം,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ നടന്ന കലാപത്തില്‍ വേണ്ടവിധം തീരുമാനങ്ങളെടുക്കാനോ കലാപം തടയാനോ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ സാധിച്ചിരുന്നില്ല എന്നത് ജനങ്ങളില്‍ വലിയ തോതില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണര്‍ത്തുന്നതിന് കാരണമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ പുതിയ സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയത്തെ കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനായി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും വലിയ പരിഗണന ലഭിക്കേണ്ട വിഷയമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. 2023 മെയ് മാസമായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ആളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സഗത്തിനിരയാവുകയും ചെയ്തിരുന്നു.

india

ജെ ഡി വാന്‍സും കുടുംബവും ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും

Published

on

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

വാന്‍സിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും കുട്ടികളുമുണ്ട്. ഇന്ന് വൈകീട്ടോടെ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് വാന്‍സ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പെന്റഗണ്‍, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘവും വാന്‍സിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം.  കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി,യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.

 

Continue Reading

india

ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിനടെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം; കേസെടുക്കാതെ ഗുജറാത്ത് പൊലീസ്

ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു

Published

on

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കടന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലീസ്.

ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്കാണ് ആയുധങ്ങളുമായി വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കിടയില്‍ അഹമ്മദാബാദിലെ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Continue Reading

india

സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശം; ഉപരാഷ്ട്രപതിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹരജി

കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്

Published

on

സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹരജി. സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് അറ്റോര്‍ണി ജനറലിനു മുമ്പാകെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ബില്ലില്‍ ഒപ്പിടുന്നതിനു ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ ഉപരാഷ്ട്രപതി നടത്തിയ പ്രതികരണത്തിനെതിരെയാണ് കോടതിയലക്ഷ്യ നിയമം വകുപ്പ് 15 പ്രകാരമാണ് ഹരജി ഫയല്‍ ചെയ്തത്.

കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളും അധിക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയെ പ്രോസിക്യൂട്ട് ചെയ്യണം, കേസെടുക്കണം എന്നും അതിനായി കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Trending