Connect with us

Food

ഗര്‍ഭിണികളും റമസാന്‍ വ്രതവും-ഡോ. റഷീദ ബീഗം

നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല.

Published

on

ഡോ. റഷീദ ബീഗം,സീനിയര്‍ കണ്‍സട്ടന്റ് & ഹെഡ്.
Obstetrics & Gynaecology Aster MIMS, Calicut.

വീണ്ടും ഒരു പുണ്യമാസം കൂടി പിറക്കുകയായി. ലോകമെങ്ങുമുള്ള ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധിയുടേയും വിശ്വാസത്തിന്റെയും മാസമാണിത്. മനസ്സും ശരീരവും ഒന്നുപോലെ വിശുദ്ധമാക്കുന്ന ഉപവാസമാണ് റമസാന്‍ മാസത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ റമസാന്‍ മാസത്തിലെ വ്രതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഗര്‍ഭിണികളായവരെ സംബന്ധിച്ച് ഇത് ആശങ്കയുടേയും ആകുലതകളുടേയും സംശയങ്ങളുടേയും കൂടി കാലമാണ്. നിരവധിയായ സംശയങ്ങളുമായി അനേകം ഗര്‍ഭിണികള്‍ ദിവസേന വിളിക്കുകയോ ഒ പി യില്‍ സന്ദര്‍ശിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.

നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. ഗര്‍ഭിണിയുടെ ആരോഗ്യം, ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണ്ണത, ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള ആരോഗ്യം തുടങ്ങിയ അനേകം കാര്യങ്ങളെ പരിഗണിച്ചാണ് നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയുള്ളൂ.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപവസിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ സ്വയമുണ്ടെങ്കില്‍ പിന്നെ ഉപവാസം സ്വീകരിക്കാതിരിക്കുക തന്നെയാണ് നല്ലത്. വ്രതം അനുഷ്ഠിക്കാന്‍ ആരോഗ്യം അനുവദിക്കും എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം തേടണം. പ്രമേഹം, വിളര്‍ച്ച മുതലായവ ഉള്ളവര്‍ നോമ്പെടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഉപവാസമെടുക്കുന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിര്‍ബന്ധമായും പിന്‍തുടരണം. സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കമം.

ജോലി ചെയ്യുന്നവര്‍ റമസാന്‍ കാലത്ത് ജോലി സമയം കുറയ്ക്കുകയോ, അധിക ഇടവേളകള്‍ എടുക്കുകയോ വേണം. ഭക്ഷണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വേണമെങ്കില്‍ ഡയറ്റീഷ്യനെ കൂടി സമീപിക്കാവുന്നതാണ്. മധുരം അമിതമായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ്മീറ്റ്, പൊരിച്ചതും വറുത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കോളകള്‍ മുതലായവ ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ആവശ്യമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് ഗര്‍ഭകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്നാണ്. ആവശ്യത്തിന് ശരീരഭാരമില്ലെന്ന് തോന്നിയാലോ, ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാലോ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക.

അമിതദാഹം, മൂത്രം കുറച്ച് മാത്രം ഒഴിക്കുക, മൂത്രത്തിന്റെ കടുത്ത നിറത്തില്‍ കാണപ്പെടുക, ശക്തമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മൂത്രാശയത്തിലെ അണുബാധ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.

തലവേദന, മറ്റ് ശരീരവേദനകള്‍, പനി മുതലായവ ശ്രദ്ധയില്‍ പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഛര്‍ദ്ദി, ഓക്കാനം മുതലായവ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ ഡോക്ടറെ കാണുകയും ചെയ്യണം.

അവസാന മാസങ്ങളിലെത്തിയവര്‍ക്ക് കുഞ്ഞിന്റെ ചലനസംബന്ധമായ വ്യതിയാനങ്ങളോ ചലിക്കാതിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം.

അവസാന മാസത്തിലെത്തിയവര്‍ക്ക് ശക്തമായ വേദന, വെള്ളപ്പോക്ക് പോലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രസവത്തിന്റേതാവാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കാതെ ആശുപത്രിയിലെത്തണം.

അമിതമായ ക്ഷീണം, അവശത മുതലായവ അനുഭവപ്പെട്ടാല്‍ വ്രതം മുറിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. എന്നിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കണം.

ഗര്‍ഭിണികള്‍ വ്രതം മുറിക്കേണ്ടതെങ്ങിനെ?

ഊര്‍ജ്ജം സാവധാനം പുറത്ത് വിടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് വ്രതം മുറിക്കുന്ന സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടത്. പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫൈബര്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇവ മലബന്ധം തടയാനും സഹായകരമാകും.

മധുരം അമിതമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹനില അമിതമായി വര്‍ദ്ധിക്കുവാനും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുവാനും ഇടയാക്കും.

ചുവന്ന മാംസം (മട്ടണ്‍, ബീഫ്) ഒഴിവാക്കുക. ബീന്‍സ്, പരിപ്പ്, നന്നായി വേവിച്ച മാംസം (ചുവന്ന മാംസം ഒഴികെ), മുട്ട എന്നിവ ആവശ്യത്തിന് ഉപയോഗിക്കാ. ഇവയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Food

മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

Published

on

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയി​ലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.

ഉത്തരാഖണ്ഡ്, ​ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു ​സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Continue Reading

Food

മഹാരാഷ്ട്രയിൽ കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണെന്ന് അധികൃതർ

Published

on

അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്‌ലി ജില്ലയിലാണ് സംഭവം. പലൂസ് സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ച ഭക്ഷണപ്പായ്ക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ആനന്ദി ഭോസലെ അറിയിച്ചു.

ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പാലൂസിലെ അങ്കണവാടിയിലും ഭക്ഷണപ്പായ്ക്കറ്റ് വിതരണം ചെയ്തിരുന്നു. ഇവിടെ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പായ്ക്കറ്റിൽ പാമ്പിനെ കണ്ടയുടൻ ദമ്പതികൾ ഫോട്ടോ എടുത്ത് അങ്കണവാടി ജീവനക്കാരിക്ക് അയച്ചു. തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണ് എന്നത് കൊണ്ടു തന്നെ വീഴ്ച പറ്റിയത് ഇയാളുടെ ഭാഗത്ത് നിന്നാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കരാറുകാരനെ കുറിച്ച് നേരത്തേ പരാതികൾ ലഭിച്ചിട്ടുള്ളതായി സാംഗ്‌ലി പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവ് വ്യക്തമാക്കുന്നുമുണ്ട്.

ദമ്പതികളല്ലാതെ മറ്റാരും പാമ്പിനെ കണ്ടിട്ടില്ല എന്നതിനാൽ ദമ്പതികൾ അയച്ച ഫോട്ടോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പായ്ക്കറ്റിലെ ഭക്ഷണത്തിന്റെ സാംപിളുകൾ ഫൂഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ശേഖരിക്കുകയും ചെയ്തു.

വിഷയം നിയമസഭയിൽ ഉന്നയിച്ച പാലൂസ് എംഎൽഎ വിശ്വജീത് കദം ഗുരുതര വീഴ്ച എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. വീഴ്ച വരുത്തിയവർക്കെതിരെ ഗുരുതര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending