Connect with us

kerala

നിപ കാരണഭൂതവും കാണാതായ മരിച്ചവരും

രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികള്‍ മരിച്ചിരുന്നു. അന്നത്തെപ്പോലെ ആശുപത്രിയില്‍നിന്നുതന്നെ രോഗം പടരുന്ന സാഹചര്യവുമുണ്ടായി

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്ട് നിപ വന്നത് എവിടെ നിന്ന്, ഏതു വഴി… അഞ്ചു വര്‍ഷത്തോളമായി ഉത്തരം കിട്ടാത്ത മറ്റൊരു സംശയവുമുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നിപ ബാധിച്ച് കേരളത്തില്‍ മരിച്ച കാണാതായ നാലു പേര്‍ എവിടെ. ചോദ്യമുന്നയിച്ചാല്‍ കേസെടുക്കുമെന്നതാണ് നിപയെക്കാള്‍ മാരകമായ പുതിയ പകര്‍ച്ചവ്യാധി. മനോരമ എന്നതും ആരോഗ്യ മന്ത്രിയെ പോലെ ഒരു വനിതയായതുകൊണ്ടാണോന്ന് അറിയില്ല, ഇതുവരെ അവര്‍ക്കെതിരെ കേസെടുക്കാത്തതുകൊണ്ട് സെപ്തംബര്‍ 18 ലെ മലയാള മനോരമ മുഖപ്രസംഗം ഉദ്ധരിക്കാമല്ലോ: ”സംസ്ഥാനത്താദ്യമായി 2018ല്‍ കോഴിക്കോട്ട് നിപ്പ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന അവസ്ഥ അതേപടി ഇക്കുറി ആവര്‍ത്തിക്കുന്നുവെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. അന്ന് നമുക്കു നിപയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന ന്യായമുണ്ട്. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും അന്നുണ്ടായ വീഴ്ച ഇത്തവണയുമുണ്ടായെന്നാണു പരാതി.

രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികള്‍ മരിച്ചിരുന്നു. അന്നത്തെപ്പോലെ ആശുപത്രിയില്‍നിന്നുതന്നെ രോഗം പടരുന്ന സാഹചര്യവുമുണ്ടായി. ആരോഗ്യപ്രവര്‍ത്തകനു രോഗം ബാധിക്കുകയും ചെയ്തു. കോഴിക്കോട് മേഖലയില്‍ നിപ്പ വൈറസ് സാന്നിധ്യം ആവര്‍ത്തിക്കുന്നതിന്റെ കാരണം ഇപ്പോഴും നമുക്കറിയില്ല. വൈറസ് എങ്ങനെയാണ് ആദ്യ രോഗിയിലേക്ക് എത്തിയതെന്നും അറിയില്ല.”
ലോകത്ത് അടിക്കടി നിപയെന്ന മഹാമാരി ഒരിട്ടാവട്ടത്ത് ചുറ്റിത്തിരിയുമ്പോള്‍ കാരണഭൂതത്തിന്റെ വീണവായനക്കപ്പുറമാണ് കാര്യങ്ങളെന്നു ചുരുക്കം. 2018ലാണ് നിപ കേരളത്തില്‍ (കോഴിക്കോട് ജില്ലയില്‍) ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ദക്ഷിണേന്ത്യയിലെ ആദ്യ നിപ സ്ഥിരീകരണവുമിതായിരുന്നു. അന്ന് 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 17 പേരും മരിച്ചു. 2019 ജൂണില്‍ കൊച്ചിയിലും നിപ സ്ഥിരീകരിച്ചു. ഇരുപത്തിമൂന്നുകാരി അന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 2021 ആഗസ്തില്‍ കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ 12 വയസ്സുകാരന്‍ മുഹമ്മദ് ഹാഷിം നിപ ബാധിച്ച് മരിച്ചു. കേരളത്തില്‍ 2018 മുതല്‍ തുടര്‍ച്ചയായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും റൂട്ട്മാപ്പ് തയാറാക്കല്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍, സ്രവ ശേഖരണം എന്നിവയിലെല്ലാം ആരോഗ്യവകുപ്പിന് ഇത്തവണയും പിഴച്ചു. രോഗം സംശയിക്കുന്നവരുടെയും സമ്പര്‍ക്കപട്ടികയിലുള്ളവരുടെയും സ്രവ സാമ്പിളുകള്‍ ശേഖരിക്കുന്നത് അശാസ്ത്രീയമായാണെന്ന ആരോപണം ആരോഗ്യ വകുപ്പ് ജീവനക്കാര്‍തന്നെ ഉന്നയിച്ചു.

ശ്രവ പരിശോധനയിലുണ്ടായത് കേട്ടുകേള്‍വിയില്ലാത്ത വീഴ്ചകളാണ്. എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായി യുദ്ധകാലാടിസ്ഥാനത്തില്‍ പൂനെയില്‍നിന്ന് മൊബൈല്‍ ലാബെത്തിയതോടെ തിരുവനന്തപുരത്തുനിന്ന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍.ജി.സി.ബി) നിന്നു കോഴിക്കോട്ട് മൊബൈല്‍ ലാബെത്തിച്ചു. സുരക്ഷാപ്രശ്‌നം കാരണം ദിവസങ്ങള്‍ ഇതവിടെ നോക്കുകുത്തിയായി. നിപ പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിച്ചു ലബോറട്ടറിയില്‍ എത്തിക്കുന്നതില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും നിലവിലെ രീതിയില്‍ സാമ്പിള്‍ കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ജീവനു ഭീഷണിയാണെന്നുമായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.

രോഗലക്ഷണമുള്ളവരുടെ സ്രവങ്ങള്‍, മൂത്രം, രക്തം, സെറിബ്രൊസ്‌പൈനല്‍ #ൂയിഡ് തുടങ്ങിയവയുടെ സാമ്പിള്‍ ആണ് പരിശോധനക്ക് ശേഖരിക്കുക. സാമ്പിള്‍ എടുത്താല്‍ അതേ അളവില്‍ ലൈസിസ് റിഏജന്റും ചേര്‍ത്ത് ലാബിലേക്കു കൊണ്ടുപോകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കാതെ വൈറസുള്ള സാമ്പിളില്‍നിന്നു രോഗം പടരുന്നത് ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍, രാജീവ്ഗാന്ധി സെന്റര്‍ അധികൃതര്‍, ഇത്തരത്തില്‍ ലൈസിസ് റിഏജന്റ് ചേര്‍ക്കുന്നില്ലെന്നും ഇവ സ്വീകരിക്കാനാവില്ലെന്നും അറിയിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബില്‍നിന്നു 82 സാമ്പിളുകള്‍ തിരിച്ചുനല്‍കി. 51 സ്രവ സാമ്പിളുകള്‍ ചോരുന്ന സ്ഥിതിയിലായതിനാലാണു തിരിച്ചുനല്‍കിയത്.

നിപ റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴും നിപ ബാധിതരുടെ സമ്പര്‍ക്കപട്ടിക പൂര്‍ത്തിയാക്കാത്ത വീഴച നിസ്സാരമല്ലായിരുന്നു. സമ്പര്‍ക്കപട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നാണ് ആദ്യ മരണം നടന്ന് രണ്ടാഴ്ചയായപ്പോഴും മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചത്. ആദ്യ രോഗിയിലെ വൈറസ് ഉറവിടം കണ്ടെത്താന്‍ പൊലീസ് സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിലും മെല്ലെപ്പോക്കുണ്ടായി. അതു കാരണം റൂട്ട്മാപ്പുകള്‍ പലതും തിരുത്തേണ്ടിവന്നു.

11നു നിപ ബാധിച്ചു മരിച്ച മംഗലാട് സ്വദേശി ഹാരിസ്, 13നു രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍, 14നു രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശി എന്നിവരുടെ റൂട്ട്മാപ്പിലാണു ദിവസങ്ങള്‍ക്കുശേഷം തിരുത്തല്‍ വരുത്തിയത്. മംഗലാട് ഹാരിസിന്റെ റൂട്ട്മാപ്പില്‍ 8ന് ഉച്ചക്ക് 12നും ഒ ന്നിനും ഇടയില്‍ മംഗലാട് തട്ടാന്‍കോട് മസ്ജിദ് എന്നത് പിന്നീട് വടകര പഴയ ബസ് സ്റ്റാന്റിനു സമീപത്തെ എടോടി ജുമാമസ്ജിദ് എന്നു തിരുത്തി. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പില്‍ സെപ്തംബര്‍ 10നു രാത്രി 9.40ന് ആദാമിന്റെ ചായക്കടക്കു സമീപത്തെ റിലയന്‍സ് മാര്‍ട്ട് എന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയത്.

