ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍. നേതാക്കളെ നേരില്‍ കണ്ടാണ് ശശി തരൂരും മല്ലി്കാര്‍ജുന ഖാര്‍ഗെയും വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഡല്‍ഹിയിലെ പ്രതിനിധികളുമായാണ് ഖാര്‍ഗെ ഇന്നലെ കൂടിക്കാഴ്ചകള്‍ നടത്തിയത്. മഹാരാഷ്ട്രയിലായിരുന്നു തരൂരിന്റെ ഇന്നലത്തെ പ്രചാരണം. കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ വിജയമായാണ് തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നത്. ശശി തരൂരും ഖാര്‍ഗെയും തമ്മിലുള്ളത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ്.
സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനു പിന്നാലെ മത്സര രംഗത്തുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജനു ഖാര്‍ഗെയുമായി പരസ്യ സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അടുത്തിടെ നടന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിന്റെ മാതൃക ആഗ്രഹിക്കുന്നതായി തരൂര്‍ പറഞ്ഞത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണെന്ന തന്റെ മുന്‍ വാദം തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഗാന്ധി – നെഹ്‌റു കുടുംബത്തിന് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. അത് വൈകാരികമാണ്. വെല്ലുവിളികളെ അതിജീവിക്കാ ന്‍ കോണ്‍ഗ്രസില്‍ സമൂല മാറ്റം അനിവാര്യമാണ്. കാര്യക്ഷമമായ നേതൃത്വത്തിന്റെയും സംഘടനാ നവീകരണത്തിന്റെയും അപര്യാപ്തതയാണ പ്രധാന വെല്ലുവിളി.
കോണ്‍ഗ്രസിനെ പോലെ ഒരു വലിയ സംഘടനയെ നയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, വലിയ സംഘടനയെ നയിച്ച് തനിക്ക് അനുഭവ സമ്പത്തുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന കാലത്ത് യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള സംഘടനയാണിത്. ആള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതും തന്റെ നേതൃത്വത്തിലായിരുന്നു. 20 സംസ്ഥാനങ്ങളിലായി 10,000ത്തിലധികം അംഗങ്ങളുണ്ടായിരുന്നു സംഘടനയിലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ദളിത് നേതാവായല്ല,മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാവായി: ഖാര്‍ഗെ
ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് താന്‍ മത്സര രംഗത്തെത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ മത്സരിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്നിലേക്ക് ഈ ദൗത്യം എത്തിയത്. ഏതെങ്കിലും വ്യക്തിക്ക് എതിരെയല്ല ഈ പോരാട്ടം, കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു വേണ്ടിയാണ്. താന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ നിലവിലുള്ള അവസ്ഥ തുടരുമോ മാറ്റം വരുമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഒരു വ്യക്തിയല്ല തീരുമാനം എടുക്കേണ്ടത്. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നതാണ് തന്റെ ശൈലിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ജന്മദിനത്തിലാണ് താനീ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കു വേണ്ടി എല്ലാ കാലത്തും പോരാടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണീ പോരാട്ടവും. ചില മൂല്യങ്ങളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിയാണ് ഈ പോരാട്ടമെന്നും ഖാര്‍ഗെ പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞത്.
ഈ മാസം 17നാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് വോട്ടെണ്ണല്‍. 29 സംസ്ഥാനങ്ങളിലേയും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഡി.സി.സി ഭാരവാഹികള്‍ തൊട്ട് മുകളിലേക്കുള്ള 9000 കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.