രമേശ് ചെന്നിത്തല
പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാനനില വഷളാകാന്‍ തുടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരെ പാടേ മാറ്റിയതോടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിക്ക് പൊലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.
നമ്മുടെ രാജ്യം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പൊലീസ് റിഫോംസ്, പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍, നിയമനങ്ങള്‍ എന്നിവ. സമീപകാലത്ത് ഇന്ത്യയില്‍ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഗവണ്‍മെന്റ് വന്നതിനുശേഷം ഡി.ജി.പി.യെ മാറ്റിയ നടപടി, പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദല്‍ ഗവണ്‍മെന്റ് ഡി.ജി.പി.യെ തുടരാന്‍ അനുവദിച്ച നടപടി. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഡി.ജി.പി. മാരുടെ നിയമനങ്ങള്‍ സുപ്രീംകോടതി വിധിക്കുവേണ്ടി കാത്തുനില്‍ക്കുന്ന സന്ദര്‍ഭമാണിത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സുപ്രധാന വിധിയായിരുന്നു പ്രകാശ് സിംഗും കൂട്ടരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ ഉണ്ടായത്. ആ വിധിയിലാണ് ഏറ്റവും സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി മുന്നോട്ട് വയ്ക്കുന്നത്. സുപ്രീംകോടതിക്ക് അതിന് അധികാരമുണ്ടോയെന്ന് ചിലര്‍ ഇവിടെ ചോദിക്കുകയുണ്ടായി. ഭരണഘടനയുടെ 32, 142 എന്നീ സെക്ഷനുകള്‍ അനുസരിച്ച് സുപ്രീംകോടതിക്ക് ഇടപെടാനുള്ള അധികാരമുണ്ട്. ആ അധികാരമുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രകാശ് സിംഗ് കേസില്‍ സുപ്രധാനമായ വിധിയുണ്ടാകുന്നത്. ഇന്‍ഡ്യയിലെ പൊലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് 1977 ല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ഡസനിലേറെ പൊലീസ് റിഫോംസ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഏറ്റവും സുപ്രധാനമായ പ്രകാശ് സിംഗ് കേസിലെ വിധിപ്രകാരം സെക്യൂരിറ്റി കമ്മീഷനുണ്ടാകണം. അതോടൊപ്പംതന്നെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാകണം. അതിലൊരു കാര്യം മാത്രം ഞാന്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് നിയമനങ്ങളിലും പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും എക്സിക്യൂട്ടീവിന്റെ അമിത നിയന്ത്രണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. രാജ്യത്ത് വിവിധ ഭരണകൂടങ്ങള്‍ നിലവില്‍വരും. അങ്ങനെ അധികാരത്തില്‍വരുന്ന ഗവണ്‍മെന്റുകളുടെ ഇച്ഛാശക്തിക്കനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍ ലാ ആന്റ് ഓര്‍ഡര്‍, അഡ്മിനിസ്ട്രേഷന്‍ ഓഫ് ജസ്റ്റിസ് എന്നിവ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമോ എന്നുള്ള കാര്യം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ പതിനൊന്നു മാസക്കാലത്തെ പൊലീസ് ഭരണത്തെപ്പറ്റിയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹം നമ്മുടെ രാജ്യത്തോ ലോകത്തോ ഒരിടത്തുമില്ല. പക്ഷേ, കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ അതിനെ എങ്ങനെ തടയാന്‍ കഴിയുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിലെ പൊലീസ് സംവിധാനം ഇന്ന് ആകെപ്പാടെ തകരാറിലായിരിക്കുന്നുവെന്നുള്ളതാണ് വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ പൊലീസിന് മാതൃകയാണ് കേരളത്തിലെ പൊലീസ്. അതിസമര്‍ത്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് കേരളാ പൊലീസിലുള്ളത്. ആ സാമര്‍ത്ഥ്യത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നുണ്ടോ?
