Connect with us

kerala

അനുദിനം ആവശ്യക്കാരേറുന്ന മെസ്സി ബിഷ്ത് വില്‍പ്പന ഓണ്‍ലൈനിലേക്ക്

എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനം; വിപണി അമേരിക്കയിലേക്കും യൂറോപ്പിലേക്കും

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തര്‍ ലോകകപ്പ് വിജയകരീടമണിഞ്ഞ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ട്രോഫി കൈമാറ്റച്ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ധരിപ്പിച്ച അറബ് മേല്‍ക്കുപ്പായത്തിന് അനുദിനം ആവശ്യക്കാരേറുന്നു. ഖത്തറിലെ പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലാണ് അര്‍ജന്റീനന്‍ ആരാധകര്‍ ബിഷ്ത് അന്വേഷിച്ചെത്തുന്നത്. തിങ്കളാഴ്ച കാലത്തുമുതല്‍ ബിഷ്ത് അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങിയിരുന്നു. ഇന്നലേയും അര്‍ജന്റീനന്‍ ആരാധകരെത്തിയെന്ന് സൂഖിലെ ബിഷ്ത് കച്ചവടക്കാര്‍ പറഞ്ഞു. അര്‍ജന്റീനക്കാരായവരും അര്‍ജന്റീനന്‍ ആരാധകരും ആവശ്യക്കാരിലുണ്ട്. അതിനിടെ എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി ഒമാനിലെ പ്രമുഖന്‍ രംഗത്തെത്തി.

ഒമാനി ഷൂറ കൗണ്‍സില്‍ അംഗവും ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റുമായ അഹമ്മദ് അല്‍ ബര്‍വാനിയാണ് മെസിയുടെ ബിഷ്ത് സ്വന്തമാക്കാന്‍ പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 8,28,42,600 ഇന്ത്യന്‍ രൂപ) ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തത്. മെസ്സിക്ക് ബിഷ്ത് ലഭിച്ചതിലൂടെ വിദേശികളായ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഇതിന് ആവശ്യക്കാര്‍ ഏറിയെന്നും ഖത്തറിലേയും സഊദിഅറേബ്യയിലേയും ബിഷ്ത് വിപണിയിലെ പ്രമുഖര്‍ വ്യക്തമാക്കി. ബിഷ്ത് വാങ്ങാനെത്തുന്നവരും ധരിച്ചവരും സാമൂഹിക മാധ്യമങ്ങളിലൂടേയും മാധ്യമങ്ങളിലൂടേയും വൈറലായതോടെ അനുദിനം ആവശ്യക്കാരും വര്‍ധിക്കുകയാണ്.

പലരും ഗൂഗിളില്‍ പരതി ഓണ്‍ലൈനില്‍ കിട്ടുമോ എന്ന അന്വേഷണം ആരംഭിച്ചു. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ വിപണനം ചെയ്യാന്‍ പദ്ധതിയുള്ളതായി സഊദി അറേബ്യയിലെ അല്‍ഹസയിലെ ബിഷ്ത് വ്യാപാരി അലി മുഹമ്മദ് അല്‍ഖത്താന്‍ വെളിപ്പെടുത്തി. ഖത്തറില്‍ മാത്രമല്ല മറ്റ് അറബ് രാജ്യങ്ങളിലെത്തുന്ന വിദേശികളും ബിഷ്ത് വാങ്ങാനാഗ്രഹിക്കുകയാണ്. വൈകാതെ ആവശ്യം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബിഷ്തിന്റെ മോഡലുകളില്‍ ഒന്നിന് മെസ്സി ബിഷ്ത് എന്ന് പേരിട്ടുവെന്നും അല്‍ഖത്താന്‍ പറയുന്നു. സഊദി അല്‍ഹസയിലെ ചില ബിഷ്ത് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും വില്‍പ്പന നടത്താന്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളും പ്രയോജനപ്പെടുത്തും.

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നും ബിശ്തിനുള്ള ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിര്‍ണയിക്കാനും ഓരോ രാജ്യത്തെയും സ്ത്രീപുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രത്യേക രൂപകല്‍പനകളിലുള്ള കൂടുതല്‍ ബിഷ്തുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മാണ, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ സമഗ്ര പഠനം നടത്താനും ആലോചനയുണ്ട്. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിഷ്തുകളും ഉടന്‍ വരും. മെസ്സിയുടെ ബിഷ്ത് ധാരണം ലോക വിപണികളിലേക്കുള്ള ബിഷ്ത് പ്രവേശനം എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാര്‍ക്ക് ആക്കി മാറ്റുകയും ചെയ്തുവെന്നും വിപണിയിലുള്ളവര്‍ വിശദീകരിക്കുന്നു.

പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളില്‍ എത്താനും വില്‍പന വര്‍ധിപ്പിക്കാനും ഉല്‍പാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും മറ്റും ബിഷ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് അല്‍ഖത്താന്‍ എടുത്തുപറഞ്ഞു. അല്‍ഹസയിലെ ബിഷ്ത് വിവിധ രാജ്യങ്ങളില്‍ വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാര്‍ഥികളുടെ സേവനവും പ്രയോജനപ്പെടുത്താനും സഊദി ബിസിനസ്സ് രംഗത്തുള്ളവര്‍ ആലോചിക്കുന്നു. രാജകീയതയുടെയും അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും പ്രതീകമായ ബിഷ്ത് ഔദ്യോഗിക ചടങ്ങുകള്‍ക്കും മറ്റും ധരിക്കുന്ന അറബ് പരമ്പരാഗത മേല്‍ വസ്ത്രമാണ് ബിഷ്ത്.

വിശേഷ സന്ദര്‍ഭങ്ങളില്‍ രാജാക്കന്‍മാര്‍, മുതിര്‍ന്ന മത വ്യക്തികള്‍, രാഷ്ട്രീയ പദവിയിലുള്ളവര്‍, ഗോത്ര നേതാക്കള്‍, മതപണ്ഡിതന്മാര്‍ എന്നിവര്‍ ധരിച്ചുവരുന്നു. ഏറ്റവും കുറഞ്ഞ ബിഷ്തിന് ഇരുന്നൂറ് ഖത്തര്‍ റിയാല്‍ വിലവരും. കൂടിയതിന് പതിനായിരം ഖത്തര്‍ റിയാല്‍ വരെ വില ഉയരും. സൂഖിലെ ബിഷ്ത് അല്‍സാലെം വര്‍ക്ക് ഷോപ്പിലാണ് മെസ്സിക്ക് ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് തയ്യാറാക്കിയത്. 2,200 ഡോളറാണ് മെസ്സി ബിഷ്തിന്റെ വില. രണ്ട് ബിഷ്തായിരുന്നു ഇവിടെ നിന്നും ഖത്തര്‍ ഫിഫ ലോകകപ്പ് സംഘാടകര്‍ വാങ്ങിയത്. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ തുണികൊണ്ടുള്ള ബിഷ്ത് നിര്‍മ്മിച്ചു തരണമെന്നായിരുന്നു ആവശ്യം. ആര്‍ക്കു വേണ്ടിയാണ് എന്ന് വ്യക്തമാക്കിയുമില്ല. ജര്‍മനിയില്‍ നിന്നുള്ള സ്വര്‍ണ നൂലിലും ജപ്പാനില്‍ നിന്നുള്ള നജാഫി കോട്ടര്‍ തുണിയും ചേര്‍ത്ത് കൈകൊണ്ട് തുന്നിയതാണ് മെസ്സി ബിഷ്ത്. സാധാരണ ഓരോ ബിഷ്തും തയ്യാറാക്കാന്‍ ഒരാഴ്ചയാണ് വേണ്ടത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 163 പേരെ അറസ്റ്റ് ചെയ്തു

ലഹരിവില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2145 പേരെ പരിശോധനക്ക് വിധേയമാക്കി.

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 163 പേരെ അറസ്റ്റ് ചെയ്തു. വിവിധ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 154 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എം.ഡി.എം.എ (238.803 ഗ്രാം), കഞ്ചാവ് (8.656 കി.ഗ്രാം), കഞ്ചാവ് ബീഡി (108 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ലഹരിവില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2145 പേരെ പരിശോധനക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 02 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

kerala

‘വെളിച്ചം പകര്‍ന്ന അക്ഷരസേവന താരകം മറഞ്ഞു’; കെ. വി റാബിയയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സമദാനി

വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.

Published

on

പത്മശ്രീ കെ. വി റാബിയയുടെ വിയോഗത്തില്‍ അനുസ്മരിച്ച് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി. വെളിച്ചം പകര്‍ന്ന അക്ഷരസേവന താരകം മറഞ്ഞുവെന്ന് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി പറഞ്ഞു. ഒരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ. കെ.വി. റാബിയയുടേതെന്നും, വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ടെന്ന് സമദാനി പറഞ്ഞു.

കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്നും രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവര്‍ ഓരോരോ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നതെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.

അനന്യസാധാരണമായ തന്റെ വ്യക്തിത്വവും കര്‍മ്മസമരവും കൊണ്ട് മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തില്‍ നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയര്‍ന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നതെന്നും സമദാനി പറഞ്ഞു.

Continue Reading

kerala

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്

Published

on

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. കടവിന് 200 മീറ്റര്‍ അകലെ അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

കഴിഞ്ഞ ദിവസവും ഇന്നും പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ.ജോമോന്‍ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജര്‍മന്‍ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending