മുഹമ്മദ് അസ്‌ലം
മുന്‍ സോവയിറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കഷണ്ടിത്തലയില്‍ നെറ്റിക്ക് തൊട്ടുമുകളിലായി തെളിഞ്ഞുനിന്നിരുന്ന മറുക് അമേരിക്കയുടെ ഭൂപടമാണെന്ന് ഒരുകാലത്ത് പ്രചാരമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാര്‍മികത്വം വഹിച്ച രാഷ്ട്രത്തലവനെന്ന നിലയില്‍ അത്തരമൊരു ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് പലരും സംശയിച്ചു പോയെങ്കില്‍ അത്ഭുതപ്പെടാനില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ തലവര മാറ്റിയ മറുകാണ് അതെന്ന് പിന്നിടുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ തെളിയിച്ചു. ഒരുപക്ഷെ, ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചാണ് ഗോര്‍ബച്ചേവ് വിടവാങ്ങിയിരിക്കുന്നത്. സോവിയറ്റ്, അമേരിക്കന്‍ കൊമ്പുകോര്‍ക്കലിന് വിരാമമിട്ട് ഏകധ്രുവ ലോകക്രമം യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. സോവയിറ്റ് പതനത്തിന് ശേഷം ലോകവ്യാപകമായി യു.എസ് നടത്തിയ യുദ്ധങ്ങളും കൂട്ടക്കുരുതികളും ചോദ്യം ചെയ്യപ്പെടാതെ പോയി. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറക്കം കെടുത്തിയിരുന്ന ശീതയുദ്ധത്തിനും ആണവ കിടമത്സരത്തിനും അന്ത്യംകുറിച്ച രാഷ്ട്രത്തലവനെന്ന നിലയില്‍ ചരിത്രത്തില്‍ ഇടംനേടിയാണ് 91-ാം വയസില്‍ അദ്ദേഹത്തിന്റെ വിയോഗമെങ്കിലും സമിശ്ര തലങ്ങളില്‍ അദ്ദേഹം വിലയിരുത്തപ്പെടുമെന്ന് തീര്‍ച്ച.
സോവിയറ്റ് റഷ്യയില്‍ ചെങ്കൊടി താഴ്ന്നിട്ട് 31 വര്‍ഷം പിന്നിടുമ്പോള്‍ അതിന് കാരണക്കാരനായ ഗോര്‍ബച്ചേവ് ചരിത്രത്തിലേക്ക് പിന്‍വാങ്ങുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഗോര്‍ബിയെന്ന് വാത്സല്യത്തോടെ വിളിക്കുന്ന അദ്ദേഹത്തിന് റഷ്യയില്‍ വിമര്‍ശകര്‍ ഏറെയുണ്ടായിരുന്നു. ജോസഫ് സ്റ്റാലിന്‍ സ്ഥാപിച്ച ഇരുമ്പു മറ പൊളിച്ച് റഷ്യന്‍ ജനതക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു സമ്മാനിച്ച നേതാവെന്ന നിലയില്‍ വാഴ്ത്തപ്പെടുമ്പോഴും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലൂടെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
ഏഴു പതിറ്റാണ്ടിലേറെക്കാലം കമ്യൂണിസത്തിന്റെ ഇരുമ്പു മറയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന റഷ്യന്‍ ജനത നിത്യ ദാരിദ്ര്യത്തിലായിരുന്നുവെന്ന് സോവിയറ്റ് പതനത്തോടെ ലോകത്തിന് ബോധ്യമായി. 1931ല്‍ പ്രിവോല്‍നോയിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായത്. 1971ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി. ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. 1978ല്‍ കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് താമസം മാറ്റി. സെന്‍ട്രല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അവസരം ലഭിച്ചു. ചീഞ്ഞളിഞ്ഞതെന്ന് സോവിയറ്റ് യൂണിയന്‍ അക്കാലത്ത് പ്രചരിപ്പിച്ചിരുന്ന മുതലാളിത്തത്തിനു കീഴില്‍ പാശ്ചാത്യ ലോകത്തുണ്ടായ അഭിവൃദ്ധിയും വളര്‍ച്ചയും കണ്ട് ഗോര്‍ബച്ചേവ് സ്തബ്ധനായി. കേട്ടറിഞ്ഞതില്‍നിന്ന് വ്യത്യസ്തമാണ് ലോകമെന്ന തിരിച്ചറിവാണ് 1985ല്‍ പ്രസിഡന്റായതിന് ശേഷം പരിഷ്‌കരത്തെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഗോര്‍ബച്ചേവ് മുന്നോട്ടുവെച്ച പരിഷ്‌കരണ പദ്ധതികളായിരുന്നു ഗ്ലാസ്‌നോസ്റ്റും(തുറന്ന സമീപനം) പെരിസ്‌ട്രോയിക്കയും(പുന:ക്രമീകരണം). കമ്യൂണിസ്റ്റ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഇരുമ്പു