Connect with us

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading

Article

വേണം കൈവിടാത്ത ആത്മവിശ്വാസം; ഫിഷറീസ് മൈനോരിറ്റി ഡയറക്ടർ ഡോ. അദീല അബ്ദുല്ല സംസാരിക്കുന്നു

Published

on

അഭിമുഖം -പി. ഇസ്മയിൽ

ഐ.എ.എസ് സ്വപ്‌നം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വന്റ് ആവണം എന്ന് എല്ലാവര്‍ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്‍സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്‍ എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്‍ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്‍ താല്‍പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്‍ പോവുന്ന കലക്ടര്‍ എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്.

പ്രചോദനം?

എന്നേക്കാളും രണ്ടു വര്‍ഷം മുന്‍പ് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുകയും ഇപ്പോള്‍ ആസാം കേഡറില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷ്മണന്‍ സാറുടെ പ്രോത്സാഹനം മറക്കാനാവില്ല. ഭര്‍ത്താവിന്റെ സുഹൃത്തും ഡോക്ടറും കൂടിയായ അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി സന്ദര്‍ശിച്ചു ഉപദേശം തേടിയിരുന്നു. നീ എഴുതിയാല്‍ പാസ്സാവുമെന്ന പിതാവിന്റെ തലോടലും പ്രേരണയായിട്ടുണ്ട്. എന്നെക്കാളും ഉയരത്തില്‍ എത്താന്‍ നിനക്ക് കഴിവുകള്‍ ഉണ്ട്. അത് നീ ഉപയോഗപ്പെടുത്തണമെന്ന ഭര്‍ത്താവിന്റെ ഉറച്ച നിലപാടും സ്വപ്‌നനേട്ടത്തില്‍ വഴിതിരിവായിട്ടുണ്ട്. ജോസഫ് അലക്‌സ് എന്ന ദ കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ വേഷം സ്വാധീനിച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫീസര്‍മാരില്‍ പലരിലും ഈ കഥാപാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

പഠനത്തിലെ രഹസ്യസ്വഭാവം?

സിവില്‍ സര്‍വീസിനുള്ള തയ്യാറെടുപ്പ് രഹസ്യമാക്കി വെക്കുന്നതാണ് ഉചിതം. പത്ത് ലക്ഷം പേര് പരീക്ഷ എഴുതുന്നതില്‍ പരമാവധി ആയിരം പേര്‍ക്കാണ് അവസരം ലഭിക്കാറുള്ളത്. അതില്‍ തന്നെ ആദ്യ തവണ പാസാവുന്നവര്‍ വിരളമാണ്. ഒന്നും രണ്ടും തവണ തോല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പഠനത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ആസ്വദിച്ചു പഠിക്കുന്നതിനു അത് തടസ്സമാവുകയും ചെയ്യും.

ഇന്റര്‍വ്യൂ അനുഭവം

അട്ടപ്പാടിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്. അഭിമുഖത്തില്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. ഡോക്ടറായി സേവനം ചെയ്യുന്നതിനിടയില്‍ സിവില്‍ സര്‍വീസിന്റെ താല്‍ പര്യത്തെ കുറിച്ചും അട്ടപാടിയിലെ ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വായനയെ കുറിച്ചും കുറെയേറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍കാല ചോദ്യപേപ്പറുകളുടെ പ്രസക്തി?.

സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലിക്കുന്നവര്‍ നിര്‍ബന്ധമായും മുന്‍ കാല ചോദ്യപേപ്പറുകള്‍ വായിക്കേണ്ടതുണ്ട്. മുന്‍കാല ചോദ്യപേപ്പറുകളായിരുന്നു എന്റെ അടിത്തറ. കേരളത്തില്‍ വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മുന്‍കാല ചോദ്യപേപ്പറുകള്‍ വലിയ സഹായകമായിട്ടുണ്ട്. 2011ല്‍ പരീക്ഷ എഴുതുമ്പോള്‍ 25 വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അത് പഠിച്ചിരുന്നു. ചോദ്യപേപ്പറുകളുടെ പഠനത്തിന് ശേഷമാണു ഐശ്ചിക വിഷയം തീരുമാനിച്ചത്. സിലബസിനെ കുറിച്ചുള്ള ധാരണ കിട്ടാനും ചോദ്യപേപ്പറുകളുടെ പഠനം ഉപകരിച്ചിട്ടുണ്ട്.

റാങ്ക് നിര്‍ണയ മാനദണ്ഡങ്ങള്‍?

