കമാല്‍ വരദൂര്‍
ഇന്നും ആ നിമിഷം മനസിലുണ്ട്… 1993 ലെ ആഷസ് പരമ്പരയിലെ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റ്. മല്‍സരത്തിന്റെ മൂന്നാം നാള് ക്രീസില്‍ ഇംഗ്ലീഷ് ബാറ്റര്‍ മൈക് ഗാറ്റിംഗ്. പന്തുമായി ഷെയിന്‍ വോണ്‍. ലെഗ് സൈഡിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഗാറ്റിംഗ് വിട്ടതാണ്. പക്ഷേ അപ്രതീക്ഷിത ബൗണ്‍സില്‍ പന്ത് ലെഗ് സ്റ്റംമ്പ് തകര്‍ത്തു. ഗാറ്റിംഗ് മാത്രമല്ല അന്തം വിട്ടുനിന്നത്- ക്രിക്കറ്റ് ലോകമായിരുന്നു. നൂറ്റാണ്ടിലെ ആ പന്ത് ….. വോണ്‍ എന്നാല്‍ ആ പന്തായിരുന്നു. 90 കളില്‍ ക്രിക്കറ്റ് എന്നാല്‍ അത് രണ്ട് പേര് തമ്മിലുള്ള അങ്കങ്ങളായിരുന്നു. പന്തുമായി ഷെയിന്‍ വോണ്‍ വരുമ്പോള്‍ ബാറ്റുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ മറുഭാഗത്ത്. രണ്ട് പേരും തമ്മിലുള്ള മൈതാന യുദ്ധങ്ങളിലാണ് ഇന്ത്യ-ഓസീസ് മല്‍സരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ആകര്‍ഷിച്ചത്. വോണിനോട് ഒരു വേള മാധ്യമങ്ങള്‍ ചോദിച്ചു-താങ്കളുടെ പ്രധാന ബാറ്റിംഗ് ശത്രു ആരാണ്…? അദ്ദേഹത്തിന്റെ മറുപടി വ്യക്തമായിരുന്നു. ശത്രു എന്ന പദം വേണ്ട- എനിക്ക് ഏറ്റവുമിഷ്ടം സച്ചിനെതിരെ പന്തെറിയാനാണ്… ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍ ആര് എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ മുഖ്യ പ്രതിയോഗിക്ക് തന്നെ മാര്‍ക്കിട്ടു. സാധാരണ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ സ്വന്തം രാജ്യം എന്ന മുദ്രാവാക്യം മൂഴക്കുന്നവരാണെങ്കില് സ്റ്റീവ് വോയും റിക്കി പോണ്ടിഗും മാര്‍ക്ക് വോയുമെല്ലാം കളിക്കുന്ന ഓസീസ് സംഘത്തിലെ പ്രഗത്ഭനായ സ്പിന്നറാണ് സച്ചിന് രമേശ് ടെണ്ടുല്‍ക്കറാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന് പറഞ്ഞത്. ഷാര്‍ജയില്‍, മുംബൈയില്‍, ചെന്നൈയില്‍-രണ്ട് പേരും തമ്മിലുള്ള മാസ്മരിക മുഹൂര്‍ത്തങ്ങളില്‍ ക്രിക്കറ്റ് തഴച്ച് വളര്‍ന്നു. എന്റെ ദുസ്വപ്നങ്ങളില്‍ സച്ചിന് എന്നെ സിക്സറടിക്കുന്നത് കാണാനും എനിക്കിഷ്ടമാണ് എന്ന് പറഞ്ഞ വോണിനെ ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് എത്രയോ തവണ ഇന്ത്യന്‍ ഇതിഹാസം പ്രഹരിച്ചിട്ടുണ്ട്.
വോണും മറ്റ് ഓസീ ക്രിക്കറ്റര്‍മാരും തമ്മിലുള്ള മാറ്റം സമീപനത്തിലായിരുന്നു. 90 കളില്‍ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനങ്ങളിലും ലോകത്തെ പ്രബല ശക്തികള്‍ ഇന്ത്യയും ഓസ്ട്രേലിയയുമായിരുന്നു. ഇരു സംഘത്തിലും മികച്ച ബാറ്റര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ സച്ചിന്, അസ്ഹര്‍, സൗരവ്, ദ്രാവിഡ്, ലക്ഷ്മണ് തുടങ്ങിയവര്‍. ഓസീസ് നിരയില്‍ സ്റ്റീവ് വോ, മാത്യു ഹെയ്ഡന്, ജസ്റ്റിന് ലാംഗര്‍, റിക്കി പോണ്ടിംഗ്, ഗില്‍ക്രൈസ്റ്റ് തുടങ്ങിയവര്‍. പന്തേറുകാരില്‍ കപില്‍ എന്ന സീനിയറിനൊപ്പം ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, വെങ്കടപതി രാജു, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ ഇന്ത്യന്‍ നിരയിലും ഗ്ലെന്‍ മക്ഗ്രാത്ത്, ജെയ്സണ്‍ ഗില്ലസ്പി, ക്രെയിഗ് മക്ഡര്മോട്ട് വോണ്‍ തുടങ്ങിയവര്‍ ഓസീസ് നിരയിലും. വീറും വാശിയും കനക്കുന്ന പോരാട്ട വേദികള്‍. വാക് പോരാട്ടങ്ങളില്‍ രണ്ട് സംഘത്തിലെയും പ്രബലര്‍ പിറകിലായിരുന്നില്ല. വിക്കറ്റിന് പിറകില്‍ ഗില്‍ക്രൈസ്റ്റ് സച്ചിനെ പ്രകോപിതനാക്കും. പക്ഷേ അദ്ദേഹം പതറില്ല. സ്റ്റീവ് വോയെ പോലെ മാന്യനായ നായകന് കീഴിലും മറ്റുള്ളവര്‍ മോശമായി ഇടപെടുമ്പോള്‍ അവര്‍ക്കൊപ്പം വോണുമുണ്ടാവാറുണ്ട്. പക്ഷേ കളത്തിലെ പോരാട്ടത്തിന് ശേഷം ഏറ്റവും വേഗം സൗഹൃദത്തിനെത്തുന്നതും അദ്ദേഹമായിരുന്നു. സച്ചിന്റെ ബെസ്റ്റ് ഫ്രണ്ട് അദ്ദേഹമായത് അത്തരത്തിലാണ്. ഐ.പി.എല്‍ മല്‍സരങ്ങളുടെ തുടക്കത്തില്‍ രാജസ്ഥാന് റോയല്‍സ് എന്ന സംഘത്തില്‍ നായകനായും കോച്ചായും അദ്ദേഹമായിരുന്നു. അതിന് കാരണം ആ നയതന്ത്ര മികവായിരുന്നു. പിന്നീട് കളി പറയുമ്പോഴും വോണിലെ ക്രിക്കറ്റര്‍ സരസ സംസാരത്തിലുടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെങ്കില്‍ ഇപ്പോള്‍ ഈ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. 52 വയസ് മാത്രമാണ് പ്രായം. റോഡ്നി മാര്‍ഷ് എന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ ഓര്‍മകളിലേക്ക് മറഞ്ഞ അതേ ദിവസം തന്നെയാണ് വോണും അകന്നിരിക്കുന്നത്. ലോക ക്രിക്കറ്റിന് മുന്നില്‍ ഇനി ഇത്തരത്തിലൊരു വോണില്ല എന്നത് തന്നെയാണ് ആ താരത്തിന്റെ കരുത്ത്. സച്ചിന് കുറിച്ച വരികള്‍ തന്നെയാണ് സത്യം- ഷോക്ക്ഡ്, സ്റ്റണ്ഡ്… മിസറബിള്‍
ലെഗ് സ്പിന്‍ നിര്‍വചനം
മെല്‍ബണ്‍: എന്താണ് ലെഗ് സ്പിന്‍…? നിര്‍വചിക്കാന്‍ അറിയാത്തവര്‍ ഷെയിന്‍ വോണിന് നേരെ വിരല്‍ ചൂണ്ടും. അതാണ് ലെഗ് സ്പിന്‍…. ക്രിക്കറ്റ് കലയില്‍ സുന്ദരമായ സ്ഥാനമുള്ള മറ്റൊരു സ്പിന്നറുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരങ്ങളില്‍ മുത്തയ്യ മുരളീധരന്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വരും. പക്ഷേ ലോകത്തിന് മുന്നില്‍ ലെഗ് സ്പിന്‍ എന്നത് എന്താണ് എന്ന് തെളിയിച്ചത് വോണായിരുന്നു. 145 ടെസ്റ്റുകള്‍- ആദ്യ മല്‍സരം മുതല്‍ അവസാന മല്‍സരം വരെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മൈതാനത്തുണ്ടായിരുന്നു. വോണ്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നായകരുടെ പ്രഥമ ചോയിസ് മറ്റാരുമായിരുന്നില്ല. സ്റ്റീവ് വോക്കും റിക്കി പോണ്ടിംഗിനും കീഴിലാണ് വോണ്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത്. വര്‍ത്തമാന കാല ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്ക് ന്യുബോള്‍ നല്‍കുന്നത് പുതുമയല്ലെങ്കിലും വോണിന്റെ കാലത്ത് പന്തിന്റെ തിളക്കം പോവും മുമ്പ് അദ്ദേഹം ആക്രമണത്തിന് നിയോഗിക്കപ്പെടാറുണ്ടായിരുന്നു. അത്ര മാത്രമായിരുന്നു ആ വിശ്വാസം. 708 വിക്കറ്റുകളായിരുന്നു ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. മുത്തയ്യ മുരളീധരന് മറികടക്കുന്നതിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന റണ്വേട്ടക്കാരന് എന്ന ബഹുമതി വോണിന്റെ പേരിലാവാന്‍ കാരണം ലെഗ് സ്പിന്‍ എന്ന മാജിക് തന്നെയായിരുന്നു. എല്ലാ ബാറ്റര്‍മാരും അദ്ദേഹത്തെ ബഹുമാനിച്ചു. സച്ചിന് ഒഴികെ ആരും അദ്ദേഹത്തിനെതിരെ ക്രിസ് വിട്ട് ആക്രമണത്തിന് തുനിഞ്ഞില്ല. ഗാറ്റിംഗ് എന്ന ഇംഗ്ലീഷ് ബാറ്റര്‍ 93ലെ ആഷസ് മല്‍സരത്തില്‍ വോണിന്റെ പന്തില്‍ അന്തം വിട്ട് നിന്നത് മറക്കാനാവില്ല.