മറയ്ക്കുള്ളില്‍ എടുക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യത്തെ തകര്‍ച്ചയിലാണ് എത്തിച്ചതെന്ന തിരിച്ചറിവാണ് ഇവ രണ്ടിനും രൂപംനല്‍കാന്‍ പ്രേരണയായത്. ഭരണനടപടിക്രമങ്ങള്‍ സുതാര്യമാക്കിയതോടൊപ്പം വിമര്‍ശനങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും അടിച്ചമര്‍ത്തുന്ന ശൈലിക്ക് ഗോര്‍ബച്ചേവ് അന്ത്യംകുറിച്ചു. പക്ഷെ, സോവിയറ്റ് യൂണിയന്‍ അതുവരെ കാണാത്ത ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കും സമരങ്ങള്‍ക്കും രാജ്യം വേദിയായി. പാര്‍ട്ടിക്കുള്ളിലും രാജ്യത്തും നടപ്പാക്കിയ വിപ്ലവകരമായ പൊളിച്ചെഴുത്തുകളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. റഷ്യയുള്‍പ്പെടെ 15 സ്വതന്ത്ര രാജ്യങ്ങള്‍ അതോടെ ഉദയം ചെയ്തു. സോവിയറ്റ് ആയുധങ്ങളുടെയും ആണവായുധ മിസൈല്‍ ലോഞ്ചിങ് കോഡികളുടെയും യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന്റെയും അവകാശം റഷ്യക്ക് ലഭിച്ചു. അര്‍മേനിയ, അസര്‍ബെയ്ജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, ലിത്വാനിയ, മോള്‍ഡോവ, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, യുക്രെയ്ന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവയാണ് സോവയിറ്റ് തകര്‍ച്ചക്കുശേഷം സ്വതന്ത്ര റിപ്പബ്ലിക്കുകളായത്. 1945ല്‍ അമേരിക്കയുമായുള്ള ശീതയുദ്ധത്തിനും വിരാമം കുറിച്ചത് ഗോര്‍ബച്ചേവാണ്. സോവിയറ്റ് പതനം ഏറെ ആശ്വാസം പകര്‍ന്നത് യു.എസിനായിരുന്നു. സോവയിറ്റ് പ്രസിഡന്റുമാരില്‍ അമേരിക്കക്ക് ഏറെ പ്രിയങ്കരനും അദ്ദേഹമാണെന്നത് മറ്റൊരു വസ്തുത. 1988ലെ റെഡ് സ്‌ക്വയര്‍ പ്രഭാഷണത്തില്‍ മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ റീഗന്‍ യു.എസ്.എസ്.ആറിനെ തിന്മയുടെ രാഷ്ട്രമായി കാണാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടത് ഗോര്‍ബച്ചേവിനെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ശേഷം അധികാരത്തിലെത്തിയ ജോര്‍ജ് ബുഷിന് ഗോര്‍ബച്ചേവ് സഹകരണത്തിന്റെ കരങ്ങള്‍ നീട്ടിക്കൊടുത്തു.
1991 ഡിസംബര്‍ 25ന് യു.എസ്.എസ്.ആര്‍ ഇല്ലാതായെന്ന ഗോര്‍ബച്ചേവിന്റെ പ്രഖ്യാപനം പാശ്ചാത്യ ലോത്തിനുള്ള ക്രിസ്മസ് സമ്മാനമായാണ് വിലയിരുത്തപ്പെട്ടത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനും തന്നിഷ്ടം നടപ്പാക്കാനും അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് അവസരം ലഭിച്ചു. എതിരാളിയുടെ അഭാവം യു.എസിനെ കൂടുതല്‍ ധിക്കാരിയാക്കി. ദുര്‍ബല രാഷ്ട്രങ്ങളെ കടന്നാക്രമിക്കാന്‍ പാശ്ചാത്യ ശക്തികള്‍ക്ക് ധൈര്യം പകര്‍ന്നത് യു.എസ്.എസ്.ആറിന്റെ പതനമായിരുന്നു. പില്‍ക്കാലത്ത് ഗോര്‍ബച്ചേവ് തന്നെ ഒരു അഭിമുഖത്തില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. ഏകാധിപത്യവും മനുഷ്യാവകാശ ധ്വംസനങ്ങളും നിറഞ്ഞ കമ്യൂണിസ്റ്റ് വ്യവസ്ഥ നീങ്ങേണ്ടതായിരുന്നെങ്കിലും സോവിയറ്റ് യൂണിയനെ തകരാതെ കാത്തുസൂക്ഷിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഇപ്പോഴത്തെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണരീതികളിലും ഗോര്‍ബച്ചേവ് നിരാശനായിരുന്നു. രാജ്യത്തെ പിന്നോട്ട് വലിക്കുകയാണ് പുടിനെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. റഷ്യ പുതിയ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നത് കണ്ടാണ് ഗോര്‍ബച്ചേവ് കണ്ണടച്ചത്.