സണ്ണി എം. കപിക്കാട്
സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ന്യൂനപക്ഷ രാഷ്ട്രീയവും നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ചില പുറംതോടുകള്‍ക്കുള്ളിലല്ല ചര്‍ച്ച ചെയ്യേണ്ടത്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും ഗഹനമായി വിലയിരുത്തിയാവണം. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നമ്മള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ എങ്ങനെ മനസിലാക്കുന്നു എന്നതാണ് മര്‍മ പ്രധാനം. ഒരു ജനതയുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന പ്രവര്‍ത്തനം ഒരു രാഷ്ട്രത്തില്‍ നടക്കുമ്പോള്‍ കഴിവുള്ളവന്‍ പോലും നിരാശപ്പെടും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും സമൂഹത്തിന്റെയും തകര്‍ച്ചയുടെ ലക്ഷണമാണത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇപ്പോഴത്തെ വിഷയങ്ങള്‍ ലളിതമായി വിലയിരുത്തിക്കൂട. കേവലമൊരു ഭരണാധികാരിയെ മാറ്റി ലളിതമായി പരിഹരിക്കാവുന്ന വിഷയവുമല്ല.
ഇന്ത്യന്‍ സമൂഹം എങ്ങനെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നത് നമ്മുടെ നേതാക്കള്‍ ഒരു 150 വര്‍ഷത്തിനിടക്ക് നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ പ്രതിനിദാനം ചെയ്യുന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും 1900 ന്റെ തുടക്കത്തില്‍ തന്നെ രൂപീകരിക്കപ്പെട്ടിട്ടുള്ള മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ദേശീയ നേതാക്കളുടെ ഇടപെടലുകളും വിലയിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. വിവിധ തട്ടിലുള്ള നേതാക്കള്‍ ഇന്ത്യന്‍ സമൂഹത്തെ നിര്‍മിച്ചെടുത്തത് ബഹുമുഖ സമൂഹമായാണ്. ഏക ഭാഷയോ ഏക സംസ്‌കാരമോ ഏക വസ്ത്രധാരണ രീതിയോ ഒന്നുമില്ലാത്ത അനേകായിരം വൈവിധ്യങ്ങളിലാണ് രാഷ്ട്രത്തെ കെട്ടിപ്പടുത്തിരിക്കുന്നത്.
എന്നാല്‍ വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യത്തിലാണ് തര്‍ക്കം തുടങ്ങുന്നത്. ഈ വ്യത്യസ്തതകള്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ് മര്‍മപ്രധാനമായി മനസിലാക്കേണ്ടത്. മുകളിലിരിക്കുന്ന സമൂഹങ്ങള്‍ക്കനുകൂലമായി എന്തും മാറ്റിയെടുക്കാവുന്ന രീതിയിലാണ് ഇന്ത്യന്‍ സമൂഹത്തെ കെട്ടിപ്പടുത്തിരിക്കുന്നത്. ഈ കെട്ടുപാടുകളെ ഭേദിക്കാന്‍ ഇന്ത്യന്‍ വ്യവസ്ഥിതിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ദേശീയ സമരകാലത്ത് തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാവാന്‍ പോവുന്ന ഭരണസംവിധാനത്തില്‍ ഞങ്ങളുടെ പ്രതിനിധി ഉണ്ടായിരിക്കണം എന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ അവിടെ ഉണ്ടാവില്ലായിരുന്നു. ഈ കെട്ടുപാടുകളെ ഭേദിക്കണമെങ്കില്‍ നിയമനിര്‍മാണം നടക്കണം. ജനസംഖ്യാപരമായ പ്രാതിനിധ്യം ആവശ്യപ്പെട്ടാലേ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ പ്രതിനിധികള്‍ അവിടെയെത്തൂ. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള വാദം ഉന്നയിക്കുന്ന അന്നുമുതല്‍ തന്നെ ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍, ദളിതര്‍ അടക്കമുള്ള പട്ടികജാതിവര്‍ഗ വിഭാഗങ്ങളും എല്ലാവരും ആവശ്യപ്പെട്ടത് ഭരണ സംവിധാനത്തില്‍ തങ്ങളുടെ പ്രതിനിധികള്‍ വേണമെന്നാണ്.
