Connect with us

Culture

കേരളത്തിന്റെ എസ്.ബി.ടി വിടപറയുമ്പോള്‍

Published

on

കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. പുതിയ ധനകാര്യവര്‍ഷമായ ഇന്നുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. രാജ്യത്തെ അഞ്ചുബാങ്കുകള്‍ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്വയം ഇല്ലാതാകുന്നത്. ഇനി എസ്.ബി.ടിയുടെ 1157 ശാഖകളും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലാകും അറിയപ്പെടുക. പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.61 ലക്ഷം കോടിയുടെ വിറ്റുവരവും 1602 എ.ടി.എമ്മുകളുമുള്ള ബാങ്കിന് 2015ലെ കണക്കുപ്രകാരം 1,50,473 കോടി രൂപ നിക്ഷേപവും 69,907 കോടിരൂപ വായ്പയും ഉണ്ടായിരുന്നു. ഏകദേശം നാനൂറ് കോടിയോളം രൂപയുടെ ലാഭമുണ്ടായിരുന്ന ബാങ്കാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. 1959ലാണ് പാര്‍ലമെന്റിന്റെ അംഗീകരാത്തോടെ എസ്.ബി.ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായത്.1960ല്‍ തന്നെ മദ്രാസില്‍ ശാഖ തുറന്നു. ആദ്യകാലത്ത് സര്‍ക്കാര്‍ ട്രഷറിയായും പൊതുബാങ്കിംഗ് സേവനങ്ങളും നടത്തിവന്ന ബാങ്ക് ഏതാനും ബാങ്കുകളെ ഏറ്റെടുക്കുകയും ചെയ്തു.

