ഡോ. ശ്രീജിത്ത് പീഡിയക്കല്‍
കണ്‍സല്‍ട്ടന്റ്
ന്യൂറോളജി വിഭാഗം
ആസ്റ്റര്‍ മിംസ്-കണ്ണൂര്‍
മനുഷ്യജീവന് ഹാനികരമാകുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ട്രോക്ക്. ലോകമാകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്ട്രോക്കിന് വിധേയരാകുന്നത്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങളാണ് സ്ട്രോക്കിന്റെ മറ്റൊരു സവിശേഷത. ഏത് ശരീരഭാഗത്തെയാണ് കീഴടക്കിയിരിക്കുന്നത്, ചികിത്സ എത്രപെട്ടെന്ന് ആരംഭിച്ചു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അസുഖത്തിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയും ദൈര്‍ഘ്യവും നീണ്ടുനില്‍ക്കുന്നത്. ചലനത്തിനുള്ള തടസ്സം, സംസാരവൈകല്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഭാഗമാണ്.
ലക്ഷണങ്ങള്‍
തളര്‍ച്ചയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. കൈയോ, കാലോ, അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ തളര്‍ന്ന് പോകുന്നു. ചിലരില്‍ മുഖത്തിന്റെ കോടല്‍ പ്രത്യക്ഷപ്പെടും. ചുണ്ട് അല്ലെങ്കില്‍ മുഖം പൂര്‍ണ്ണമായി തന്നെ ഒരു വശത്തേക്ക് കോടിപ്പോകുന്നു.
തരിപ്പ്, മരവിപ്പ് പോലുള്ള അവസ്ഥകളും ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ സന്തുലനാവസ്ഥ (balance) നഷ്ടപ്പെട്ട് പോകുന്നതും, സംസാരം കുഴയുന്നതുമെല്ലാം മറ്റ് ലക്ഷണങ്ങളാണ്.
ചികിത്സ തേടേണ്ടതെപ്പോള്‍?
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം. ഹൃദയാഘാതത്തിനും മറ്റും നല്‍കുന്ന സി പി ആര്‍ പോലുള്ള പ്രാഥമിക ചികിത്സയൊന്നും തന്നെ സ്ട്രോക്കിനില്ല എന്ന് ഓര്‍മ്മിക്കുക. അത്തരം ചികിത്സകള്‍ക്കായി സയമം നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുക. സ്ട്രോക്ക് ചികിത്സയില്‍ പരിചയ സമ്പന്നരായ ന്യൂറോളജിസ്റ്റുമാരും ന്യൂറോസര്‍ജന്മാരും ഉള്ള ആശുപത്രിയാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്.
ചികിത്സ
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കണം. ഇസ്‌കീമിക് സ്ട്രോക്ക്, ഹെമിറേജിക് സ്ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്ട്രോക്കുകളുള്ളത്. ഇതില്‍ ഇസ്‌കീമിക് സ്ട്രോക്ക് ആണെങ്കില്‍ സ്ട്രോക്കിന്റെ ആദ്യമണിക്കൂറുകളില്‍ (4 മണിക്കൂറിനുള്ളില്‍) ടി പി എ എന്ന വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ നല്‍കി ബ്ലോക്ക് അലിയിക്കാന്‍ സാധിക്കും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ ശസ്ത്രക്രിയയും ആവസ്യമായി വരും.
ഹെമറേജിക് സ്ട്രോക്ക് ആണെങ്കില്‍ തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്ക്ാനാവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ശസ്ത്രക്രിയയാണ് പ്രധാനമായും ആവശ്യമായി വരാറുള്ളത്. ്അടിയന്തര ശസ്ത്രക്രിയ നടത്തി രക്തക്കട്ട നീക്കം ചെയ്യാവുന്നതാണ്. അന്യൂറിസം പൊട്ടിയ അവസ്ഥയാണെങ്കില്‍ നീര്‍ വീക്കം വന്ന ഭാഗത്ത് ക്ലിപ്പ്ചെയ്യേണ്ടി വരും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ എംബോളൈസേഷന്‍, കോയിലിംഗ് എന്നിവയും സ്വീകരിക്കാറുണ്ട്.
രോഗമുക്തിയും പുനരധിവാസവും
പക്ഷാഘാതം വന്ന രോഗികളെ മേല്‍ പറഞ്ഞ അടിയന്തര ചികിത്സകള്‍ക്ക് ശേഷം ഒന്നോ രണ്ടോ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മേല്‍നോട്ടത്തില്‍ ആയിരിക്കും.പക്ഷാഘാതത്തിന്റെ അനന്തര ഫലം ഇത് തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിച്ചു, എത്ര കോശങ്ങള്‍ നശിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ഇത്തരത്തിലുള്ള രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം റീഹാബിലിറ്റേഷന്‍ വിഭാഗത്തിലേക്കാണ് നേരെ പോവുക. അവിടെ ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, നഴ്‌സുമാര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് എന്നിവരടക്കം വൈദഗ്ദ്ധ്യം നേടിയ ഒരു സംഘം രോഗിയെ പരിചരിക്കുന്നു.
പക്ഷാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു പ്രാവശ്യം പക്ഷാഘാതം വന്നാല്‍ വീണ്ടും വരാനുള്ളസാധ്യത സാധാരണ ആളുകളേക്കാള്‍ കൂടുതലാണ്. ആയതിനാല്‍ ഇത്തരക്കാര്‍ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും വേണം. പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായവയെ നിയന്ത്രിക്കണം. പതിവ് ചെക്കപ്പുകള്‍ നിര്‍ബന്ധമായും നടത്തുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 20 മിനിറ്റ് വീതം വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും മറ്റ് അനുബന്ധ മരുന്നുകളും കൃത്യമായി ശരിയായ ഇടവേളകളില്‍ കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദശ പ്രകാരമല്ലാതെ തന്നിഷ്ടപ്രകാരം മരുന്നുകള്‍ കഴിക്കരുത്.