Connect with us

kerala

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ അയച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും; വിഡി സതീശൻ

മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Published

on

മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കേട്ടുകേള്‍വിയില്ലാത്ത കിരാത നടപടികളുമായി സര്‍ക്കാരും കലാപമുണ്ടാക്കാന്‍ സി.പി.എമ്മും ശ്രമിക്കുകയാണ്. സി.പി.എം ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ വ്യപക ആക്രമണമാണ് സി.പി.എം നടത്തുന്നത്. കെ.പി.സി.സി ഓഫീസ് അടിച്ച് തകര്‍ത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും ഗുണ്ടകളെ വിട്ടു. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അതിക്രമിച്ച് വീട് കയറാന്‍ നിര്‍ദ്ദേശിച്ചതും അവരെ ജാമ്യത്തില്‍ വിടാന്‍ ആവശ്യപ്പെട്ടതും. അമിതാധികാര ശക്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ. ഭരിക്കുന്നവരാണ് കലാപം നടത്തുന്നതും തീവെയ്പ് നടത്തുന്നതും ബോബെറിയുമെന്നും പറയുന്നത്. മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വധശ്രമം ഉണ്ടായെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജന്‍ പത്രസമ്മേളനത്തിന് മുന്‍പ് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നതോടെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നാണ് ജയരാജന്‍ ആദ്യം പറഞ്ഞത്. കൊല്ലുമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അവര്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ജയരാജന്റെ ആ നുണ പ്രചരണവും പൊളിഞ്ഞു. നുണ പ്രചരണം നടത്തി യു.ഡി.എഫ് നടത്തുന്ന സമരത്തെ കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കൊടുത്തിരിക്കുന്ന കള്ളക്കേസ് പിന്‍വലിച്ച് മാപ്പ് പറയണം. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ കേസെടുക്കണം. അവരെ ആക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും കൈക്കരുത്ത് അറിയിക്കുമെന്നാണ് അമ്പലപ്പുഴയിലെ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്നിട്ട് കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരാള്‍ പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യില്ലേ? കോഴിക്കോട് തിക്കോടിയില്‍, വീട്ടില്‍ കയറി കൊത്തിക്കീറുമെന്നും ശരത്‌ലാലിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്നുമാണ് ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ചത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യത്തില്‍ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത് അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സമിതിയില്‍ കൊച്ചിനെ കടത്തിയ നേതാവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. നെന്‍മാറ എം.എല്‍.എ സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പര്യായപദം നിഘണ്ടുവില്‍ തേടുന്ന ആളായി മാറിയിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമങ്ങളില്‍ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് സി പി എം സൈബര്‍ ഗുണ്ടകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി വീണ എസ് നായരെ സൈബറിടങ്ങളില്‍ വലിച്ചു കീറുന്നു. പുറത്ത് പറയാന്‍ പറ്റാത്ത പച്ചത്തെറി വിളിക്കുകയാണ്. എറണാകുളത്ത് അശ്ലീല വീഡിയോ ഇറക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലും. ഇവരാണോ സ്ത്രീപക്ഷ വാദികള്‍? സി.പി.എമ്മിലെ വനിതാ നേതാക്കളും വനിതാ കമ്മിഷനും എവിടെ പോയി? പ്രതിഷേധ പ്രകടനത്തിന് സ്ത്രീകള്‍ പങ്കെടുത്തതിന്റെ പേരില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അധിക്ഷേപിക്കുന്നത്. നാട്ടില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത് അദ്ദേഹം പറഞ്ഞു.

പൊലീസും സി.പി.എമ്മും ഗുണ്ടകളും ചേര്‍ന്ന് യു.ഡി.എഫ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പറവൂരിലും ഒരു പ്രകോപനവുമില്ലാതെ സി.പി.എം- ഡിവൈ.എഫ്.ഐ ഗുണ്ടാകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കയറിയും മര്‍ദ്ദിച്ചു. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ജാമ്യം കിട്ടുന്ന കേസുകളാണ് ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എടുത്തിരിക്കുന്നത്. ലോക കേരള സഭയില്‍ പങ്കെടുക്കണമോയെന്ന് യു.ഡി.എഫില്‍ ആലോചിച്ച ശേഷം തീരുമാനിക്കും അദ്ദേഹം പറഞ്ഞു.

