Connect with us

EDUCATION

CAREER CHANDRIKA: വിപുലസാധ്യതകള്‍ കണ്ടെത്താന്‍ കൊമേഴ്സ് പഠനം

കൊമേഴ്‌സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലിസാധ്യതകളും കരിയര്‍ ഉയര്‍ച്ചക്കുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ വേണ്ട രീതിയില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും കാണാറുള്ളത്.

Published

on

കൊമേഴ്‌സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലിസാധ്യതകളും കരിയര്‍ ഉയര്‍ച്ചക്കുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ വേണ്ട രീതിയില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും കാണാറുള്ളത്. വ്യവസായ, വാണിജ്യ, സേവന മേഖലയിലെ സംരംഭങ്ങളും സ്ഥാപനങ്ങളും ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. വരവ് ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച കാഴ്ചപ്പാടോട് കൂടി ക്രയവിക്രയങ്ങളിലിടപെടാനും സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവര്‍ക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുവാന്‍ സാധിക്കും.

കൊമേഴ്സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദ പഠനത്തിനൊപ്പമോ പഠനം കഴിഞ്ഞ ശേഷമോ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനം നേടാനായാല്‍ ആഗോളാവസരങ്ങള്‍ കണ്ടെത്താനാവും. കേരള സര്‍ക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി.എസ്.ടി) ശ്രദ്ധേയമായ ഒരു ഹ്രസ്വകാല കോഴ്‌സാണ്.

ക്രെഡിറ്റ് അനാലിസിസ്, അക്കൗണ്ട്‌സ് പ്രാക്ട്രീസ്, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസ്, ഇ-ബിസിനസ് & ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ആക്ച്വറി, ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്, ഫൈനാന്‍ഷ്യല്‍ പ്ലാനിങ്, സ്റ്റോക്ക് മാര്‍ക്കറ്റ് ആന്‍ഡ് ഇക്വിറ്റി റിസര്‍ച്ച്, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഷിപ്പിംങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഈവന്റ് മാനേജ്‌മെന്റ്, ടൂറിസ്റ്റ് ഗൈഡ്, വെല്‍ത്ത് മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫൈനാന്‍ഷ്യല്‍ ഫ്രോഡ് ഡിറ്റക്ഷന്‍, ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്, റീട്ടെയില്‍ ഓപ്പറേഷന്‍ മാനേജ്മെന്റ്, ഫൈനാന്‍ഷ്യല്‍ റിസ്‌ക് അനാലിസിസ് & റിസ്‌ക് മാനേജ്മെന്റ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ടാക്‌സ് പ്ലാനിങ് ആന്റ് മാനേജ്മെന്റ്, ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍, ഗ്ലോബല്‍ ട്രേഡ്, എക്‌സ്‌പോര്‍ട്ട് & ഇമ്പോര്‍ട്ട് മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി, തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടി തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാം.

ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്‌മെന്റ് എക്കൗണ്ടന്‍സി (സി.എം.എ -ഇന്ത്യ), അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍സി (എ.സി.സി.എ), സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി(സി.എം.എ- യു.എസ്), സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ് (സി.പി.എ), ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സി.ഐ.എം.എ), ചാര്‍ട്ടേര്‍ഡ് ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ് (സി.എഫ്.എ) തുടങ്ങിയ ചാര്‍ട്ടേഡ് കോഴ്സുകളും പരിഗണിക്കാവുന്നതാണ്

ബി.കോം പഠനത്തിന് ശേഷം താല്പര്യമുണ്ടെങ്കില്‍ തുടര്‍പഠനത്തിനായി എം.കോം തിരഞ്ഞെടുക്കാം. ഫൈനാന്‍സ്, ഫോറിന്‍ ട്രെയ്ഡ്, മാര്‍ക്കറ്റിംഗ്, കോസ്റ്റ് മാനേജ്മെന്റ്, ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ടാക്‌സേഷന്‍, ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്, ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍, റൂറല്‍ മാനേജ്മെന്റ്, ബ്ലൂ ഇക്കോണമി ആന്‍ഡ് മാരിടൈം ലോ തുടങ്ങിയ നിരവധി സ്‌പെഷ്യലൈസേഷനുകളോടെയുള്ള എം.കോം പ്രോഗ്രാമുകള്‍ ഒട്ടനവധി സ്ഥാപനങ്ങളില്‍ ലഭ്യമാണ്. അധ്യാപനത്തില്‍ താല്പര്യമുള്ളവര്‍ക്ക് എം.കോമും കൊമേഴ്‌സില്‍ ബി എഡും പൂര്‍ത്തിയാക്കി സെറ്റ് യോഗ്യത നേടി ഹയര്‍ സെക്കണ്ടറി തലത്തിലും യു.ജി.സി നെറ്റ് വഴി കോളേജ് തലങ്ങളിലും സാധ്യതകള്‍ കണ്ടെത്താവുന്നതാണ്.

ബിരുദ/ഹയര്‍ സെക്കണ്ടറി യോഗ്യതയുള്ളവര്‍ക്കായി യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, ആര്‍.ബി.ഐ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകളില്‍ മികവ് തെളിയിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി സാധ്യത കണ്ടെത്താം.

കൊമേഴ്‌സ് ബിരുദത്തിന് ശേഷം എം.കോം അല്ലാതെ മറ്റേതെങ്കിലും സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ത്രിവത്സര എല്‍.എല്‍.ബി, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ പ്ലാനിംഗ്, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ അനാലിസിസ്, എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫൈനാന്‍സ് എന്നിവയില്‍ മാസ്റ്റേഴ്‌സ്, ഫൈനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, റൂറല്‍ മാനേജ്‌മെന്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ എം.ബി.എ എന്നിവ ഉചിതമായിരിക്കും.

ഒരല്പം വഴിമാറി സഞ്ചരിക്കുന്നവര്‍ക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍, പബ്ലിക് പോളിസി& ഗവര്‍ണന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, മാസ് കമ്മ്യൂണിക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഇന്റലക്ചല്‍ പ്രോപര്‍ട്ടി റൈറ്റ്, ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, വിമന്‍ സ്റ്റഡീസ്, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നീ മേഖലകളിലെ പഠനാവസരങ്ങള്‍ ഉപയോഗപ്പെടുത്താം. യുജിസി നെറ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി ഗവേഷണ മേഖലയിലേക്കും പ്രവേശിക്കാം.

EDUCATION

ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ നേടി ‘ഇലാൻസ്​’ വിദ്യാർത്ഥികൾ

Published

on

അസോസിയേഷൻ ഓഫ്​ ചാർട്ടേഡ്​ സർട്ടി​ഫൈഡ്​ അക്കൗണ്ട്​സ്​ (എസിസിഎ) പരീക്ഷയിൽ ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ കരസ്ഥമാക്കി കോഴിക്കോട്ടെ പ്രമുഖ കോമേഴ്​സ്​ പരിശീലന കേന്ദ്രമായ ‘ഇലാൻസ്​’. ഇക്കഴിഞ്ഞ സെപ്തംബറിൽ നടന്ന എ.സി.സി.എ പരീക്ഷയിലാണ്​ ഇവിടെയുള്ള വിദ്യാർത്ഥികൾ ഒന്നും രണ്ടും ആൾ ഇന്ത്യാ റാങ്കുകൾ നേടിയിരിക്കുന്നത്​.