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് നിര്‍ണയം. മെയിന്‍സ് പരീക്ഷയിലെ മാര്‍ക്കും ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സും റാങ്ക് നിര്‍ണയത്തില്‍ പ്രധാനമാണ്. മെയിന്‍സില്‍ മാര്‍ക്ക് കുറവു വന്നാല്‍ ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കാനാവില്ല. കേഡറിലും സര്‍വീസ് നിര്‍ണയത്തിലും സംവരണവും വേക്കന്‍സിയും നിര്‍ണ്ണായകമാണ്. എനിക്ക് കേരള കേഡര്‍ ലഭിക്കുന്നതില്‍ റാങ്കിനൊപ്പം സംവരണവും സഹായകമായിട്ടുണ്ട്.

ഇന്റര്‍വ്യൂ പാനല്‍

ഉദ്യോഗാര്‍ത്ഥിയുടെ മാനസിക നിലവാരം വിലയിരുത്തുക എന്നതാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമുഖം 45 മിനിറ്റോളം ദീര്‍ഘിക്കും. സാധാരണയായി ഒരു ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിദിനം 12 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖം നടത്തുക. രാവിലത്തെ സ്ലോട്ടില്‍ ആറും വൈകുന്നേരം ആറും ഉദ്യോഗര്‍ഥികള്‍ എന്നതാണ് കണക്ക്. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിയെക്കാളും മൂന്നിരട്ടി പ്രായവും മുന്നൂറിരട്ടി അറിവും ഉള്ളവരായിരിക്കും. അവരുടെ മുന്നില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതിരിക്കുക എന്നത് പ്രധാനമാണ്. ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിന് തുല്യമാണ് അഭിമുഖവും. അന്നത്തെ പത്രത്തില്‍ നിന്ന് വരെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കലാണ് ഉത്തമം. സമകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും. ഹോബികള്‍, സര്‍വീസ് പ്രഫറന്‍സ്, പഠിച്ച സ്ഥാപനങ്ങള്‍, ഐഛിക വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍വ്യൂവിന്റെ ഫോക്കസ് ഏരിയകളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പക്ഷപാതമില്ലാത്ത അഞ്ച് അംഗങ്ങളാണുള്ളത്, യു.പി.എസ്.സിയില്‍ അംഗമായ ഒരാളായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍. സീനിയര്‍ ബ്യുറോക്രാറ്റ്‌സ്, സീനിയര്‍ അക്കാദമീഷന്‍, സീനിയര്‍ സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട്‌സ്, പോളിസി മേക്കര്‍ എന്നിവരായിക്കും മറ്റു അംഗങ്ങള്‍.

ഐ.എ.എസ് നിയമനങ്ങള്‍?.

പരിശീലനത്തിന് ശേഷം ആദ്യ രണ്ടു വര്‍ഷം അസിസ്റ്റന്റ് കലക്ടര്‍ ട്രയിനിയായി ജില്ലകളില്‍ ചുമതല നല്‍കും. അതിനു ശേഷം രണ്ടാംഘട്ട പരിശീലനം ഉണ്ടാവും. അത് കഴിഞ്ഞാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചു സര്‍വീസിനായി പരിഗണിക്കപ്പെടും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള സബ് കലക്ടര്‍ ആയിട്ടാണ് ആദ്യ നിയമനം. രണ്ടാം ഘട്ടത്തില്‍ തിരുവന്തപുരം കേന്ദ്രീകരിച്ചു വകുപ്പ് തല ചുമതലകളിലേക്ക് നിയമിക്കപ്പെടും. പിന്നീട് കലക്ടര്‍ ചുമതല നല്‍കും. കലക്ടറാവുന്നതോടെയാണ് ഐ.എ.എസുകാരെ ജനം ശ്രദ്ധിക്കപെടുന്നത്. പിന്നീട് സീനിയര്‍ സെക്രട്ടറിയാവുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും പോളിസി മേക്കിംഗിന്റെ ഭാഗമാവാനും കഴിയും.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍?.

