വര്‍ഷം 42 പിന്നിടുമ്പോഴും ആ വെടിയൊച്ച കാതില്‍ മുഴങ്ങുകയാണ്. മലപ്പുറം മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ് (24), തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന്‍ (22), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ(24) എന്നിവര്‍ യുവത്വത്തിന്റെ പടിവാതിക്കല്‍വെച്ചാണ് അധാര്‍മിക ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച് അമരത്വം നേടിയത്. മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.എച്ച് മുഹമ്മദ് കോയ ആവശ്യപ്പെട്ടതനുസരിച്ച് നിയമസഭയില്‍ തീഷ്ണമായ അനുഭവങ്ങള്‍ വിവരിച്ച് പ്രസംഗിക്കുമ്പോള്‍, മുഖ്യമന്ത്രി നായനാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുമ്പില്‍ ബോധമറ്റ് ഞാന്‍ വീണുപോയി. ആ ദിനങ്ങള്‍ ഓര്‍ക്കുമ്പോഴുള്ള ആവേശവും ആത്മാഭിമാനവും സങ്കടവും ഇന്നും ഹൃദയതാളം തുടികൊട്ടുകയാണ്.
രാജ്യത്താകെ ഇപ്പോള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന, ഭക്ഷണത്തിലും വസ്ത്രത്തിലും കൈകടത്തുന്ന സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്താണോ അതേ രൂപത്തില്‍ സാംസ്‌കാരിക അധിനിവേശം തന്നെയായിരുന്നു നായനാര്‍ സര്‍ക്കാറിന്റെയും ഇംഗിതം. ധാര്‍മികതയും സനാതനമൂല്ല്യവും ഉള്‍ചേര്‍ന്ന അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ തുടച്ചു നീക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെയാണ് അന്നു ചെറുത്തു തോല്‍പ്പിച്ചത്. അധിനിവേശ ശക്തികളോട് നാലു നൂറ്റാണ്ടോളം പൊരുതി നിന്ന് പിന്നോക്കത്തിന്റെ കാവടിയേന്തപ്പെട്ട ഒരു ജനപഥം സാസ്‌കാരിക സംരക്ഷണ കവചമായി ഇംഗ്ലീഷിനെക്കാള്‍ പ്രാധാന്യത്തോടെ കണ്ട ഭാഷയാണ് അറബി; വിശ്വാസത്തിന്റെ കൂടി ഭാഗം.
ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പുറമെ, ബ്രിട്ടീഷ് ഭരണകാലത്തു തന്നെ മലബാറിലും രാജവാഴ്ചയില്‍ തിരുവിതാംകൂറിലുമുണ്ടായിരുന്ന നാമമാത്രമായ അറബി ഭാഷാപഠനത്തെ ഭദ്രമായ അടിത്തറയില്‍ ചിട്ടപ്പെടുത്തിയത് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായതോടെയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്നവരെ വിരട്ടാനുള്ള ഒറ്റമൂലിയായിരുന്നു ഭാഷാവിരുദ്ധത. അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ പ്രോത്സാഹനം നല്‍കി ആഗോള-ദേശീയ സമൂഹവുമായി കൂട്ടിയോജിപ്പിക്കാന്‍ സി.എച്ച് മുഹമ്മദ് കോയയും പിന്‍ഗാമികളും വ്യവസ്ഥാപിതമായ ശ്രമങ്ങളാണ് നടത്തിയത്. ഗള്‍ഫിന്റെ കവാടം കേരളത്തിലേക്ക് തുറക്കപ്പെട്ടതോടെ ഇതര സമുദായങ്ങളില്‍നിന്നുള്ളവരും അറബി പഠനം ഇഷ്ടപ്പെട്ടു. എന്നാല്‍, മത ദര്‍ശനങ്ങളുടെ പിന്‍ബലമുള്ള അറബി-ഉര്‍ദു-സംസ്‌കൃതം ഭാഷകകളെ മതവിരുദ്ധ പ്രത്യയശാസ്ത്രം അടി സ്ഥാന പ്രമാണമായ കമ്മ്യൂണിസം ഭയപ്പെട്ടു. ഈ ഭാഷകളുടെ പഠനം വിദ്യാഭ്യാസ രംഗത്തെ നിരീശ്വര വത്കരണത്തിനു പ്രതിബന്ധമെന്നുകണ്ട സി.പി.എം നേതൃത്വം ഭരണയന്ത്രമുപയോഗിച്ചു നടപടികളാരംഭിച്ചു. അതിനു രാഗിമിനുക്കിയ കമ്മ്യൂണിസ്റ്റ് കൗശലമായിരുന്നു പ്രൈമറി വിദ്യാലയങ്ങളില്‍ മാതൃഭാഷ മാത്രം മതി എന്ന ഭാഷാബോധന നയം. തൊട്ടുപിറകെ അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍ എന്നീ കരിനിയമങ്ങള്‍കൂടി വന്നതോടെ സമരമല്ലാതെ പോംവഴിയില്ലെന്നായി.
അറബിഉള്‍പ്പെടെയുളള ആയിരക്കണക്കിനു ഭാഷാ അധ്യാപകരുടെയും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെയും ഭാവി അവതാളത്തിലാക്കുന്നതായിരുന്നു മൂന്നു കരിനിയമങ്ങളും. ജനലക്ഷങ്ങള്‍ക്ക് ഉപജീവനത്തിന്റെ വാതില്‍തുറക്കുന്ന ധാര്‍മിക ബോധം സൃഷിടിക്കുന്ന ഭാഷകളെ തകര്‍ക്കുന്നതിരെ മുസ്ലിംലീഗ് നേതൃത്വം രംഗത്തുവന്നു. മുസ്ലിം യൂത്ത്ലീഗും എം.എസ്.എഫും കെ.എ.ടി.എഫുമെല്ലാം സമരരംഗത്തിറങ്ങി. സെക്രട്ടേറിയറ്റിന് മുമ്പില്‍ അറബി അധ്യാപകരുടെ സമരം ഉദ്ഘാടനം ചെയ്ത്, സി.എച്ച് മുഹമ്മദ് കോയ സാഹിബ്; ‘ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന്’ പ്രഖ്യാപിച്ചതോടെ ഗതിതന്നെ മാറി. 1980 ജൂലൈ 30 (റമസാന്‍ 17)നു മുസ്‌ലിം യൂത്ത് ലീഗ് കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചു. സമാധാനപരമായി നടന്ന മാര്‍ച്ചുകള്‍ക്ക് നേരെ ഭരണകൂടം അതിക്രമത്തിനാണ് എല്ലായിടത്തും ശ്രമിച്ചത്. മലപ്പുറത്ത് മാത്രമല്ല, കോഴിക്കോട്ടും പാലക്കാട്ടുമെല്ലാം പൊലീസിനെ കയറൂരിവിട്ട് യൂത്ത് ലീഗ് സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചത്. മലപ്പുറത്ത് അകാരണമായി ഒരു മുന്നറിയിപ്പുമില്ലാതെ നടത്തിയ വെടിവെപ്പിലാണ് മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചത്. ഭയപ്പെട്ട് പിന്‍മാറുമെന്നായിരിക്കാം നായനാര്‍ സര്‍ക്കാര്‍ കരുതിയത്.
എന്നാല്‍, പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനായിരുന്നു മുസ്‌ലിംലീഗ് തീരുമാനം. കരിനിയമങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ നായനാര്‍ സര്‍ക്കാരിന് മുട്ടുവിറച്ചു. തുടര്‍ന്ന് ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കരിനിയമങ്ങള്‍ അറബിക്കടലിലെറിയേണ്ടിവന്നു. ആവശ്യങ്ങള്‍ നേടിയെടുത്തത്തില്‍ മാത്രമല്ല, ഫോളോഅപ്പിലും സമ്പൂര്‍ണ്ണ വിജയം നേടി എന്നതാണ് ഭാഷാ സമരത്തെ വേറിട്ടു നിര്‍ത്തുന്നത്. പ്രാഥമിക വിദ്യാലയം മുതല്‍ സര്‍വകലാശാലകള്‍ വരെ എണ്ണമറ്റ സ്ഥാപനങ്ങളാലും പരലക്ഷം വിദ്യാര്‍ഥികളാലും അറബി ഭാഷാ പഠനം കേരളത്തിന്റെ സംസ്‌കാര മുദ്രയാണിന്ന്. അറബി നാട്ടില്‍ നിന്നയക്കുന്ന പണം കൊണ്ട് കഞ്ഞികുടിക്കുന്ന നാടാണിത്. ഉര്‍ദു സംസാരിക്കുന്നവര്‍ അനവധി ജോലിചെയ്യുന്നിടം. സംസ്‌കൃതത്തിന് ലോകത്താദ്യമായി ഒരു സര്‍വകലാശാല സ്ഥാപിച്ച് സി.എച്ചിന്റെ പിന്‍മുറക്കാര്‍ ഭാഷാ സമരത്തിന്റെ ലക്ഷ്യത്തോട് എല്ലാ നിലക്കും കൂറ് പുലര്‍ത്തി. സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കേണ്ടിവന്ന ഏക സമരമായി ജ്വലിക്കുന്ന ഭാഷാ സമരം ബദര്‍ പോലെ വിളക്കുമാടമായി വഴിനടത്തുന്നു.