മുഖ്യമന്ത്രി അധികാരമേറ്റെടുത്ത ശേഷം കേരളത്തിലെ 18 പൊലീസ് ജില്ലകളില്‍ മിടുമിടുക്കരും ചുണക്കുട്ടികളുമായ ഡയറക്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ എസ്.പി.മാരായി നിയമിച്ചു. ഞങ്ങളുടെ കാലത്തുണ്ടായിരുന്നവരെ മാറ്റിയാണ് അദ്ദേഹം നിയമിച്ചത്. എനിക്കത് നല്ല നടപടിയായിട്ടാണ് തോന്നിയത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരായ മുഴുവന്‍ ഐ.പി.എസ്.കാരെയും മാറ്റി പ്രൊമോട്ടികളായ ഉദ്യോഗസ്ഥരെ 18 പൊലീസ് ജില്ലകളില്‍ ഭൂരിപക്ഷം സ്ഥലത്തും നിയോഗിച്ചുവെന്നുള്ളത് അങ്ങയുടെ താളം തെറ്റിയ ആദ്യത്തെ നടപടിയായിരുന്നു. നോണ്‍ കേഡര്‍ പോസ്റ്റിലുള്ള പ്രൊമോട്ടികളായ ഐ.പി.എസ്. ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് സൂപ്രണ്ടുമാരായി നിയമിച്ചപ്പോള്‍ അവിടെ തുടങ്ങി അങ്ങയുടെ താളപ്പിഴ. ആദ്യത്തെ മൂന്നുമാസക്കാലം ഡയറക്ട് ഐ.പി.എസ്.കാരെ അങ്ങ് വച്ചപ്പോള്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും സാമൂഹിക വിരുദ്ധരും വര്‍ദ്ധിച്ചിരുന്നില്ല. പക്ഷേ, പൊലീസിനെ രാഷ്ട്രീയവത്കരിക്കാന്‍ അങ്ങ് നീക്കമാരംഭിച്ചു. പൊലീസിന്റെ രാഷ്ട്രീയവത്കരണം തുടങ്ങിയതിനുശേഷമാണ് 18 പൊലീസ് ജില്ലകളില്‍ ഭൂരിപക്ഷം സ്ഥലത്തും പ്രൊമോട്ടികളായ ഐ.പി.എസ്. ഉദ്യോഗസ്ഥരെ അങ്ങ് നിയമിച്ചപ്പോഴാണ് കേരളത്തിലെ ക്രമസമാധാനനില അവതാളത്തിലായത്. ഒരു ഗവണ്‍മെന്റ് അധികാരത്തില്‍വന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളാണ് ഇലക്ഷനില്‍ മത്സരിക്കുന്നത്, നമുക്കൊക്കെ രാഷ്ട്രീയമുണ്ട്, നമ്മുടെ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടിവരും. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് നീതി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പൊലീസിനും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഉണ്ട്. അവിടെയാണ് അങ്ങേയ്ക്ക് പാളിയത്. മിടുക്ക•ാരായ ജില്ലാ പൊലീസ് സൂപ്രണ്ടുമാരെ മാറ്റിയപ്പോള്‍ കേരളത്തിലെ ക്രമസമാധാനനില അനുദിനം വഷളാവുകയുണ്ടായി. വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, മോഷണങ്ങള്‍, കൊള്ള, പിടിച്ചുപറി എന്നിവ നമുക്ക് കാണാന്‍ കഴിഞ്ഞു. അങ്ങയുടെ ഗവണ്‍മെന്റിന്റെ കീഴില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണം 10818. പീഡനകേസുകള്‍ 1232, കൊല്ലപ്പെട്ട സ്ത്രീകള്‍ 84, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ 696, രാഷ്ട്രീയ കൊലപാതകങ്ങള്‍ 15, കസ്റ്റഡിമരണങ്ങള്‍ 5, പൊലീസ് അതിക്രമങ്ങളുടെ കഥകള്‍. നിലയ്ക്കാത്ത സ്ത്രീ പീഡനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങള്‍വരെ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുന്നു. സ്ത്രീ പീഡനങ്ങളിലെല്ലാം പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുള്ള പരാതികള്‍ വ്യാപകമാണ്. വാളയാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് പിഞ്ച് കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന് വീഴ്ചയുണ്ടായി. എസ്.ഐ.യെ സസ്പെന്റ് ചെയ്തു. കുണ്ടറ പീഡനകേസിലും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചു. ജിഷ്ണു കേസില്‍ ഗുരുതരമായ പിഴവ് പൊലീസിന് സംഭവിച്ചു. തെളിവുകള്‍ തുടക്കത്തില്‍ത്തന്നെ നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നു. ദുര്‍ബലമായ വകുപ്പുകള്‍ ഉപയോഗിച്ചു. പ്രതികള്‍ക്ക് ജാമ്യം കിട്ടി. നീതി തേടിയെത്തിയ ജിഷ്ണുവിന്റെ അമ്മയെ ഡി.ജി.പി.