Connect with us

kerala

ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്.

Published

on

വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്.

2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വർദ്ധന വേണ്ടെന്ന് വെച്ചത്.

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും.

ഇനി മുതൽ എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്. റഗുലേററ്റി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ട് പോകാതെ മറ്റ് മാർഗമില്ലെന്നും ജനങ്ങൾ നിരക്ക് വർദ്ധനക്കായി തയ്യാറാവണമെന്നും വൈദ്യുത മന്ത്രി കൂട്ടിച്ചേര്‍ത്തു.

kerala

എഡിഎം നവീന്‍ ബാബുവിന് വീഴ്ചയില്ല; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

പെട്രോൾ പമ്പിനു എൻഒസി നൽകുന്നത് എഡിഎം കെ.നവീൻ ബാബു മാസങ്ങളോളം വൈകിച്ചു എന്ന പി.പി.ദിവ്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിച്ച് രേഖകൾ പുറത്ത് വന്നിരുന്നു.

Published

on

ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ്  റിപ്പോർട്ടില്‍ പറയുന്നത്.

പെട്രോൾ പമ്പിനു എൻഒസി നൽകുന്നത് എഡിഎം കെ.നവീൻ ബാബു മാസങ്ങളോളം വൈകിച്ചു എന്ന പി.പി.ദിവ്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിച്ച് രേഖകൾ പുറത്ത് വന്നിരുന്നു. സ്‌ഥലംമാറ്റത്തിനു തൊട്ടുമുൻപത്തെ ഏറെത്തിരക്കുള്ള ദി വസങ്ങളിൽ 6 പ്രവൃത്തിദിന ങ്ങൾ കൊണ്ടാണ് ഫയൽ തീർപ്പാക്കിയത്. വിവിധ വകുപ്പുകളിൽ നി ന്നുള്ള അനുമതികൾ ലഭിച്ചാലേ, എഡിഎമ്മിന് അന്തിമ എൻഒസി നൽകാനാകൂ. അക്കാര്യം മനസ്സിലാക്കാതെയാണ് ദിവ്യയുടെ വിമർശനം.

സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസി വേണമെന്നാവശ്യപ്പെട്ടാണ് എഡിഎമ്മിനെ സമീപിച്ചത്.

എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അനുമതി നൽകുന്നതിന് പ്രയാസമുണ്ടെന്ന് എഡിഎം അറിയിക്കുകയായിരുന്നു. എങ്കിലും സ്ഥലംമാറ്റത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് ദിവ്യ യാത്രയയപ്പ് യോ​ഗത്തിൽ ആരോപിച്ചത്. ഇതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിം ലീഗ്; വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ നിരീക്ഷകരെ നിയോഗിച്ചു

വയനാട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും ഓരോ നിയമസഭ മണ്ഡലങ്ങളിലേക്കുമായി നിരീക്ഷകന്മാരെ ചുമതലപ്പെടുത്തി.

Published

on

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിംലീഗ്. വയനാട് ലോകസഭയിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനം സജീവമാക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗത്തിൽ പദ്ധതികളാവിഷ്‌കരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ജില്ലകളിലെയും മുസ്‌ലിംലീഗ് പ്രസിഡന്റ് സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു. വയനാട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും ഓരോ നിയമസഭ മണ്ഡലങ്ങളിലേക്കുമായി നിരീക്ഷകന്മാരെ ചുമതലപ്പെടുത്തി. ഒരു എം.എൽ.എക്കും രണ്ട് സംസ്ഥാന ഭാരവാഹികൾക്കുമാണ് ചുമതല നൽകിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫിന്റെ വലിയ വിജയത്തിനായി മുസ്ലിംലീഗ് ശക്തമായി രംഗത്തുണ്ടാകും. താഴെതട്ടിലടക്കം അണികൾ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം തന്നെ ഇരുകൈയും നീട്ടിയാണ് മുസ്‌ലിംലീഗ് അണികൾ സ്വീകരിച്ചിരിക്കുന്നതെന്നും യോഗം വിലയിരുത്തി. അണികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നിരീക്ഷകരുടെ സാന്നിധ്യം ഗുണം ചെയ്യും. സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ 14 ജില്ലകളിലും പ്രഖ്യാപിച്ച പ്രക്ഷോഭ സംഗമങ്ങൾ വലിയ വിജയമാക്കാനുളള ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു. മലപ്പുറത്ത് നാളെ (2024 ഒക്ടോബർ 18 വെള്ളി) നടക്കുന്ന പ്രതിഷേധ റാലിയോടെയാണ് തുടക്കം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ റാലികൾ പിന്നീട് നടക്കും. ബാക്കിയുള്ള ജില്ലകളിൽ നിശ്ചയിച്ച പ്രകാരം തന്നെ റാലികൾ നടക്കും.

യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ, സംസ്ഥാന ഭാരവാഹികളായ സി.എ.എം.എ കരീം, ഉമ്മർ പാണ്ടികശാല, സി.പി സൈദലവി,സി മമ്മുട്ടി, കെ.എം ഷാജി, അബ്ദുറഹിമാൻ രണ്ടത്താണി,സി. പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, എം.എൽ.എമാരായ പി അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, പി.കെ ബഷീർ, അഡ്വ. യു.എ ലത്തീഫ്, പി ഉബൈദുല്ല, കുറുക്കോളി മൊയ്ദീൻ, ടി വി ഇബ്രാഹിം, ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയുടെ ഭാരവാഹികളായ മരക്കാർ മാരായമംഗലം,അഡ്വ. ടി.എ സിദ്ദീഖ്, ടി മുഹമ്മദ്, എൻ.കെ റഷീദ്, ഹാറൂൺ റഷീദ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ചർച്ചയിൽ പങ്കെടുത്തു.

Continue Reading

kerala

പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തീരുമാനിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.

‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്.

അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു’, എന്നാണ് പാര്‍ട്ടി പ്രതികരണം. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

Continue Reading

Trending