ഡോ. രാംപുനിയാനി
2014ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, മോദിയും ബി.ജെ.പിയും ഉപയോഗിച്ച മുദ്രാവാക്യങ്ങളിലൊന്ന്, നിങ്ങള്‍ അവര്‍ക്ക് (കോണ്‍ഗ്രസിന്) 60 വര്‍ഷം നല്‍കി, ഞങ്ങള്‍ക്ക് 60 മാസം തരൂ, ഞങ്ങള്‍ എങ്ങനെ ‘വികാസം’ (വികസനം) കൊണ്ടുവരുമെന്നും രാജ്യത്തെ ശരിയായ പാതയില്‍ കൊണ്ടുവരിക എങ്ങനെയാണെന്നും നോക്കൂ എന്നായിരുന്നു. 60 വര്‍ഷത്തെ ഈ കണക്കുകൂട്ടല്‍ ശ്രദ്ധേയമാണെങ്കിലും, അത് തീര്‍ത്തും അപ്രസക്തമായിരുന്നു. 2014 വരെ 49 വര്‍ഷത്തോളം കോണ്‍ഗ്രസ് രാജ്യം ഭരിച്ചു. മറ്റ് ഭരണങ്ങളും ഉണ്ടായിരുന്നു, ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍, എച്ച്.ഡി ദേവഗൗഡ, വര്‍ഷങ്ങളോളം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഭരിച്ചു.
കഴിഞ്ഞ 7-8 വര്‍ഷത്തെ മോദി-ബി. ജെ.പി ഭരണത്തില്‍, സാമൂഹിക വികസനത്തിന്റെ എല്ലാ സൂചികകളും ഇടിഞ്ഞു, നോട്ട് അസാധുവാക്കല്‍ നാശം വിതച്ചു, ജി.എസ്.ടി ചെറുകിട വ്യാപാരികളെ തളര്‍ത്തി, എല്ലാറ്റിനുമുപരിയായി കൊറോണ ലോക്ഡൗണ്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം നശിപ്പിച്ചു. വികസനം എവിടെയും കാണാനില്ല, തൊഴിലവസരങ്ങള്‍ തകര്‍ച്ചയിലേക്ക് പോകുന്നതിനാല്‍ യുവാക്കള്‍ നിരാശരാണ്. ജനാധിപത്യ അവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജീവിതാവസ്ഥ, പോഷകാഹാരം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സൂചികകളില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ഭരണാധികാരികളുടെ കൈവേലക്കാരായി മാറുകയാണ്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരോധത്തിന്റെ അടിസ്ഥാന പ്രമേയം, രാജ്യത്തിന്റെ എല്ലാ അനാരോഗ്യങ്ങള്‍ക്കും കാരണം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് എന്നതാണ്. നെഹ്‌റുവിന്റെ ദുര്‍ബലമായ നയം കാരണം ഗോവക്ക് സ്വാതന്ത്ര്യം ലഭിച്ചത് വളരെ വൈകിയാണെന്നും-ഇന്ത്യ സ്വതന്ത്രമായി 14 വര്‍ഷത്തിന് ശേഷം- 1947 ഓഗസ്റ്റ് 15ന് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം മോചിപ്പിക്കാമായിരുന്നുവെന്നും മോദി അടുത്തിടെ പ്രസ്താവിച്ചു. 1955ല്‍ 20 സത്യഗ്രഹികള്‍ (പ്രതിഷേധക്കാര്‍) മരിച്ചിട്ടും നെഹ്‌റു അനങ്ങാതെ നിന്നു.