യുടെ ഓഫീസിനുമുന്നില്‍ പൊലീസ് വലിച്ചിഴച്ചു. കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടായിസം നടപ്പാക്കി. ആണ്‍കുട്ടികളെയും പെണ്‍കുട്ടുകളെയും പൊലീസ് അടിച്ചോടിക്കുകയുണ്ടായി. ഈ പതിനൊന്നുമാസ കാലത്തിനിടയില്‍ ഈ സംസ്ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളായി എന്നുള്ളതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിച്ച കേസുകള്‍. ഒന്ന്, എറണാകുളം മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടകളായി അഴിഞ്ഞാടിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നത് തെറ്റായിപ്പോയിയെന്ന് മുഖ്യമന്ത്രി. രണ്ട്, നടി പീഡിപ്പിക്കപ്പെട്ട കേസ് പ്രതിയെ രക്ഷപ്പെടുത്താന്‍ അനുവദിച്ചുകൊണ്ട് പൊലീസ് അനാസ്ഥ കാട്ടിയ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍ പ്രഖ്യാപിച്ചു. മൂന്ന്, വാളയാറില്‍ സഹോദരിമാരായ പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിനിരയായ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. എസ്.ഐ.യെ സസ്പെന്റ് ചെയ്തു. കുണ്ടറയില്‍ മുത്തച്ഛന്‍ പേരക്കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച വന്നുവെന്ന് അങ്ങ് സമ്മതിച്ചു. സി.ഐ. വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം, കുട്ടിയെ കാണാതായ ദിവസം അച്ഛന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്.ഐ. ഇല്ലാത്തതുകൊണ്ട് കേസ്സെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. മിസ്സിംഗ് കേസുകളില്‍ അപ്പോള്‍ത്തന്നെ കേസെടുക്കണമെന്നാണ് പൊലീസ് നിയമം. അത് ഗുരുതരമായ പൊലീസിന്റെ വീഴ്ചയാണെന്ന് സമ്മതിക്കേണ്ടിവന്നു. കൊച്ചിയില്‍ കടല്‍തീരത്ത് വിശ്രമിക്കാനെത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തെയും പൊലീസ് ആക്രമിച്ചു. അതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം ഞാനിവിടെ വായിക്കുന്നില്ല. ഗുരുതരമായ നിലയിലാണ് പൊലീസിനെ അദ്ദേഹം വിമര്‍ശിച്ചത്. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെയും സഹോദരനെയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. പരാതിയുമായി എത്തിയപ്പോള്‍ ബലാത്സംഗം നടന്നിട്ടുണ്ടെങ്കില്‍ കേസ്സെടുക്കാമെന്നാണ് എസ്.ഐ. പറഞ്ഞത്. തിരുവനന്തപുരത്ത് കനകക്കുന്നിലും പൊലീസ് സദാചാര ഗുണ്ടകളായി മാറി. സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടിയ ഒരു കാലഘട്ടമായിരുന്നു പതിനൊന്നുമാസക്കാലമെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുകളില്‍ കടന്നുകയറുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി ഈ സഭയില്‍ പറഞ്ഞു. എത്ര സംഭവങ്ങളുണ്ടായി; പൊന്‍കുന്നത്ത് സ്റ്റേഷന്‍ അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായിരുന്നു. പത്തനംതിട്ടയിലെ പൊലീസ് സ്റ്റേഷന്‍ അതിക്രമങ്ങള്‍ നടത്തിയതും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായിരുന്നു. പയ്യന്നൂരില്‍ സി.ഐ. ഓഫീസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിതന്നെ അകത്തുകയറി പ്രസംഗിച്ച സംഭവം നമ്മള്‍ മറന്നിട്ടില്ല. കൂത്തുപറമ്പിലെ പൊലീസ് സ്റ്റേഷനകത്തുണ്ടായ സംഭവം നമ്മള്‍ മറന്നിട്ടില്ല. ആരാണ് ഈ സര്‍ക്കാരിന് കുറ്റപത്രം ചമയ്ക്കുന്നത്; ‘പിണറായി സര്‍ക്കാരിന് വി.എസിന്റെ കുറ്റപത്രം’ മാതൃഭൂമി 20.4.2017. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നേര്‍ദിശയിലല്ലെന്ന് വിമര്‍ശിച്ച് സി.പി.എം. കേന്ദ്രനേതൃത്വത്തിന് മുതിര്‍ന്ന് നേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളും ഇടതുനിലപാടുകളും ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച വി.എസ്. സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ടു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത വരാത്ത ഒരു ദിവസവുമില്ലെന്ന് വി.എസ്. പറയുന്നു. പൊലീസ് നയത്തില്‍ സി.ഐ.ഐ.ക്ക് പൂര്‍ണ്ണ തൃപ്തിയില്ല – കാനം രാജേന്ദ്രന്‍.
