കേരളത്തില്‍ അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് അരനൂറ്റാണ്ടായി. ഇന്ത്യയിലേയും കേരളത്തിലേയും വലിയ വിഭാഗം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്. അവര്‍ അയയ്ക്കുന്ന പണമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും കേരള സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറ. പ്രവാസികള്‍ 18 ദശലക്ഷം പേര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ പ്രതിവര്‍ഷം രാജ്യത്തേക്ക് അയക്കുന്നത് 87 ബില്യണ്‍ യു.എസ് ഡോളറാണ്. ലോകത്ത് മനുഷ്യവിഭവശേഷിയുടെ കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
ഭാരതത്തെയും കേരളത്തെയും ആഗോള വിദ്യാഭ്യാസത്തിന് ഹബ്ബായി മാറ്റാന്‍ വളരെയേറെ സാധ്യതകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ വിദ്യാര്‍ത്ഥികള്‍ വലിയൊരു പങ്കും വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നുണ്ട്. അവരെ നാട്ടില്‍ തന്നെ ഉന്നത കലാലയങ്ങളില്‍ സ്ഥാപിച്ചു പിടിച്ചുനിര്‍ത്തുന്നതിനും അന്താരാഷ്ട്ര തലത്തില്‍നിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും അതുവഴി ഇന്ത്യയുടെ ജി.ഡി.പി ഉയര്‍ത്തുന്നതിനും സാധിക്കും. അതിനുവേണ്ടിയുള്ള ക്രിയാത്മകവും ഫലപ്രദവുമായ നിര്‍ദ്ദേശങ്ങളോ പരിപാടികളോ ആവിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കോ രാഷ്ട്രീയ നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനു ലക്ഷ്യം ഇടുന്നു. നമ്മുടെ ജി.ഡി.പിയുടെ നല്ലൊരു പങ്കും വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. എന്നാല്‍ ആഗോളതലത്തില്‍നിന്നും വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് യാതൊരു കര്‍മ പരിപാടിയും ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ ഇല്ല. ജര്‍മന്‍, പാഴ്‌സി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളെ കുറിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 ല്‍ എടുത്ത് പറയുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രവാസി പണം നല്‍കുന്ന അറബി ഭാഷയെ കുറിച്ച് ഒരു വാക്കുപോലും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. സി.ബി.എസ.്ഇ, ഐ.സി.എസ്.സി എന്നീ കേന്ദ്രിയ വിദ്യാഭ്യാസ സിലബസുകളില്‍ അറബി ഭാഷക്ക് യാതൊരു സ്ഥാനവുമില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരുകള്‍ അറബി ഭാഷക്ക് യാതൊരു പ്രോത്സാഹനവും നല്‍കുന്നില്ല എന്നതാണ് വസ്തുത.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായ ടി.പി ശ്രീനിവാസന്‍ കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള അറബിക് സര്‍വകലാശാല ആരംഭിക്കണമെന്ന നിര്‍ദ്ദേശം വെച്ചപ്പോള്‍ തന്നെ അതിനെ എതിര്‍ത്തു സങ്കുചിത മനസ്ഥിതിക്കാരായ ആളുകള്‍ രംഗത്തുവന്നു. അതില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പങ്കുവഹിച്ചു. രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ഇപ്പോഴത്തെ ജി.ഡി.പി 2.8 ട്രില്യണ്‍ ഡോളറില്‍നിന്നും 5 ട്രില്യണ്‍ ഡോളറായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതിനു രാജ്യത്തെ ഭരണകൂടം ബദ്ധശ്രദ്ധരായി ഇരിക്കുമ്പോള്‍തന്നെ തങ്ങളുടെ സങ്കുചിത മനസ്ഥിതിയുടെ ഉടമസ്ഥതയാണ് ഈ പിന്നോട്ടടിക്ക് കാരണമെന്ന് അവര്‍ തിരിച്ചറിയുന്നില്ല.
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും മാനസികോല്ലാസത്തിന്റെയും മനുഷ്യ വികാസത്തിന്റെയും ഭാഷയായ അറബിക്ക് ഇന്ത്യയില്‍ ഒരിടത്തും പോസിറ്റീവായ സമീപനം ഉണ്ടായിട്ടില്ല. അല്‍പ്പമെങ്കിലും അറബി ഭാഷക്ക് പ്രാധാന്യം നല്‍കിയത് കേരളമാണ്. ഇവിടെ പോലും അറബി ഭാഷയോട് പ്രതികാരപരമായ സമീപനമാണ് ബ്യൂറോക്രസി വെച്ചുപുലര്‍ത്തുന്നത്. കേരളത്തില്‍ നിലവില്‍ 19 സര്‍വകലാശാലകള്‍ ഉണ്ട്. ഇപ്പോള്‍ ഒരു പൊലീസ് സര്‍വകലാശാല രൂപീകരിക്കാനുള്ള നീക്കം നടക്കുന്നു. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധയിലേക്ക് നയിക്കുന്ന അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തിന് ആശാവഹമായ യാതൊരു പ്രതികരണവും ബ്യൂറോക്രസിയില്‍നിന്നും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അതുവഴി കേരള സമൂഹത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും വന്‍ സാമ്പത്തിക അഭിവൃദ്ധിയും നാടിനു നേടിയെടുക്കാന്‍ കഴിയും.