കേരളത്തിലെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ മൂന്ന് സമുദായങ്ങളാണ് പങ്കെടുത്തത്. മുസ്്‌ലിംകള്‍, ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങളാണ്. അവര്‍ ആവശ്യപ്പെട്ടത് തങ്ങളുടെ പ്രതിനിധികള്‍ ഭരണസംവിധാന സഭയില്‍ ഉണ്ടായിരിക്കണമെന്നാണ്. ഇതിനെ കമ്മ്യൂണിസ്റ്റുകാര്‍ ജാതിവാദമെന്ന് ആക്ഷേപിച്ചു. സ്വാഭാവിക നീതിയുണ്ടായിരുന്നെങ്കില്‍ എല്ലാവരുടെയും പ്രതിനിധികള്‍ ഉണ്ടാവുമായിരുന്നു, അതുണ്ടായില്ല. സ്വാഭാവികമായ നീതി വിതരണം ചെയ്യപ്പെടാത്ത സമൂഹമാണ് ഇന്ത്യയിലെന്ന കാര്യം മനസ്സിലാക്കണം. ആ നീതി ഉറപ്പിക്കാനാണ് നമ്മള്‍ പ്രാതിനിധ്യ വാദം ഉന്നയിക്കുന്നത്. 1948മാര്‍ച്ച് 10 ന് രൂപീകരിക്കപ്പെട്ട മുസ്്‌ലിം ലീഗ് സാമുദായിക പ്രാതിനിധ്യം ഉയര്‍ത്തിയപ്പോള്‍ അത് കമ്മ്യൂണലിസം എന്നാണ് വ്യാഖ്യാനിച്ചത്. യഥാര്‍ത്ഥത്തില്‍ അത് കമ്മ്യൂണിറ്റേറിയന്‍ വാദമാണ്. സമുദായത്തിന് വേണ്ടിയുള്ള പ്രാതിനിധ്യ വാദമാണ്. ഇതിനെ വര്‍ഗീയവാദമാണെന്ന് പറഞ്ഞ് ഒടിച്ചു മടക്കുന്ന ശക്തികളെ തിരിച്ചറിയണം. ഉന്നയിക്കുന്ന വാദങ്ങള്‍ പിന്നോക്കക്കാര്‍ സുശക്തമായി അടിയുറച്ച് പറയാന്‍ കഴിയണം. നമുക്ക് തന്നെ സംശയം തോന്നുന്ന അവസ്ഥയുണ്ടാക്കരുത്. പ്രാതിനിധ്യത്തിന് വേണ്ടി ഏത് സമൂഹം വാദിക്കുന്നുവോ അതൊന്നും വര്‍ഗീയമല്ലെന്ന തിരിച്ചറിവുണ്ടാവണം.
രണ്ടാമത്തെ മാറ്റം മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരൊക്കെ സ്യൂഡോ സെക്കുലറിസ്റ്റുകളോ തീവ്രവാദികളായോ ആയി മുദ്രകുത്തുന്നു. നമ്മള്‍ ഒരു കാര്യം ഉന്നയിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാതെ വരുമ്പോഴാണ് ഈ മുദ്രകുത്തല്‍. മുസ്‌ലിംകളുടെ ആളാണെന്ന് പറഞ്ഞാല്‍ പിന്നെ തീര്‍ക്കാന്‍ എളുപ്പമാണെന്ന സ്ഥിതിയാണ് മറ്റൊരു മനോഭാവമാറ്റം. അവരെ പൊതസമൂഹത്തില്‍ അസ്വീകാര്യമാക്കി തീര്‍ക്കും. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും പ്രതിനിധികള്‍ എത്താന്‍ കഴിയാത്തവിധമുള്ള തടസമുണ്ടാക്കുന്നു. ഉദാഹരണത്തിന് ഇന്ത്യന്‍ തൊഴില്‍ മാര്‍ക്കറ്റിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം എത്രയാണ്2019 വന്ന കണക്ക് പ്രകാരം രസകരമാണ്. പൊതുതത്വങ്ങള്‍ക്ക് അപവാദമായി മാറുന്ന സാഹചര്യമാണിത്.
