എം.ഡി. നാനാക്കല്‍
ഇന്ത്യയിലും വിദേശങ്ങളിലുമായി ലക്ഷക്കണക്കിന് മുരീദന്മാരുള്ള (അനുയായികളുള്ള ) ആത്മീയ ഗുരുവാണ് സില്‍സില നൂരിയ്യ ജാനഷീനും മജ്ലിസുല്‍ ഉലമാ ഹിന്ദ് അഖിലേന്ത്യാ പ്രസിഡണ്ടുമായ ഹൈദരബാദിലെ സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ആത്മീയ പരിഷ്കര്‍ത്താവ് ‘സയ്യിദ് അഹമദ് മുഹ് യിദ്ദീന്‍ നൂരിഷാ ജീലാനി തങ്ങളുടെ ചിശ്തി ഖാദിരി ത്വരീഖത്തിന്റെ (സില്‍സില നൂരിയ്യ) പിന്‍ഗാമിയായി ആത്മീയ മേഖലയില്‍ പ്രശോഭിച്ച സയ്യിദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍ കേരളക്കാര്‍ക്ക് സുപരിചിതനാണ്. സില്‍സില നൂരിയ്യ കേരളയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആത്മീയ തര്‍ബിയത്ത് ക്യാമ്പിലും പൊതുസമ്മേളനങ്ങളിലും മുഖ്യ പ്രഭാഷകനും മുഖ്യ ആകര്‍ഷണ കേന്ദ്രവും അദ്ദേഹം തന്നെയായിരുന്നു.
ഗൗസുല്‍ അഹഌ മുഹ് യിദ്ദീന്‍ ശൈഖ് (റ)ന്റെ ഇരുപത്തൊന്നാമത് പൗത്രന് സയ്യിദ് അഹമദ് മുഹ് യിദ്ദീന്‍ നൂരിഷാ ജീലാനി തങ്ങളുടെ (ഹൈദരബാദ്) സീമന്തപുത്രനായ മഹാനവര്കള് 1937ല്‍ ഹൈദരബാദില്‍ ജനിച്ചു. ഹൈദരബാദിലെ പ്രമുഖ പണ്ഡിതരുടെ കീഴില്‍ മത ഭൗതിക പ്രാരംഭ പഠനം പൂര്‍ത്തിയാക്കി. ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഹൈദരബാദിലെ വിഖ്യാത മത കലാലയമായ ജാമിഅ: നിസാമിയയിലെ പ്രിന്‍സിപ്പലുമായിരുന്ന മൌലാന ത്വാഹിര്‍ റിസ് വി ആയിരുന്നു ഗുരുനാഥന്. എന്നാല്‍ ആത്മീയ ശിക്ഷണം ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും മഅരിഫത്തിന്റെയും വിജ്ഞാന സാഗരമായിരുന്ന സ്വന്തം പിതാവില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്.
1990 നവംബര്‍ 3ന് സയ്യിദ് നൂരിഷാ തങ്ങളുടെ നിര്യാണ ശേഷം അദ്ദേഹത്തിന്റെ സ്ഥാനീയന് എന്ന നിലയില്‍ സില്‍സില നൂരിയ്യ എന്ന ആത്മീയ പ്രസ്ഥാനത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും വ്യാപിപ്പിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളും, ആയിരക്കണക്കിന് ദിക്റ് ഹല്‍ഖകളും, നൂറ് കണക്കിന് ഖാന് ഖാഹുകളും സ്ഥാപിതമായിട്ടുണ്ട്. ജീവിതത്തിന്റെ സിംഹഭാഗവും വരുമാനം മുഴുക്കെയും ദീനീ പ്രബോധനത്തിന്നും ദീനീ ഖിദ്മത്തിനുമായി നീക്കിവെച്ച ആത്മീയ ഗുരുവര്യനായിരുന്നു സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍.
ആത്മീയതയിലൂന്നിയ പ്രബോധന പ്രവൃത്തനങ്ങളുടെ ചുവടൊപ്പിച്ച് മതഭൗതിക സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്. മഹാനായ നൂറുല്‍ മശാഇഖ് സയ്യിദ് നൂരിഷാ തങ്ങള്‍ നട്ടുവളര്‍ത്തിയ നൂരിയ്യ അറബിക് കോളേജിന്റെ കറസ്പോണ്ടന്റാണദ്ദേഹം. അദ്ദേഹം സ്വന്തം നിലയില്‍ ജാമിഅ: ആരിഫിയ്യ നൂരിയ്യ എന്ന സ്ഥാപനവും ഹൈദരബാദില്‍ പടുത്തുയര്‍ത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെയും കുട്ടികളുടെയും അക്കമഡേഷന്‍, ഭക്ഷണം എന്നിവ സൗജന്യമാണ്. കുട്ടികള്‍ക്ക് അവരുടെ അനാമത്ത് ചെലവിലേക്കായി മാസാന്ത സ്റ്റൈപന്റും നല്‍കുന്നുണ്ട്.
