വഖഫ് ബിൽ ഭേദഗതിയിൽ സ്വാഭാവിക നീതിയില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള കാഴ്ചപ്പാടായ വഖഫ് ആജീവനാന്ത കാലത്തേക്കുള്ള സമർപ്പണ രീതിയാണെന്നും വാക്കാലുള്ള വഖഫ് രീതിയിൽ ഇന്നുവരെ അത് നിയമമായിരുന്നെന്നും എന്നാൽ അതെടുത്തു കളയുന്ന പുതിയ ഭേദഗതി, ആർട്ടിക്കിൾ 25, 26 പ്രകാരം ഭരണഘടന അനുവദിക്കുന്ന മതപരമായ വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും അതുവഴി ഭരണഘടനയെ വരെ ചോദ്യം ചെയ്യുകയാണെന്നും അഡ്വ.ഹാരിസ് ബിരാൻ എം പി കുറ്റപ്പെടുത്തി.
നിയമ ഭേദഗതിയുടെ ക്ലോസ് 3 പ്രകാരം ഉപയോഗിച്ചുള്ള വഖഫ് നേരിട്ട് മുൻകാല ബല്യത്തിലുള്ളത് അല്ലെങ്കിലും, ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്ന നിയമക്കുരുക്കുകൾ സാങ്കേതികമായി മുൻകാല പ്രാബല്യത്തിലേക്ക് നയിക്കും. വഖഫ് സ്വത്തിൽ തർക്കമുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിയോഗിക്കപ്പെടുന്നതോടുകൂടി തീർത്തും വിശ്വാസപരമായി സമർപ്പിച്ച സ്വത്തുക്കളുടെമേൽ സർക്കാറിന് കൂടുതൽ അധികാരം നൽകുന്നതാണെന്നും അതുപോലെ വഖഫ് ബോർഡിലേക്ക് മുസ്ലിം ഇതര വ്യക്തികൾക്ക് പ്രാതിനിധ്യം നൽകുന്നതുവഴി മുസ്ലിം വ്യക്തിനിയമങ്ങളെ മാനിക്കാതെ ഒരു സമുദായത്തിന്റെ ന്യായമായ അവകാശവും അവർക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയും നിഷേധിക്കുന്നതാണെന്നും അഡ്വ. ഹാരിസ് ബീരാൻ എം പി പ്രതിഷേധിച്ചു.
വഖഫ് ചർച്ചയ്ക്കിടെ മുനമ്പം വിഷയം ഉയർത്തിക്കാട്ടി കേരളീയ സമൂഹത്തെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് നരേന്ദ്രമോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത് എന്നും കേരളത്തിലെ മതേതര സമൂഹത്തെ രക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ലോക്‌സഭയിൽ നരേന്ദ്രമോഡിയെ മുനമ്പത്തിന്റെ രക്ഷകനായി ഉയർത്തിക്കാട്ടിയതിനെ ശക്തമായ ഭാഷയിൽ എതിർത്ത ഹാരിസ് ബീരാൻ നരേന്ദ്രമോഡിയും സംഘപരിവാറും 2002ൽ ഗുജറാത്തിലെ മുസ്ലിംകളെ രക്ഷിച്ചത് എങ്ങനെയാണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാമെന്നും അത്തരത്തിലുള്ള യാതൊരു വിഭാഗീയ ശ്രമവും കേരളത്തിൽ വിലപ്പോവില്ലന്നും ചൂണ്ടിക്കാട്ടി. മുനമ്പം പ്രശ്‌ന പരിഹാരത്തിന് എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സൗഹാർദ്ദപരമായ ശ്രമങ്ങളെയും ഹാരിസ് ബീരാൻ എം.പി സഭയിൽ ഉയർത്തിക്കാട്ടി.