മോദി ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന പ്രക്ഷോഭ കേരളത്തിലും ശക്തമാക്കും. സംഘപരിവാര്‍, ഫാസിസ്റ്റ് വിരുദ്ധതയുടെ ഏറ്റവും വലിയ പ്രതീകമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. അതിനെതിരായ ചെറുത്ത് നില്‍പ്പിലും പോരാട്ടത്തിലും യു.ഡി.എഫും അണിചേരും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: സന്ദീപ് വാര്യര്‍

നന്മയുടെ സന്ദേശം പുറത്തേക്കുവരുന്ന ഒരു കൂടിച്ചേരല്‍ കാണുമ്പോള്‍ മനസില്‍ നന്മയുണ്ടെങ്കില്‍ അദ്ദേഹം സന്തോഷിക്കുകയാണ് വേണ്ടത്.

Published

on

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

മതനിരപേക്ഷതയുടെ പ്രതീകമായ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ പോയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണം മുഖ്യമന്ത്രിയെ ഇങ്ങനെ വിറളി പിടിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സന്ദീപ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് വലിയൊരു സന്ദേശമല്ലേ കേരളത്തിന് കൊടുക്കുന്നതെന്ന് പറഞ്ഞ സന്ദീപ്, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ, പാര്‍ട്ടി സെക്രട്ടറിയല്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം സന്തോഷിക്കുകയല്ലേ വേണ്ടത്. നന്മയുടെ സന്ദേശം പുറത്തേക്കുവരുന്ന ഒരു കൂടിച്ചേരല്‍ കാണുമ്പോള്‍ മനസില്‍ നന്മയുണ്ടെങ്കില്‍ അദ്ദേഹം സന്തോഷിക്കുകയാണ് വേണ്ടത്. എന്നെ എന്തുവേണമെങ്കിലും വിമര്‍ശിച്ചോട്ടെ. ഞാനൊരു സാധാരണക്കാരനാണ്. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമാണ്.

ഇന്നലെവരെ ബിജെപിയില്‍ ഉണ്ടായിരുന്നയാളാണ്. എന്നെ എന്തുവേണമെങ്കിലും പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ കേരളം മുഴുവന്‍ ബഹുമാനിക്കുന്ന പാണക്കാട്ടെ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ ആക്ഷേപകരമായിട്ട് സംസാരിക്കുന്നത്. വളരെ മോശമല്ലേ. മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ അത്. ആ കുടുംബത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും മലയാളികള്‍ അംഗീകരിക്കില്ല – സന്ദീപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ജമാ അത്തെ ഇസ്ലാമി അനുയായിയെപ്പോലെയാണ് സാദിഖലിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുന്‍പത്തെ പാണക്കാട് തങ്ങന്മാര്‍ സാദിഖലിയെപ്പോലെ ആയിരുന്നില്ലെന്ന താരതമ്യവും നടത്തി.

Continue Reading

kerala

എം.വി ഗോവിന്ദനും മുഖ്യമന്ത്രിയ്ക്കും മറുപടിയുമായി ലീഗ്; പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും; പി.കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആര്‍ക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വര്‍ഗീയ അജണ്ടയില്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആര്‍ക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വര്‍ഗീയ മുഖം നല്‍കാന്‍ ശ്രമിക്കുന്നവര്‍ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ നല്ലവര്‍, അല്ലാത്തവര്‍ മോശം എന്നാണ് സിപിഎം നിലപാട്. വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തില്‍ പോലും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് സന്ദീപ് എഫക്ട് ഉണ്ടാകും. റാലിയില്‍ കണ്ടതാണല്ലോ പിന്തുണ. സന്ദീപ് പാണക്കാട് എത്തിയത് വിവാദം ആകേണ്ടതില്ല. വര്‍ഗീയ ചേരിയില്‍ നിന്ന് മതേതര ചേരിയിലേക്കാണ് സന്ദീപ് എത്തിയത്. മുന്‍കാല നിലപാടില്‍ മാറ്റം ഉണ്ടായി. എല്ലാം തങ്ങള്‍മാരെ പോലെ തന്നെയാണ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘മുസ്​ലിം സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്’; രൂക്ഷ വിമർശനവുമായി ഇടത് ചിന്തകൻ ഡോ. ആസാദ്

കേരളത്തിൽ പിണറായിയും സി.പി.എമ്മും ഏറ്റെടുത്തിരിക്കുന്നത് മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ മുദ്രാവാക്യമാണ്.