2024 മാർച്ചിലും 2023 ഡിസംബറിലും നടന്ന പരീക്ഷകളിലും ഇവിടത്തെ വിദ്യാർത്ഥികൾ 1000 പ്ലസ്​ പാസ്​ വിജയത്തിന്​ അർഹരായിരുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ നടന്ന ACCA പരീക്ഷകളിൽ 34 വേൾഡ്​ റാങ്കുകളും 62 നാഷണൽ റാങ്കുകളും നേടിയ ‘ഇലാൻസ്​’ നേരത്തെതന്നെ ഒമ്പത്​ വിഷയങ്ങളിൽ അഞ്ചിലും​ അഖിലേന്ത്യാതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞതവണ ഫിനാൻഷ്യൽ മാനേജ്​മെന്‍റിൽ 200-പ്ലസ്​, ടാക്സേഷൻ, ഫിനൻഷ്യൽ റിപ്പോർട്ടിംഗ്​, അഡ്​വാൻസ്​ഡ്​ ഫിനാൻഷ്യൽ മാനേജ്​മെന്‍റ്​ എന്നി വിഷയങ്ങളിൽ 100-പ്ലസ്​ വിജയം നേടിയ ഇലാൻസ്​ 2023ൽ അഖിലേന്ത്യതലത്തിൽ ഒമ്പത്​ വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാംറാങ്കുകൾ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങൾക്ക്​ ACCA നൽകിവരുന്നതും, ഇന്ത്യയിൽ അപൂർവ്വം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക്​ മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവൽ’ കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന്​ നിലവിൽ കോഴിക്കോട്​, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.

കൊമേഴ്​സ്​ പരിശീലന രംഗത്ത്​ ഏറ്റവും പുതിയ സാ​ങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെകൂടി സ​ഹായത്തോടെ നടപ്പാക്കിയ പുത്തൻ ആശയങ്ങളായ പദ്ധതികളൊടൊപ്പം ഒന്നര പതിറ്റാണ്ട്​ കാലത്തെ അധ്യാപന പരിചയമുള്ളവരും ACCA വേൾഡ്​ റാങ്ക് ഹോൾഡർമാരുമാരായ ഫാക്കൽട്ടികളും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും ചേർന്ന്​ ലഭ്യമാക്കിയതാണ്​ ഈ നേട്ടങ്ങളെന്ന്​ ‘ഇലാൻസ്​’ സി ഇ ഒ പി വി ജിഷ്ണു പറഞ്ഞു.

റാങ്ക്​ ജേതാക്കളായ ഫാത്തിമത്ത്​ സൈഫയെയും ആഡ്രൂസ്​ ജോണിയെയും അഭിനന്ദിക്കുന്നതിനായി കോഴിക്കോട്​ കാമ്പസിൽ നടന്ന ചടങ്ങിൽ ‘ഇലാൻസ്​’ ഓപ്പറേഷണൽ മേധാവി കെ എസ്​ മിഥുൻ അധ്യക്ഷതവഹിച്ചു. ഫാക്കൽട്ടികളായ അക്ഷയ്​ ലാൽ, അരുൺ കുമാർ, അലൻ ബിജു എന്നിവർ അനുമോദന പ്രസംഗം നടത്തി. റാങ്ക്​ ജേതാക്കൾക്ക്​ പുറമെ രക്ഷകർത്താകളും സംസാരിച്ചു. അശ്വൻ വി സംഗീത്​ സ്വാഗതവും രാഹുൽ എൻ കെ നന്ദിയും പറഞ്ഞു.

Continue Reading

EDUCATION

മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ അട്ടിമറി

മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി.

Published

on

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി. സര്‍വ്വകലാശാല സാഹിത്യരചനാ പിച്ച്ഡി വിഭാഗത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പി.എസ്.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം 16ാം സീറ്റിലെ മുസ്‌ലിം സംവരണമാണ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നത്.

ഈ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഏഴുപേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ നേരത്തേ പ്രവേശനം നല്‍കാന്‍ തീരുമാനിച്ച നാല് പേര്‍ക്ക് മാര്‍ക്ക് നല്‍കുകയും ബാക്കി മൂന്ന് പേര്‍ക്ക് മാര്‍ക്കുകളൊന്നും നല്‍കാതെ മാര്‍ക്ക് ലിസ്റ്റില്‍ യോഗ്യതയില്ലെന്ന് കാണിക്കുകയാണ് ചെയ്തതെന്നാണ് പരാതി. മലയാള സര്‍വകലാശാലയില്‍ ഇത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

Trending