കൂലിപ്പണിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് പട്ടികജാതിക്കാരാണ്. ഏതാണ്ട് 36 ശതമാനത്തോളം വരും, പിന്നെ മുസ്്‌ലിംകളാണ് 28 ശതമാനം വരും. സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ളത് മുസ്‌ലിംകള്‍ക്കാണ്. പട്ടികജാതിക്കാരേക്കാള്‍ കുറവാണ്. 2012 മുതല്‍ മുസ്്‌ലിംകള്‍ കൂടുതലായി പുറംതള്ളപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാരണം മുസ്‌ലിംകളെ തഴയുന്ന ശക്തികള്‍ അധികാരത്തില്‍ എത്തി തുടങ്ങിയിരുന്നു. ഏത് ഘട്ടത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമല്ലാത്ത ഒരു സാഹചര്യം ഇന്ത്യക്കകത്ത് രൂപപ്പെട്ട് വരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ അടക്കം ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയെയാണ്. ഹിന്ദുത്വ കോണ്‍സ്റ്റിറ്റിയൂഷണലിസം എന്ന വാക്കാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 25 മുതല്‍ 32 വരെയുള്ള വകുപ്പുകളില്‍ അവകാശങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി അക്കമിട്ട് നിരത്തുന്നുണ്ട്. ഓരോ പൗരനുമുള്ള അവകാശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിഷയം വിശ്വാസവുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കേണ്ട വിഷയമാണ്. താടി, തൊപ്പി എല്ലാം അങ്ങനെ തന്നെ. ഇവിടുത്തെ പ്രശ്‌നം അതല്ല. സമാനമായ വേഷഭൂഷാദികള്‍ ഉള്ള ആരോടും ഇവര്‍ക്ക് പ്രശ്‌നമില്ല. ന്യൂനപക്ഷങ്ങളിലെ തന്നെ മറ്റു ചിലര്‍ ഇതേ വേഷം ധരിക്കുന്നുണ്ട്. ആര്‍ക്കും പ്രശ്‌നമില്ല. പക്ഷെ മുസ്‌ലിം സ്ത്രീകള്‍ തലമറച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് പ്രശ്‌നം വരുന്നു. കൃപാണ്‍ എന്ന ആയുധം ധരിച്ച് നടക്കുന്ന സിക്കുകാരുണ്ട് ഇന്ത്യയില്‍. പട്ടിയെ ഓടിക്കാന്‍ റബര്‍ ബുള്ളറ്റ് തോക്കുമായി നടന്ന മുസ്‌ലിം യുവാവിനെ പൊലീസ് പിടിച്ച് അകത്തിട്ടു. അവന്‍ ആളുകളെ കൊല്ലാന്‍ നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതുമാത്രമല്ല മുസ്‌ലിംകള്‍ക്കിടയിലെ വൈജാത്യങ്ങളെ പരമാവധി ഉപയോഗിച്ച് അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു.
