കൊയിലാണ്ടിയില്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന് രണ്ട് എം.എസ്.എഫ് നേതാക്കളെ കൈവിലങ്ങ് വെച്ച് കൊണ്ടുപോയ നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. രാജപ്രീതിക്കായി പൊലീസ് നടത്തുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ കണക്കുപറയിക്കുമെന്ന് മുസ്്‌ലി ംലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.എം.എ സലാം മുന്നറിയിപ്പ് നല്‍കി. ഡോ. എം.കെ മുനീര്‍ ശക്തമായ ഭാഷയില്‍ ്പ്രതികരിച്ചു.
പി.എം.എ സലാമിന്റെ പ്രസ്താവന:
വിദ്യ,നിഖില്‍ തുടങ്ങിയ വ്യാജ വീരന്മാര്‍ക്ക് പൂമാല നല്‍കിയ പോലീസ് മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട ഞങ്ങളുടെ എം.എസ്.എഫ് കുട്ടികളെ വിലങ്ങണിയിച്ചതിന്റെ നീതിശാസ്ത്രം വ്യക്തമാക്കേണ്ടതുണ്ട്. അനീതികള്‍ തുടര്‍ക്കഥയാകുമ്പോള്‍ എല്ലാവരും കാഴ്ചക്കാരായിരിക്കുമെന്ന ധാരണ മൗഢ്യമാണ്. രാജപ്രീതിക്കായി നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരെ കൊണ്ട് കണക്ക് പറയിക്കുക തന്നെ ചെയ്യും. സലാം പറഞ്ഞു.
കെ.എം ഷാജി:
കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച
എം. എസ് എഫ് നേതാക്കളായ
അഫ്രിനെയും ഫസീഹിനെയും പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന കാഴ്ചയാണിത്. !
ഇപ്പോഴും കേരളം ഭരിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരാണ് എന്ന് വിശ്വസിക്കുന്നവര്‍ തികഞ്ഞ വിഢികളാണ്.
നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ‘ മഹാന് ‘ നേരെയാണ് അവര്‍ കരിങ്കൊടി കാണിച്ചത്.
അയാള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായത് ജനങ്ങളുടെ ദൗര്‍ഭാഗൃമാണ്.
പോരാടുക പ്രിയപ്പെട്ടവരെ ….
നിങ്ങളെ അവര്‍ അണിയിച്ചിരിക്കുന്ന ഇരുമ്പ് ചങ്ങലക്ക് കാലം മറുപടി പറയും.
അഭിമാനം കൊള്ളുക
നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സമരം
പ്ലസ് വണ്‍ സീറ്റ് കിട്ടാതെ അലയുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രതിഷേധത്തില്‍ നിന്ന് തീപ്പിടിപ്പിച്ചതാണ്.
രക്ഷിതാക്കളുടെ വേദനകള്‍ ഉള്ളില്‍ പേറിയതാണ്.
സി പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളോട് പറയാനുള്ളത്.
കാലം മാറും ഭരണം മാറുമെന്ന പഴയ മുദ്രാവാക്യമല്ല.
കാലം മാറ്റും തിരിച്ചടിക്കുമെന്ന ഉറച്ച വാക്കാണ്’ :ഷാജി പറഞ്ഞു.
വി.ടി ബലറാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇത്തവണയും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ല. പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള 7 ജില്ലകളിലും സീറ്റുകള്‍ കുറവാണ്. ആവശ്യത്തിനുള്ള പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെങ്കിലും അനുവദിക്കുക എന്നത് മാത്രമാണ് ശരിയായ പരിഹാരം. പകരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്നുവരുന്നത് 50 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസുകളില്‍ 60ഉം 65ഉം കുട്ടികളെ കുത്തിനിറച്ച് ഇരുത്താന്‍ അനുവദിക്കുക എന്നതാണ്. കുട്ടികള്‍ ഇല്ലാതെ ബാച്ചുകള്‍ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളില്‍ നിന്ന് മലബാറിലേക്ക് ബാച്ചുകള്‍ മാറ്റുന്നത് നാമമാത്രമായിട്ടാണ്. പ്രശ്‌നം പരിഹരിച്ചു എന്ന് സര്‍ക്കാര്‍ ഓരോ വര്‍ഷവും കപട അവകാശവാദമാണ് ഉന്നയിക്കാറുള്ളത്.
ഈ പ്രശ്‌നമുന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രതിഷേധിച്ച എം എസ് എഫുകാരായ രണ്ട് വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രമാണിത്. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കയ്യാമം വെച്ചുകൊണ്ടാണ് ടി.ടി.അഫ്രീന്‍, ഫസീഹ് എന്നീ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ പോലീസ് നടത്തിക്കുന്നത്.
ഇത് എന്ത് തരം പോലീസിംഗാണ്?
ഇത് എന്തൊരനീതിയാണ്?
വ്യാജ പ്രവൃത്തി പരിചയ രേഖയും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമൊക്കെ നിര്‍മ്മിച്ച് കടുത്ത നിയമലംഘനങ്ങള്‍ നടത്തുന്ന എസ്എഫ്‌ഐയിലെ സാമൂഹ്യവിരുദ്ധര്‍ക്ക് നേരെയില്ലാത്ത കാര്‍ക്കശ്യം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പിണറായി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് എങ്ങനെയാണ് ഈ കേരളത്തിന് കണ്ടുനില്‍ക്കാനാവുന്നത്?
ബലറാം കുറിച്ചു.
പി.കെ ഫിറോസ്:
രണ്ട് വിദ്യാര്‍ത്ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പോലീസ് കൊണ്ടു പോവുന്നത്. അവര്‍ പരീക്ഷ എഴുതാതെ പാസായവരല്ല,
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാന്‍ നോക്കിയവരല്ല,
പിന്‍വാതില്‍ വഴി ജോലിയില്‍ കേറിയവരല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എം.എസ്.എഫ് കോഴിക്കോട് ജില്ലാ വിംഗ് കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടില്‍ അറസ്റ്റ് ചെയ്തത്. പോലീസ് ഏമാന്‍മാര്‍ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല.’
ഫിറോസ് പറഞ്ഞു.