ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ ഓഷ്യന്‍ എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനിയാണ് അപ്രത്യക്ഷമായത്. നാലു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് പേടകത്തിലുള്ളത്. ഇതില്‍ 48 മണിക്കൂറും പിന്നിട്ടതോടെ രക്ഷാ പ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പേടകം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സഞ്ചാരികളെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യതയുള്ളൂ. എന്നാല്‍ ആശയ വിനിമയത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചെറു പേടകം ആയതിനാലും കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റ് തീരം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഇവിടെനിന്ന് തെക്കു കിഴക്ക് 600 കിലോമീറ്റര്‍ മാറി സമുദ്രോപരിതലത്തില്‍ നിന്ന് 13,000 അടി താഴ്ചയിലാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ഇവര്‍ക്ക് മര്‍ഗദര്‍ശിയായി ഉണ്ടായിരുന്നത്. ജൂണ്‍ 18ന് കടലിന്റെ അടിയിലേക്ക് സഞ്ചാരം തുടങ്ങി രണ്ടു മണിക്കൂറിനകം തന്നെ പോളാര്‍ പ്രിന്‍സുമായുള്ള ആശയ വിനിമയം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പേടകത്തിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. സമുദ്രാടിത്തട്ടില്‍ പേടകം എത്തിയോ എന്നതടക്കമുള്ള വിവരങ്ങള്‍ അഞ്ജാതമാണ്.
22 അടി നീളം, അഞ്ചുപേര്‍ക്ക് സഞ്ചരിക്കാം
ടൈറ്റന്‍ എന്ന പേടകത്തിന് 22 അടി നീളമാണുള്ളത്. ഒരേ സമയം അഞ്ചുപേരെ ഉള്‍കൊള്ളാനാകും. ക്യാപ്‌സൂള്‍ രൂപത്തിലുള്ള ഇതിന്റെ മുന്‍ഭാഗത്ത് ഗ്ലാസ് നിര്‍മ്മിത വിന്‍ഡോയുണ്ട്. സമുദ്രാടിത്തട്ടിലേക്ക് ഊളിയിട്ടു കഴിഞ്ഞാല്‍ റിമോട്ട് വഴിയാണ് പേടകത്തിന്റെ നിയന്ത്രണം. കരയില്‍ നിന്ന് പൂട്ടി സീല്‍ ചെയ്തു കഴിഞ്ഞാല്‍ തിരിച്ച് കരയിലെത്തി മാത്രമേ പേടകം തുറക്കാനാകൂ. ഇതിനിടയില്‍ എസ്.ഒ.എസ് (മെസേജ്) വഴി മാത്രമാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയൂ. പ്രത്യേകം നിര്‍മ്മിച്ച അന്തര്‍വാഹനികള്‍ വഴിയുള്ള സാഹസിക ടൈറ്റാനിക് ടൂറിസം നാലു വര്‍ഷത്തോളമായി സജീവമാണ്. നിരവധി കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2021ലാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ഈ രംഗത്തേക്ക് വന്നത്. കമ്പനിയുടെ മൂന്നാമത്തെ യാത്രയാണിത്. സമുദ്രാടിത്തട്ടില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തന്നെ കിലോമീറ്ററുകളോളം ചിതറിക്കിടക്കുന്നതിനാല്‍ ഇവയില്‍ ഏതാണ് കാണാതായ പേടകമെന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എട്ടു ദിവസത്തേക്കാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ടൈറ്റാനിക് പാക്കേജ് നടപ്പാക്കുന്നത്. കരയില്‍ നിന്ന് സമുദ്രോപരിതലത്തില്‍ നിശ്ചിത സ്ഥാനം വരെ കപ്പലിലാണ് സഞ്ചാരം. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് കമ്പനി ഇതിന് ഉപയോഗിക്കുന്നത്. കപ്പലില്‍ ഉള്‍ക്കടലില്‍ വച്ചാണ് യാത്രികര്‍ പേടകത്തിലേക്ക് കയറുന്നത്. യാത്രക്കു മുന്നോടിയായി വിദഗ്ധ പരിശീലനം യാത്രികര്‍ക്ക് നല്‍കാറുണ്ട്.
അഞ്ച് കോടീശ്വരന്മാര്‍
പേടകത്തിലുണ്ടായിരുന്ന അഞ്ചു യാത്രികരും കോടീശ്വരന്മാരാണ്. യാത്രക്കു വേണ്ടി വരുന്ന വന്‍ ചെലവു തന്നെയാണ് കോടീശ്വരന്മാര്‍ മാത്രം പേകടത്തില്‍ കയറാന്‍ കാരണം. 2.5 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം രണ്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) യാത്രയില്‍ ഒരാള്‍ക്ക് വേണ്ട ചെലവ്. സഞ്ചാരികളില്‍ രണ്ടുപേര്‍ പാക് – ബ്രിട്ടീഷ് പൗരന്മാരായ ഷഹസാദാ ദാവൂദും ഇയാളുടെ മകന്‍ സുലൈമാനുമാണെന്ന് ബ്രിട്ടീഷ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനമാണ് ഷഹസാദാ ദാവൂദ്. 10,000 കോടിയിലധികം വരുമാനമുള്ള കമ്പനി. പാകിസ്താനിലെ അതിസമ്പന്നരുടെ പട്ടികയില്‍ എന്നും മുന്നിലുള്ള കുടുംബമാണിവരുടേത്.
ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ് ആണ് മറ്റൊരാള്‍. ആക്ഷന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ വിമാന കമ്പനിയുടെ ഉടമ. ബഹിരാകാശത്തേക്ക് ഉള്‍പ്പെടെ യാത്ര നടത്തിയിട്ടുള്ള, സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളുമുണ്ട്. ഫ്രഞ്ച് ഡൈവറായ ബോള്‍ ഹെന്റി നാര്‍ജിലൈറ്റാണ് മറ്റൊരാളെന്നാണ് വിവരം. യാത്രാ സംഘാടകരായ ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റോക്ടന്‍ റാഷാണ് അഞ്ചാമന്‍.