Connect with us

Culture

കുതിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോ

Published

on

കൊച്ചിമെട്രോ റെയില്‍പാതയിലൂടെ ബഹുവര്‍ണതീവണ്ടികളുടെ ഓട്ടംകണ്ട് അഭിമാനപുളകിതരാകുകയാണിപ്പോള്‍ മലയാളി. ബന്ധപ്പെട്ട അധികൃതരുടെ യാത്രാഅനുമതി ലഭിച്ചതോടെ കൊച്ചിമെട്രോപദ്ധതി യാഥാര്‍ഥ്യമായിരിക്കയാണ്. 2012 സെപ്തംബര്‍ പതിമൂന്നിന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശിലാസ്ഥാപനം നടത്തിയ പദ്ധതി കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഗതാഗതചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാകുന്നത് അതിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കൃത്യതയാര്‍ന്നതുമായ നിര്‍മാണരീതികളും സേവനസംവിധാനങ്ങളും കൊണ്ടാണ്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം, വ്യാപാരവിപണനകേന്ദ്രം, വിനോദസഞ്ചാരമേഖലയായ അറബിക്കടലിന്റെ റാണി, ജലഗതാഗതത്തിനുള്ള മികച്ച സൗകര്യം, നാവികസേനാ ദക്ഷിണആസ്ഥാനം, ഹൈക്കോടതി, കപ്പല്‍ശാല, അന്താരാഷ്ട്രചരക്കുകടത്തുള്ള തുറമുഖനഗരി തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് നമ്മുടെ കൊച്ചുകൊച്ചി. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പതിറ്റാണ്ടുകള്‍ക്കുമുമ്പുമുതല്‍ കൊച്ചി നഗരത്തിലെ ഗതാഗതം കീറാമുട്ടിയായി നിലകൊള്ളുകയായിരുന്നു. നഗരം ആരംഭിക്കുന്ന ആലുവ മുതല്‍ കായല്‍തീരത്തെ എറണാകുളത്തെത്താന്‍ മണിക്കൂറുകള്‍വരെ എടുക്കുന്ന അവസ്ഥയുണ്ടായി. എന്തുകൊണ്ട് ഡല്‍ഹിക്കും അഹമ്മദാബാദിനും മുംബൈക്കും പോലെ കൊച്ചിക്കും ഒരു സമാന്തരമായ ആകാശറെയില്‍ സംവിധാനം ആയിക്കൂടാ എന്ന ചിന്ത ഉല്‍ഭവിക്കുന്നത് തൊണ്ണൂറുകളിലാണ്. ഭാഗ്യവശാല്‍ കേരളത്തിന്റെ നിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന സ്ഥലമെടുപ്പ്, തൊഴില്‍ തര്‍ക്കങ്ങളൊക്കെ അതിനാടകീയമായി തരണം ചെയ്താണ് മെട്രോ എന്ന ഹിമാലയന്‍ സ്വപ്‌നം കൊച്ചിയും കേരളവും തരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയില്‍സുരക്ഷാ കമ്മീഷണറുടെ പരിശോധനയിലാണ് പദ്ധതി യാത്രക്ക് പൂര്‍ണസജ്ജമാണെന്ന് വിലയിരുത്തപ്പെട്ടത്. ഇതുപ്രകാരം ഇന്നലെ ആരംഭിച്ച യാത്രക്കാരില്ലാതെയുള്ള ഇരുഭാഗത്തേക്കുമുള്ള പരീക്ഷണയോട്ടം ഏതാനുംദിവസം തുടരും. ആദ്യഘട്ടത്തില്‍ ട്രാക്കും ട്രെയിനും മറ്റുമാണെങ്കില്‍ ഇന്നലെ മുതല്‍ നിരീക്ഷിക്കുന്നത് സിഗ്നലും അനൗണ്‍സ്്‌മെന്റും ഡിസ്‌പ്ലേയും മറ്റുമാണ് പരിശോധിക്കുന്നത്. അന്തിമഅനുമതി രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുമായുള്ള ചരിത്രയോട്ടത്തിന് പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുക യാണ് കൊച്ചിമെട്രോ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് കൊച്ചിമെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ പത്തുരൂപകൊണ്ട്് ഇരുപതുമിനിറ്റിനകം യാത്രചെയ്യാം. നാല്‍പതുരൂപയാണ് മാക്‌സിമം നിരക്ക്. ഡെബിറ്റ്കാര്‍ഡ് ടിക്കറ്റ് സംവിധാനം കൊച്ചിയുടെ പ്രത്യേകതയാണ്. രണ്ടാം ഘട്ടത്തില്‍ തൃപ്പൂണിത്തുറവരെയും മൂന്നാംഘട്ടമായി കൊച്ചി അന്താരാഷ്ട്രസ്റ്റേഡിയം മുതല്‍ ഐ.ടി നഗരിയായ കാക്കനാടുവരെയുമാണ് പദ്ധതിയുടെ സമഗ്രരൂപരേഖ. ഡല്‍ഹി മെട്രോയും കൊങ്കണ്‍ റെയില്‍വെയും മറ്റും വിഭാവനം ചെയ്യുകയും അതിസൂക്ഷ്മതയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്ത മലയാളിയായ മെട്രോമാന്‍ ഡോ. ഇ. ശ്രീധരനാണ് കൊച്ചി പദ്ധതിയുടെയും സ്വാഭാവികമായുള്ള നിര്‍മാതാവ്. ഡല്‍ഹി മെട്രോ റെയില്‍വെ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി ) ആണ് ഡോ. ശ്രീധരനുകീഴില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള മെട്രോ സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ ലക്ഷ്യം ഒരു വര്‍ഷം വൈകിയാണെങ്കിലും ഫലവത്തായതുതന്നെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഏറെ അഭിന്ദനാര്‍ഹമാണ്. തൊഴില്‍തര്‍ക്കങ്ങളായിരുന്നു നിര്‍മാണം വൈകാനുണ്ടായ കാരണങ്ങളിലൊന്ന്. തീയതി എഴുതിവെച്ച് പൂര്‍ത്തിയാക്കാനുദ്ദേശിച്ച ആദ്യഘട്ട പദ്ധതി നാലുകൊല്ലമെടുത്തായാലും പൂര്‍ത്തിയാക്കാനായതുതന്നെ ഇച്ഛാശക്തിയുടെ ഫലമാണ്. കൊച്ചിമെട്രോ റെയില്‍കോര്‍പറേഷന്‍ ലിമിറ്റഡി( കെ.