Published

on

പാണക്കാട് സയ്യിദ്‌ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇടത് ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങൾക്കെതിരായ പരാമർശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതിൽ പിണറായി വിജയൻ ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണ് അത്ഭുതമെന്ന് ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.

മുസ് ലിം ലീഗിനെ യു.ഡി.എഫിൽ നിന്ന് ചാടിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിന് ലീഗ് മതേതരവാദി പാർട്ടിയായിരുന്നു. യു.ഡി.എഫിൽ നിൽക്കുമ്പോൾ വർഗീയതയുടെ നിഴൽ വീഴ്ത്തണം. വർഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ് ലിം സമൂഹത്തിനകത്ത് വിള്ളലുകൾ വീഴ്ത്താൻ പിണറായി പലമട്ട് ശ്രമിച്ചിട്ടുണ്ട്.

അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവർ ഗൗരവപൂർവം ചിന്തിക്കേണ്ട സമയമാണിതെന്നും ആസാദ് പോസ്റ്റിൽ പറയുന്നു.

 ഫേസ്ബുക്ക് പോസ്റ്റ്സ്റ്റിന്റെ പൂര്‍ണരൂപം:

പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾക്കു മേൽ ജമാ അത്തെ ഇസ്ലാമിയുടെ നിഴൽലേപനം നടത്തുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതുവഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതിൽ അദ്ദേഹം ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണത്ഭുതം. മുമ്പൊക്കെ ഇത്തരം വേഷാന്തരങ്ങളെ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നവർ ഇപ്പോൾ പച്ചഹിന്ദുത്വ രാഷ്ട്രീയം പറയാൻ ധൈര്യം കാണിക്കുന്നു!

ജമാഅത്തെ ഇസ്ലാമിയിലും എസ്.ഡി.പി.ഐയിലും പ്രവർത്തിക്കുന്ന അനേകം പേരുണ്ട്. അവരൊക്കെ വെറുക്കപ്പെട്ടവരായി സി.പി.എമ്മിനു തോന്നിത്തുടങ്ങിയത് അടുത്ത കാലത്താണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ ബോദ്ധ്യമുള്ളവർ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ (തികഞ്ഞ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ) ഇവരെയെല്ലാം ഒപ്പം നിർത്തുന്നുണ്ട്.

അഥവാ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവരെ മാറ്റി നിർത്തുന്നില്ല. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എം ജമാഅത്തെ ഇസ്ലാമിയുടെ ഒപ്പം പൊതുവേദി പങ്കിടുന്നുണ്ട്. കേരളത്തിൽ പല പഞ്ചായത്തുകളിലും സി.പി.എം പ്രതിനിധികൾ ജയിച്ചുവന്നത് വെൽഫയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകരുടെ വോട്ടും പിന്തുണയും നേടിയാണ്. ഫാഷിസത്തെ മുഖ്യശത്രുവായി നേരിടുമ്പോൾ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്താണ് എന്ന പഴയ നിലപാട് അസ്വീകാര്യമാണ്. ഇപ്പോൾ അടിയന്തര കടമ ഫാഷിസത്തെ തോൽപ്പിക്കലാണ്.

