Connect with us

kerala

സമസ്ത; നൂറ്റാണ്ടിന്റെ വൈജ്ഞാനിക വിപ്ലവം

Published

on

സമസ്ത കേരള ജംഇയത്തുല്‍ ഉലമയെന്ന പണ്ഡിത സഭയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ നടന്ന മഹാസമ്മേളനത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. മുസ്‌ലിം കേരളത്തിന്റെ ആത്മീയ, വൈജ്ഞാനിക മേഖലകളില്‍ മാത്രമല്ല, സാ മൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലഖിലവും നിസ്തുലമായ സംഭാവനകള്‍ നല്‍കിയാണ് സമസ്ത അതിന്റെ സംഭവ ബഹുലമായ നൂറുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നത്. ഒരു സംഘടന നൂറുവര്‍ഷം പിന്നിടുകയെന്നത്, സഹസ്രാബ്ദങ്ങളുടെ ചരിത്രം അവകാശപ്പെടാനുള്ള ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചടുത്തോളം അത്ര സവിശേഷമൊന്നുമല്ല. എന്നാല്‍ ഒരു ആദര്‍ശത്തില്‍ പിറവിയെടുക്കുകയും പിന്നിട്ട കാലമത്രയും അതിന്റെ മേല്‍ ഉറച്ചുനിന്ന് ഒരു ജനതയുടെ വിശ്വാസ, ആദര്‍ശ സംരക്ഷണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു എന്നതാണ് സമസ്തയെ സവിശേഷമാക്കുന്നത്. തലയെടുപ്പുള്ള പണ്ഡിത ശ്രേഷ്ഠരും അവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകളും സമസ്തയെപ്പോലെ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും രുപം കൊണ്ടിട്ടുണ്ട്. അവകള്‍ക്കൊന്നും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനോ അവരുടെ ആത്മീയവും ഭൗതികവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ അത്രത്തോളം മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിശ്വാസി സമൂഹത്തിന് അവരുടെ ആചാരങ്ങളെക്കുറിച്ചോ അനുഷ്ഠാനങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധം നേടിയെടുക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. വിശ്വാസപരമായ ഈ ദൗര്‍ബല്യം സകലമേഘലകളിലും അവരെ പിന്നോക്കത്തിന്റെ കാവടിയേന്തുന്നവരാക്കി മാറ്റുകയും ചെയ്തു. ഇവിടെയാണ് ഈ പ്രസ്ഥാനം വ്യത്യസ്തമാകുന്നത്.

1920 കളിലെ കലുഷിതമായ സാഹചര്യത്തില്‍ അനിവാര്യതയുടെ സൃഷ്ടിയായാണ് സമസ്ത രൂപംകൊള്ളുന്നത്, മലബാര്‍ കലാപമുള്‍പ്പെടെയുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ സമുദായത്തെ ഒരുപോലെ വേട്ടയാടപ്പെട്ട നാളുകളില്‍ ഈ സംഘശക്തിക്ക് രൂപം നല്‍കാനും വളര്‍ത്തിയെടുക്കാനും സ്ഥാപക നേതാക്കള്‍ സഹിച്ച ത്യാഗങ്ങള്‍ തുല്ല്യതയില്ലാത്തതാണ്. പ്രതിസന്ധിയുടെ തീക്ഷ്ണാനുഭവങ്ങളെ അനന്യസാധാരണമായ ഇഛാശക്തികൊണ്ടാണ് അവര്‍ നേരിട്ടത്. ഉജ്വലമായ പാരമ്പര്യത്തില്‍ അഭിരമിക്കുന്നതിന് പകരം അതില്‍ ആവേശം കൊള്ളുകയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് നേരിടുകയും ചെയ്തതിലൂടെ സഞ്ചാരപാഥ യിലൊരിടത്തും സമസ്തക്ക് ആശയക്കുഴപ്പത്തിന്റെയോ അസ്ഥിത്വ പ്രതിസന്ധിയുടെയോ ഭീഷണികളെ നേരിടേണ്ടി വന്നിട്ടില്ല. മദ്രസാ പ്രസ്ഥാനത്തിന്റെ ജനകീയവല്‍ക്കരണം, ഉന്നതമത കലാലയങ്ങളുടെ സംസ്ഥാപനം, പ്രീപ്രൈമറി, സത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണ്. സമസ്തയുടെ ജനകീയ കരുത്തിന്റെ വിളംബരമാണ് നൂറാം വാര്‍ഷികാഘോഷ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ച എസ്.എന്‍.ഇ.സിക്ക് കീഴിലുള്ള ദേശീയ വിദ്യാഭ്യാസ പദ്ധതി.

