ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.