Connect with us

crime

ബൈക്ക് പോത്തിനെ ഇടിച്ചു; ഝാര്‍ഖണ്ഡില്‍ 16കാരനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു

ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരന്‍. താതി ഗ്രാമത്തില്‍ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു

Published

on

ബൈക്ക് പോത്തിനെ ഇടിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം 16കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരന്‍.

താതി ഗ്രാമത്തില്‍ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയും സ്ഥലത്തുണ്ടായിരുന്ന ആളുകളും തമ്മില്‍ വാക്കേറ്റമുണ്ടായി. പോത്തിന്റെ ഉടമക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞെങ്കിലും ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനത്തില്‍ ബോധരഹിതനായ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 16കാരന്റെ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിരുന്നു. ഇവര്‍ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. 2 ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

crime

വളപട്ടണത്ത് വന്‍കവര്‍ച്ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു

വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

Published

on

വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്.

കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചു.

Continue Reading

crime

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Published

on

കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖം വികൃതമായ രീതിയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Trending