മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ വിജയകരമായി ഇന്നലെ അവസാനിച്ചു. പാര്‍ട്ടി എക്കാലത്തും മുന്നോട്ടുവെച്ചിട്ടുള്ള നൂതനമായ രാഷ്ട്രീയ സമീപനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച മലയാളി സമൂഹം ഈ കാമ്പയിനും ഹൃദയത്തിലേറ്റി എന്നത് ആഹ്ലാദവും അഭിമാനവും തോന്നുന്ന കാര്യമാണ്. നിത്യജീവിതത്തില്‍ 60 ശതമാനം ഇടപാടുകളും ഓണ്‍ലൈനിലേക്ക് മാറിയ കാലത്ത് അതേ മാധ്യമത്തിലൂടെ പാര്‍ട്ടി ഫണ്ട് ശേഖരിക്കുന്നു എന്ന ആശയത്തിന് ലഭിച്ച സ്വീകാര്യത പാര്‍ട്ടിക്ക് സമൂഹത്തിലുള്ള ശക്തിയും സ്വാധീനവും വെളിപ്പെടുത്തുന്നതാണ്.
റമസാന്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള രണ്ടുമാസക്കാലത്തിനിടയില്‍ രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഹദിയ എക്കൗണ്ടുകളിലേക്ക് പണമയച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുള്ളവരും ഇതില്‍ പങ്കാളികളായി. സാധാരണക്കാരായ ആളുകള്‍ 50 രൂപ മുതല്‍ നല്‍കിയ സംഭാവനകളാണ് 10 കോടിയിലേക്ക് ഉയര്‍ന്നത്. കോവിഡ്, തൊഴില്‍ പ്രതിസന്ധി, ജീവിത ചെലവുകളുടെ കുത്തനെയുള്ള വര്‍ധന തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നിട്ടും അവരവരുടെ കൈകളിലുള്ളതില്‍ ഒരു ഭാഗം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കി. പണത്തോടൊപ്പം അവരുടെ ഹൃദയത്തിന്റെ ഒരുഭാഗം കൂടിയാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. ആളുകള്‍ കാണിച്ച ഈ സ്‌നേഹം ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുകയാണ്.
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷവും അരക്ഷിത ജീവിത സാഹചര്യങ്ങളും രൂപപ്പെടുത്തുന്ന ഭരണകൂട ഭീകരതയുടെ നടുത്തളത്തില്‍ നിന്നാണ് ഹദിയ ക്യാമ്പയിനിലേക്ക് മുസ്‌ലിംലീഗ് കടന്നത്. അക്രമവും വിഭാഗീയതയും വര്‍ഗീയ ചേരിതിരിവും ജനാധിപത്യ വിരുദ്ധതയും മുമ്പെങ്ങുമില്ലാത്തവിധം പുതിയ രൂപത്തിലും ഭാവത്തിലും കാണുന്നു. ഈ സാഹചര്യത്തില്‍ സ്‌നേഹവും കരുതലും ദലിത്, ന്യൂനപക്ഷ, പിന്നാക്ക അവകാശ സംരക്ഷണവും പോരാട്ടവും ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് മുസ്‌ലിംലീഗിനുള്ളത്. അധികാരക്കസേരകളുടെ കാലുറപ്പിക്കാനായി മതപ്രീണനങ്ങള്‍ നടത്തുന്ന ‘നവരാഷ്ട്രീയ’ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇവയില്‍ നിന്നെല്ലാം വേറിട്ടതും ഉറച്ചതുമായ നയപരിപാടികള്‍ അടങ്ങിയ ലഘുലേഖ വീടുകളില്‍ എത്തിച്ചു. ഒരു മതത്തെ പ്രത്യേക വിലാസത്തിലൊതുക്കി വിദ്വേഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ വക്രീകരിക്കാനുമുള്ള ശ്രമം ഈ നാട്ടില്‍ വിലപ്പോവില്ലെന്ന് വിളിച്ചുപറയേണ്ടതുണ്ട്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസവുമാണ് ജനങ്ങളുമായി ഈ പാര്‍ട്ടിയെ ബന്ധിപ്പിക്കുന്നത്. ഇന്ത്യയിലെവിടെയും മനുഷ്യാവകാശ ലംഘനങ്ങളും സ്വാതന്ത്ര്യനിഷേധവുമുണ്ടാവുമ്പോള്‍ ആവുന്നത്ര ഉച്ചത്തില്‍ നീതിക്കുവേണ്ടി ശബ്ദം മുഴക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞിട്ടുണ്ട്. പുരോഗമനമുണ്ടാവേണ്ട കാലത്ത് പിന്നിലേക്ക് പിടിച്ചുവലിക്കുന്ന ശക്തികള്‍ക്കെതിരായുള്ള ആശയങ്ങളുടെ കരുത്താണ് ലക്ഷക്കണക്കിനാളുകളെ പ്രസ്ഥാനത്തോടൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നത്.
മുസ്‌ലിംലീഗ് നേരിട്ട് നടത്തുന്ന അനേകം രാഷ്ട്രീയ, ജീവകാരുണ്യ, നിയമ പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ് ഈ ഫണ്ട് സ്വരൂപിച്ചത്. അതിജീവനത്തിനായുള്ള ആശ്രയമായാണ് പാര്‍ട്ടിയെ പലരും കാണുന്നത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ആവശ്യങ്ങളും കൂടിക്കൂടി വരുന്നു. ഏറ്റവും ശക്തികേന്ദ്രം കേരളമാണെങ്കിലും രാജ്യത്താകമാനം വലിയ ഉത്തരവാദിത്തങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കുന്നത്. വംശീയതയുടെ പേരില്‍ നിരപരാധികള്‍ അനാഥരാവുമ്പോള്‍ അവരെ സഹായിക്കേണ്ടതുണ്ട്. വീടും ഉറ്റവരും നഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ആശ്വാസവുമായി മുസ്‌ലിംലീഗ് പ്രവര്‍ത്തകരെത്തുന്നു. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായി ഭരണകൂടങ്ങള്‍ നീങ്ങുമ്പോഴും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും നടത്തുന്ന ജീവകാരുണ്യ, ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം സാക്ഷിയാണ്. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം തുടര്‍ച്ചയാണ് പുതിയ കാലത്തെ രാഷ്ട്രീയ അജണ്ട. അതിനുള്ളതാണ് ഈ ധനസമാഹരണം.
ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ ആഘാതത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുംമുമ്പ് കാമ്പയിന്‍ തുടങ്ങേണ്ടിവന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിയാതെ പോയിട്ടുണ്ട്. ആ കുറവുപോലും മറികടന്നാണ് ഈ തുക സമാഹരിച്ചത്. റമസാന്‍ കാരുണ്യങ്ങളുടെയും സഹായങ്ങളുടെയും മാസംകൂടിയാണല്ലോ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി കരുതുകയും സമൂഹത്തിന് കരുതല്‍ നല്‍കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം പാര്‍ട്ടിക്ക് നിറവേറ്റേണ്ടതുണ്ട്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ ജനകീയ ഇടപെടല്‍ കൂടിയായിരുന്നു ഇത്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം റമസാന്‍ മാസത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് തുടക്കത്തില്‍ ഒരു മാസത്തേക്ക് നിശ്ചയിച്ച കാമ്പയിന്‍ പ്രവര്‍ത്തകരുടെ ആവശ്യം മുന്‍നിര്‍ത്തി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചത്. പാര്‍ട്ടി പ്രതീക്ഷിച്ചതിലധികം തുകയും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനവും വലിയ മാതൃകയും സൃഷ്ടിക്കാന്‍ ഹദിയ കാമ്പയിന് കഴിഞ്ഞു. എല്ലാ വിഭാഗം ആളുകളും ഈ കാമ്പയിന്റെ ഭാഗമായി എന്നത് എടുത്തുപറയേണ്ടതാണ്.
മൂന്ന് എക്കൗണ്ടുകളിലായി ഏറ്റവും സുതാര്യമായ വിധമാണ് ഹദിയ കാമ്പയിന്‍ നടന്നത്. ആര്‍ക്കും എവിടെനിന്നും പണമയക്കാമെന്നതും റസിപ്റ്റ് അപ്പപ്പോള്‍ തന്നെ സ്വീകരിക്കാമെന്നതും പ്രവര്‍ത്തകരില്‍ വലിയ ആവേശവും പൊതുസമൂഹത്തില്‍ വിശ്വാസ്യതയും വര്‍ധിപ്പിച്ചു. ഇതിനായി രൂപകല്‍പ്പന ചെയ്ത ഹദിയ ആപ്പ് വളരെ പെട്ടന്നുതന്നെ ആളുകളുടെ മനസില്‍ ഇടംപിടിച്ചു. ഏതൊക്കെ വാര്‍ഡില്‍നിന്ന് ആരൊക്കെ എത്ര പണമയച്ചു എന്നും കൂടുതല്‍ സമാഹരിച്ച വാര്‍ഡ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, ജില്ല ഇവ ഏതെന്നും ആര്‍ക്കും കാണാം. സോഷ്യല്‍ ഓഡിറ്റിങ് എന്ന സുതാര്യതയുടെ ഏറ്റവും ഉന്നതിയില്‍നിന്നുകൊണ്ടാണ് പാര്‍ട്ടി ഈ സംരംഭത്തിന് തുടക്കംകുറിച്ചത്. ഇത്രയധികം ആളുകള്‍ പങ്കാളികളാവുന്ന ബഹുജന ധനസമാഹരണ കാമ്പയിന്‍ ആദ്യമായാണ് മുസ്‌ലിംലീഗ് നടത്തുന്നത്. ഇത്രയും തുക ലഭിക്കുന്നതും ആദ്യമാണ്. പാര്‍ട്ടിയുടെ സംഘടനാസംവിധാനത്തിന്റെ കരുത്ത് തെളിയിക്കുന്ന മികച്ച ഡാറ്റകള്‍കൂടി ഇതിലൂടെ ലഭിച്ചു.
കര്‍മനിരതരായ, സാധാരണക്കാരായ അനേകം പ്രവര്‍ത്തകരാണ് ഈ പാര്‍ട്ടിയുടെയും കാമ്പയിന്റെയും ശക്തി. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തമാണ് ഈ പങ്കാളിത്തവും 10 കോടി രൂപയും. മുസ്‌ലിംലീഗിനെ വിശ്വാസത്തിലെടുത്ത്, ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മനസുകൊണ്ട് പിന്തുണയര്‍പ്പിച്ച പൊതുസമൂഹത്തോടാണ് ആദ്യം നന്ദി പറയേണ്ടത്. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നു. നോട്ടിനും വോട്ടിനുമപ്പുറത്ത് ആഴത്തിലുള്ള ആത്മബന്ധമാണ് ജനങ്ങളുമായി ആഗ്രഹിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ, പരസ്പരമുള്ള സ്‌നേഹാദരങ്ങളുടെ, കൂട്ടായ്മകളുടെയെല്ലാം മുന്നണിയില്‍തന്നെയാണ് മുസ്‌ലിംലീഗിന്റെ സ്ഥാനം. ആ നയപരിപാടികള്‍ക്കാണ് ഈ സ്വീകാര്യത. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങി അനേകം പേര്‍ പല രാജ്യങ്ങളില്‍നിന്നുപോലും രാപ്പകല്‍ ഭേദമില്ലാതെ ഇതിന്റെ ഭാഗമായി. പാര്‍ട്ടി നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ രണ്ടുമാസവും കൂടെനിന്നു. വിജയത്തിനായി നിരന്തരമായി ഇടപെടുകയും പിന്തുണക്കുകയും ചെയ്ത സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് കാമ്പയിന്റെ ചുക്കാന്‍പിടിച്ചത്. 24 മണിക്കൂറും കര്‍മനിരതരായ ടെക്‌നിക്കല്‍ ടീം, സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ടീം എന്നിവര്‍ക്കും നന്ദി. ഹദിയ നല്‍കിയ ഏവരോടും ഹൃദയം തൊടുന്ന കടപ്പാട്.
(ഹദിയ കാമ്പയിന്‍ കണ്‍വീനറാണ് ലേഖകന്‍)