കലക്ടര്‍ എന്നത് റവന്യൂ പദവിയാണ്. അധികാര ശ്രേണി കൂടുതലുള്ള പദവി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. നിയമങ്ങള്‍ക്കനുസരിച്ച് വിധി നല്‍കുന്ന കോടതികളില്‍ നിന്നും വിഭിന്നമായി സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ എക്‌സിക്യൂട്ടീവ് മസ്ജിസ്‌ട്രേറ്റില്‍ നിക്ഷിപ്തമാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരം കരുതല്‍ തടങ്കലും, ആള്‍ക്കൂട്ടത്തെ നേരിടാന്‍ 144 പാസാക്കലും വെടി വെപ്പിനുള്ള ഉത്തരവും നാടുകടത്തലും കാപ്പചുമത്തലും തുടങ്ങി ദുരന്ത നിവാരണ ലഘൂകരണം വരെ അധികാര പരിധിയില്‍ വരും. പൊലീസിന്റെ ഭാഗത്തു നിന്നും അധികാരങ്ങളുടെ ദുരുപയോഗം തടയലും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യം വെക്കുന്നതിനാല്‍ ഭരണ ഘടനയുടെ കരുതലും ജനാധിപത്യത്തിന്റെ കരുത്തുമായിട്ടാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെ നോക്കി കാണേണ്ടത്. മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്ന അധികാരങ്ങള്‍ കയ്യാളുന്നത് കൊണ്ട് കൂടിയാണ് കലക്ടര്‍മാരോട് ജനത്തിന് ഇഷ്ടം.

കലക്ടര്‍ ക്രൗഡ് ഫണ്ട് ശേഖരണം നടത്തുന്ന സാഹചര്യങ്ങള്‍?

ദുരന്തഘട്ടങ്ങളിലാണ് പ്രധാനമായും ക്രൗഡ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ക്രൗഡ് ഫണ്ടിന്റെ ബലം കൊണ്ട് കൂടിയാണ് സംസ്ഥാനത്തു പ്രളയ പുനരധിവാസം എളുപ്പമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുളള കമ്പനികള്‍ നല്‍കുന്ന സി.ആര്‍.എസ് ഫണ്ടുകള്‍ കാരുണ്യ പ്രവത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. എറണാകുളത്തു സബ് കലക്ടര്‍ ആയിരിക്കുമ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറി അസോസിയേഷന്റെ സി.ആര്‍.എസ് ഫണ്ട് ഉപയോഗിച്ച് സീനിയര്‍ സിറ്റിസണ്‍ ട്രിബൂണ്‍ സ്ഥാപിച്ചതാണ് ആദ്യത്തെ അനുഭവം. വയനാട്ടിലും ആലപ്പുഴയിലും കളക്ടറായിരിക്കുമ്പോള്‍ പ്രളയ പുനരാധിവാസത്തിനായും ക്രൗഡ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ‘അയാം ഫ്രം ആലപ്പി’ ക്യാമ്പയിനിലൂടെ അങ്കണ്‍വാടികള്‍ നിര്‍മിക്കാനും ബോട്ടുകളും സൈക്കിളുകളുകളും വിതരണം ചെയ്യാനും സാധ്യമായത് വേറിട്ട അനുഭവമായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 120ഓളം വീടുകള്‍ക്ക് ഫണ്ട് സമാഹരിക്കാനും ആവശ്യമായ ഭൂമി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മയാണ്.

ദുരന്ത നിവാരണ സാക്ഷരതയെന്ന പാഠ്യപദ്ധതി

ഭൂകമ്പവും കൊടുങ്കാറ്റും വന്നാല്‍ എന്ത് ചെയ്യണമെന്ന് ജപ്പാനിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലുമറിയാം. ദുരന്തങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ കരിക്കുലത്തിന്റെ ഭാഗമാക്കിയുള്ള ബോധവല്‍ക്കരണമാണ് ജപ്പാനില്‍ പരീക്ഷിച്ചത്. വീടിനകത്തെ ദുരന്ത സാധ്യതകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്‍മാരല്ല. വയനാട് ജില്ലാ കലക്ടറായിരിക്കേ സ്‌കൂളുകളില്‍ ദുരന്ത നിവാരണ സാക്ഷരത സംബന്ധിച്ച ബോധവല്‍ക്കരണ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. മികച്ച നിലവാരമുള്ള ദുരന്തനിവാരണ പ്ലാനുകള്‍ ഡോക്യുമെന്റ് ചെയ്യുക എന്നത് പ്രധാനമാണ്. കാരണം മറ്റെവിടെയെങ്കിലും വരുംവര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തസമയത്ത് ഇത്തരം പ്ലാനുകള്‍ വലിയ സഹായകമാവും. വയനാട്ടില്‍ കലക്ടറായിരിക്കേ ഇത് നല്ല രീതിയില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഇത് ആധികാരിക രേഖയായി ആവശ്യപ്പെട്ടിരുന്നു.

