റസാഖ് ആദൃശ്ശേരി
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സ്വകാര്യ ഭൂമിയില്‍ ഉടമസ്ഥരുടെ അനുവാദം കൂടാതെ, പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ഏതുവിധേനയും പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനു സര്‍ക്കാരിനുള്ള പ്രചോദനം ഹൈക്കോടതി വിധിയാണത്രെ! സ്വകാര്യ ഭൂമിയില്‍ കല്ലിടുന്നതു വിലക്കികൊണ്ടു ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ പ്രസ്തുത വിധി റദ്ദാക്കികൊണ്ടു ഡിവിഷന് ബെഞ്ച് കല്ലിടല്‍ നടപടിക്ക് അനുവാദം നല്കി. നിലവിലുള്ള സര്‍വേ ആന്റ് ബൗണ്ടറീസ് ആക്ടിന്റെ പിന്‍ബലത്തിലാണ് കല്ലിടുന്നതെന്ന സര്‍ക്കാരിന്റെ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ പദ്ധതിക്ക് നിയമസാധുത ലഭിച്ചുവെന്നാണ് സര്‍ക്കാരിന്റെ വാദം. പിന്നീടങ്ങോട്ട് പാവപ്പെട്ട ജനങ്ങളുടെ എല്ലാ അവകാശങ്ങളെയും ചവിട്ടിമെതിച്ചു കൊണ്ട,് കെറെയിലിനെതിരെയുള്ള എല്ലാ വാദഗതികളെയും അവഗണിച്ചു കൊണ്ട്, ധാര്‍ഷ്ഠ്യത്തോടെ വന്‍ പൊലീസ് സന്നാഹത്തോടുകൂടി പ്രതിഷേധക്കാരെയും എതിര്‍പ്പ് ഉയര്‍ത്തുന്നവരെയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അറസ്റ്റ്ചെയ്തും സര്‍ക്കാര്‍ കേരളത്തെ യുദ്ധക്കളമാക്കി മാറ്റികൊണ്ടിരിക്കുന്നു.
കോടതി വിധിയോടു അടുത്ത കാലത്തായി സി.പി.എമ്മിനു വലിയ മുഹബ്ബത്താണ്. സത്യത്തിന്റെ അവസാനത്തെ വാക്കാണത്രെ കോടതി വിധികള്‍. ഇപ്പോഴാണ് അവര്‍ക്ക് ബൂര്‍ഷ്വാ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ന്യായമുള്ളതായത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിധികള്‍ വരുമ്പോള്‍ ന്യായാധിപന്മാരെ ചീത്ത വിളിച്ച പാരമ്പര്യവും സി.പി.എമ്മിനുള്ളതാണ്. മുമ്പ് ഒരു ജഡ്ജിയെ ‘ശുംഭന്’ എന്നു വിളിച്ചാക്ഷേപിച്ചത് സി.പി.എമ്മിന്റെ ഉന്നതനായ നേതാവായിരുന്നു. ഇപ്പോഴത്തെ കോടതി വിധി തങ്ങളുടെ താല്പര്യത്തിനു അനുയോജ്യമായതിനാലാണ് കോടതിയെ മഹത്വവത്കരിക്കുന്നത്. ഈ വിധിയുടെ മറവില്‍ അധികാരത്തിന്റെ ഹുങ്ക് കാണിക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും അവര്‍ വിജയിക്കാന്‍ പോകുന്നില്ല. കല്ലിടലിനെതിരെയുള്ള ചെറുത്തു നില്പ് ഇന്നു കേരളത്തിന്റെ മുക്കിലും മൂലയിലും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് അഥവാ കെ റെയില്‍ തീര്‍ത്തും സ്വകാര്യ സ്വഭാവമുള്ള കമ്പനിയാണ്. സംസ്ഥാന സര്‍ക്കാറും ഇന്ത്യന്‍ റെയില്‍വെയും ചേര്‍ന്നു രൂപീകരിച്ച കമ്പനിക്ക് സര്‍ക്കാറിന്റെ ‘സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍’ എന്ന പദവി നല്കുകയാണുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ലാത്ത, എന്നാല്‍ സര്‍ക്കാരിന്റെ വകുപ്പുകളുമായി ബന്ധിപ്പിക്കപ്പെട്ടു സര്‍ക്കാരിന്റെതന്നെ അധികാരാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്. സ്വകാര്യ പങ്കാളിത്തം സ്വീകരിക്കാന്‍ അതിനു അധികാരമുണ്ടെങ്കിലും ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മുഴുവനും സര്‍ക്കാരിന്റെ അതായത് ജനങ്ങളുടെ ബാധ്യതയായി മാറും. അവസാനം അത് വന്‍കിട കോര്‍പറേറ്റുകളുടെ കൈകളിലെത്തും.
കേരളം ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും ഭയാനകമായ കുടയിറക്കലിനാണ് കെ റെയില്‍ വഴിതുറക്കാന്‍ പോകുന്നത്. പതിനായിരങ്ങള്‍ സ്വഭവനം നഷ്ടപ്പെട്ട് വഴിയാധാരമാകും. ലക്ഷകണക്കിനു മനുഷ്യര്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടപ്പെടും. 530 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശങ്ങളിലുമായി എല്ലായിടത്തും 30 മീറ്റര്‍ വീതം സ്ഥലം ബഫര്‍ സോണായി മരവിപ്പിക്കപ്പെടുന്നതിനാല് കുടിയിറക്കപ്പെടുന്നവരുടെ തൊട്ടുപിന്നില്‍ ഭൂമിയുള്ള പതിന്മടങ്ങ് ജനങ്ങള്‍ക്കാണ് അവരുടെ ഭൂമിയിലെ സര്‍വ വ്യവഹാരങ്ങളും തടയപ്പെടാന്‍ പോകുന്നത്.