എം.ആര്‍.എല്‍) നാണ് മെട്രോയുടെ സര്‍വീസ് നടത്തിപ്പ് ചുമതല. പൊതുസ്വകാര്യപങ്കാളിത്തത്തോടെയുള്ള ( പി.പി.പി ) ധനകാര്യരീതിയാണ് ഇത്. കൊച്ചിവിമാനത്താവളകമ്പനി ( സിയാല്‍ )കേരളത്തിന് ഇക്കാര്യത്തില്‍ മാതൃകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരും കൊച്ചിയുടെ കാര്യത്തില്‍ കാണിച്ച പ്രതിബദ്ധതയും അതീവതാല്‍പര്യവുമാണ് ഈ ഗംഭീരവിജയത്തിന് ഹേതു. ഏതുവിധേനയും കൊച്ചി മെട്രോട്രെയിന്‍ ഓടിക്കാണുക എന്ന വാശിയിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാരും. തുടര്‍ന്ന് കഴിഞ്ഞസര്‍ക്കാര്‍ അധികാരത്തിലിരിക്കെ മെട്രോയുടെ പരീക്ഷണയോട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനായി. ഉദ്ഘാടനദിവസം തന്നെ പദ്ധതി തൃപ്പൂണിത്തറയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ കൂടി നീട്ടി പേട്ടവരെയാക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2013 ജൂണ്‍ ഏഴിനായിരുന്നു ചങ്ങമ്പുഴ പാര്‍ക്കിനടുത്തായുള്ള ആദ്യപൈലിംഗ്. 40.409 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവന്നത്. സ്റ്റേഷനുകള്‍ക്കും പാര്‍ക്കിംഗിനുമായി പത്ത് ഹെക്ടറോളവും. ഇതെല്ലാം താരതമ്യേന സുഗമമായി പൂര്‍ത്തിയാക്കാനായത് പദ്ധതികള്‍ നീളുന്നത് പതിവായ സംസ്ഥാനത്തിന് വേറിട്ട അനുഭവമായി.
എറണാകുളത്തിന്റെ മാത്രമല്ല വിശാലകൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കൊച്ചിമെട്രോ പദ്ധതി ആസുത്രണം ചെയ്തിട്ടുള്ളത്. മഹാനഗരിയെയും പറവൂര്‍, കോതമംഗലം, ആലപ്പുഴ തുടങ്ങിയ പ്രാന്തനഗരങ്ങളുടെയും ഗതാഗതാവശ്യങ്ങളും ഇവയുടെ വികസനവും കൊച്ചി മെട്രോ സാധ്യമാക്കും. ഇതുകൊണ്ടുതന്നെ തൃശൂര്‍ മുതല്‍ വടക്കോട്ടും കൊച്ചി മുതല്‍ തെക്കോട്ടുമുള്ള സംസ്ഥാനത്തിന്റെ ഗതാഗതവികസനസാധ്യതകള്‍ക്കും പ്രതീക്ഷകള്‍ ഉയരുകയാണ്. വിനോദസഞ്ചാരികളെ കൂടി ഇതുവഴി കൂടുതലായി ആകര്‍ഷിക്കാന്‍ നമുക്ക്് കഴിയുമെന്നാണ് പ്രതീക്ഷ. വര്‍ധിച്ചതോതിലുള്ള ജലഗതാഗതസംവിധാനം കൂടി ഉപയോഗപ്പെടുത്താനായാല്‍ കേരളത്തെ കായല്‍നാടായ സ്വിറ്റ്‌സര്‍ലന്റിന്റെ കൊച്ചുപതിപ്പായി മാറ്റിയെടുക്കാന്‍ ഈ പദ്ധതികൊണ്ടുതന്നെ നമുക്ക് കഴിയും. മഴക്കാറ് കണ്ടാല്‍ വെള്ളക്കെട്ടുണ്ടാകുന്ന കൊച്ചിയുടെ ശാപം തീര്‍ക്കുന്നതിനായി തേവര-പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതിന് ഡി.എം.ആര്‍.സി തന്നെ മുന്നോട്ടുവന്നത് വലിയ മാതൃകയാണ്. വിവിധവ്യാപാരകേന്ദ്രങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ്‌ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലോകത്തോടൊപ്പം കുതിക്കാന്‍ വെമ്പല്‍കൊള്ളുന്നമലയാളിക്ക് കൊച്ചിമെട്രോ പുതിയഇന്ധനമാകുമെന്നതില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു

Published

on

നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്.
‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് ടീസർ.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി പരസ്യചിത്രങ്ങളും, പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് ആയി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വർക്ക് ചെയ്തിട്ടുള്ള പരിചയവുമായിട്ടാണ് തൻ്റെ ആദ്യ ചിത്രം ഒരുക്കുന്നത്. ‘രുധിര’ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, കോ -റെറ്റർ ജോസഫ് കിരൺ ജോർജ് .ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Continue Reading

crime

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Published

on

കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖം വികൃതമായ രീതിയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Continue Reading

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading

Trending