കേരളം വ്യാപകമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മാതമംഗലത്തെ സി.ഐ.ടി.യു തൊഴിലാളികളുടെ സമരത്തെ ന്യായീകരിച്ചു കൊണ്ടും കേരള ഹൈക്കോടതി വിധിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജ്യസഭാ മെമ്പറും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ മാതമംഗലം: നേരും നുണയും എന്ന ലേഖനം വസ്തുതകളെ തമസ്‌കരിക്കുന്നതും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്.സി.ഐ.ടി.യു സെക്രട്ടരിയെന്ന നിലയില്‍ അനധികൃതമായ സമരത്തെയും അക്രമണങ്ങളെയും ന്യായീകരിക്കുന്നത് അദ്ദേഹത്തിന് അഭികാമ്യമാകാമെങ്കിലും നിയമനിര്‍മ്മാണ സഭയിലെ ഒരംഗവും മുന്‍ മന്ത്രിയുമെന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
പത്ത് വര്‍ഷം വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ചതും കടം വാങ്ങിയതുമായ ലക്ഷങ്ങള്‍ ചെലവഴിച്ചു തുടങ്ങിയ ഒരു സ്ഥാപനം പൂട്ടേണ്ടി വന്നത് സി.ഐ.ടി.യു തൊഴിലാളികള്‍ നിരന്തരം രണ്ട് മാസത്തോളം സമരം ചെയ്തതിന്റെയും തുടര്‍ന്ന് പ്രതിപക്ഷമില്ലാത്ത എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ വൈരനിര്യാതനബുദ്ധിയോടെയുള്ള ബുദ്ധിമുട്ടിക്കലിന്റെയും ഫലമായിട്ടാണ്. ഉപജീവനം ലക്ഷ്യമിട്ട് യുവ സംരംഭകനായ അഫ്‌സല്‍ കുഴിക്കാടന്‍ തുടങ്ങിയ എ.ജെ.സെക്യുര്‍ ടെക് കംപ്യൂട്ടേര്‍സ് എന്ന സ്ഥാപനം പൂട്ടി അദ്ദേഹത്തിന് സ്വന്തം നാട് വിടേണ്ടി വന്നത് ജീവനില്‍ ഭയം ഉള്ളത് കൊണ്ടാണ്. കടയടപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും തൊഴില്‍ നിഷേധിക്കുന്നതിനെതിരെയാണ് സമരം എന്ന് സി.ഐ.ടി.യു.പറയുമ്പോഴും അവിടെ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരെ മര്‍ദ്ദിച്ചതിനും അതില്‍ പ്രതിഷേധിച്ചവരെ വീണ്ടും അക്രമിച്ചതിനും അവസാനം തങ്ങളുടെ കണ്ണിലെ കരടായ അഫ്‌സലിനെ വധിക്കാന്‍ ശ്രമിച്ചതിനും അദ്ദേഹത്തിന്റെ സഹോദരിയെ കയ്യേറ്റം ചെയ്തതിനും എന്ത് ന്യായീകരണമാണുള്ളത്.
ആദ്യമെ പറയട്ടെ, വിവാദമായ വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ പി.പി.റബി മുഹമ്മദ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നാണ് അറിവ്. പക്ഷെ, രാജ്യത്തിന്റെ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നത് ഏത് നിയമത്തിന്റെ പരിരക്ഷ പറഞ്ഞാണോ, അത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമസംഹിതയായ ഭരണഘടനയെ നിരാകരിക്കുന്ന വിധത്തിലാകരുത്.സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പരിശ്രമിക്കുന്നവരെന്ന് വീമ്പിളക്കുന്ന ഒരു സര്‍ക്കാറിന്റെ നേതൃത്വം വഹിക്കുന്ന കക്ഷിയുടെ തൊഴിലാളി സംഘടനയാണ് കടകള്‍ പൂട്ടിക്കാന്‍ കാരണഭൂതമായത്. വ്യാപാരികള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിക്ക് പുല്ല് വില കല്‍പിക്കാതെയും നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ പോലീസിനെ കോടതി വിധി ഉണ്ടായിട്ടും അതിന് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സി.ഐ.ടി.യുവിന്റെയും അതിനെ ന്യായീകരിക്കുന്ന നിലപാട് ലജ്ജാകരവും അതിലേറെ പ്രതിഷേധാര്‍ഹവുമാണ്.
