രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഈ യാത്ര ഐതിഹാസിക വിജയമായി മാറും. ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സി.പി.എം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സി.പി.എമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്ര. ഫാസിസത്തെയും വര്‍ഗീയതയെയുമാണ് വിമര്‍ശിക്കുന്നത്. മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? പിണറായിയോ സി.പി.എമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്നം? സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ല അദ്ദേഹം പറഞ്ഞു.
കെ-ഫോണ്‍ പദ്ധതി 2017-ല്‍ ആരംഭിച്ചത് മുതല്‍ക്കെ ടെണ്ടര്‍ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടെ ദൂരൂഹതയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. 1028 കോടി രൂപയ്ക്ക് നടപ്പാക്കേണ്ട പദ്ധതി 1630 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ചെയ്തത്. 2017ലെ ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം എബ്രാഹാമിന്റെ ഉത്തരവ് പ്രകാരം പത്ത് ശതമാത്തില്‍ കൂടുതല്‍ ടെണ്ടര്‍ എക്സസ് കൊടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ ഫോണില്‍ 58.5 ശതമാനം തുകയാണ് കൂട്ടി നല്‍കിയിരിക്കുന്നത്. ടെണ്ടര്‍ തുക കൂട്ടി നല്‍കിയതിലൂടെ 500 കോടിയിലേറെ രൂപയാണ് പദ്ധതിയുടെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തിന് നഷ്ടമായത് അദ്ദേഹം ചൂണ്ടിക്കാട്ടി.
20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമെല്ലാം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു പദ്ധതിയിലെ പ്രഖ്യാപനം. 83 ശതമാനത്തില്‍ അധികം പദ്ധതി പൂര്‍ത്തിയായെന്ന് അവകാശപ്പെട്ടിട്ടും ഇതുവരെ ആര്‍ക്കും കണക്ഷന്‍ നല്‍കാനായിട്ടില്ല. ഇപ്പോള്‍ 20 ലക്ഷത്തിന്റെ കണക്കിന് പകരം 140 നിയോജക മണ്ഡലങ്ങളിലായി 14000 കണക്ഷന്‍ നല്‍കുമെന്നാണ് പറയുന്നത്. 24000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കിയെന്ന വാദവും തെറ്റാണ്. നാലായിരം ഓഫീസുകള്‍ക്ക് പോലും കണക്ഷന്‍ നല്‍കാനായിട്ടില്ല. ഇതിന് പിന്നില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ട്. ഒരു മീറ്റര്‍ കേബിള്‍ വലിക്കാന്‍ 47 രൂപയ്ക്കാണ് ടെണ്ടര്‍ നല്‍കിയത്. ടെണ്ടര്‍ ഏറ്റെടുത്ത കണ്‍സോര്‍ഷ്യം 30 രൂപയ്ക്കാണ് ഈ പണി മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ ഏഴ് രൂപയ്ക്ക് മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചു. ഒരു മീറ്റര്‍ കേബിള്‍ വലിക്കാന്‍ 7 രൂപ ചെലവ് വരുമ്പോഴാണ് കണ്‍സോര്‍ഷ്യത്തിന് 47 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കെ.എസ്.ഇ.ബിയില്‍ ട്രാന്‍സ്ഗ്രിഡ് അഴിമതി കഴിഞ്ഞാല്‍ ഏറ്റവും വലിയ അഴിമതിയാണ് കെ. ഫോണിന്റെ മറവില്‍ നടക്കുന്നത്. പദ്ധതി എവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം പറഞ്ഞു.
