Connect with us

india

സമരം ശക്തമാക്കാന്‍ കര്‍ഷകര്‍; രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ഇന്ന് നാല് മണിക്കൂര്‍ ട്രെയിന്‍ തടയും

ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുക.

Published

on

പഞ്ചാബിലും ഹരിയാനയിലുമായി 60-ാളം സ്ഥലങ്ങളില്‍ ഞായറാഴ്ച ട്രെയിന്‍ തടയാനൊരുങ്ങി കര്‍ഷകര്‍. മാര്‍ച്ച് ആറിന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് പുനരാരംഭിച്ച കര്‍ഷകര്‍ രാജ്യവ്യാപകമായി ‘റെയില്‍ റോക്കോ’ സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുക. സമരത്തിന്റെ ഭാഗമായി ട്രെയിനിന്റെ സമയങ്ങളില്‍ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരത്തില്‍ ഓരോ സ്ഥലങ്ങളിലായി നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂര്‍, അമൃത്സര്‍, രൂപ്നഗര്‍, ഗുരുദാസ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നൂറുകണക്കിന് കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞു.

‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന് മുന്നോടിയായി എല്ലാ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകള്‍ ഉള്‍പ്പടെ ഒഴിവാക്കാന്‍ ഹരിയാനയിലെ അംബാല ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

റെയില്‍ റോക്കോ സമരം നടക്കുന്നതിനാല്‍ ഇന്റര്‍സിറ്റി, അന്യസംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് ദല്‍ഹി-അമൃത്സര്‍ റൂട്ടില്‍ നിരവധി ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിരുന്നു.

 

india

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് തീപിടിച്ചു; വന്‍ സ്‌ഫോടനം

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Published

on

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ച് വന്‍ സ്‌ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിനടുത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.
ഡല്‍ഹി – വസീറാബാദ് റോഡില്‍വച്ചാണ് ഗ്യാസ് ട്രക്കിനു തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പുലര്‍ച്ചേ 3.30തിനാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Continue Reading

india

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്

മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Published

on

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം കാതോര്‍ക്കുന്നത്.

അതേസമയം കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ധനമന്ത്രിക്ക് മുന്നില്‍ ഉണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഉണ്ടാകുക. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.

കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

 

 

Continue Reading

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

Trending