Connect with us

crime

ശസ്ത്രക്രിയക്കിടെ യുവതിയുടെ ​ഗർഭപാത്രത്തിൽ തുണി കുടുങ്ങി; ഡോക്ടർക്കെതിരെ കേസ്

മണിക്കൂറുകൾ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്

Published

on

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ​ഗർഭപാത്രത്തിൽ സർജിക്കൽ കോട്ടൺ തുണി കുടുങ്ങി. സംഭവത്തിൽ ശസ്ത്രിക്രിയ നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. എട്ട് മാസങ്ങളോളം യുവതി ദുരിതം അനുഭവിച്ചു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്.

നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ്‌ (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഡോക്ടർ സുജാ അഗസ്റ്റിൻ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.

2022 ജൂലൈ 26നാണ് ശസ്ത്രിക്രിയയിലൂടെ കു‍‍‍ഞ്ഞിനെ പുറത്തെടുത്തത്. അതിനിടെ ശസ്ത്രക്രിയാ സമയത്ത് ഉപയോ​ഗിക്കുന്ന കോട്ടൺ തുണി ​ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ ശരീരം തുന്നിച്ചേർത്തു. ആറ് ദിവസങ്ങൾക്ക് ശേഷം യുവതെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.

വീട്ടിലെത്തിയതോടെ യുവതിക്ക് സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകും എന്നുമായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്.

crime

കര്‍ണാടകയില്‍ യുവതിയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍

കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 

Published

on

ബംഗലൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇന്നു രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ബംഗലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കഴിഞ്ഞ 23 നാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്നത്. ഇന്നലെ വൈകീട്ട് ആരവ് പുറത്തേക്ക് പോയിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തു ഞെരിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിന് പഴക്കമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മായ ഗൊഗോയി ഒരു വ്‌ലോഗര്‍ കൂടിയാണ്. രക്ഷപ്പെട്ട സുഹൃത്ത് ആരവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Continue Reading

crime

വളപട്ടണത്ത് വന്‍കവര്‍ച്ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു

വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

Published

on

വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്.

കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചു.

Continue Reading

crime

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Published

on

കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖം വികൃതമായ രീതിയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Continue Reading

Trending