Connect with us

kerala

ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; സ്വിഫ്റ്റ് സര്‍വീസിന് ഇന്ന് തുടക്കം

കരിദിനം ആചരിക്കുമെന്ന് യൂണിയനുകള്‍

Published

on

തിരുവനന്തപുരം: വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. എല്ലാ മാസവും 5-ാം തീയതിക്കകം മുടങ്ങാതെ ശമ്പളം നല്‍കുമെന്ന് ഇക്കഴിഞ്ഞ ജനുവരി 13 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗതാഗതമന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചിരുന്നു.

ഈ മാസം പത്തുദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബജറ്റില്‍ അനുവദിച്ച 1000 കോടി സമയത്തു നല്‍കാതെ പതിവായി മുടക്കുകയാണെന്നും ആരോപണമുണ്ട്. സര്‍ക്കാരില്‍ നിന്ന് ശമ്പളത്തിനായുള്ള തുക വാങ്ങിയെടുക്കുന്നതില്‍ മാനേജ്‌മെന്റിന് ജാഗ്രതക്കുറവെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആരോപിച്ചു.സമരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കരുമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. മാനേജ്‌മെന്റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് കമ്പനിയോടാണ് താത്പര്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആക്ഷേപിച്ചു.

കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ കൊണ്ടുവന്ന സ്വിഫ്റ്റുമായി ഒരു സഹകരണത്തിനുമില്ലെന്ന നിലപാടിലാണ് ടി.ഡി.എഫും, ബി.എം.എസും. മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്കായി ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് ബസുകള്‍ വാങ്ങിയത്. ചുരുക്കത്തില്‍ സ്വിഫ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി തഴയപ്പെടുകയും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ഉറപ്പായി. പുതിയ കമ്പനിയിലേക്ക് നൂറു കണക്കിന് പാര്‍ട്ടിക്കാരെയാണ് പുറം വാതിലിലൂടെ നിയമിക്കുന്നത്. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തഴയുകയാണെന്നും ആക്ഷേപമുണ്ട്.

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസായ തിരുവനന്തപുരം-ബെംഗളൂരു ബസ് സര്‍വീസിനാണ് ഇന്ന് തുടക്കം. തലസ്ഥാനത്ത് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസിന് ഫ്ളാഗ് ഓഫ് ചെയ്യും.

വഞ്ചനാദിനമായി ആചരിക്കും-കെ.എസ്.ടി.ഇ.ഒ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചും കെഎസ്.ആര്‍.ടിസിയുടെ അന്തകനായ സ്വിഫ്റ്റ് സര്‍വ്വീസ് തുടക്കം കുറിക്കുന്നത് കൊണ്ടും പ്രതിഷേധ സൂചകമായി ഇന്ന് കെഎസ്ടിഇഒ (എസ്ടിയു) വഞ്ചനാദിനമായി ആചരിക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നഷ്ടക്കണക്കുകള്‍ തൊഴിലാളികളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന ഗതാഗത മന്ത്രി രാജിവെക്കണമെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം: മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു. ‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

Published

on

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/11/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

27/11/2024 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
28/11/2024 : എറണാകുളം

എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ശബരിമലയിൽ ഇന്ന് നേരിയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവിൽ മേഘാവൃതമായിരിക്കും. ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ (മണിക്കൂറിൽ 1 സെ.മീ വരെ) ആയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ 1 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.

 

Continue Reading

Trending