വരാണസി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതിയുടെ ആദ്യ ഉത്തരവ് ഇന്ന്. ഇന്നലെ ഇരു ഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഏതു വിധത്തിലായിരിക്കും കേസ് പരിഗണിക്കുക എന്നതു സംബന്ധിച്ച പ്രാഥമിക ഉത്തരവായിരിക്കും കോടതിയില്‍ നിന്ന് ഇന്ന് ഉണ്ടാകുകയെന്നാണ് വിവരം.
സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിന്റെ തുടര്‍ നടപടികള്‍ വരാണസി ജില്ലാ കോടതിയിലേക്ക് മാറ്റിയത്. ജില്ലാ കോടതി ജഡ്ജി എ.കെ വിശ്വേശയാണ് കേസ് പരിഗണിക്കുന്നത്. മസ്ജിദില്‍ ശിവലിംഗമുണ്ടെന്നും ഇവിടെ അരാധനക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വ്യവഹാരത്തിന്റെ അടിസ്ഥാനം.
ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി മസ്ജിദില്‍ വീഡിയോ സര്‍വേക്ക് കമ്മീഷനെ നിയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ മസ്ജിദ് പരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തീര്‍പ്പുണ്ടാകുന്നതിനു മുമ്പുതന്നെ അഭിഭാഷക കമ്മീഷന്‍ സര്‍വേ പൂര്‍ത്തിയാക്കി ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തി.
തൊട്ടു പിന്നാലെ പള്ളിയുടെ ഒരു ഭാഗം സീല്‍വെക്കാന്‍ സിവില്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ മസ്ജിദ് പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് തുടര്‍ന്ന് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും മുസ്്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനോ നിസ്‌കാരം നിര്‍വഹിക്കുന്നതിനോ തടസ്സമുണ്ടാകരുതെന്നും വ്യക്തമാക്കിയിരുന്നു. അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച വാദം ആദ്യം പരിഗണിക്കണമെന്ന് മസ്ജിദ് പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി ഇന്നലെ ജില്ലാ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. നേരത്തെ സുപ്രീംകോടതി മുമ്പാകെയും കമ്മിറ്റി ഇതേ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. ഹര്‍ജി നിലനില്‍ക്കുമോ എന്നത് ആ ദ്യം പരിശോധിക്കാന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുസരിച്ച് ഹര്‍ജി നിലനി ല്‍ക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. ഈ നിയമം അനുസരിച്ച് രാജ്യം സ്വതന്ത്രമാകുമ്പോള്‍ (1947 ഓഗസ്റ്റ് 15) ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അതേ നിലയില്‍ തന്നെ തുടരണം എന്നാണ് പറയുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പേ വ്യവഹാരം തുടങ്ങിയ ബാബരി മസ്ജിദ് വിഷയത്തെ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 1936 മുതല്‍ ഗ്യാന്‍വാപി മസ്ജിദില്‍ മുസ്്‌ലിംകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിന് രേഖകളും തെളിവുമുണ്ടെന്ന് മസ്ജിദ് കമ്മിറ്റി ഇന്നലെ ജില്ലാ കോടതി മുമ്പാകെ വാദിച്ചു. അതുകൊണ്ടുതന്നെ ഹിന്ദു വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ല.
ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി നടപടിയും അഭിഭാഷക കമ്മിഷനെ നിയോഗിച്ചത് അടക്കമുള്ള എല്ലാ തുടര്‍ നടപടികളും നിയമവിരുദ്ധമാണെന്നും കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. ഹുസേഫാ അഹമ്മദ് ചൂണ്ടിക്കാട്ടി. മസ്ജിദില്‍ നടന്ന വീഡിയോ സര്‍വേയുടെ സി.ഡി അടക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യമാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ അഡ്വ. വിഷ്ണു ജെയിന്‍ ഉന്നയിച്ചത്.
നാലു ഹര്‍ജിക്കാര്‍, ഇവരെ പ്രതിനിധീകരിക്കുന്ന 19 അഭിഭാഷകര്‍ അടക്കം 23 പേര്‍ക്ക് മാത്രമാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിക്കകത്തേക്ക് പ്രവേശനം അനുവദിച്ചത്. വക്കാലത്ത്‌നാമയില്‍ പേരില്ലാത്തവരെ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കോടതി കമ്മീഷണര്‍ അടക്കമുള്ളവരെ ജീവനക്കാ ര്‍ തടഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.