സി.പി.എം.ഏകപക്ഷീയമായി ഭരിക്കുന്ന എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 10.9.2021 ന് നല്‍കിയ ആ13426/2021-22 നമ്പര്‍ ലൈസന്‍ പ്രകാരമാണ് യുവ വ്യാപാരിയായ പി.പി.റബി മുഹമ്മദ് മാതമംഗലത്ത് എസ്.ആര്‍.അസോസിയേറ്റ്‌സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഹോള്‍ സെയിലായും റീട്ടെയിലായും വില്പന നടത്തുന്ന ഈ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ കയറ്റിറക്ക് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യനിഷ്ഠ, ജോലിയിലുള്ള ആത്മാര്‍ത്ഥത, അര്‍പ്പണബോധം, കൂടുതല്‍ സമയം ജോലി ചെയ്യാനുള്ള താല്പര്യം എന്നിവ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇത്തരം തൊഴിലാളികളുടെ ജോലിയിലുള്ള കൃത്യനിഷ്ഠയില്ലായ്മയും വൈകുന്നേരം 6 മണിക്ക് ശേഷം ജോലി ചെയ്യുന്നതിലുള്ള വിമുഖതയും മറ്റും വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്ന നിഗമനത്തിലാണ് അദ്ദേഹം ചുമട്ട് തൊഴിലാളി ക്ഷേമനിയമപ്രകാരം സ്വന്തമായി നാല് തൊഴിലാളികളെ സ്ഥാപനത്തിലെ ചുമട്ട് കാരായി രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്ക് ലേബര്‍ കാര്‍ഡ് കിട്ടുന്നതിന് പയ്യന്നൂരിലുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ സമീപിക്കുകയും ചെയ്തത്.ഒരു തൊഴിലാളി പ്രസ്തുത ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും തൊഴിലുടമ അത് സമ്മതിക്കുകയും ചെയ്താല്‍ മറ്റു പരിഗണനകളൊന്നുമില്ലാതെ ലേബര്‍ ഓഫീസര്‍ പ്രസ്തുത നിയമനം അംഗീകരിക്കുകയും ലേബര്‍ കാര്‍ഡ് അനുവദിക്കുകയും വേണം.. എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന്റെ ഫലമായി മാസങ്ങളോളം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നു. നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അപേക്ഷ തള്ളി.അതിന്മേല്‍ റബി മുഹമ്മദ് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കിയ അപ്പീലും തള്ളപ്പെട്ടു.
അതെ തുടര്‍ന്നാണ് അദ്ദേഹം ബഹു.കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രസ്തുത റിട്ട് പെറ്റീഷ്യനില്‍ എതിര്‍ കക്ഷിയായി ചേര്‍ക്കപ്പെട്ട പോലീസിന് കടയുടമയുടെ വ്യാപാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള പ്രവൃത്തി തടയാനും അതില്‍ നിന്ന് സ്ഥാപനത്തിന് സംരക്ഷണ നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.അത്തരത്തില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കെയാണ് കടയില്‍ സ്വന്തം തൊഴിലാളികളാല്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കി കൊണ്ടിരിക്കെ, നോക്കി കൂലി ആവശ്യപ്പെട്ടു കൊണ്ട് സി.ഐ.ടി.യു. രംഗത്ത് വരുന്നതും അത് നിരാകരിച്ചതിന്റെ പേരില്‍ കടയുടമയെയും മറ്റൊരു ജീവനക്കാരനെയും മൃഗീയ മര്‍ദ്ദിക്കുകയും ചെയ്തത്.
തുടര്‍ന്ന് തന്റെ കടയില്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച നാല് തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കാനുള്ള അപേക്ഷ നിരസിച്ച ജില്ലാ ലേബര്‍ ഓഫീസറുടെ നടപടിക്കെതിരെ കടയുടമ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ എതിര്‍ കക്ഷികളായ ചേര്‍ക്കപ്പെട്ട എസ്.എച്ച്.ഒ., പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍, ഹെഡ് ലോഡ് വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു) മാതമംഗലം ഏരിയ കമ്മിറ്റി, ഹെഡ് ലോഡ് വര്‍ക്കേര്‍സ് പൂള്‍, കേരള ഹെഡ് ലോഡ് വര്‍ക്കേര്‍സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയെങ്കിലും പരാതിയിന്മേല്‍ അവര്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചില്ല. തുടര്‍ന്ന് ഗവണ്‍മെന്റ് പ്ലീഡറുടെ തടക്കം വാദം കേട്ട് ബഹു.ജസ്റ്റീസ് ബിച്ചു കുര്യന്‍ തോമസ്സ് റിട്ട് പെറ്റീഷന്‍ അനുവദിക്കുകയും വിധിന്യായത്തില്‍ ഇങ്ങനെ നിരീക്ഷിക്കുകയും ചെയ്തു.
‘Every person has a fundamental right to carry on an occupation of his choice which can only be subject to reasonable restriction.The restriction of registration as a headload worker itnroduced by the Kerala Headload Workers Act, 1978 can be constitutionally valid only if the said registration is reasonable.’