കെ റെയില്‍ നിര്‍മ്മാണത്തിനാവശ്യമായ പാറകള്‍ കണ്ടെത്തുന്നതിനു കേരളത്തിലെ പശ്ചിമഘട്ട മലനിരകളടക്കം തകര്‍ത്തേക്കാം. അത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം പ്രവചനാതീതമാണ്. കേരളത്തിന്റെ പരിപൂര്‍ണ തകര്‍ച്ചക്ക് ഇത് കാരണമാകുമെന്ന് കഴിഞ്ഞ കാലങ്ങളിലുണ്ടായ മഹാപ്രളയങ്ങളെ സാക്ഷിയാക്കി മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നതും കാണാതിരുന്നു കൂടാ. 63940.67 കോടി രൂപ പ്രാഥമിക എസ്റ്റിമേറ്റ് കാണിച്ച പദ്ധതിക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവ് വരും. വിദേശ വായ്പയെടുക്കാതെ ഇതിനു മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ഇത്തരത്തില്‍ പലിശയടക്കം പദ്ധതിക്ക് വേണ്ടി വരുന്ന ഭീമമായ തുകയുടെ തിരിച്ചടവ് കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പണയപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ കെടുതികള്‍ വരും തലമുറ വരെ അനുഭവിക്കേണ്ടിവരും. പദ്ധതി കൊണ്ടു സാധാരണക്കാര്‍ക്ക് വലിയ ഗുണമൊന്നുമില്ല. കാരണം ഇന്ത്യന്‍ റെയില്‍വെയില്‍ നിലവിലുള്ള യാത്രാനിരക്കിനേക്കാള്‍ വളരെ കൂടുതലാണ് കെ റെയില്‍ നിരക്ക്. 1457 രൂപയാണ് കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ നല്‍കേണ്ട മിനിമം ചാര്‍ജ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് വര്‍ധിപ്പിക്കുകയും ചെയ്യും.
കെ റെയില്‍ പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനു പിന്നിലുള്ള ന്യായം ഇനിയും മനസ്സിലാകാത്തത് പാര്‍ട്ടിക്കൂറ് കൊണ്ടു അന്ധരായി പോയ സി.പി.എമ്മുകാര്‍ക്ക് മാത്രമാണ്. പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെടുന്നവരുടെ ജീവിത നഷ്ടങ്ങള്‍, എന്നന്നേക്കുമായി ജീവിതം വഴിമുട്ടുന്ന ബഫര്‍ സോണുകളില്പെട്ടുപോകുന്നവര്, വരും തലമുറയെ വരെ കടക്കെണിയിലാക്കുന്ന വായ്പയെടുക്കല്‍, കേരളത്തെ വാസയോഗ്യമല്ലാതാക്കി മാറ്റുന്ന പരിസ്ഥിതിനാശം, പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായേക്കാവുന്ന സംന്തുലിത ഭൂപ്രകൃതിയുടെ തകര്‍ച്ച മുതലായവയൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. അവര്‍ സ്വപ്നം കാണുന്നത് കിട്ടാന്‍ പോകുന്ന കമ്മീഷന് തുകയുടെ കനം മാത്രം.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധവും ചെറുത്തുനില്‍പ്പും അതിശക്തമായി തുടരേണ്ടതുണ്ട്. തങ്ങളുടെ മുന്‍ തലമുറകളുടെ അധ്വാനഫലം സംരക്ഷിക്കാനും ഭാവിതലമുറയുടെ നിലനില്‍പ്പിനും വേണ്ടിയാണത്. ‘ഊതി വീര്‍പ്പിച്ച സമരം, ദുര്‍ബല പ്രതിഷേധം’ എന്നൊക്കെയാണ് സി.പി.എം സംസ്ഥാന സമ്മേളനം ഈ സമരത്തെ വിശേഷിപ്പിച്ചത്. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. കെ റെയില്‍ വിരുദ്ധ സമരത്തെ നേരിടാന്‍, ഒരു ചെറിയ ഗ്രാമത്തില്‍ കല്ലിടാന്‍ എന്തിനാണ് ഇത്ര വലിയ പൊലീസ് നിര? പക്ഷേ, പൊലീസിനെകണ്ടു ഭയന്നോടുന്ന സമരക്കാരെയല്ല കാണുന്നത്. സ്വന്തം കിടപ്പാടത്തിനു മുകളില്‍ അധികാരത്തിന്റെ, അഹന്തതയുടെ കല്ലടയാളം സ്ഥാപിക്കാന്‍ വരുമ്പോള്‍ നിര്‍ഭയമായി നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്ന വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടക്കമുള്ളവര്‍ നല്കുന്ന സൂചന പിണറായി സര്‍ക്കാരിനു പദ്ധതി നടപ്പിലാക്കല്‍ അത്ര എളുപ്പമാവില്ലെന്നാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം സമരമല്ലയിത്. കേരളത്തിന്റെ ഭാവിയെ ഓര്‍ത്ത് നേരിന്റെ പക്ഷത്ത് അണിനിരന്നവരുടെ സമരമാണിത്. കേരളത്തെ സ്വച്ഛന്ദമായ, മനുഷ്യവാസയോഗ്യമായ ഇടമാക്കി നിലനിറുത്തണമെന്നുള്ള ഓരോ കേരളീയന്റെയും അഭിലാഷത്തിന്റെ പ്രതിഫലനമാണത്.