എന്നാല്‍ സത്യം എന്താണ് ? 1510ല്‍ ബീജാപൂരിലെ സുല്‍ത്താന്‍ ആദില്‍ ഷായുടെ സൈന്യത്തെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ കോളനിയാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കോളനിവത്കരിക്കുന്നതിന് വളരെ മുമ്പായിരുന്നു ഇത്. നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസ് ഉരുക്കുമുഷ്ടി ഭരണമായിരുന്നു. 1718ല്‍ ഒരു കൂട്ടം പാസ്റ്റര്‍മാര്‍ ടിപ്പുസുല്‍ത്താന്റെ സഹായം തേടുകയും പോര്‍ച്ചുഗീസ് അധികാരികള്‍ക്കെതിരെ കലാപം നടത്തുകയും ചെയ്തതാണ് അവരുടെ ഭരണത്തിനെതിരായ ആദ്യത്തെ വലിയ എതിര്‍പ്പ്. ‘പിന്റോ ഗൂഢാലോചന’ എന്നറിയപ്പെടുന്നു. ഇത് ദയനീയമായി പരാജയപ്പെടുകയും പാസ്റ്റര്‍മാരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
1900ല്‍, ആദ്യത്തെ പോര്‍ച്ചുഗീസ് പത്രമായ ഒ ഹെറാള്‍ഡോ സ്ഥാപിച്ചത് എല്‍. മെനെസെസ് ബ്രാഗന്‍സയാണ്. ഇത് പോര്‍ച്ചുഗലിനെ വിമര്‍ശിക്കുകയും 1917ല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് ഒരുതരം നീരസത്തിന് തുടക്കമിട്ടു. 1928ല്‍ ടി ബ്രാഗന്‍സ ഗോവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുടക്കമിട്ടു. 1947ല്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യ ‘സത്യഗ്രഹം’ (സമാധാനപരമായ ചെറുത്തുനില്‍പ്പ്) ആരംഭിക്കുകയും 1946 ജൂണ്‍ 18ന് അറസ്റ്റിലാവുകയും ചെയ്തു. ഈ ദിവസം ഗോവന്‍ വിപ്ലവ ദിനമായി ആചരിക്കുന്നു. ഗോവയിലെ പ്രധാന പൊതുസ്ഥലങ്ങളിലൊന്ന് ലോഹ്യ മൈതാനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇത് ഗോവയില്‍ നിയമലംഘനത്തിന് കാരണമായി. പൂനെയില്‍ നിന്നുള്ള പ്രശസ്ത ഗുസ്തിക്കാരി നാനാ കജ്‌രേക്കര്‍, ജനപ്രിയ സംഗീത സംവിധായകന്‍ സുധീര്‍ ഫഡ്‌കെ തുടങ്ങി നിരവധി വിപ്ലവകാരികളാണ് പങ്കെടുത്തത്. യുണൈറ്റഡ് ഫ്രണ്ട് ഓഫ് ലിബറേഷന്റെ ബാനറില്‍ ആസാദ് ഗോമന്തക് ദള്‍ (എ.ജി.ഡി) എന്ന പേരില്‍ എല്ലാവരും ഒരുമിക്കുകയായിരുന്നു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറും ഗോവയുടെ വിമോചനത്തിനായി ധനസമാഹരണത്തിന് പൂനെയില്‍ കച്ചേരി അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, രണ്ടാം ലോക യുദ്ധത്തിനുശേഷം, പോര്‍ച്ചുഗീസ് ഏകാധിപതിയായിരുന്ന അന്റോണിയോ ഡി ഒലിവേര സലാസര്‍, ഗോവയെ പോര്‍ച്ചുഗലിന്റെ അവിഭാജ്യ ഘടകമാക്കുന്നതിനായി പോര്‍ച്ചുഗലിന്റെ ഭരണഘടന പരിഷ്‌കരിച്ചു. പോര്‍ച്ചുഗലും നാറ്റോയുടെ ഭാഗമായി. അതായത് മറ്റ് നാറ്റോ അംഗങ്ങള്‍ പോര്‍ച്ചുഗലിന്റെ പ്രദേശം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. നാറ്റോയെ നയിച്ചത് അമേരിക്കയാണ്, പോര്‍ച്ചുഗലുമായുള്ള ഏതെങ്കിലും സൈനിക ഏറ്റുമുട്ടല്‍ പാശ്ചാത്യ ശക്തികളെ സംഘട്ടനത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു. തുടക്കത്തില്‍, ഡൈ്വറ്റ് ഐസന്‍ഹോവര്‍ പ്രസിഡന്റായും ജോണ്‍ ഫോസ്റ്റര്‍ ഡുള്ളസ് സ്റ്റേറ്റ് സെക്രട്ടറിയായുള്ള അമേരിക്ക, ഗോവ പോര്‍ച്ചുഗലിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ചു. ഇതിനെ ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍ത്തു. ഗോവയില്‍ ഹിതപരിശോധന നടത്താനും നിര്‍ദേശമുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ മാറ്റത്തോടെ, ജോണ്‍ എഫ് കെന്നഡിയുടെ പ്രസ്താവനകള്‍ ഇന്ത്യയോട് വളരെ മൃദുവായി. 1950ന്റെ തുടക്കത്തില്‍, ആഫ്രോ ഏഷ്യന്‍ കോണ്‍ഫറന്‍സ് അംഗങ്ങളും ഗോവ പ്രശ്‌നം പരിഹരിക്കാനും പോര്‍ച്ചുഗീസുകാരെ പുറത്താക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചു. ഗോവയെ പോര്‍ച്ചുഗലിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ച നാറ്റോ സഖ്യവും അമേരിക്കയുടെ മനോഭാവവുമായിരുന്നു യഥാര്‍ത്ഥ തടസം. കെന്നഡി വന്നതോടെ ഇന്ത്യയുടെ നിലപാട് മാറി. പോര്‍ച്ചുഗല്‍ വിടാനുള്ള ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പ് ഫലിച്ചേക്കില്ലെന്ന് വ്യക്തമായിരുന്നു.