അറബിക് സര്‍വകലാശാലയിലൂടെ അറബി ഭാഷയില്‍തന്നെ മനുഷ്യ വിജ്ഞാനത്തിന്റെ നിഖില മേഖലയിലുമുള്ള ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും പി.എച്ച്. ഡിയും നല്‍കാന്‍ കഴിയും. അതിനുള്ള മനുഷ്യശേഷി വിഭവം കേരളത്തില്‍ തന്നെയുണ്ട്. ഇവരെ ഉപയോഗിച്ച് കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് ക്രിയാത്മക പങ്ക് വഹിക്കാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ പൊതു ഫണ്ട് ഉപയോഗിച്ച് നടത്താന്‍ കഴിയില്ലെങ്കില്‍ സ്വകാര്യമേഖലക്ക് നല്‍കാവുന്നതാണ്. കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരം സംബന്ധിച്ചുള്ള മതിപ്പ് കാരണം അവര്‍ പണം മുടക്കി കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ തയ്യാറാവും എന്നതില്‍ നിസ്തര്‍ക്കമാണ്. അറബിക് സര്‍വകലാശാലക്ക് എതിരായി കുതന്ത്രങ്ങള്‍ മെനയുന്ന പലരും ഉണ്ട്. അവര്‍ക്ക് നാടിന്റെ വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും താല്‍പര്യമില്ലാത്ത കുടില സ്ഥിതിക്കാരാണ്. അത്തരക്കാരുടെ തന്ത്രങ്ങളെയും നീക്കങ്ങളെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് നാടിന്റെ വികസനത്തിന് താല്‍പര്യമുള്ള എല്ലാവരുടെയും ബാധ്യതയാണ്.
ഇന്ത്യയുടെ പ്രാചീന ചരിത്രം പരിശോധിക്കുമ്പോള്‍ തക്ഷശില നളന്ദ എന്നീ പൗരാണിക സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും വിദ്യാര്‍ഥികള്‍ എത്തുമായിരുന്നു. പൗരാണിക കാലത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി നിലനില്‍ക്കുന്നതിന് ഭാരതത്തിനു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്. വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന തങ്ങള്‍കുഞ്ഞ് മുസ്‌ലിയാര്‍ കൊല്ലത്തു സ്ഥാപിച്ച എന്‍ജിനീയറിങ് കോളജില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പോലും പഠനത്തിനായി എത്തിയിരുന്നു. ഒരു കാലത്ത് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെലവ് വഹിച്ചിരുന്നത് ഐക്യരാഷ്ട്ര സംഘടന വഴി അന്താരാഷ്ട്ര ഉടമ്പടിയിലൂടെ ബോസ്‌വാന ഗവണ്‍മെന്റും ഭാരതസര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് കൊല്ലം കിളി കൊല്ലൂരില്‍ അന്താരാഷ്ട്ര ഹോസ്റ്റല്‍ സ്ഥാപിക്കുകയും ബോസ്‌വാന യില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിങ് വിദ്യാഭ്യാസം നല്‍കുകയും ചെയ്തിരുന്നു. ഇതിലൂടെ കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിലൂടെ ബോസ്‌വാന ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ ഗ്രാന്‍ഡ് നല്‍കിയിരുന്നു. ഇതൊന്നുമറിയാതെ കൊല്ലത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്‍ബലത്തോടെ ഹോസ്റ്റലില്‍ ഇടിച്ചുകയറി ഹോസ്റ്റല്‍ അടച്ചുപൂട്ടുകയും വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കുകയും ചെയ്തു. തന്മൂലം സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപ വിദേശ സഹായം നഷ്ടപ്പെട്ടു. എന്നു മാത്രമല്ല കേരളത്തെകുറിച്ച് മോശമായ അഭിപ്രായവും അന്താരാഷ്ട്ര സമൂഹത്തിന് ഉണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെ സംഭാവന ചെയ്ത ഏറ്റവും അധികം പ്രവാസി പണം നേടുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തില്‍നിന്ന് റഷ്യ, ചൈന, യു.എസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്.
ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ കമ്പോളത്തില്‍ വലിയ ഡിമാന്‍ഡ് ആണ്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയില്‍നിന്നും ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ പോലെമികവ് ഉള്ളവരാണ് നമ്മുടെ കുട്ടികളും. അതിനാല്‍ കേരളത്തിലേക്കും ഭാരതത്തിലേക്കും ആഗോള സമൂഹത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാകില്ല. നാം നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കു വേണ്ടി വിശാലമായ കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിലൂടെ മാത്രമേ രാജ്യത്ത് പുരോഗതിയും വളര്‍ച്ചയും നേടി എടുക്കാന്‍ സാധിക്കുകയുള്ളൂ. അറബിക് സര്‍വകലാശാലയിലൂടെ പുതിയ കേരളമോഡല്‍ കൂടി രാജ്യത്തിന് സംഭാവന നല്‍കാന്‍ കഴിയും. കേരളത്തിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 5.5 ലക്ഷം ആണ്. സ്വകാര്യമേഖലയില്‍ 6.5 ലക്ഷം തൊഴിലാളികള്‍ ഉണ്ട്. ആകെ 12 ലക്ഷം പേര്‍ കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും ഉപജീവനം തേടി പുറംരാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വരുടെ എണ്ണം 24 ലക്ഷം ആണ്. ഇതില്‍ 22 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നവരാണ്. അവിടങ്ങളിലെ മാതൃഭാഷ അറബിയാണ്. അവരില്‍ പലരും അവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ജീവിത വിഭവം തേടുന്നവരും ആണ്. അതിനാല്‍ കേരളത്തില്‍ അന്താരാഷ്ട്ര അറബിക് കലാലയംസ്ഥാപിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെയും വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരുടെ ആവശ്യകതയാണ്.