കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
ജനാധിപത്യവിരുദ്ധമായി ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി കാലിക്കറ്റ് സര്‍വ്വകലാശാല ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വളഞ്ഞ മാര്‍ഗത്തില്‍ സംഘടനാ നേതാവിനെ തിരുകിക്കയറ്റാന്‍ എസ്.എഫ്.ഐ നടത്തുന്ന ശ്രമം മാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. ആക്രമണങ്ങളിലൂടെയും ഗുണ്ടായിസത്തിലൂടെയും തെറ്റായ വഴിയിലൂടെ തന്നെ എന്നും സഞ്ചരിച്ചിട്ടുള്ള എസ്.എഫ്.ഐയെ രക്ഷിക്കാനാണ് ചില മാധ്യമങ്ങള്‍ മുസ്ലിം ലീഗിനെതിരേ കുതിരകയറാന്‍ ശ്രമിക്കുന്നതിലെ താല്‍പര്യം. അഡ്വ: പി.എം.എ സലാമിന്റെ പരാമര്‍ശങ്ങളെ മുറിച്ചെടുത്ത് എം.എസ്.എഫിനെ ഇകഴ്ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്‍ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്‌കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
മുസ്ലിം ലീഗ് ഭരണത്തിലുള്ളപ്പോഴും ഇടതുഭരണ കാലത്തും എം.എസ്.എഫ് യൂണിവേഴ്സിറ്റി ഭരണത്തില്‍ വന്നിട്ടുണ്ട്. ഐക്യജനാധിപത്യ മുന്നണി ഭരണകാലത്തു തന്നെ പല തവണ ഇടതു വിദ്യാര്‍ത്ഥി സംഘടനകളോട് ചേര്‍ന്നു മത്സരിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും സര്‍വ്വ തന്ത്രങ്ങളും വളരെ മാന്യമായി തന്നെ പയറ്റിയിട്ടുണ്ട്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.എഫ് ഭരണത്തില്‍ വന്നത് പതിനൊന്ന് തവണയാണ്. ഇടതു ഭരണ കാലത്ത് മൂന്ന് തവണയും, യു.ഡി.എഫ് ഭരണകാലത്ത് എട്ട് പ്രാവശ്യവും. യു.ഡി.എഫ് ഭരണകാലത്തെ എട്ടുതവണയില്‍ മൂന്നുവട്ടം എസ്.എഫ്.ഐയോടു ചേര്‍ന്നാണ് എം.എസ്.എഫ് മത്സരിച്ചിട്ടുള്ളത്. ആദ്യമായി യൂണിവേഴ്സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരണകാലത്ത് എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി(പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.
എം.എസ്.എഫ് ആദ്യമായി വിജയിക്കുന്നത് എസ്.എഫ്.ഐ -എം.എസ്.എഫ്-എ.ഐ.എസ്.എഫ് മുന്നണിയായി നിന്നുകൊണ്ട് പ്രഥമ ഇടതുമുന്നണി ഭരണകാലത്തായിരുന്നു. 1980-81 യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു.
ഇടതു ഭരണകാലത്ത് തന്നെ 1981-82യൂണിയനിലും എം.എസ്.എഫ് കടന്നുകയറി. അന്ന് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയായിരുന്നു മണപ്പുറത്ത് അബ്ദുല്ലയും അലി പത്തനാപുരവും ഭാരവാഹികളായി.1980-86വരെ തുടര്‍ച്ചയായി എം.എസ്.എഫ് യൂണിയന്‍ ഭരണത്തിലുണ്ടായിരുന്ന 1982-87 വരെ യു.ഡി.എഫ് ഭരണമായിരുന്നെങ്കിലും 1983-86 യൂണിയന്‍ ഭരണം എസ്.എഫ്.ഐ-എം.എസ്.എഫ് മുന്നണിയായിട്ടായിരുന്നു. 1982-83ല്‍ നിലവിലുള്ള മുസ്ലിം ലീഗ് നേതാക്കളുടെ ഒരു നിരയാണ് വന്നിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മുട്ടി ജനറല്‍ സെക്രട്ടറിയായും മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ കാസര്‍ഗോഡ്,പി.വി ഇബ്രാഹിം കുട്ടി-കൊയിലാണ്ടി,വി.പി അഹമ്മദുണ്ണി ചങ്ങരംകുളം എന്നിവരാണ് സാരഥികളായത്.
യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യമായി ലഭിച്ചത് 1983-84ലായിരുന്നു, അടുത്ത വര്‍ഷവും അങ്ങിനെ തുടരാനായി, ആദ്യം സി.എം യൂസഫ്-ചങ്ങരംകുളം, രണ്ടാമതായി എം.എസ്.എഫിന്റെ പ്രസിഡന്റായിരുന്ന ബഹുമാന്യനായ ടി.പി.വി ഖാസിം-കണ്ണൂരുമായിരുന്നു. അതേ മുന്നണിയില്‍ 1985-86ല്‍ റസാഖ് തായലക്കണ്ടി- കാസര്‍ഗോഡ് ജനറല്‍ സെക്രട്ടറിയായി വന്നു.
ഒരിടവേളക്ക് ശേഷം 1990-91 വര്‍ഷത്തില്‍ ഇടതുഭരണകാലത്ത് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയില്‍ ഹനീഫ പെരിഞ്ചേരി-മക്കരപറമ്പ് ജനറല്‍ സെക്രട്ടറിയായി വന്നു. പത്ത് വര്‍ഷം കഴിഞ്ഞ് 2001-02 വര്‍ഷത്തിലാണ് പിന്നീട് അവസരം കൈവന്നത്. കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായ മൊയ്തീന്‍ കോയ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി വന്നു. പിന്നീട് നീണ്ട പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് 2013-14 വര്‍ഷത്തിലാണ് യൂണിയനില്‍ എം.എസ്.എഫ് പങ്കാളിത്തം വരുന്നത്. യൂണിയനില്‍ മികച്ച പ്രാതിനിധ്യവും ലഭിച്ചു. അഞ്ച്പേര്‍ ചുമതലയേറ്റു.
ശറഫുദ്ദീന്‍ പിലാക്കല്‍-പാലക്കാട്,ഫാത്തിഫ്-കൊയിലാണ്ടി,ശിമ-മഞ്ചേരി,ജസിം പി.പി- കോഴിക്കോട്,ജൗഹര്‍ കുറുക്കോളി-മലപ്പുറം എന്നിവരായിരുന്നു സാരഥികള്‍. തുടര്‍ന്ന് രണ്ടുവര്‍ഷം കൂടി യൂണിയന്‍ എം.എസ്.എഫിന്റെ കൈപ്പിടിയിലായിരുന്നു. 2014-15ല്‍ എം.കെ.എം സാദിഖും, 2015-16ല്‍ കെ.എം ഫവാസും യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരായി യു.ഡി.എസ്.എഫ് മുന്നണിയില്‍ കടന്നുകയറി. പ്രഥമ യൂണിയനില്‍ (1980-81) എ.ഐ. എസ്.എഫിന്റെ പ്രതിനിധിയായി വൈ.ചെയര്‍മാനായി വിജയിച്ച എം.റഹ്മത്തുള്ള ഇപ്പോള്‍ എസ്.ടി.യു.വിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നുവെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ഭരണത്തിലും എം.എസ്.എഫിന് രണ്ടുതവണ പങ്കാളിത്വം ലഭിച്ചിട്ടുണ്ട്. കേരള ഭരണം യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിലും യൂണിയന്‍ ഭരണത്തില്‍ എസ്.എഫ്.ഐക്കൊപ്പമായിരുന്നു. 1982-83 വര്‍ഷത്തില്‍ ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിയും 1983-84 വര്‍ഷത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ വിവരാവകാശ കമ്മിഷ്ണര്‍ ഹക്കീംകായംകുളവും യൂണിയന്‍ സാരഥികളായി. മലയാളം സര്‍വ്വകലാശാലയുടെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍ വി. ഇര്‍ഷാദ് കുറുക്കോള്‍ ആയിരുന്നുവെന്നതും വിസ്മരിക്കാനാവില്ല.
കേരളത്തിന് പുറത്തും പലയൂണിവേഴ്സിറ്റികളിലും ചെറിയ നേട്ടങ്ങളൊക്കെ നേടി എടുക്കാന്‍ എം.എസ്.എഫിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ദേശാന്തരീയ പ്രശ്സതമായ അലീഗഡ് വാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി നാട്ടിയിട്ടുണ്ട്. 1981-82 വര്‍ഷത്തെ യൂണിയന്‍ കാബിനറ്റില്‍ എറണാകുളം സ്വദേശി അഡ്വ. പി.കെ ഇബ്രാഹിം അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സീനിയര്‍ അംഗം എന്ന നിലയില്‍ ആറുമാസം ആക്ടിങ് ചെയര്‍മാനാകാനും കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് യു.പി സംസ്ഥാന എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇബ്രാഹിം.ഈടുറ്റതും ശോഭയാര്‍ന്നതുമായ ഒരു ചരിത്രമുള്ള എം.എസ്.എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണ് എല്ലാവരും വേണ്ടത്.