Connect with us

kerala

യാത്രാ ധൂര്‍ത്തിന്റെ ചുരുളഴിയുമ്പോള്‍-എഡിറ്റോറിയല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്. 43.14 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് മാത്രം ചിലവായിരിക്കുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. യാത്രകള്‍ക്ക് 22.38 ലക്ഷം, ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം, വിമാനത്താവള ലോഞ്ച് ഫീസ് 2.21 ലക്ഷം എന്നിങ്ങനെയാണ് ചിലവ്. ലണ്ടന്‍ ഹൈകമ്മീഷന്‍ ചിലവഴിച്ച തുക പിന്നീട് സംസ്ഥാനം നല്‍കുകയാണുണ്ടായത്. വിമാന യാത്രാ കൂലി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്യന്‍ യാത്ര വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നതാണ്. യാത്ര സുതാര്യമല്ലെന്നും സര്‍ക്കാര്‍ ചിലവില്‍ കുടുംബത്തെ ഒപ്പംകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം ആ ഘട്ടത്തില്‍ തന്നെ നിലപാടെടുത്തു. യാത്ര ഔദ്യോഗികമായി അറിയിച്ചില്ലെന്ന നിലപാടാണ് ഗവര്‍ണറും സ്വീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടിയാണ് വിദേശ പര്യടനമെന്നും യാത്രയുടെ നേട്ടങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ പ്രതിപക്ഷത്തിന് ബോധ്യമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുടുംബത്തെ കൊണ്ടുപോകുന്നത് സ്വന്തം ചിലവിലാണെന്നുമായിരുന്നു വിശദീകരണം. കണക്കുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അന്ന് പ്രതിപക്ഷം പങ്കുവെച്ച ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്നും ധൂര്‍ത്തിന്റെ പര്യായമായ യാത്രക്കുവേണ്ടി ലക്ഷങ്ങളാണ് പൊടിപൊടിക്കപ്പെട്ടതെന്നും ഇപ്പോള്‍ തെളിയിക്കപ്പെടുകയാണ്. യാത്രയുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുമ്പോള്‍ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ എന്നാണ് ഓരോ മലയാളിയും ആത്മഗതം ചെയ്തത്. മുമ്പ് അദ്ദേഹം നടത്തിയ വിദേശ യാത്രകളുടെ അനന്തരഫലങ്ങളെ കുറിച്ച് നല്ല ഓര്‍മയുള്ളതുകൊണ്ടാണ് ജനങ്ങള്‍ അത്തരത്തില്‍ ഈ യാത്രയേയും നോക്കിക്കണ്ടത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ തന്നെയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടി മാത്രം മാസാമാസം കടമെടുത്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്ത പക്ഷം ഇനി കടമെടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ശമ്പളം മുടങ്ങല്‍ പതിവു സംഭവമാണ്. തൊഴിലാളികളുടെ ദീനരോദനങ്ങള്‍ സമൂഹ മാധ്യമങ്ങളും മറ്റും നിറഞ്ഞുനില്‍ക്കുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണവും താളംതെറ്റിയിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാനെന്നപേരില്‍ സര്‍ക്കാര്‍ ചെയ്ത്കൂട്ടുന്നതാവട്ടേ മുഴുവന്‍ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയെന്നതാണ്. വിലക്കയറ്റം തടയാന്‍ പൊതു വിതരണ സംവിധാനം ഉപയോഗപ്പെടുത്തി അവശ്യ വസ്തുക്കള്‍ മിതമായ വിലയില്‍ ജനങ്ങളിലെത്തിക്കുന്നതിനു പകരം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ വിലവര്‍ധിപ്പിച്ച് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. പാല്‍ വില വര്‍ധന ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി ചിലവു ചുരുക്കുക എന്നതാണ്. എന്നാല്‍ സര്‍ക്കാറിന് ഈ വഴിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല. കാരണം ഇക്കാര്യത്തില്‍ ആദ്യം മുണ്ടുമുറുക്കി മാതൃക കാണിക്കേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ആര്‍ഭാഢത്തില്‍ മുങ്ങിക്കിടക്കുന്ന അവര്‍ക്ക് എങ്ങിനെ അതിനു സാധിക്കും. യാത്രകളുടെയും വാഹനങ്ങളുടെയും മറ്റുള്ള സൗകര്യങ്ങളുടെയും പേരില്‍ ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുര്‍വ്യയത്തിന് കൈയ്യും കണക്കുമുണ്ടോ. തുടര്‍ ഭരണം എന്നത് നാടുമുടിക്കാനുള്ള അവസരമായിട്ടാണോ പിണറായി സര്‍ക്കാര്‍ കാണുന്നതെന്നത് ന്യായമായ ചോദ്യമായി മാറുകയാണ്. ഖാദിബോര്‍ഡ് ചെയര്‍മാന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പിന് യാതൊരു സങ്കോചവുമുണ്ടായിട്ടില്ല. ഇതിനെല്ലാം നിരത്തുന്ന ന്യായീകരണങ്ങളാകട്ടേ ജനങ്ങളുടെ മാനസിക നിലവാരത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ബുള്ളറ്റ് പ്രൂഫ് കാര്‍ താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ തന്നതാണെന്നായിരുന്നു പി. ജയരാജന്റെ വിശദീകരണം. ഈ രീതിയിലാണ് മുന്നോട്ടു പോക്കെങ്കില്‍ ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുമ്പോഴേക്കും ഈ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് അചിന്തനീയമാണ്. എന്നാല്‍ സര്‍ക്കാറിന്റെ എല്ലാ വഴിവിട്ട നീക്കങ്ങളും ജനങ്ങളിലെത്തുകയും അവര്‍ അത് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിധിയെയുത്തുകള്‍ ഇത് കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

kerala

ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്

Published

on

വയനാട്: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയില്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രന്‍, സി. യൂസഫ്, എന്‍. പി. കുഞ്ഞുമോള്‍, പി. എം. നാസര്‍, പി. കെ. പുഷ്പന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രന്‍.

 

Continue Reading

Trending