പിന്നീട് ഇത് കാരപ്പറമ്പിലേതാണെന്നും അതിനു ശേഷം മലാപ്പറമ്പിലേതാണെന്നും തിരുത്തി. ചെറുവണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ആദ്യ റൂട്ട് മാപ്പില്‍ ഇയാള്‍ മെഡിക്കല്‍ കോളജില്‍ എത്തിയ തീയതിയും സമയവും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. 14ന് ഉച്ചക്ക് 1.30നാണ് ഇയാള്‍ മെഡിക്കല്‍ കോളജില്‍ എത്തിയതെങ്കിലും ആദ്യ റൂട്ട്മാപ്പില്‍ 11ന് 12.30ന് എത്തിയെന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് തിരുത്തി 14 എന്നാക്കി. തിരുത്തിയ റൂട്ട്മാപ്പിലും വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. 14ന് ഉച്ചക്ക് 1.31നാണ് ഇയാള്‍ മെഡിക്കല്‍കോളജില്‍ എത്തി ഒ.പി ടിക്കറ്റെടുത്തത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം അത്യാഹിത വിഭാഗത്തിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ ശേഷമാണു ഇയാളെ ഒടുവില്‍ നിപ ട്രയാജിലേക്ക് മാറ്റിയത്. എന്നാല്‍ റൂട്ട് മാപ്പില്‍ 12.30ന് മെഡിക്കല്‍ കോളജ് എന്നു മാത്രമാണ് രേഖപ്പെടുത്തിയത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചമൂലം പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

പാളിച്ചകളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് സ്ഥിരമായ പ്രതിരോധ നടപടികളെടുക്കുന്നതില്‍ വിവിധ വകുപ്പുകള്‍ക്കു വന്ന വീഴ്ചയാണ് വീണ്ടും നിപ ഭീതിയിലേക്കു തള്ളിവിട്ടത്. മേയ്, സെപ്തംബര്‍ കാലയളവിലാണ് വവ്വാലുകളില്‍നിന്ന് അപകടകാരികളായ വൈറസുകള്‍ പുറത്തുവരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 2021ല്‍ ജില്ലയിലെ രണ്ടാം നിപ ബാധ ഉണ്ടായശേഷം മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഒരു സാമ്പിള്‍ പോലും ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നില്ല. മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ഏകോപനത്തോടെയുള്ള ഒരു പഠനവും ഇക്കാര്യത്തില്‍ നടത്തിയില്ല.

ഊഹത്തിനപ്പുറം ഒന്നും അറിയാത്ത സ്ഥിതിയാണ്. ഇത്തവണ വവ്വാലുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നതിന് സ്ഥിരീകരണമില്ല. നിപ സര്‍വൈലന്‍സിന്റെ ഭാഗമായി ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് പരിശോധനക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവാണ്. പ്രദേശത്തുനിന്ന് പിടികൂടിയ വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ആദ്യം മരിച്ച വ്യക്തിക്ക് എവിടെനിന്ന് രോഗം പകര്‍ന്നെന്നതിന് ശാസ്ത്രീയ സ്ഥിരീകരണം ഇപ്പോഴും ഉണ്ടായിട്ടില്ല.

2018ലെ കാര്യം ഇതിലേറെ രസാവഹമാണ്. അന്ന് നിപ ബാധിച്ച 19ല്‍ 17 പേരും മരിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക്. എന്നാല്‍, 23 പേര്‍ക്ക് രോഗം ബാധിച്ച് 21 പേരും മരിച്ചെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെഷ്യസ് ഡിസീസ് എന്നിവയില്‍ പ്രസിദ്ധീകരിച്ച ആധികാരിക പഠനം പറയുന്നത്. രണ്ടു പഠന റിപ്പോര്‍ട്ടുകളിലും സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ള അടിസ്ഥാന വിവരങ്ങളില്‍പോലും തെറ്റുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, കാതറിന്‍, വൈറോളജി ശാസ്ത്രജ്ഞന്‍ അരുണ്‍കുമാര്‍, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി, പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ 15 ആധികാരിക സ്ഥാപനങ്ങളിലെ വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ അന്നത്തെ ഒട്ടേറെ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്.

