Connect with us

Video Stories

നിലവിലെ തൊഴിലുകള്‍ നിലക്കും; കോളജുകള്‍ പൂട്ടേണ്ടിവരും: മുരളി തുമ്മാരുകുടി

കാലഘട്ടത്തിന് ചേര്‍ന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ അല്ല.അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴില്‍ ചെയ്യാനുള്ള ബാങ്ക് ലോണ്‍ പദ്ധതികളും നടപ്പിലാക്കുക.

Published

on

ഐക്യരാഷ്ട്രസഭ ദുരന്തനിവാരണസമിതി വിദഗ്ധന്‍ മലയാളിയായ മുരളി തുമ്മാരുകുടിയുടേതാണ് അഭിപ്രായം. മുമ്പ് ബോട്ടപകടം ഉണ്ടാകുന്നതിനെക്കുറിച്ചും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും മുന്‍കൂട്ടി പ്രവചിച്ച് മുരളി ശ്രദ്ധേയനായിരുന്നു.

എഫ്.ബി പോസ്റ്റ്:

കോളേജുകള്‍ പൂട്ടേണ്ട കാലം

അടുത്ത ഏഴു വര്‍ഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം കോളേജുകള്‍ എങ്കിലും പൂട്ടിപ്പോകുമെന്ന് ഞാന്‍ രണ്ടു മാസം മുന്‍പ് പറഞ്ഞിരുന്നു.ആളുകള്‍ക്ക് അതിശയമായിരുന്നു. കോളേജുകള്‍ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ?
ഈ വര്‍ഷത്തെ അഡ്മിഷനുള്ള ആപ്ലിക്കേഷനുകളില്‍ വരുന്ന കുറവുകള്‍ കാണുന്‌പോള്‍ അതിന് ഏഴു വര്‍ഷം തന്നെ വേണ്ടിവരുമോ എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ഇരുപത് മുതല്‍ നാല്പത് ശതമാനം വരെ കുറവാണ് ഈ തവണ കോളേജുകളില്‍ ആപ്ലിക്കേഷനില്‍ വന്നിട്ടുള്ളത്. ഒന്നാം കിട കോളേജുകളില്‍ ഒഴിച്ച് മറ്റിടങ്ങളില്‍ സീറ്റുകള്‍ വെറുതെ കിടക്കും, ഉറപ്പാണ്. ഇതിലൊന്നും അത്ഭുതമില്ല

യാതൊരു തൊഴില്‍ സാധ്യതയും ഇല്ലാത്ത വിഷയങ്ങള്‍, വിഷയത്തില്‍ പ്രത്യേക താല്പര്യം ഒന്നുമില്ലെങ്കിലും പഠിക്കാന്‍ എത്തുന്ന കുറച്ചു കുട്ടികള്‍, അവരെ പഠിപ്പിക്കുന്നതില്‍ പ്രത്യേക താല്പര്യം ഒന്നുമില്ലാത്ത അധ്യാപകര്‍, പാര്‍ട്ടിരാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകള്‍, വിദ്യാര്‍ത്ഥികളുടെ വര്‍ത്തമാനത്തിലോ ഭാവിയിലോ വലിയ താല്പര്യം കാണിക്കാത്ത യൂണിവേഴ്‌സിറ്റികള്‍, യുവാക്കളെ ‘കുട്ടികള്‍’ ആയി കാണുന്ന മാതാപിതാക്കള്‍, പുതിയ തലമുറയുടെ നേരെ സദാചാര ലെന്‍സും ആയി നടക്കുന്ന സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും.
ഇതില്‍ തലവെച്ച് കൊടുത്ത് മൂന്ന് വര്‍ഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാര്‍ഥികള്‍ ചിന്തിച്ചാല്‍ അവര്‍ക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാല്‍ മതി.ഇതൊരവസരമായി എടുക്കണം.

വിദ്യാര്‍ഥികള്‍ ഒട്ടും താല്പര്യം കാണിക്കാത്ത കോഴ്സുകള്‍ എല്ലാ കോളേജിലും തുടരേണ്ടതില്ലല്ലോ. കോളേജുകള്‍ പൂട്ടുന്നതിന് മുന്‍പ് കോളേജുകളിലെ കോഴ്സുകള്‍ നിര്‍ത്തലാക്കി തുടങ്ങാം. കുറച്ച് അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടും, പഴയ സ്‌കൂളിലെ പ്രൊട്ടക്ഷന്‍ പോലെ കുറച്ചു നാള്‍ പ്രൊട്ടക്ഷന്‍ കൊടുത്തും ക്ലസ്റ്റര്‍ ആക്കിയും ഒക്കെ പിടിച്ചു നില്ക്കാന്‍ നോക്കാം, പക്ഷെ നടക്കില്ല, ഇന്നത്തെ വിഷയങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടാതാകുന്‌പോള്‍ അത് പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം സ്വാഭാവികമായി കുറക്കേണ്ടി വരും .നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് തൊഴിലുകള്‍ വലിയ തോതില്‍ നഷ്ടപ്പെടാന്‍ പോവുകയാണ്. അതില്‍ ഓട ശുദ്ധിയാക്കുന്ന തൊഴിലാളികള്‍ തൊട്ട് വിമാനം പറത്തുന്ന പൈലറ്റ് വരെ ഉണ്ടാകും. അവരെ റീട്രെയിന്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപകര്‍ക്ക് അതിനുള്ള സഹായം കൊടുത്താല്‍ മതി. നാളെ ഇതൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ചെയ്യേണ്ടി വരും.

നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കുറച്ചു സ്ഥലത്തൊക്കെ അതിന്റെ ഫലം കാണുന്നുമുണ്ട്. ഇതുകൊണ്ടൊന്നും നമ്മുടെ കുട്ടികള്‍ ഇവിടെ നില്‍ക്കില്ല, കാരണം അവര്‍ തേടുന്നത് കൂടുതല്‍ സ്വാതന്ത്ര്യവും വരുമാനവും ആണ്.അതിനാല്‍ പുതിയ വിദ്യാഭ്യാസ നയത്തിലെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ച് നല്ല കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണാവകാശം കൊടുക്കുക, പറ്റുന്നവയെ എല്ലാം യൂണിവേഴ്‌സിറ്റികള്‍ ആക്കി ഉയര്‍ത്തുക. എന്നിട്ടും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കോളേജുകള്‍ പൂട്ടാനുള്ള തീരുമാനം എടുക്കുക, അനുമതി നല്‍കുക.ഇപ്പോഴത്തെ അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റികള്‍ മൊത്തമായി നിറുത്തുക. ഇത് കാലഘട്ടത്തിന് ചേര്‍ന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ അല്ല.അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴില്‍ ചെയ്യാനുള്ള ബാങ്ക് ലോണ്‍ പദ്ധതികളും നടപ്പിലാക്കുക.

ഇനി അധികം സമയമില്ല.–

(മുരളി തുമ്മാരുകുടി)

 

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

Trending