1955 ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് ഒരു ബഹുജന സത്യഗ്രഹം ആരംഭിച്ചു. ഈ പ്രതിഷേധക്കാര്‍ ഗോവയില്‍ പ്രവേശിച്ചപ്പോള്‍, അവരെ ക്രൂരമായി കൈകാര്യം ചെയ്യുകയും വെടിവെക്കുകയും 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ അസ്വസ്ഥനും രോഷാകുലനുമായ നെഹ്‌റു ഗോവക്ക് സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുകയും പനാജിയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റ് ജനറല്‍ അടച്ചുപൂട്ടുകയും പോര്‍ച്ചുഗലുമായുള്ള നയതന്ത്രബന്ധം ഇല്ലാതാക്കുകയും ചെയ്തു. ഈ സാമ്പത്തിക ഉപരോധം ഗോവക്കാര്‍ക്ക് വാര്‍ത്തകള്‍ അറിയാനുള്ള ഉപാധി ഉള്‍പ്പെടെ പുറംലോകത്തേക്കുള്ള എല്ലാ പ്രവേശനവും നഷ്ടപ്പെടുത്തി. ഈ ഘട്ടത്തില്‍, വാമന്‍ സര്‍ദേശായിയും ഭാര്യ ലിബിയ ലോബോ സര്‍ദേശായിയും ചേര്‍ന്ന് ഒരു ഭൂഗര്‍ഭ റേഡിയോ സ്റ്റേഷന് വേണ്ടിയുള്ള നീക്കം ആരംഭിച്ചു, അതിനെ ‘സ്വാതന്ത്ര്യത്തിന്റെ ശബ്ദം’ എന്ന് നാമകരണം ചെയ്തു. ഇത് വിപ്ലവകാരികള്‍ക്ക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പോര്‍ച്ചുഗീസ് പ്രചാരണത്തെ തുറന്നുകാട്ടുകയും ചെയ്തു. 1955 നവംബറിനും 1961 ഡിസംബറിനുമിടയില്‍ ഇത് പ്രവര്‍ത്തനക്ഷമമായിരുന്നു, ഗോവയുടെ അതിര്‍ത്തിയിലുള്ള വനങ്ങളാണ് ഇതിന്റെ സ്ഥാനം.
സൈനിക ഇടപെടല്‍ ഉണ്ടാകരുതെന്ന് കെന്നഡി ഇന്ത്യയെ പ്രേരിപ്പിച്ചു. അതേസമയം, ഡിസംബര്‍ 17 ന് നെഹ്‌റു തീരുമാനം എടുക്കുകയും ഏകോപിത സൈനിക നടപടി ഓപറേഷന്‍ വിജയ് ആരംഭിക്കുകയും ചെയ്തു. ദബോലിം വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി റണ്‍വേ തകര്‍ത്തു. ഇന്ത്യന്‍ നാവികസേന തുറമുഖം തടയുകയും 30,000 ഇന്ത്യന്‍ സൈനികര്‍ ഗോവയില്‍ ഇറങ്ങുകയും ചെയ്തു. ഗോവയിലെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ക്ക് ബാഹ്യ സഹായമൊന്നും വരില്ലെന്ന് മനസിലാക്കി. സര്‍ക്കാരില്‍നിന്ന് അനുകൂല നിര്‍ദേശം ഇല്ലാതിരുന്നിട്ടും അദ്ദേഹം കീഴടങ്ങി. ഡിസംബര്‍ 19 ന് ഗോവ കേന്ദ്ര ഭരണ പ്രദേശമായി ഇന്ത്യയുടെ ഭാഗമായി. 1987ല്‍ ഗോവ അയല്‍രാജ്യമായ മഹാരാഷ്ട്രയില്‍ ലയിക്കുമോ അതോ സ്വതന്ത്ര സംസ്ഥാനമായി തുടരുമോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്തി. ഭൂരിപക്ഷവും സ്വതന്ത്രമായി തുടരാന്‍ അനുകൂലിച്ചു, ഗോവ ഇന്ത്യന്‍ യൂണിയന്റെ 25ാമത്തെ സംസ്ഥാനമായി. പരിചയസമ്പന്നനായ ഒരു നയതന്ത്രജ്ഞനെപ്പോലെയും ദേശസ്‌നേഹിയെപ്പോലെയുമാണ് ഗോവയെ മോചിപ്പിക്കുന്നതില്‍ നെഹ്‌റു പെരുമാറിയത്. ഒരു സംശയവുമില്ല മോദിയുടെത് നിഷേധാത്മക പ്രചാരണം തന്നെ!