പേരാമ്പ്രയിലെ സിസ്റ്റര്‍ ലിനിയാണ് രോഗ ബാധയേറ്റ് മരിച്ച ആരോഗ്യ പ്രവര്‍ത്തകയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് കേരളത്തില്‍ ആദ്യം മരിച്ചതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെഷ്യസ് ഡിസീസ് പഠനം പറയുന്നത്. ലിസി മരിക്കുന്ന മെയ് 20ന്റെ തലേന്നുതന്നെ റേഡിയോളജിസ്റ്റ് മരിച്ചത് നിപ ബാധിച്ചതാണെന്ന വിവരം ഉള്‍ക്കൊള്ളാനോ അക്കാര്യത്തില്‍ അവരുടെ ആശ്രിതര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനോ ഇന്നേവരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാമത്തെ രോഗിയില്‍നിന്ന് തന്നെ രോഗം തിരിച്ചറിഞ്ഞെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ അവകാശവാദം. എന്നാല്‍, നിപ തിരിച്ചറിയുന്നതിന്മുമ്പ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്ക് ആസ്പത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആസ്പത്രി എന്നിവിടങ്ങളിലായി അഞ്ചു പേര്‍ മരിച്ച് ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയ ശേഷമാണ് നിപ തിരിച്ചറിഞ്ഞതെന്നും ഗവേഷണ പഠനത്തില്‍ പറയുന്നു.
2018 മേയ് അഞ്ചിനു മരിച്ച സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്താണ് ഇതിന്റെ ആദ്യ ഇര.

രണ്ടാഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. നിപ ബാധിച്ച് ചെങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചപ്പോഴും ഒരാശ്വാസ വാക്കുപോലും പറയാന്‍ ഇന്നേവരെ സര്‍ക്കാറിനായിട്ടില്ല. സിസ്റ്റര്‍ ലിസിയുടെ ഭര്‍ത്താവിന് ജോലിയും മക്കള്‍ക്ക് പത്തു ലക്ഷവും കൊടുത്ത സര്‍ക്കാര്‍, സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ ഒരാണ്‍തരിയും ഉമ്മയും മാത്രം അവശേഷിച്ച കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സര്‍ക്കാര്‍ 19 പേര്‍ക്ക് രോഗം ബാധിച്ച് 17 പേര്‍ മരിച്ചെന്ന് പറയുമ്പോള്‍ 23 പേര്‍ക്ക് രോഗം ബാധിച്ച് 21 പേര്‍ മരിച്ചെന്ന് ഗവേഷണ പഠനവും പറയുന്നത് അത്ര നിസാരമല്ല.

റിപ്പോര്‍ട്ട് പുറത്തുവന്ന് വര്‍ഷം മൂന്നായിട്ടും പ്രതികരിക്കാതെ ആരോഗ്യ വകുപ്പ് ഒഴിഞ്ഞുമാറുകയാണ്. ഇത്തവണ ആദ്യം മരിച്ച മുഹമ്മദില്‍ നിന്ന് രണ്ടാമത് മരിച്ച ഹാരിസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് രോഗം പടര്‍ന്നതും സമാന വീഴ്ചകളിലാണ്. തള്ളിലും വ്യാജ അവകാശവാദങ്ങളും നിപ വൈറസിനെ നിര്‍വീര്യമാക്കില്ലല്ലോ. 2001ല്‍ ആന്ത്രാക്‌സ് വന്നപ്പോഴും (മുഖ്യമന്ത്രി എ.കെ ആന്റണി), 2003 ല്‍ സാര്‍സ് വന്നപ്പോഴും (മുഖ്യമന്ത്രി എ.കെ ആന്റണി), 2005ല്‍ പക്ഷിപ്പനി പടര്‍ന്നപ്പോഴും (മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി), 2009 ല്‍ പന്നിപ്പനി വന്നപ്പോഴും (മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍), 2014ല്‍ എബോള വന്നപ്പോഴും (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി), 2016 ല്‍ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴും (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി) അതിനെ മറികടക്കാന്‍ കേരളത്തിന് സാധിച്ചത് അച്യുതമേനോന്‍ തറക്കല്ലിട്ട കേരള മോഡലിന്റെ ബലത്തിലാണ്. ഉദാസീനതകൊണ്ടും വിമര്‍ശകരുടെ വായയടപ്പിച്ചും ആ വിളക്ക് ഊതിക്കെടുത്തരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവവധുവിൻ്റെ മരണം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Published

on

ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 19 കാരി നിറത്തിൻ്റെ പേരിൽ തുടർച്ചയായി അവഹേളനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തുതുവെന്ന വാർത്ത രാവിലെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സ്വമേധയാ കേസ് എടുക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി കമ്മീഷൻ ഡയറക്ടർക്കും സി.ഐക്കും നിർദേശം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

വനനിയമ ഭേദഗതി ഉപേക്ഷിച്ചു

ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

വന നിയമ ഭേദഗതിയുമായി മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘വനം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണം നടക്കുന്നു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സരോജിനിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

‘വന്യജീവി ആക്രമണങ്ങളെ എങ്ങനെ ശാശ്വതമായി ചെറുക്കാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നു. 1972ലേ കേന്ദ്ര നിയമമാണ് തടസ്സമായി നിൽക്കുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ. കേന്ദ്രനിയം ഭേ​ദ​ഗതി ചെയ്യാൻ സംസ്ഥാന സർക്കാരിനാകില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

kerala

കേരളം ആചാരവിശ്വാസികളുടെ ഭരണത്തില്‍, കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!’, കടുത്ത വിമര്‍ശനവുമായി ഇടത് ചിന്തകന്‍ ഡോ. ആസാദ്‌

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

Published

on

സംസ്ഥാനം ഇപ്പോള്‍ ജനാധിപത്യ ഭരണത്തിലല്ലെന്നും ആചാരവിശ്വാസികളുടെ ഭരണത്തിലാണെന്നും ഇടതു ചിന്തകന്‍ ഡോ. ആസാദ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുതെന്നും ജനങ്ങളുടെ സമരപതാകകള്‍ ഇനി ഉയര്‍ത്തരുതെന്നും ആസാദ് ആവശ്യപ്പെട്ടു.

ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണെന്നും ഡോ. ആസാദ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണരൂപം:

കേരളത്തില്‍ ഹിന്ദുത്വ ആചാര പരിവാര റിപ്പബ്ലിക്ക് വന്നുകഴിഞ്ഞോ? ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നിര്‍വീര്യമാക്കി മനുസ്മൃതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുവോ? ആരാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ആരാണ് രാജാവ്? ആരാണ് ഉപദേഷ്ടാവ്?

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണ്.

ഓരോ വിശ്വാസത്തിനും അതിന്റെ ആചാരത്തിനും സഞ്ചരിക്കാവുന്ന വ്യവഹാരപഥത്തിന് അതിരുകളുണ്ട്. രാജ്യത്തിന്റെ പൊതുജീവിതത്തെയും പൊതുബോധത്തെയും യുക്തിവിവേകത്തെയും നിയമ വ്യവസ്ഥയെയും അപഹസിക്കാനും തള്ളിക്കളയാനും ഏതു വിശ്വാസത്തിനാണ് അധികാരമുള്ളത്? ഏത് ആചാരവും ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെയും അയാള്‍ക്കുമേല്‍ രാജ്യത്തിനുള്ള കരുതലിനെയും വെല്ലുവിളിക്കാന്‍ വളര്‍ന്നുകൂടാ. അത് ഉറപ്പുവരുത്തേണ്ട ഭരണകൂടം കാവിയിട്ട് കുംഭമേളക്ക് പോയതാവുമോ?

എനിക്ക് ഈ വിഷയംവിട്ട് മറ്റൊന്നും ആലോചിക്കാന്‍ ആവുന്നില്ല. കേരളത്തെപ്പറ്റിയുള്ള നമ്മുടെ വിശ്വാസവും അഭിമാനവുമാണ് തകര്‍ന്നുപോവുന്നത്. അത് തകര്‍ത്തെറിയുന്നത് അതു സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവരുടെ മുന്നിലാണ്. ഒന്നു തടയാന്‍, ഭരണഘടന ചീന്തിയെറിയുന്നവരെ തളയ്ക്കാന്‍ ശേഷിയില്ലാതെ അവര്‍ കോമാളികളാകുന്നു!

ഇപ്പോഴും നിങ്ങള്‍ നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നുവോ? ഇപ്പോഴും നിങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തെപ്പറ്റി പൊങ്ങച്ചം പറയുന്നുവോ? ഇപ്പോഴും നിങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലും സമരത്തിലുമാണെന്ന് അവകാശവാദം പറയുന്നുവോ? നിങ്ങള്‍ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷകരാണെന്ന് നടിക്കുന്നുവോ?

കേരളം ജനാധിപത്യ ഭരണത്തിലല്ല. ആചാരവിശ്വാസികളുടെ ഭരണത്തിലാണ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുത്. ജനങ്ങളുടെ സമരപതാകകള്‍ ഇനി നിങ്ങള്‍ ഉയര്‍ത്തരുത്. ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!!

Continue Reading

Trending