ഏറെക്കാലത്തെ പരിശോധനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ഇത്തരമൊരു ലയനതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ ഇതടക്കം അഞ്ചുബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിക്കാന്‍ അനുമതി നല്‍കിയത്. ഇനി 22 പൊതുമേഖലാബാങ്കുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ജീവനക്കാരുടെ ക്ഷേമാനുകൂല്യങ്ങള്‍, സേവനവേതനവ്യവസ്ഥകള്‍, ജോലിയുടെ സ്ഥിരത, ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിലെ വ്യത്യാസം തുടങ്ങിയവയായിരുന്നു ബാങ്ക് ലയനത്തിനെതിരായ പരാതികള്‍ക്കടിസ്ഥാനം. 55 വയസ്സ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധവിരമിക്കല്‍ പദ്ധതി വഴി പിരിച്ചുവിടാനാണത്രെ തീരുമാനം. പ്രതിഷേധസമരങ്ങളും ധര്‍ണകളും പണിമുടക്കും വരെ ഈ വന്‍ലയനത്തിനെതിരെ എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കേരള സര്‍ക്കാര്‍ പോലും ബാങ്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും വിവിധ കക്ഷികള്‍ ഇതിനനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍ രണ്ട് ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒരു ശാഖ അടച്ചുപൂട്ടുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും ടൗണ്‍ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് അവ അവിടെത്തന്നെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ജനറല്‍മാനേജര്‍ ഓഫീസുകളടക്കം 21 ഓഫീസുകള്‍ അടച്ചുപൂട്ടും. 889 ശാഖകളും ശാഖകളും 13775 ജീവനക്കാരുമാണ് എസ്.ബി.ടിക്ക് കേരളത്തില്‍ മാത്രമുള്ളത്. മൂവായിരം പേരെയെങ്കിലും പിരിച്ചുവിടാനാണത്രെ പരിപാടി.
ലക്ഷക്കണക്കിന് എസ്.ബി.ടിയുടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ പഴയ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അവരില്‍ പലരും ഇതിനകം മറ്റ് ബാങ്കുകളിലേക്ക് മാറിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പേരുമാറ്റിയാലും ഇടപാടുകള്‍ പുതിയസ്ഥിതിയിലാകുന്നതിന് മാസങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ നാനൂറോളം എസ്.ബി.ടി ശാഖകള്‍ പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെ ഇടപാടുകാര്‍ പുതിയ ശാഖയിലേക്ക് തങ്ങളുടെ അക്കൗണ്ട് മാറ്റേണ്ടിവരും. ഇതോടെ കേരളത്തില്‍ എസ്.ബി.ഐയുടെ കീഴില്‍ 1400 ഓളം ശാഖകള്‍ ഇന്ന് നിലവില്‍ വന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരും ലയനം കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഉദ്ദേശിക്കുന്നതെന്താണെന്നത് ജനമനസ്സുകളില്‍ ഇന്നും ആധിയായിത്തന്നെ നിലനില്‍ക്കുകയാണ്. അതിനുപ്രധാനകാരണം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ ധനകാര്യനയങ്ങളാണ്. രാജ്യത്തെ സ്വകാര്യ-വിദേശകുത്തകകള്‍ക്ക് തീറെഴുതുന്നതിന്റെ ആദ്യപടിയാണ് ഈ ബാങ്ക് ലയനം. സാധാരണക്കാരന് ഇതുവഴി എന്തുനേട്ടമാണുണ്ടാകുക എന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നത് പരക്കെയുള്ള ആക്ഷേപമാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. ടാറ്റ, റിലയന്‍സ്,അദാനി, കിങ്ഫിഷര്‍ പോലുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയിരിക്കുന്നത്. കിങ്്ഫിഷര്‍ ഉടമ വിജയ് മല്യ നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്നു. മറ്റൊരു കോര്‍പറേറ്റ് ഭീമനായ ലളിത് മോഡി രാജ്യത്തെ പറ്റിച്ച് നേരത്തെ തന്നെ നാടുകടന്നു. ഇവരൊക്കെ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെതന്നെ മുടിക്കുമ്പോള്‍ മോദിയും മറ്റും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ നടപടി മൂലം രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവിച്ച തിക്തഫലം പറഞ്ഞാല്‍ തീരില്ല.
ചെറുകിടവായ്പകള്‍, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ക്ക് ഈ ആഗോളവല്‍കരണകാലത്ത് ഇത്തരം ചെറുകിട ഉപഭോക്താക്കളെ ആവശ്യമില്ലെന്നായിരിക്കുന്നു. ആയിരം രൂപയെങ്കിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണം, എ.ടി.എം ഇടപാടുകള്‍ക്ക് ചാര്‍ജ് നല്‍കണം, വന്‍കിട വായ്പകള്‍ എടുത്ത് പലിശയടക്കം തിരിച്ചടക്കണം തുടങ്ങിയ വലിയ മോഹങ്ങളാണ് സര്‍ക്കാര്‍ മേഖലയിലെപോലും ബാങ്കുകള്‍ക്കുള്ളത്. വലിയ ഇടപാടുകാരിലൂടെ പരമാവധി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ ഇന്നും ചെറുകിടഇടപാടുകാരുടെ ഇഷ്ടതോഴന്‍ കേരളത്തിലും മറ്റും സഹകരണബാങ്കുകളാകുന്നതിന്റെ കാരണം അവര്‍ സാധാരണക്കാരെ സഹായിക്കുന്നു എന്നതാണ്. ഇവരുടെ സേവനമാണ് എസ്.ബി.ടിയില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ഫലത്തില്‍ ചെറുകിടവായ്പകള്‍ ഇനി പഴങ്കഥ മാത്രമാകും.സര്‍ക്കാരിന്റെ ഏതുനടപടിയുടെയും അന്തിമലക്ഷ്യം പാവങ്ങളില്‍ പാവപ്പെട്ടവരായിരിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. ഗൃഹാതുരത്വത്തോടൊപ്പം മലയാളിക്ക് ഏറെ ആശങ്കകളും ബാക്കിവെച്ചാണ് കേരളത്തിന്റെ എസ്.ബി.ടി പടിയിറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Trending