ആതുര ശുശ്രൂഷാ രംഗത്ത് ചൂഷണമുക്തമായ ചികിത്സാരീതി നടപ്പാക്കിയ മഹാനാണ് ആരിഫുദീന്ജീലാനി തങ്ങള്‍. അദ്ദേഹം സ്ഥാപിച്ച അല്‍ആരിഫ് ജനറല്‍ ഹോസ്പിറ്റലില്‍ കുറഞ്ഞ നിരക്കില്‍ അലോപതി, യൂനാനി ചികിത്സ ലഭിക്കുന്നു. അതോടൊപ്പം സര്‍ക്കാര്‍ അംഗീകാരത്തോടെ നൂറ് പഠിതാക്കളെ പ്രവേശിപ്പിക്കാവുന്ന അല്‍ആരിഫ് യൂനാനി മെഡിക്കല്‍ കോളേജും സ്ഥാപിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ മെഡിക്കല്‍ കോളേജിലേക്കുള്ള അഡ്മിഷന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുരീദന്‍ മാര്‍ക്ക് (അനുയായികള്‍ക്ക് ) ആത്മീയ പഠനവും പരിശീലനവും നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ0നം ആവശ്യമുള്ളവര്‍ക്ക് കാലപരിഗണന കൂടാതെ എപ്പോഴും അദ്ദേഹത്തിന്റെ ഖാന് ഖാഹിലെത്താം. വരുന്നവര്‍ കുടുംബസമേതം വന്ന് ആത്മീയവിദ്യയും ഹൃദയവിശുദ്ധിയും കരസ്ഥമാക്കണമെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം. അവര്‍ക്കുള്ള താമസം, ഭക്ഷണം, പഠനം, പരിശീലനം എന്നിവയൊക്കെ സൗജന്യമാണ്. ഈ ആവശ്യാര്‍ത്ഥം അല്‍ആരിഫ് ഖാന് ഖാഹ് എന്ന പേരില്‍ വിശാലമായ കെട്ടിട സമുച്ചയം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. അറിവാണ് ഇസ് ലാമിന്റെ ജീവന്. ഉലൂഹിയ്യത്തിന്റെ (ദൈവിക സത്തയുടെ ) അറിവ് എങ്ങനെയെങ്കിലും ജനങ്ങളിലെത്തിച്ച് അവരെ മുതശരീങ്ങളും മുവഹ്ഹിദീങ്ങളുമായി മാറ്റിയെടുക്കുവാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായിരുന്നു.
അനിതരസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായ സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങളെ നിരവധി പദവികള്‍ തേടിയെത്തിയിട്ടുണ്ട്. മജ്ലിസുല്‍ ഉലമാ അഹ് ലുസ്സുന്നത്തി വല്‍ ജമാഅ: അഖിലേന്ത്യാ പ്രസിഡണ്ട്, വേള്‍ഡ് ജംഇയ്യത്തുല്‍ മശാഇ ഖീന് പ്രസിഡണ്ട്, ഖുതുബുല്‍ മശാഇഖ് എന്നീ പദവികള്‍ വഹിച്ചിരുന്നു. എല്ലാവര്‍ഷവും ഹജ്ജ് കര്‍മത്തിന്നും ഉംറക്കും പോകുന്ന അദ്ദേഹം അല്‍ആരിഫ് ഹജ്ജ് അസോസിയേഷന്റെ ചീഫ് അമീര്‍ കൂടിയായിരുന്നു.
1955 ല്‍ തലശ്ശേരിയില്‍ നടന്ന അഖിലേന്ത്യാ ത്വരീഖത്ത് കോണ്‍ഫറന്‍സില്‍ സംബന്ധിക്കു വാനാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മരണം വരെ കേരളവുമായും കേരളക്കാരുമായും അഭേദ്യബസം പുലര്‍ത്തിയ ആത്മീയ ഗുരുവാണ് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍.