അഡ്വ. പി.എം.എ സലാം
‘ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന വാക്കുകള്‍ സ്വാധീനം ചെലുത്തും. ചിറകുകളില്ലെങ്കിലും അതിന് പറക്കാനുള്ള കഴിവുണ്ടാകും’ വിശ്വ ദാര്‍ശനികനായ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ വചനമാണിത്. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ സംസാരം എപ്പോഴും ഹൃദയത്തിന്റെ ഭാഷയില്‍ ആയിരുന്നു. പെരുമാറ്റത്തില്‍ കപടതയുടെ മുഖാവരണം ഇല്ലാതെ അഹങ്കാരം തൊട്ടു തീണ്ടാത്ത ഒരു ശുദ്ധ മനുഷ്യന്‍. ആര്‍ജ്ജവവും ധീരതയും ലാളിത്യവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സത്യസന്ധതയും വിശ്വസ്തതയും അവസാനം വരെ നിലനിര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. സമുദായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുമ്പോള്‍ രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല .
കേരള സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ ട്രഷറര്‍ ആയിരുന്ന സേട്ടുസാഹിനിനെ 1960ല്‍ രാജ്യസഭാംഗം ആക്കുന്നത് കെ.എം. സീതി സാഹിബിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ്.1960 നു ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും സേട്ട് സാഹിബിന്റെ ചരിത്രവും ഇഴ പിരിക്കാന്‍ കഴിയാത്ത വിധം കെട്ടുപിണഞ്ഞ് കിടക്കുന്നു. രണ്ടായിരാമാണ്ട് വരെയുള്ള നാലു പതിറ്റാണ്ടിനിടയില്‍ മുസ്‌ലിം ഇന്ത്യയുടെ ഏത് പ്രശ്‌നത്തിലും പടനായകന്റെ റോളില്‍ ആയിരുന്നു അദ്ദേഹം. 1967ല്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് ആദ്യമായി സഭയില്‍ എത്തുന്നത്. 1971 വീണ്ടും കോഴിക്കോട്ട് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മഞ്ചേരിയില്‍ നിന്ന് ജനവിധി തേടി. 1991 വരെ മഞ്ചേരിയില്‍ നിന്നായിരുന്നു മത്സരം. 91 ജൂണില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലാണ് മത്സരിച്ചത്. 1960 മുതല്‍ തുടര്‍ച്ചയായി 35 വര്‍ഷക്കാലം പാര്‍ലമെന്റ് മെമ്പറായ സേട്ട് സാഹിബ് തിരഞ്ഞെടുപ്പില്‍ തോല്‍വി അറിയാത്ത അപൂര്‍വ നേതാക്കളില്‍ ഒരാളാണ്. ലോക്‌സഭയിലേക്ക് ഡബിള്‍ ഹാട്രിക് വിജയം നേടിയ ജനനായകന്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ എ.ബി. വാജ്‌പേയി വരെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് മുതല്‍ കെ.ആര്‍ നാരായണന്‍ വരെ ഉള്ളവരുമായും അതീവ സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായ സേട്ട് സാഹിബ് ആഗോള പ്രശസ്തനുമായിരുന്നു. തന്റെ സമുദായം പൊരുതി നേടിയ ഭരണഘടനാ തത്വമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിര ജാഗരൂകനായ ഒരു കാവല്‍ക്കാരനെ പോലെ അദ്ദേഹം നിലകൊണ്ടു.
മജ്‌ലിസ് മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുതലായ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദികളുമായും ഓള്‍ ഇന്ത്യ ഫലസ്തീന്‍ കോണ്‍ഫറന്‍സ്, മുസ്‌ലിം വേള്‍ഡ് ലീഗ് തുടങ്ങിയ അന്താരാഷ്ട്ര വേദികളുമായും സജീവമായി ബന്ധപ്പെടുകയും അവയുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്യുക വഴി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ ഇന്ത്യന്‍ മുസ്‌ലിം നേതാവായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനിര്‍വചനീയമായ അനുഭൂതിയായിരുന്നു ആ പ്രസംഗങ്ങള്‍. ശക്തവും സ്ഫുടവുമായ ഭാഷയിലുള്ള സംസാരം. വികാര തീക്ഷ്ണമായ വാക്കുകള്‍. ഇംഗ്ലീഷിലും ഉറുദുവിലും തടസങ്ങളില്ലാതെ മണിക്കൂറുകള്‍ നീളുന്ന സംസാരം. ഇംഗ്ലീഷിനെക്കാള്‍ മനോഹരമാണ് ഉറുദുവിലെ പ്രസംഗങ്ങള്‍. ഖുര്‍ആന്‍ സൂക്തങ്ങള്‍, ഉപമകള്‍, അലങ്കാരങ്ങള്‍, കവിതകള്‍ എല്ലാം അതില്‍ അടങ്ങിയിരുന്നു. ജനങ്ങളുമായുള്ള ഹൃദയ ബന്ധംകാരമം പരിഭാഷകന്‍ ഇല്ലാതെ പോലും അദ്ദേഹത്തെ അവര്‍ ആവേശത്തോടെ കേട്ടിരുന്നു. ഉറുദു ഭാഷയോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ഉറുദുവിന്റെ ദുരിതം ഭരണകൂടത്തിന്റെ മുന്നിലെത്തിക്കുവാന്‍ അദ്ദേഹം പോരാട്ടം നടത്തി. അങ്ങനെയാണ് ഐ.കെ.ഗുജ്‌റാല്‍ കമ്മിറ്റി രൂപീകരികൃതമാകുന്നത്.
ശരീഅത്ത് നിയമം പുനസ്ഥാപിക്കുന്നതിനു വേണ്ടി പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ സേട്ട് സാഹിബ് ബനാത്ത് വാല സാഹിബിനോട് ആവശ്യപ്പെട്ടു. ബനാത്ത് വാല സാഹിബ് ചോദിച്ചു, എന്ത് കാര്യമാണ് സേട്ട് സാഹിബ്. ഇതിനെ അനുകൂലിക്കാന്‍ ഈ സഭയിലുള്ളത് നമ്മള്‍ രണ്ടുപേര്‍ മാത്രമാണ്. പിന്നെ ആരാണ് നമ്മെ പിന്തുണയ്ക്കുക, ആരാണ് നമ്മെ സഹായിക്കുക. പ്രതീക്ഷാ നിര്‍ഭരമായ മറുപടിയാണ് സേട്ട് സാഹിബ് നല്‍കിയത്. ആര് സഹായിക്കാനില്ലെങ്കിലും അല്ലാഹു നമ്മെ സഹായിക്കും. പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആ സ്വകാര്യ ബില്ല് ഏറ്റെടുക്കുകയും അത് അവതരിപ്പിച്ച് പാസാക്കിയെടുക്കുകയും ചെയ്തു. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല എന്നിവയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തുന്നതിന് വേണ്ടിയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ധീരമായ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
സേട്ട് സാഹാബിന്റെ കൂടെ നടന്ന കാലം ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. തിരൂരങ്ങാടി യത്തീംഖാനയുടെ അമരക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ പല പ്രമുഖരെയും യത്തീംഖാനയില്‍ കൊണ്ടുവന്നത് അദ്ദേഹം ആയിരുന്നു. എം.കെ ഹാജി വിട പറഞ്ഞശേഷം ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചു. പിന്നോക്കത്തിന്റെ കാവടിയേന്തുകയും അവഗണനയുടെ ചാട്ടവാറടിയേറ്റ് പുളയുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മുസല്‍മാന്‍ അനുഭവിക്കുന്ന നിരന്തരമായ പീഡനങ്ങളും ദുരിതങ്ങളും വര്‍ഗീയ കലാപത്തിന്റെ നോവുകളും നേരിട്ടറിഞ്ഞ് മനസില്‍ തറച്ച സേട്ട് സാഹിബിന്റെ പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും അതിന്റെ പ്രതിഫലനമുണ്ടായിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ഒരു ജനതയുടെ ഇടയിലേക്ക് ഓടിച്ചെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അവരുടെ പ്രയാസങ്ങള്‍ അധികാരി വര്‍ഗത്തിന് മുന്നിലേക്ക് എത്തിക്കാനും അദ്ദേഹം ആരെയും കാത്തുനിന്നില്ല. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഏത് ഭരണാധികാരിയുടെ മുന്നിലും ധീരമായി അദ്ദേഹം ശബ്ദിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മുന്നില്‍ ചെന്ന് താങ്കളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും രാജിവച്ച് ഒഴിഞ്ഞു പോകണമെന്നും പറയാന്‍ ധീരത കാണിച്ച നേതാവായിരുന്നു സേട്ട് സാഹിബ്. അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.