അഭിരുചികള്‍

ഉമ്മയും വല്യുമ്മയും നന്നായി പാടുമായിരുന്നു. കല്യാണത്തിനടക്കം പാട്ടുപാടിയുള്ള ആഘോഷങ്ങളൊക്കെ മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ഇത്തരം പരിപാടികളിലൊക്കെ ഞാനും പാടിയിരുന്നു. ആ സ്വാധീനമാണ് ചെറുപ്പം തൊട്ടേ പാട്ടുകളെ ഇഷ്ടപ്പെടാന്‍ കാരണമായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ആഴ്ചപതിപ്പുകളും മാസികകളും അമര്‍ ചിത്രകഥകളും പുരാണ കഥകളുമാണ് തുടക്കത്തില്‍ വായിച്ചിരുന്നത്. ജീവചരിത്രം വായിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.

ഐ.എ.എസിനു ശേഷം സ്‌റ്റെതസ്‌കോപ്പുമായുള്ള ബന്ധം

ബന്ധം വിടാതിരിക്കാന്‍ വീട്ടിലെ കുട്ടികളെയും ബന്ധുക്കളെയും ചികില്‍സിക്കാറുണ്ട്. കോവിഡ് സമയം പല ഘട്ടങ്ങളില്‍ ഡോക്ടറുടെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഡോക്ടറായതിനാല്‍ മെഡിക്കല്‍ രംഗവുമായി ബന്ധപെട്ടു ചര്‍ച്ചകള്‍ നടത്താറുള്ളതിനാലും മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്നതിനാലും പുതിയ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കാറുണ്ട്. അവസരം ഒത്തു വന്നാല്‍ വീണ്ടും സ്റ്റതെസ്‌കോപ്പ് കയ്യിലെടുക്കണമെന്നാണ് മോഹം.

മക്കളാണ് കരുത്ത്

മാതാവ്, ഭാര്യ, ഡോക്ടര്‍ എന്നിങ്ങനെ മൂന്ന് റോളിനൊപ്പമാണ് ഞാന്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് നടത്തി കൊണ്ടിരുന്നത്. ഈ റോളുകളാണ് സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായ ത്യാഗത്തോടും കഠിനാധ്വാനത്തോടും പാകപ്പെടാനുള്ള കരുത്തു പ്രദാനം ചെയ്തത്. ഇന്റര്‍വ്യൂവിനെ നേരിടുമ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു ട്രയിനിംഗിനു ചേരുന്നത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള ഒറ്റമൂലി കൂടിയാണ്.

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം

മലബാറില്‍ വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിലും കാഴ്ചപ്പാടിലും ചിന്തയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മുന്നേറ്റം തന്നെ ഈ മേഖലയില്‍ നടക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും പഠനം തുടരുകയും ജോലിക്കായുള്ള പരിശ്രമങ്ങള്‍ നടത്തുകയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ നല്ല പ്രതീക്ഷയാണ്. കുട്ടികള്‍ ഇനിയും പഠിക്കും. വലിയ ഉയരങ്ങള്‍ കീഴടക്കും. ഐ.എ.എസ് ഇനി അവരെ സംബന്ധിച്ച് സ്വപ്‌നമല്ല.

 

*****

ഡോ. അദീല അബ്ദുല്ല

കോവിഡ് മഹാമാരിയിലും പ്രളയത്തിലും മുറിവേറ്റവര്‍ക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി, രാജ്യത്തിന് പ്രതിരോധത്തിന്റെ മാതൃക തീര്‍ത്ത 2012 കേരള കേഡര്‍ സിവില്‍ സര്‍വന്റ്. 2020 ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമര്‍ വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള രാജ്യത്തെ കലക്ടര്‍മാരുടെ പട്ടികയില്‍ അവസാന നാലിലെത്തിയ മികവ്. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തിരൂര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍. ആലപ്പുഴയിലും വയനാട്ടിലും ജില്ലാ കലക്ടര്‍. നിലവില്‍ ഫിഷറീസ് ഡയറക്ടര്‍, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍, മൈനോരിറ്റി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന തസ്തികകള്‍ വഹിക്കുന്നു.

Continue Reading

india

അനില്‍ ആന്റണി ബി.ജെ.പിയിലേക്ക്

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്‍ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും.

ഇതു സംബന്ധിച്ച് പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് 3മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഒരു നേതാവ് കൂടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ അനില്‍ ആന്റണി തള്ളിയിരുന്നു.

Continue Reading

Trending