കേരളത്തിൽ പിണറായിയും സി.പി.എമ്മും ഏറ്റെടുത്തിരിക്കുന്നത് മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ മുദ്രാവാക്യമാണ്. കോൺഗ്രസ് വിമുക്ത ഭാരതമായാലും ന്യൂനപക്ഷത്തെ ഭീകരവാദികളും തീവ്രവാദികളുമായി മുദ്രയടിക്കുന്നതായാലും പുസ്തകം വായിക്കുന്ന വിദ്യാർത്ഥികളെ അർബൻ നക്സലൈറ്റുകളാക്കുന്നതായാലും യു.എ.പി.എ ചുമത്തുന്നതായാലും വ്യാജ ഏറ്റുമുട്ടൽകൊല നടത്തുന്നതായാലും ഒരേ മുദ്രാവാക്യത്തിൽ ഒന്നിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. ഈ പുതിയ സംഘപരിവാര പക്ഷപാതമാണ് ഇപ്പോൾ തൊട്ടതിലെല്ലാം ജമാ അത്തെ വിരുദ്ധത കൊണ്ടുവരുന്ന അവസ്ഥയിൽ എത്തിച്ചത്. സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് പോകാത്തത് അവിടെയും ബി.ജെ.പിയുടെ നിഴൽ തെളിഞ്ഞു നിൽക്കുന്നതു കൊണ്ടാവണം.

ജമാഅത്തെ ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും വിയോജിപ്പും വിമർശനവും ഉള്ളവർ അവരെ ആശയപരമായി നേരിടണം. രാഷ്ട്രീയമായി തുറന്നു കാട്ടണം. തീവ്രവാദി എന്നു ചാപ്പ കുത്തി തൊട്ടുകൂടാത്തവരാക്കി അകറ്റി നിർത്തുകയല്ല വേണ്ടത്. അത് അപരിഷ്കൃത സമൂഹത്തിന്റെ രീതിയാണ്. ആ വിഭാഗങ്ങളിൽ പെട്ടവരുടെ വോട്ടു വേണ്ട എന്ന് പറയുന്നത് വലിയ മേന്മയല്ല. അത് ഹിന്ദു സമൂഹത്തെ കബളിപ്പിക്കാനുള്ള കൗശലം മാത്രമാണ്. ഇക്കാര്യത്തിൽ അവർ കാണുന്നത് അയിത്തത്തിനുള്ള തിട്ടൂരമിടേണ്ടത് സി.പി.എം നേതൃത്വമാണെന്നാണ്. അയിത്തം എന്നേ ഉപേക്ഷിക്കുകയും ജനാധിപത്യ ജീവിതത്തിലേക്കു കുതിക്കുകയും ചെയ്ത സമൂഹങ്ങളിൽ ഒരുവിധ അയിത്തവും നിലനിൽക്കില്ല. ജനാധിപത്യ സംവാദങ്ങളേ സാദ്ധ്യമാകൂ.

ഇനി അഥവാ ചില വിഭാഗങ്ങൾ തീവ്രവാദികളോ ഭീകരവാദികളോ ആണെന്ന് തെളിവുകളുണ്ടെങ്കിൽ അവരെ കാണുമ്പോൾ വിട്ടുപോവുകയല്ല, ഭരണഘടനയും നിയമവ്യവസ്ഥയും മുൻനിർത്തി കുറ്റവിചാരണക്കു വിധേയമാക്കി ശിക്ഷിക്കുകയാണ് വേണ്ടത്. കേരളവും കേന്ദ്രവും ഭരിക്കുന്നവർക്ക് അതിനുള്ള ബാദ്ധ്യതയുണ്ട്. അത് ചെയ്യാതെ, സ്വന്തം താൽപ്പര്യത്തിനൊപ്പം അവരെ കിട്ടുന്നില്ലെന്നു കാണുമ്പോൾ അവർ ഭീകരരാണ് എന്നു മുറവിളികൂട്ടുന്നത് കോമാളിത്തമാണ്. അത് ഒരു ഫലിതംപോലുമല്ല.

മുസ്ലീംലീഗിനെ യു.ഡി.എഫിൽ നിന്നു ചാടിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിന് ലീഗ് മതേതരവാദി പാർട്ടിയായിരുന്നു. യു.ഡി.എഫിൽ നിൽക്കുമ്പോൾ വർഗീയതയുടെ നിഴൽ വീഴ്ത്തണം. വർഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ്ലീം സമൂഹത്തിനകത്ത് വിള്ളലുകൾ വീഴ്ത്താൻ പിണറായി പലമട്ടു ശ്രമിച്ചിട്ടുണ്ട്. അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘപരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി വിജയൻ എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവർ ഗൗരവപൂർവ്വം ചിന്തിക്കേണ്ട സമയമാണിത്.

Continue Reading

Trending