ഓര്‍മയുടെ ഓട്ടുരുളിയില്‍ പോയ കാലത്തിന്റെ വര്‍ണപ്പൂക്കള്‍ നിറച്ച് ഒരിക്കല്‍കൂടി വിഷു പടികടന്നെത്തിയിരിക്കുന്നു. സ്വപ്‌നങ്ങള്‍ നെയ്ത് നാളെകളെ കാത്തിരിക്കുന്ന മലയാളിയുടെ നെഞ്ചകത്ത് ഗൃഹാതുരതയുടെ കൊന്നകള്‍ ഇന്നും വാടാതെ അവശേഷിക്കുന്നുണ്ട്. കോവിഡ് മഹാമാരിയില്‍ വരണ്ടുണങ്ങിയ ജീവിതം കിളിര്‍ത്തു തുടങ്ങുമ്പോള്‍ നന്മയുടെ വിളനിലങ്ങള്‍ പൂത്തുലയുമെന്ന് പ്രതീക്ഷിക്കാം. നാളെയിലേക്ക് വിത്തെറിഞ്ഞ് പുതിയ സംക്രാന്തിയിലേക്ക് കണ്ണു നട്ടിരിക്കുമ്പോഴും നിലവറകള്‍ ശൂന്യമാകുന്നത് മലയാളി അറിയുന്നുണ്ട്. ഇന്നലെ വിഷുപ്പാട്ട് പാടിയ കിളി നമ്മെ വിട്ട് പറന്നുപോയിട്ട് കാലങ്ങളേറെയായി. ഓര്‍ക്കാതെ പെയ്ത മഴയില്‍ കൊഴിഞ്ഞുപോയ കണിക്കൊന്നയാണ് ഈ വര്‍ഷത്തെ വിഷു. വിത്തും കൈക്കോടും ഉപേക്ഷിച്ച് കാര്‍ഷിക സമൃദ്ധിയുടെ പൊന്‍ കിനാക്കളില്‍ ഉറങ്ങുന്ന നാം ഓരോ വര്‍ഷവും പ്രതീക്ഷയുടെ വിഷുക്കണിക്കുവേണ്ടി മാത്രമാണ് ഉണരുന്നത്.
കാര്‍ഷിക ജീവിതശൈലിയെ വിഷു അടയാളപ്പെടുത്തുന്നുണ്ട്. പക്ഷേ, കണിയൊരുക്കാന്‍ അയല്‍ സംസ്ഥാനക്കാരനെ കടം കൊള്ളാനാണ് കേരളത്തിന്റെ വിധി. കൊന്നപ്പൂക്കള്‍ മാത്രമല്ല, നെല്ലും കണിവെള്ളരിയും കിട്ടാക്കനിയാണ്. പരിഷ്‌കാരത്തെ എത്തിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ കൃഷിയും കൃഷിക്കാരനും പരിചയപ്പെടുത്തലുകള്‍ ആവശ്യമായ പ്രതീകങ്ങളായി മാറിയിട്ടുണ്ട്. വിഷുവിന്റെ ലാവണ്യം പുഞ്ചിരിച്ചു നില്‍ക്കുമ്പോഴും പാടത്ത് വിയര്‍ക്കുന്നവന്ന് ദുര്‍ഗതിയുടെ കാലമാണിത്. പ്രകൃതിയുടെ ചാഞ്ചാട്ടം അവനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കാര്‍ഷിക വൃത്തിയുടെ ഭാഗമായി ജലസേചനം ആവശ്യമാകുമ്പോള്‍ കടുത്ത വേനല്‍. വെയില്‍ വേണ്ടപ്പോള്‍ കനത്ത മഴ. ഇതാണ് ഏതാനും വര്‍ഷങ്ങളായി കേരളത്തിനുവേണ്ടി കാലാവസ്ഥ ഒരുക്കുന്ന പാഠം. അതോടെ കൃഷിക്കാരന്റെ പാടത്തേക്കുള്ള നടത്തം വെറുതെയായി. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ കൂടിയാകുമ്പോള്‍ ദുരിതം പൂര്‍ണമാകുന്നു. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാമാത്മാ ഗാന്ധി സ്വാഭാവികമായും മുന്നില്‍ കണ്ടത് കര്‍ഷക സമൂഹത്തെയാണ്. ബിഹാറിലെ നീലം കര്‍ഷകരെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ അവരോടൊപ്പം നിന്ന് സമരം ചെയ്യാന്‍ ഗാന്ധിജി തയാറായി. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇത്തരം പാഠങ്ങള്‍ക്കുവേണ്ടി എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. ചിലപ്പോള്‍ കാത്തിരിപ്പു മാത്രം ബാക്കിയാകാം. കര്‍ഷകരുടെ ഐതിഹാസിക സമരം ഇന്ത്യയെ ഞെട്ടിച്ച് കടന്നുപോയിട്ട് ഏറെയായിട്ടില്ല. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ബാക്കി കിടക്കുന്നു.
കേരളത്തിന്റെ മനസ്സില്‍ കൃഷിയുടെ നനവ് വറ്റിത്തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ല. അതോടൊപ്പം കര്‍ഷകനെ വയലുകള്‍ ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിക്കും വിധം ചൂടുപിടിക്കുകയാണ് സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥകള്‍. പാടങ്ങള്‍ നിരത്തി മണിമാളികകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പണിതുകൊണ്ടിരിക്കുന്നു. തോട്ടങ്ങള്‍ കടപുഴക്കി കെ റെയില്‍ ഒരുക്കുന്ന സര്‍ക്കാര്‍ കര്‍ഷകനെയല്ല നോക്കുന്നതെന്ന് ഉറപ്പാണ്. ഒരു കൃഷിക്കാരനായ മലയാളി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നിരന്തര യാത്രകള്‍ നടത്തുന്നവനല്ല. നിത്യചെലവിന് ഉപ്പും മുളകുമാണ് അവന് ആവശ്യം. അതിന് അടുത്ത പീടിക വരെ മാത്രമേ അവന് നടക്കേണ്ടതുള്ളൂ. മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തേക്ക് ഓടിയെത്താന്‍ സില്‍വര്‍ ലൈന്‍ ഒരുക്കുന്ന സര്‍ക്കാര്‍ നാളത്തെ കേരളം കോര്‍പറേറ്റുകളുടേത് ആകണമെന്ന് സ്വപ്‌നം കാണുന്നു.
കൃഷി ഭൂമികളിള്‍ കോണ്‍ക്രീറ്റു കാടുകള്‍ വിളയിക്കുന്ന സര്‍ക്കാര്‍ കര്‍ഷകനെ ശല്യമായാണ് കാണുന്നത്. അവന്റെ വിലാപങ്ങള്‍ അധികാരികളുടെ കണ്ണു തുറപ്പിക്കുന്നില്ല. അവനെ തല്ലിച്ചതക്കാനും നിശബ്ദനാക്കാനും അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ പാടങ്ങള്‍ കരിഞ്ഞുണങ്ങുകയും സര്‍ക്കാര്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയും ചെയ്യുമ്പോഴാണ് കര്‍ഷക സമൂഹം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുപോകുന്നത്. ആഘോഷങ്ങള്‍ വാണിജ്യവത്കരിച്ചതോടൊപ്പം രാഷ്ട്രീയവത്കരിക്കാനും തുടങ്ങിയിട്ടുണ്ട്. വിഷുക്കൈനീട്ടം നല്‍കി കാലു പിടിപ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ വിഷുവിനെ രാഷ്ട്രീയ വിപണിയാക്കി ജനങ്ങളെ വഞ്ചിക്കുന്ന കാഴ്ചക്കും കേരളം സാക്ഷിയായി.
സൗഹൃദത്തിന്റെ കണിയൊരുക്കിയാണ്് ഇത്തവണ വിഷു എത്തിയിരിക്കുന്നത്. വിശുദ്ധ റമസാനും ഈസ്റ്ററിന് മുമ്പുള്ള വിശുദ്ധ ദിവസങ്ങളും. സ്‌നേഹത്തിന്റെ നിറവിളക്ക് പ്രകാശിക്കുകയായി. മതത്തിന്റെ പേരില്‍ പരസ്പരം തല്ലി മരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ ഈ വിശുദ്ധ ദിനങ്ങള്‍ പ്രചോദനമാകേണ്ടതുണ്ട്. സമാധാനവും സൗഹൃദവും കളിയാടുന്ന ഇന്ത്യയെ കണികണ്ടുണരാന്‍ കഴിയുന്നതാവട്ടെ ഇനിയുള്ള നാളുകള്‍.