Connect with us

india

വിനോദ് കെ.ജോസ് കാരവന്റെ പടിയിറങ്ങുമ്പോള്‍

ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം….

Published

on

പി.എം ജയന്‍

അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളും പ്രതിസന്ധികളും ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിര്‍ഭയവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇന്ത്യക്കുപുറത്തുപോലും പേരെടുത്ത മാധ്യമസ്ഥാപനമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരവന്‍ മാഗസിന്‍. 2009 മുതല്‍ അതിന്റെ തലപ്പത്ത് (എക്സിക്യൂട്ടീവ് എഡിറ്റര്‍) ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒരു മലയാളിയായിരുന്നു. വയനാട് സ്വദേശിയായ വിനോദ് കെ ജോസ്. കാരവന്റെ വളര്‍ച്ചയിലും അതിന്റെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിലും നിര്‍ണായകപങ്ക് വഹിച്ചിരുന്ന ആ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കാരവന്‍ ചെയ്ത സ്റ്റോറികള്‍ തങ്കലിപികളില്‍തന്നെ മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
നേരത്തെ മലയാളത്തില്‍ ഇറങ്ങിയ ഫ്രീപ്രസ് ജേര്‍ണലിന്റെ പത്രാധിപര്‍ എന്ന നിലയില്‍ വിനോദിനെ ദൂരെനിന്ന് അറിയാമായിരുന്നു. അദ്ദേഹം ജയിലില്‍ പോയി സാഹസികമായിചെയ്ത അഫ്‌സല്‍ ഗുരുവിന്റെ(പാര്‍ലമെന്റ് ആക്രമണകേസില്‍ പിന്നീട് തൂക്കിക്കൊല്ലപ്പെട്ടയാള്‍) അഭിമുഖം(ഇന്ത്യന്‍ എക്സപ്രസ്സില്‍) മലയാളത്തിലേക്ക് കൊടുക്കുന്നതിന്റെ അനുമതി തേടി വിളിച്ചപ്പോഴാണെന്ന് തോന്നുന്നു ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് കാരവനിലെ സ്റ്റോറികള്‍ ചിലത്(അസിമാനന്തയുടെ സുദീര്‍ഘമായ അഭിമുഖവും ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച സ്റ്റോറികളും ഉള്‍പ്പെടെ…)ഞങ്ങളുടെ ആഴ്ചപ്പതിപ്പിലേക്ക് റീപ്രൊഡ്യൂസ് ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന അടുപ്പം ആത്മസൗഹൃദമായി വളരുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടുന്നതിന് പുറമെ പിന്നീട് അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റോറികള്‍ കാരവനിലൂടെ പ്രത്യക്ഷപ്പെട്ടു. മോദിയെയും അമിത്ഷായെയും മാത്രമല്ല, അവരുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദാനിയെയും റിയലന്‍സിനെയും വരെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണാത്മക സ്റ്റോറികള്‍……കാരവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും ഇത്തരം കവര്‍സ്റ്റോറികളിലൂടെയാണ്. വര്‍ഷങ്ങളോളം സമയമെടുത്ത് ഡാറ്റകളും വസ്തുതകളും കണ്ടെത്തി തയ്യാറാക്കുന്ന ഇവരുടെ റിപ്പോര്‍ട്ടുകള്‍ ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏവര്‍ക്കും ആവേശം പകരുന്നതായിരുന്നു. നരേന്ദ്രമോദിയുടേത് ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ ദീര്‍ഘമായ പ്രൊഫൈല്‍ കാരവന്റെ പ്രത്യേകതയാണ്.