പൊലീസ് സ്വീകരിക്കുന്ന പല നിലപാടുകളോടും ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ജനകീയ പ്രക്ഷോഭങ്ങളോടും ജനകീയ പ്രസ്ഥാനങ്ങളോടും യു.എ.പി.എ. പ്രയോഗിക്കുന്നുവെന്നാണ് സി.പി.ഐ.യുടെ നിലപാട്. ഒരേ വിഷയത്തില്‍ സി.പി.ഐ. സംഘടനകളോട് പൊലീസ് സ്വീകരിച്ച സമീപനവും തെറ്റായതാണെന്ന് അദ്ദേഹം പറയുന്നു. യു.എ.പി.എ. കേസ്സുകള്‍ സംബന്ധിച്ച ഡി.ജി.പി.യുടെ പ്രസ്താവനയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 42 കേസ്സുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം നിലനില്‍ക്കുന്നില്ലെന്നാണ് പറഞ്ഞത്. ഈ കേസുകള്‍ ആരാണ് ചുമത്തിയത്? ഐ.എസ്.മായി ബന്ധപ്പെട്ട് ചില കേസുകള്‍ തുടങ്ങിവയ്ക്ക് യു.എ.പി.എ. ചുമത്തേണ്ടിവരും. ഞാന്‍ ഇന്നലെ കാസര്‍ഗോഡ് ഉണ്ടായിരുന്നു. കാസര്‍ഗോഡ് മദ്രസ അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം നടന്ന പള്ളി ഞാന്‍ സന്ദര്‍ശിച്ചു. അവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റിക്കാരും ആവശ്യപ്പെടുന്നത് അവിടത്തെ ബി.ജെ.പി.ക്കാരുടെ പേരില്‍ യു.എ.പി.എ. ചുമത്തണമെന്നാണ്. ഇതുവരെ ചുമത്തിയിട്ടില്ല. പക്ഷേ, ഇവിടെ വ്യാപകമായ തോതില്‍ യു.എ.പി.എ. നിയമം ചുമത്തിയത് സംബന്ധിച്ച് ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇവിടെ ഒരു കാര്യം വളരെ വ്യക്തമാണ്. ജിഷ്ണു പ്രാണോയിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം എത്ര നല്ല നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. പൊലീസിന്റെ അവധാനത ഇല്ലായ്മയും ജാഗ്രതയില്ലായ്മയുമാണ് ഇത്തരമൊരു സംഭവത്തിലേയ്ക്ക് നയിച്ചത് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
കേരളത്തിലെ വിജിലന്‍സിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എങ്ങനെയാണ്. എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്നുണ്ടോ? വിജിലന്‍സിന്റെ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലായിരിക്കുന്നു. ഈ.പി.ജയരാജന്‍ കേസ്സില്‍ വിജിലന്‍സിന് ഒരു നടപടി, ഗവണ്‍മെന്റിന് മറ്റൊരു നടപടി, ഇത് രണ്ടും കോടതിയില്‍ കൊടുത്തിരിക്കുകയാണ്. ഇതുപോലൊരു കാലമുണ്ടായിട്ടുണ്ടോ? വിജിലന്‍സ് ഡയറക്ടര്‍ കൊടുക്കുന്ന അഫിഡവിറ്റ് ഒന്ന്, സര്‍ക്കാര്‍ കൊടുക്കുന്ന അഫിഡവിറ്റ് വേറൊന്ന്. ഇതാണോ പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകേണ്ടത്? വിജിലന്‍സിന്റെ തത്ത ഇപ്പോള്‍ ദേശാടനക്കിളിയായി മാറിയിരിക്കുന്നു. അദ്ദേഹം നാടുവിട്ട് പോയിരിക്കുന്നവെന്നാണ് പത്രങ്ങള്‍ പറയുന്നത്. ഈ സംസ്ഥാനത്തെ പൊലീസ് ഭരണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പറയേണ്ടിവരുന്നതില്‍ വേദനയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ വകുപ്പിനുമേല്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണമായ നിയന്ത്രണമുണ്ടാകണം. അങ്ങ് അറിയാതെ 144 പ്രഖ്യാപിക്കുന്നു, കുരിശ് പൊളിക്കുന്നു. അങ്ങ് എടുക്കുന്ന എല്ലാ നിലപാടുകളെയും മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെയും വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളെയും യു.എ.പി.എ. നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ഈ ഗവണ്‍മെന്റിന്റെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. എതിര്‍ക്കുന്നു. ഇതൊരു കൂട്ടുത്തരവാദിത്വമുള്ള ഗവണ്‍മെന്റും കൂട്ടുത്തരവാദിത്വമുള്ള മുന്നണിയുമാണെങ്കില്‍ ഇത്തരം നിലപാടുകള്‍ എവിടെയുണ്ടാകും? നിങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാത്തതുകൊണ്ടല്ലേ ഈ സംഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപകമാകുന്നത്. കൂട്ടുത്തരവാദിത്വമില്ലാത്തൊരു ഗവണ്‍മെന്റും പരസ്പര വിശ്വാസമില്ലാത്ത മന്ത്രിമാരുമാണ് ഈ സംസ്ഥാനത്തെ ക്രമസമാധാനനിലയ്ക്കും ഭരണത്തകര്‍ച്ചയ്ക്കും ഉത്തരവാദികള്‍ എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അസംതൃപ്തിയാണ് ജനങ്ങള്‍ക്കുള്ളത്. ആ അസംതൃപ്തിയുടെ പ്രതിഫലനമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ കഴിയുന്നത്.
ജയില്‍ എന്നു പറയുന്നത് കറക്ഷണല്‍ സര്‍വ്വീസാണ്. അവിടെവരുന്ന കുറ്റവാളികള്‍ എന്നും കുറ്റവാളികളായി കാണേണ്ടവരല്ല. അവര്‍ നാളെ സമൂഹത്തില്‍ നല്ലവരായി ജീവിക്കാനുള്ള ട്രെയിനിംഗ് കൊടുക്കേണ്ട സ്ഥലമാണ് ജയില്‍. ആ കാര്യത്തില്‍ ചില പോരായ്മകളുണ്ട് എന്നുള്ള പരാതികള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേരള പൊലീസിലുള്ള ഒഴിവുകള്‍ നികത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ആഭ്യന്തര വകുപ്പുമന്ത്രിയായിരുന്നപ്പോള്‍ പരമാവധി ഒഴിവുകള്‍ നികത്തിയിരുന്നു.
ഭര്‍തൃഹതിയുടെ നീതിശതകം എന്ന പുസ്തകത്തിലെ ഒരു വാചകം ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്. സ്ഥിതപ്രജ്ഞര്‍ അധിക്ഷേപിക്കപ്പെടാം, പ്രകീര്‍ത്തിക്കപ്പെടാം. അവര്‍ക്ക് ഐശ്വര്യം വന്നുചേരാം, നഷ്ടമാകാം. അവര്‍ അടുത്ത നിമിഷം മരിച്ചേക്കാം, സംവത്സരങ്ങള്‍ ജീവിച്ചേക്കാം. എന്തൊക്കെയായാലും ചലിക്കുന്ന ധര്‍മ്മമാര്‍ക്ഷത്തില്‍നിന്ന് അണുകിട അവര്‍ വ്യതിചലിക്കുകയില്ല. ഇതാണ് ധര്‍മ്മിഷ്ഠനായ ഒരു ഭരണാധികാരിക്ക് ഉണ്ടാകേണ്ടത്. മുഖ്യമന്ത്രി അങ്ങ് ഇത് ഓര്‍ക്കണമെന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്.