പി ടി ഫിറോസ്
ശാസ്ത്രങ്ങളുടെ മേഖലകളില്‍ മാത്രമല്ല, മനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ ഗണിതത്തിനുള്ള സ്വാധീനം നിര്‍ണായകമാണ്. കാര്‍ഷികം, വൈദ്യശാസ്ത്രം, ബിസിനസ്, സാമ്പത്തികം, നിര്‍മ്മാണം, ആസൂത്രണം, മാനേജ്മെന്റ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകളിലെല്ലാം അവഗണിക്കാനാവാത്ത സാന്നിധ്യമായി ഗണിതം നിലകൊള്ളുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്സിന്റെയും അവസ്ഥ വ്യത്യസ്തമല്ല. വാണിജ്യ, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പരമ്പരാഗത ഉപയോഗങ്ങള്‍ക്ക് പുറമെ ഐടി, ഡാറ്റ സയന്‍സ്, ആക്ച്വറിയല്‍ സയന്‍സ് തുടങ്ങിയ മേഖലകളിലെ സ്റ്റാറ്റിസ്റ്റിക്സിന്റെ വര്‍ദ്ധിച്ചു വരുന്ന സാധ്യതകള്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഗണിതശാസ്ത്രത്തിലെയും സ്റ്റാറ്റിസ്റ്റിക്സിലെയും സങ്കേതങ്ങളാണ് എല്ലാ വിജ്ഞാന മേഖലകളിലുമുള്ള വിശകലങ്ങള്‍ക്കും താരതമ്യ പഠനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത് മറ്റൊരു വസ്തുതയാണ്.
അക്കങ്ങളോട് പ്രിയമുള്ളവരും ഗണിതശാസ്ത്ര ക്രിയകളിലും പഠനത്തിലും താല്പര്യമുള്ളവരുമായ കുട്ടികള്‍ക്ക് ഉപരിപഠനം ആ മേഖലകളിലേക്ക് തിരിച്ചുവിടാനായാല്‍ മികവുറ്റ അവസരങ്ങള്‍ കണ്ടെത്തി കരിയറില്‍ ഉയരാന്‍ സാധിക്കും. ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് ഐഎസ്ഐ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. കൊല്‍ക്കത്തയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേജ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുള്ള ഐഎസ്ഐ സ്റ്റാറ്റിസ്റ്റിക്സ് അനുബന്ധ വിഷയങ്ങളില്‍ പഠന ഗവേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത ഒരു സ്ഥാപനമാണ്. ആഗോള തലത്തില്‍ തന്നെ പ്രശസ്തങ്ങളായ സര്‍വകലാശാലകളുമായും അക്കാദമിക/വ്യവസായിക കേന്ദ്രങ്ങളുമായും ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഐഎസ്ഐയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്ലേസ്മെന്റിന് അവസരങ്ങളും ലഭിക്കാറുണ്ട്.
ബിരുദ തലത്തില്‍ ബിമാത്ത് (ഓണേഴ്സ്), ബിസ്റ്റാറ്റ് (ഓണേഴ്സ്) എന്നീ മൂന്നുവര്‍ഷ കോഴ്സുകളാണ് ഐഎസ്ഐ നടത്തുന്നത്. ബംഗളുരു ക്യാമ്പസിലാണ് ബിമാത്ത് കോഴ്സ് ഉള്ളത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ ഫിസിക്സ് എന്നിവയില്‍ ഉപരിപഠനത്തിനു അവസരമുണ്ട്. കല്‍ക്കത്ത ക്യാമ്പസില്‍ നടത്തുന്ന ബിസ്റ്റാറ്റ് പ്രോഗ്രാമില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് എന്നിവക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്സിന്റെ പാഠങ്ങളും ഉള്‍പ്പെടും. കോഴ്സ് കഴിഞ്ഞാല്‍ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്സ് മേഖലകളില്‍ ഉപരിപഠനത്തിനായി ശ്രമിക്കാം.
ഗണിതം ഒരു വിഷയമായി പഠിച്ച പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും രണ്ട് കോഴ്സുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലും വിവരണ രീതിയിലുമുള്ള പ്രവേശന പരീക്ഷകള്‍ അഭിമുഖീകരിക്കണം. നാഷണല്‍ മാത്തമറ്റിക്കല്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്ത് മികവ് തെളിയിച്ചവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. ബി.സ്റ്റാറ്റ് (ഓണേഴ്സ്), ബി.മാത്ത് (ഓണേഴ്സ്) എന്നിവ ഫീസില്ലാതെ പഠിക്കാമെന്നതിന് പുറമെ 5,000 രൂപ പ്രതിമാസ സ്റ്റൈപന്റും വര്‍ഷത്തില്‍ 5,000 രൂപ കണ്ടിന്‍ജന്‍സി അലവന്‍സായും ലഭിക്കും എന്ന പ്രത്യേകതയുമുണ്ട്. 63 വീതം സീറ്റുകളാണ് ഓരോ കോഴ്സിനുമുള്ളത്. ഒബിസി, പട്ടിക വിഭാഗങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സീറ്റ് സംവരണമുണ്ട്.
www.isical.ac.in എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് 1 മുതല്‍ 31 വരെ അപേക്ഷിക്കാം. മേയ് എട്ടിനാണ് പ്രവേശന പരീക്ഷ നടക്കുന്നത് കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലടക്കം 38 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പൊതുവിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് 1250 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയും സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 625 രൂപയുമാണ് അപേക്ഷാ ഫീസ്. പരീക്ഷയുടെ സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളും വെബ് സൈറ്റില്‍ ലഭിക്കും.
ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ ഐഎസ്ഐയുടെ വിവിധ കേന്ദ്രങ്ങളിലായി സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് എക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്രിപ്റ്റോളജി & സെക്യൂരിറ്റി ക്വാളിറ്റി, റിലൈബിലിറ്റി & ഓപ്പറേഷന് റിസര്‍ച്ച് എന്നിവയില്‍ എം.ടെക്, മറ്റു പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍, ഗവേഷണ അവസരങ്ങള്‍ എന്നിവയുമുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.