സ്വപ്ന സുരേഷ് ഉന്നയിച്ച സാമ്പത്തിക, ലൈംഗിക ആരോപണങ്ങളിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനുള്ള ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം ആരോപണങ്ങള്‍ക്കുള്ള സാധൂകരണമായിട്ടു വേണം വിലയിരുത്താന്‍. സാമ്പത്തിക ആരോപണ വിധേയനായ പിണറായി വിജയന്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രികൂടിയാണ്. സദാചാര ലംഘന ആരോപണത്തിനിരയായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും മുന്‍ മന്ത്രിമാരായിരുന്നെങ്കില്‍ ശ്രീരാമകൃഷ്ണന്‍ മുന്‍ സ്പീക്കറാണ്. ഒന്നാം പിണറായി സര്‍ക്കാറിലെ പ്രമുഖരാണ് ഇവരെല്ലാം എന്നിരിക്കെ ആ കാലത്തു നടന്ന അഴിമതിയിലേക്കും അധികാര ദുര്‍വനിയോഗത്തിലേക്കും അവിഹിത ഇടപാടുകളിലേക്കുമെല്ലാമാണ് ആരോപണങ്ങള്‍ വിരല്‍ ചൂണ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ മൗനത്തിന്റെ മൂടുപത്തില്‍ നിന്നു പുറത്തുവന്ന് വിശ്വാസ യോഗ്യമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഈ സര്‍ക്കാറിനുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കുമൊന്നുമെതിരെ സാമ്പത്തിക ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് കേരളത്തില്‍ നടാടെയൊന്നുമല്ല. സി.പി.എം നേതാക്കളും ആ പാര്‍ട്ടിയുടെ പ്രതിനിധികളായി അധികാരത്തിലിരുന്നവരും ഇതില്‍ നിന്നൊഴിവുമല്ല. പക്ഷേ ഇവിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നം ഇത്തരം ആരോപണങ്ങള്‍ മറ്റുള്ളവര്‍ക്കുനേരെയാകുമ്പോള്‍ വെളിച്ചപ്പാടായി മാറാറുള്ള സി.പി.എം സ്വന്തം നേതാക്കള്‍ക്കെതിരാകുമ്പോള്‍ പല വിധ ന്യായീകരണങ്ങളിലൂടെ തടിയൂരുന്നു എന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്ത് സരിത എസ് നായര്‍ എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ത്രീ ഉന്നയിച്ച ആരോപണങ്ങളോട് സി.പി.എം പാര്‍ട്ടിയുടെ പ്രതികണം എന്തായിരുന്നുവെന്നത് ഓര്‍ത്താല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും കൊണ്ട് തങ്ങള്‍ തൃപ്തരല്ല എന്ന പ്രഖ്യാപനവുമായി തെരുവിലിറങ്ങിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്നെയായിരുന്നു. ഇരിക്കുന്ന കസേരക്കും അലങ്കരിക്കുന്ന പദവികള്‍ക്കും മാറ്റംവന്നപ്പോള്‍ നിലപാടുകളില്‍ നിന്ന് എത്രമാത്രം പരിഹാസ്യമായ രീതിയിലാണ് അദ്ദേഹം മലക്കം മറിഞ്ഞത്. പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ സരിതയുടെ അടുത്തേക്ക് അങ്ങോട്ടു ചെന്നാണ് അദ്ദേഹത്തിന്റെ പൊലീസ് പരാതി സ്വീകരിച്ചത്.
എന്നാല്‍ ഇന്നിപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് അധികാരത്തിന്റെ ഇടനാഴികളില്‍ സജീവ സാനിധ്യമായിരുന്ന ഒരു വ്യക്തിയാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ സര്‍വസ്വവുമായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധവും തെളിയിക്കപ്പെട്ടതാണ്. അങ്ങനെയൊരാള്‍ ഒരു സര്‍ക്കാറിന്റെ കാലത്തെക്കുറിച്ച് തുടരെ തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ അതു അവഗണിച്ചു തള്ളുന്നതിലെ ന്യായീകരണമെങ്കിലും കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ സര്‍ക്കാറിന് സാധിക്കേണ്ടതില്ലേ. ആരോപണങ്ങളെ ലാഘവത്തോടെ കണ്ട് വിഷയത്തെ നിര്‍ജീവമാക്കുകയെന്ന തന്ത്രപരമായ നീക്കത്തിലാണ് പാര്‍ട്ടിയും സര്‍ക്കാറും. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെയും മറ്റു നേതാക്കളുടെയും മാത്രമല്ല, സൈബറിടങ്ങളില്‍ പോലുമുള്ള നിശബ്ദത. പ്രതികരിച്ചു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടി സെക്രട്ടറിയും ആരോപണ വിധേയരുമെല്ലാം നടത്തിയിരിക്കുന്നത്. പക്ഷേ ഇരുട്ടുകൊണ്ട് ഓട്ടയടിക്കാനുള്ള ഈ ശ്രമം ജനം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.
മാസങ്ങള്‍ക്കു മുമ്പും സ്വപ്ന ആരോപണം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരായി ഉയര്‍ന്ന ആരോപണം കച്ചിത്തുരുമ്പാക്കി രക്ഷപ്പെടാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. എം.എല്‍.ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പോലും വെറുതെ വിടാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഈ കേസില്‍ എം.എല്‍.എ ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതുള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് നടപടി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളുണ്ടായിട്ടും അതിനൊന്നും നില്‍ക്കാതെ അദ്ദേഹത്തെ ആറു മാസത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കെ.പി.സി.സി തയാറായിരിക്കുകയാണ്. ആ പിടിവള്ളിയും നഷ്ടമായ സാഹചര്യത്തില്‍ പാര്‍ട്ടി കമ്മീഷനെ വെച്ച് ആരോപണങ്ങളുടെ തീവ്രത പരിശോധിക്കാനുള്ള ശ്രമമായിരിക്കും ഇനി സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുക.
രാജ്യത്തെ നിയമ വ്യവസ്ഥയേയും നീതിന്യായ സംവിധാനത്തെയുമെല്ലാം വെല്ലുവിളിക്കുന്ന ഈ സമീപനം സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യം എത്ര ഗൗരവതരമാണ് എന്ന കാര്യത്തില്‍ സി.പി.എം നേതാക്കള്‍ക്കുപോലും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ തന്റെ നിലപാടിലേക്ക് മടങ്ങപ്പോകാന്‍ മുഖ്യമന്ത്രി തയാറാവണം എന്നുമാത്രമാണ് അദ്ദേഹത്തോട് ഓര്‍മപ്പെടുത്താനുള്ളത്.