Connect with us

kerala

മലപ്പുറത്തും നിപ ജാഗ്രത നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു

. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവില്‍ ഐസൊലേഷനില്‍ നിരീക്ഷിച്ചു വരികയാണ്.

Published

on

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്തും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക എന്നിവര്‍ അറിയിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും കരുതല്‍ ആവശ്യമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവില്‍ ഐസൊലേഷനില്‍ നിരീക്ഷിച്ചു വരികയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും സാമ്പിള്‍ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. മുന്‍കരുതല്‍ നടപടികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍  ആരോഗ്യവകുപ്പിനെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പോലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐ സി ഡി എസ് തുടങ്ങിയവയുടെ മേധാവികള്‍ പങ്കെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക നിപ കണ്‍ട്രോള്‍  സെല്‍  പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്പര്‍- 0483 2734066. അടിയന്തിര സാഹചര്യം നേരിടുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുകയും 108 ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു.

നിപ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

– വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ ആണ് വൈറസ് മനുഷ്യരില്‍ എത്തുക. (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ)

– വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.

– നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല. ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.

– രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.

– നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങളുള്ള എല്ലാവരും പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലുമുള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

– എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

– രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖേന വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗത്തിലൂടെ മാത്രം ചികിത്സ തേടുകയും വേണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

– അതേസമയം കോവിഡ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത വേണം.

രോഗലക്ഷണങ്ങള്‍:

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

– മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.

– ഇടക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

– പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കുക.

– രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

Health

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു

ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

2024ല്‍ സംസ്ഥാനത്ത് 74 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

Continue Reading

kerala

ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ

Published

on

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നുവെന്നും തകർന്നപ്പോൾ ഉത്തരവാദിയില്ലാതെ അനാഥമായെന്നും കെ. മുരളീധരൻ. ഇപ്പോൾ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മലപ്പുറത്തെ കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. ഇതിന് പുറമെ, പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാര്‍ എന്നിവരെ സസ്​പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.

സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച പ്രൊ. ജി.വി റാവുവിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരടങ്ങുന്ന വിദഗ്ദ സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്. ഡീബാർ ചെയ്യപ്പെട്ടതോടെ, കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല.

വിദഗ്ധ സംഘം വിശദമായ റിപ്പോര്‍ട്ട് വരുംദിവസങ്ങളിൽ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സംഘം പരിശോധിക്കുമെന്നാണ് വിവരം. മെയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.

Continue Reading

kerala

ഇ ഡി ഉദ്യോ​ഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം

Published

on

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.

സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക്‌ വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

Trending