ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസോളിനിയുടെ കടുത്ത ആരാധികയും തീവ്ര വലതുപക്ഷ നേതാവുമായ ജോര്‍ജിയ മെലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍ ലോകം പരക്കെ ആശങ്കയിലാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മെലോനിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇറ്റലിയുടെ ട്രംപ് എന്ന അറിയപ്പെടുന്ന മത്തിയോ സല്‍വീനിയുടെയും മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെയും പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമാണ് അധികാരത്തിലെത്തുന്നത്. മധ്യ, ഇടത് പാര്‍ട്ടികളെ കൂട്ടുപിടിച്ച് വിശാല സഖ്യമുണ്ടാക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതാണ് ഈ വിജയത്തിന് കാരണമായത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രിയാകുന്ന രാജ്യത്തെ ആദ്യ വനിതയാണ് മെലോനി. പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ തിരഞ്ഞെടുപ്പ് അനിവാര്യമായത്.
മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കുകീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമോ എന്നാണ് ലോകം ഭയക്കുന്നത്. പൗരാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്‌ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ തീര്‍ത്തും പിന്തിരിപ്പന്‍ നിലപാടുകള്‍ കൈക്കൊള്ളുന്ന പാര്‍ട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. തങ്ങള്‍ മുസോളിനിയുടെ ആരാധകരാണ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ് എന്നെല്ലാം ബ്രദേഴ്‌സ് ഓഫ് ഇറ്റലി പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുസോളിനിയുടെ സൈനിക രാഷ്ട്രീയ ആശയങ്ങളില്‍നിന്ന് പലതും ഇന്നും പിന്തുടരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു. തീവ്ര ദേശീയവാദം അടക്കമുള്ള വിഷയങ്ങളില്‍ ഊന്നിയുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പാര്‍ട്ടിയാണിത്. മുസോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി രാഷ്ട്രീയത്തില്‍ കടന്നുവരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധികയുമാണ്. റോമിലെ നൈറ്റ്ക്ലബ്ബില്‍ മദ്യം വിളമ്പുന്ന ജോലിക്കാരിയായും മാധ്യമപ്രവര്‍ത്തകയായും ആയയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചാം വയസില്‍ രാഷ്ട്രീയത്തില്‍ സജീവമായി.
ഫാസിസ്റ്റ് ആശയങ്ങളോടൊപ്പം കുടിയേറ്റ വിരുദ്ധതയുടെയും ആഭ്യന്തര സുരക്ഷയുടെയും പേരില്‍ കടുത്ത മുസ്‌ലിം വിരോധമാണ് മെലോനിയുടെ പ്രധാന മുഖമുദ്ര. ഫെമിനിസത്തെ നിരാകരിക്കുന്നു. പാര്‍ലമെന്റില്‍ വനിതാസംവരണം വേണ്ടെന്നാണ് മെലോനിയുടെ വാദം. പാര്‍ട്ടി റാലികളില്‍ സംസാരിക്കുമ്പോള്‍ ഇസ്‌ലാമിനെ കടന്നാക്രമിക്കുക പതിവാണ്. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ ചരിത്രമാണ് 55 കാരിയായ മെലോനിക്കുള്ളത്. ബലാത്സംഗ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് പുലിവാല്‍ പിടിച്ചതാണ്. ട്വിറ്റര്‍ ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.
യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മെലോനി പ്രധാനമന്ത്രിയാകുന്നതോടെ അത് യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പിനെതന്നെ മോശമായി ബാധിച്ചേക്കുമെന്നാണ് കരുതേണ്ടത്. യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍നിന്ന് ഇറ്റലി അകന്നേക്കുമെന്നാണ് ഉയരുന്ന ആശങ്ക. പൗരാവകാശങ്ങളുടെ കാര്യത്തിലും ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലുമൊക്കെ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നു ഇറ്റലി. അക്കാര്യത്തില്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. എല്‍. ജി.ബി.ടിക്കൊപ്പമല്ല, യഥാര്‍ഥ കുടുംബങ്ങള്‍ക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാര്‍ഥ്യത്തിനൊപ്പമാണ്. ലൈംഗിക ന്യൂനപക്ഷ വാദത്തിനൊപ്പമല്ല. ഇസ്‌ലാമിക ഭീകരര്‍ക്കൊപ്പമല്ല, ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കൊപ്പമാണ്. കുടിയേറ്റക്കാര്‍ക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാര്‍ക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകള്‍ക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതക്കൊപ്പമാണ് എന്നൊക്കെയാണ് തിരഞ്ഞെടുപ്പു കാലത്ത് പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്. ഇത്തരം കാഴ്ചപ്പാടുകളാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നതും. കുടിയേറ്റ നയങ്ങളില്‍ അടക്കം മാറ്റമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ പുതിയ ഭരണകൂടം മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും സാന്നിധ്യമുള്ള നവ നാസി ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജമാകും എന്നും ലോകം ഭയപ്പെടുന്നു. യൂറോപ്പിലെ വലതുപക്ഷ തീവ്രവാദ സംഘടനകളും അവര്‍ ഭരണത്തിലുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നത് ഈ ഭയം ശക്തിപ്പെടുത്തുന്നതാണ്. ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് ഇതിന് ഭീഷണിയാണ്. അന്തിമ വിജയം സമാധാനത്തിനു തന്നെയായിരിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.