(മോദിയുടെ പ്രൊഫൈല്‍ ചെയ്തത് വിനോദ് ആണ്) പുസ്തകംപോലെ കനപ്പെട്ട കണ്ടന്റുകളായിരുന്നു അവരുടെ ഓരോ കവര്‍സ്റ്റോറിയും. മറ്റു പലയിടത്തും വെളിച്ചം കാണാത്ത സ്റ്റോറികള്‍ ഹിന്ദുത്വഫാഷിസ്റ്റ് ഭരണകാലത്ത് വന്നത് കാരവനിലൂടെയാണ്. ദി വീക്കിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്ന നിരഞ്ജന്‍ താക്ലെയുടെതായിരുന്നു കാരവനില്‍ പ്രസിദ്ധീകരിച്ച ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജഡ്ജ് ലോയയുടെ സഹോദരിയുടെയും അചഛന്റെയും അഭിമുഖം. ദി വീക്കില്‍ കൊടുക്കാതായപ്പോള്‍ കാരവന്‍ അതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ലോയയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന 25 ഓളം സ്റ്റോറികള്‍ കാരവന്‍ പ്രസിദ്ധീകരിച്ചു. ലോയമരണം അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയ പെറ്റീഷന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഇന്ത്യയിലാദ്യമായി നാലോളം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ വിവാദ സംഭവമുണ്ടായത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എണ്ണമറ്റ സ്റ്റോറികള്‍ പിന്നെയും വന്നു. ഇന്ത്യയിലെ ലഗസി മീഡിയകളെയെല്ലാം സംഘപരിവാര്‍ ഭരണകൂടം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു കാരവന്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഒരു കുത്തക കോര്‍പറേറ്റിനെതിരെ കവര്‍ സ്റ്റോറി ചെയ്തപ്പോള്‍ കോപ്പികളെല്ലാം അവരുടെ ദല്ലാളന്മാര്‍ വാങ്ങി മാര്‍ക്കറ്റില്‍ കാരവന്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ച കഥ വിനോദ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന വേളയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് വിനോദ് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യാദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. അഞ്ചോളം സംസ്ഥാനത്തില്‍നിന്ന് പത്തോളം കേസുകള്‍. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാധ്യമസ്ഥാപനത്തെ പ്രതിസന്ധിയിലാക്കാന്‍വേണ്ടിതന്നെ മറ്റനവധി കേസുകളും വന്നുകൊണ്ടേയിരുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഇക്കാലത്ത് മാതൃകയായി കാരവന്‍ അല്ലാതെ മറ്റെത്ര മാധ്യമങ്ങളാണ് ഉള്ളത് എന്നറിയില്ല. കോവിഡ് കാലത്തും ഈ പ്രസിദ്ധീകരണം നിലനിര്‍ത്തുന്നതിന് വിനോദും ടീമും എടുത്ത ഏഫര്‍ട് ഏറെയായിരുന്നു. കോവിഡ് കാലത്ത് ഡിജിറ്റലില്‍ സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ വിജയകരമായി നടത്തിയ അപൂര്‍വാനുഭവും ചിലപ്പോള്‍ കാരവന് മാത്രം അവകാശപ്പെട്ടതാണ്. എല്ലാ മാധ്യമങ്ങളും പൂട്ടുകയും അല്ലാത്തവ ഭരണകൂടത്തിനൊപ്പം സഞ്ചരിക്കുയും ചെയ്യുമ്പോഴാണ് വിനോദ് നല്ല ജേണലിസത്തിന് വായനക്കാര്‍ പണം തന്ന് സഹായിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ചത്.
ഇത്രയും എഴുതിയത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ ചരിത്രഘട്ടത്തില്‍ വിനോദിനെപ്പോലെ ഏറെ ക്രഡിബിലിറ്റിയും ധീരതയും കഴിവുമുള്ള മാധ്യമപ്രവര്‍ത്തകന്‍ കാരവന്‍ ഒഴിയുന്നു എന്ന വാര്‍ത്ത അറിയുമ്പോഴുള്ള നേരിയ വേദന പങ്കുവെക്കാനാണ്. ഏറെക്കാലം ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് നിരവധി ജേര്‍ണലിസ്റ്റുകളെക്കൊണ്ട് മികച്ച സ്റ്റോറികള്‍ ചെയ്യിക്കുകയായിരുന്നതിനാല്‍ സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യവും നേരത്തെ ഉറപ്പ് കൊടുത്ത പുസ്തകമെഴുതി തീര്‍ക്കാനുള്ള കാര്യവുമാണ് വിനോദ് തന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നത്. ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം…. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

Trending