പസ്മണ്ടാ മുസ്‌ലിംകള്‍ എന്ന് പറയുന്ന വിഭാഗത്തെ എസ്.സി കാറ്റഗറിയില്‍ പെടുത്തണമെന്ന് ഇവര്‍ തന്നെ വാദിക്കുന്നു. അവര്‍ക്ക് വേണ്ടി ഇതുവരെ ഒന്നും ഉരിയാടാത്ത ആളുകളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഇവിടെയാണ് ന്യൂനപക്ഷങ്ങള്‍ ചില കാര്യങ്ങല്‍ തിരിച്ചറിയേണ്ടത്. നമ്മുടെ രാഷ്ട്രത്തിനകത്ത് നമ്മള്‍ ആരാണെന്ന് സ്വയം നിര്‍ണയിക്കണം. സവിശേഷ അവകാശമുള്ള ന്യൂനപക്ഷ പദവിയുള്ള 15 ശതമാനം വരുന്ന ഒരു ജനതയാണെന്ന തിരിച്ചറിവുണ്ടാവണം. ആ ജനതയുടെ രാഷ്ട്രീയമായ അതിജീവനത്തിനുള്ള സാമൂഹികമായ ഉടമ്പടികള്‍ ആരുമായിട്ടൊക്കെ വേണമെന്നാണ് രണ്ടാമതായി നിര്‍ണയിക്കേണ്ട കാര്യം. കൃത്യമായ ഒരു തീരുമാനമുണ്ടാവണം.
ഇവിടെ രണ്ട് കാര്യങ്ങള്‍ പറയട്ടെ. ഇന്ത്യന്‍ ഭരണഘടന ലോകത്ത് ഏറ്റവും വലിയ വിപ്ലവമാണെന്നാണ് ഭരണഘടനാ ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ അതിന്റെ മുഖ്യശില്‍പി ബി.ആര്‍ അംബേദ്കറായിരുന്നു. ഇദ്ദേഹം ഭരണഘടനാ അസംബ്ലിയില്‍ വരരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള വലിയൊരു നിര അന്നുണ്ടായിരുന്നു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടന വേണ്ടായിരുന്നു. അവര്‍ സായുധ വിപ്ലവം നടത്താനുള്ള കല്‍ക്കത്താ തിസീസ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് അംബേദ്കര്‍ വരാതിരിക്കാന്‍ ഇന്ത്യ മുഴുവന്‍ തടസം നിന്നപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകളാണ് ഡോ. ബി.ആര്‍ അംബേദ്കറെ വിജയിപ്പിച്ചത്. പിന്നീട് എന്തുകൊണ്ടാണ് അതൊരു രാഷ്ട്രീയ സഖ്യമാവാതെ പോയത്. പിന്‍തലമുറയെന്ന നിലയില്‍ നമ്മള്‍ ആലോചിക്കേണ്ട കാര്യമതാണ്.
ബംഗാളില്‍ നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്‌ലിം നേതൃത്വം അംബേദ്കര്‍ എന്ന പ്രതിഭാസത്തെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ എത്തിക്കുകയും ലോകത്തിന് മാതൃകയായ ഭരണഘടന എഴുതുകയും ചെയ്തു. പക്ഷെ അതൊരു രാഷ്ട്രീയ സഖ്യമായി വികസിച്ചില്ല. 1932ലെ വട്ടമേശ സമ്മേളനത്തില്‍ മുസ്‌ലിം പ്രതിനിധികളെ ഗാന്ധി പോയി കാണുന്നുണ്ട്. അന്ന് അംബേദ്കര്‍ ദളിതരുടെ പ്രത്യേക അവകാശത്തിനായി വാദിക്കുന്ന സമയമായിരുന്നു. ഇപ്പോള്‍ ഏറ്റവും അവസാനം ചെയ്തത് ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് സംവരണം എന്ന ഭരണഘടനാ തത്വത്തെ അട്ടിമറിച്ചു. നീതിയില്ലാത്തവര്‍ക്ക് നീതി വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ തത്വമാണ് യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. 164 വകുപ്പില്‍ സാമ്പത്തിക മാനദണ്ഡം ഉള്‍പ്പെടുത്തി സാമുദായിക പ്രാതിനിധ്യത്തെ ഇല്ലാതാക്കുന്ന 103 ാം ഭരണഘടനാ ഭേദഗതി വരുത്തിയിരിക്കുകയാണ്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു നോക്കിയാലറിയാം സംവരണത്തിന്റെ മാനദണ്ഡമെന്തെന്ന്. മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എത്രത്തോളം പ്രാതിനിധ്യം ഉറപ്പാക്കിയെന്ന്. കേരളമൊഴികെയുള്ള സ്ഥലത്ത് പട്ടികജാതിക്കാരേക്കാള്‍ മോശമായ അവസ്ഥയാണ് മുസ്‌ലിം സമുദായം നേരിടുന്നതെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രംഗനാഥ് മിശ്ര കമ്മിഷനും ഇതു തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും സവര്‍ണരിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജേപിക്കാരും ഒറ്റക്കെട്ടായി. 103ാം ഭരണഘടനാ ഭേദഗതി നിലവില്‍ വരുമ്പോള്‍, പാര്‍ലിമെന്റില്‍ ചര്‍ച്ചയാവുമ്പോള്‍, അവിടെ എഴുന്നേറ്റ് സംസാരിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രണ്ട് പ്രതിനിധികള്‍ മാത്രമാണ്. എന്നിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹ്യരാഷ്ട്രീയ സഖ്യത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. ഈ തടസ്സമാണ് നീക്കേണ്ടത്.
ഇവിടെ ബിജെപിയെയും സംഘപരിവാറിനെയും വിടൂ. പിന്നോക്കക്കാര്‍ തമ്മില്‍ എന്താണ് പ്രശ്‌നം. ഈയൊരു കൂട്ടായ്മക്ക് സര്‍ഗാത്മകമായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. നമുക്കിടയിലാണ് തടസ്സങ്ങള്‍. അത് പരിഹരിക്കുകയാണ് വേണ്ടത്. രാഷ്ട്രത്തെ വീണ്ടെടുക്കുവാന്‍, ആത്മവിശ്വാസത്തെ വീണ്ടെടുക്കുവാന്‍ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുവാന്‍ നമുക്ക് കഴിയണം. മുസ്്‌ലിംകളുടെയും ദളിതരുടെയും ക്രിസ്ത്യാനികളുടെയും കണക്ക് നോക്കിയല്ല രാഷ്ട്ര സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കണക്കുകള്‍ രാഷ്ട്രീയമല്ല. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും മൂന്നാണ്, നാലല്ല. മറിച്ച് എന്തുതരം ഏതുതരം ഇന്ത്യയെ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയാണ് ഉണ്ടാവേണ്ടത്. നീതിയും സമാധാനവും സാഹോദര്യവുമുള്ള ഇന്ത്യയെ നിര്‍മിക്കണമെന്ന് നമുക്ക് തീരുമാനിക്കാം.
എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഒരു രാഷ്ട്രം ഇന്ത്യക്കുണ്ടായിരിക്കണമെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. ഈ രണ്ട് കാര്യത്തിന് തീരുമാനമുണ്ടായാല്‍ മാത്രമെ ഇന്ത്യ രക്ഷപ്രാപിക്കൂ. 1925ല്‍ അഞ്ച് പേര്‍ ചേര്‍ന്ന് പൂനയില്‍ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന്. നീണ്ട 89മെത്തെ വര്‍ഷം 2014ല്‍ ഒരു സ്വയംസേവകനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. അവര്‍ അവരുടെ പ്രഖ്യാപനം നിറവേറ്റി. രാഷ്ട്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആത്മസഹോദരങ്ങളെ പോലെ കൈകോര്‍ത്ത് നിന്ന പിന്നോക്കക്കാര്‍ക്ക് എന്തുകൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് ആ സാഹോദര്യത്തെ നട്ടുനനച്ച് വളര്‍ത്തി ഒരു ജനാധിപത്യ ഇന്ത്യയെ സെക്കുലാര്‍ ഇന്ത്യയെ, ഒരു റിപ്പബ്ലിക്കിനെ നിലനിര്‍ത്താന്‍ കഴിയാതെ പോയി എന്ന വലിയ ചോദ്യത്തിനാണ് നമ്മള്‍ ഉത്തരം തേടേണ്ടത്. തീര്‍ച്ചയായും ഇനിയും അതിന് കഴിയുമെന്ന പൂര്‍ണമായ ആത്മവിശ്വാസമുണ്ട്.