തെരുവ് നായയുടെ ശല്യം സംബന്ധിച്ച വിഷയം പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ പേപ്പട്ടിയുടെ കാര്യമാണോ നിയമസഭയില്‍ സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പരിഹാസം. കേരളത്തെയാകെ ഭീതിപ്പെടുത്തുന്ന പ്രശ്നമായിരുന്നു ഇതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ധാരാളം എ.ബി.സി സെന്ററുകള്‍ സ്ഥാപിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പത്തെണ്ണം പോലും സ്ഥാപിച്ചിട്ടില്ലെന്ന് ഇന്നലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലൊന്നും എ.ബി.സി പദ്ധതി നടക്കുന്നില്ല. പ്രഖ്യാപനങ്ങളല്ലാതെ പദ്ധതികളൊന്നും നടപ്പാകുന്നില്ല അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ തീരശോഷണവും മുതപ്പൊഴിയിലെ അപകടക്കെണിയും തെരുവ് നായ്ക്കളുടെ ശല്യവും ഉള്‍പ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളായി ഇപ്പോള്‍ നിലനില്‍ക്കുന്നതും. മുതലപ്പൊഴിയില്‍ ഇന്നും മരണമുണ്ടായി. ഒരു മരണവും ഉണ്ടാകുന്നില്ലെന്നാണ് ഫിഷറീസ് മന്ത്രി പറഞ്ഞത്. ഈ വിഷയങ്ങളിലൊക്കെ നിയമസഭയില്‍ നല്‍കിയ മറുപടികളെല്ലാം കടലാസില്‍ തന്നെ ഒതുങ്ങുകയാണ്. പല മന്ത്രിമാരുടെയും പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടെങ്കിലും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ടോ? ഒരു കൊല്ലത്തെ ഭരണം കഴിഞ്ഞപ്പോള്‍ പൂര്‍ത്തിയാക്കിയ ഏത് പദ്ധതിയാണ് ഈ സര്‍ക്കാരിന് മുന്നോട്ടു വയ്ക്കാനുള്ളത്? പ്രവര്‍ത്തനരഹിതമായ സര്‍ക്കാരായി സംസ്ഥാനത്തെ ഭരണസംവിധാനം മാറിയിരിക്കുകയാണ്.
വിദേശയാത്രയിലൂടെ 300 കോടിയുടെ വികസനം വന്നെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. കിഫ്ബിയുടെ ബോണ്ട് വില്‍പന മാത്രമാണ് വിദേശയാത്രയിലൂടെ ഇതുവരെ നടന്നിട്ടുള്ളത്. അതാകട്ടെ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നിന്നതു കൊണ്ട് മാത്രം ലഭിച്ച പണമാണ്. അല്ലാതെ വിദേശയാത്ര നടത്തിയതിലൂടെ സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. മന്ത്രമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശ യാത്രകള്‍ക്ക് പ്രതിപക്ഷം എതിരല്ല. പക്ഷെ 80 തവണയും സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് പോയി വരുമ്പോള്‍ അതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടം എന്തെന്നുകൂടി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുണ്ട്. പണ്ട് യു.എ.ഇയില്‍ പോയിട്ട് വന്നപ്പോള്‍ എത്രായിരം കോടിയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതില്‍ ഏതെങ്കിലുമൊന്ന് നടപ്പായോ?
നിയമസഭ അടിച്ച് തകര്‍ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രമാത്രം സാക്ഷികളുള്ള ഒരു കുറ്റകൃത്യം നടന്നിട്ടില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഡെസ്‌കിന് മുകളില്‍ കയറിയാണ് അതിക്രമം കാട്ടിയത്. മുണ്ട് അഴിഞ്ഞ് പോകുന്ന സാഹചര്യമുണ്ടായാല്‍ അതിന് പറ്റിയ അടിവസ്ത്രം കൂടി ഇട്ട് ബഹളമുണ്ടാക്കാന്‍ തയാറെടുത്താണ് വന്നത്. ബഹളമുണ്ടാക്കി ശിവന്‍കുട്ടി തളര്‍ന്ന് വീഴുന്നതും എല്ലാവരും കണ്ടതാണ്. ലോകം മുഴുവന്‍ നിയമസഭയിലെ അതിക്രമങ്ങള്‍ കണ്ടിട്ടും ശിവന്‍കുട്ടിയെ യു.ഡി.എഫ് അംഗങ്ങള്‍ മര്‍ദ്ദിച്ചെന്ന് ഇ.പി ജയരാജന്‍ ഇപ്പോള്‍ പറയുന്നതിലൂടെ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. ആര് ആരെയാണ് ആക്രമിച്ചതെന്ന് എല്ലാവരും കണ്ടതാണ് അദ്ദേഹം പറഞ്ഞു.