പ്രവര്‍ത്തന വിഥിയില്‍ ഒരു നൂറ്റാണ്ട് പിന്നിടുകയും സമുദായത്തിന്റെ സര്‍വവിധത്തിലുള്ള പുരോഗതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇതര സമുദായങ്ങളില്‍ സംശയത്തിന്റെ ഒരു ലാഞ്ചന പോലും സ്യഷ്ടിച്ചില്ലെന്നുമാത്രമല്ല, അവരുടെ വിശ്വാസം പൂര്‍ണമായും ആര്‍ജിക്കാന്‍ സമസ്തക്ക് സാധിച്ചു. കേട്ടാല്‍ കാതുകള്‍ കോരിത്തരിച്ചുപോകുന്ന അത്തരം നിരവധി സമ്മോഹന മുഹൂര്‍ത്തങ്ങള്‍ സംഘടനയുടെയും ഉന്നത ശീര്‍ഷരായ നേതാക്കളുടെയും ചരിത്രങ്ങളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടങ്ങള്‍ വിദ്വേഷത്തിന്റെ വാഹകരായി മാറുകയും അധികാര ലബ്ധിക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാല ഇന്ത്യയില്‍ മതത്തിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കുന്ന സംഘശക്തി എന്ന നിലയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാകുന്നത് മതേതര ഇന്ത്യക്ക് കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല. നുറാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ ഉത്തരവാദിത്തമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഈ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കഴിവും കരുത്തും സമസ്തക്കുണ്ട് എന്നതിന്റെ തെളിവാണ് ബെംഗളൂരു സമ്മേളനം.

kerala

‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സി.പി.എമ്മിനെ ട്രോളി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിയെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി; തെരച്ചില്‍ നാളെ വീണ്ടും തുടരും… നാളെയും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.

അതേസമയം നിലമ്പൂരില്‍ മത്സരിക്കാന്‍ ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

സിറ്റിങ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുല്‍ പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 71,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 8935 രൂപ നല്‍കണം. കഴിഞ്ഞ ദിവസം രാവിലെ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ ഇടിഞ്ഞിരിന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായി കുറയുകയാണുണ്ടായത്. ഔണ്‍സിന് 3,348 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യന്തര വില 3,293 ഡോളര്‍ വരെ താഴ്ന്നിരുന്നു. 3,297 ഡോളറിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,748 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,311 രൂപയും പവന് 58,488 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 89,350 രൂപ വരെ ചിലവ് വരും.

രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

മുങ്ങിയ കപ്പലില്‍നിന്ന് പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു; ആശങ്കപ്പെടാനില്ലെന്ന് പ്രതിരോധ മന്ത്രാലയം

തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Published

on

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പ, അഞ്ചുതെങ്ങ്, വര്‍ക്കല അടക്കമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെയ്നറിനുള്ളിലെ ഉല്‍പ്പനങ്ങള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി.

ഉല്‍പ്പന്നങ്ങള്‍ അടിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂര്‍വസ്ഥിതിയിലെക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. തീരപ്രദേശങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട അധികൃതരായിരിക്കും കടലില്‍ അടിഞ്ഞിട്ടുള്ള കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത്.

Continue Reading

Trending