മേല്‍ വിധിന്യായം പ്രകാരം റജിസ്റ്ററിങ്ങ് അതോറിയോട് റബി മുഹമ്മദ് നല്‍കിയ നാല് ചുമട്ട് തൊഴിലാളികളുടെ റ ജിസ്‌ട്രേഷന്‍ അനുവദിച്ച് ലേബര്‍ കാര്‍ഡ് വിതരണം ചെയ്യാനും ഒന്നാം എതിര്‍കക്ഷിയോട് സുഗമമായ വിധത്തില്‍ വ്യാപാരം നടത്താന്‍ ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദ്ദേശിച്ചു അതു പ്രകാരം ലേബര്‍ ഓഫീസര്‍ കാര്‍ഡ് അനുവദിക്കുകയുണ്ടായി.. എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോലും നല്‍കാതെ കടക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് കടയ്ക്ക് മുമ്പില്‍ പന്തല്‍ കെട്ടി സമരം നടത്തുകയാണ് സി.ഐ.ടി.യു ചെയ്ത് വരുന്നത്.ഉത്തരവാദപ്പെട്ട സംഘടനകള്‍ എന്ന നിലയില്‍ കോടതി വിധി മാനിക്കാതെ പാര്‍ട്ടി ഗ്രാമത്തില്‍ തങ്ങളുടെ വിധി നടപ്പിലാക്കാനാണ് സി.പി.എമ്മും സി.ഐ.ടി.യും ശ്രമിക്കുന്നത്.നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യതപ്പെട്ട പോലീസാകട്ടെ, പന്തല്‍ പൊളിച്ചു മാറ്റാതെ സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്നു.
തികച്ചും അസംബന്ധമായ ഒരു കാര്യം എളമരം ലേഖനത്തില്‍ വിശദീകരിക്കുന്നത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അഫ്‌സലിനെ സ്ഥാപനത്തില്‍ എത്തിച്ച് ചരക്ക് നീക്കാന്‍ കടയുടമ ശ്രമം നടത്തി എന്നതാണ്.തങ്ങളെ തൊഴിലില്‍ നിന്ന് തള്ളിക്കളഞ്ഞ എസ്.ആര്‍.അസോസിയേറ്റ്‌സ് ഉടമക്ക് വേണ്ടി കരിങ്കാലിപ്പണി എടുക്കരുതെന്ന് അഫ്‌സലിനോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടു എന്നും അതംഗികരിക്കാത്തതാണ് അക്രമണമെന്ന രൂപത്തില്‍ കടയുടമയും ശിങ്കിടികളും വിളിച്ചു കൂവുന്നത് എന്നും അദ്ദേഹം പറയുന്നു.
കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ അഫ്‌സല്‍ വെറും ഒരു സാധാ യൂത്ത് ലീഗ് പ്രവര്‍ത്തകനല്ല. എരമം കുറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടരിയാണ്. ഉപജീവനത്തിന് വേണ്ടിയാണ് നാട്ടുകാരനായ അഫ്‌സല്‍ സി.സി.ടി.വി.ഇന്‍സ്റ്റലേഷന്‍ ചെയ്തു കൊടുക്കുന്നതുള്‍പ്പെടെയുള്ള ജോലി ചെയ്യുന്ന ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം മാതമംഗലത്ത് തുടങ്ങിയത്.സ്വാഭാവികമായും ജോലിയുടെ ഭാഗമായി എസ്.ആര്‍.അസോസിയേറ്റ്‌സിലും അദ്ദേഹം സി.സി.ടി വി.സ്ഥാപിച്ചു കൊടുത്തു. അതിന്റെ മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ക്കുള്‍പ്പെടെ പ്രസ്തുത സ്ഥാപനവുമായി അഫ്‌സല്‍ ബന്ധപ്പെടുന്നതാണ് സി.ഐ.ടി.യു.വിനെ പ്രകോപിതരാക്കിയത്.അതെ തുടര്‍ന്നാണ് പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ പതിനഞ്ചോളം തൊഴിലാളികള്‍ അഫ്‌സലിനെ ഫെബ്രവരി 7 ന് മാതമംഗലം ടൗണില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.മര്‍ദ്ദനം മൂലം കേള്‍വി ശക്തി നഷ്ടപ്പെട്ട അഫ്‌സലിനെ പിന്നെയും പിന്തുടര്‍ന്ന് വധിക്കാനാണ് സി.പി.എം. ക്രമിനലുകള്‍ ശ്രമിച്ചത്.അദ്ദേഹത്തെ മാത്രമല്ല, കൂടെ യാത്ര ചെയ്യുകയായിരുന്ന സഹോദരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു ഇവര്‍. വസ്തുതകള്‍ ഇതായിരിക്കെ, സ്വന്തം പാര്‍ട്ടിയുടെയും തൊഴിലാളികളുടെയും അധാര്‍മ്മികവും നിയമവിരുദ്ധവുമായ ചെയ്തികളെ ന്യായീകരിക്കാന്‍ തൊഴിലുടമയെയും യൂത്ത് ലീഗ് നേതാവിനെയും അധിക്ഷേപിച്ച് കൊണ്ട് അധര വ്യായാമം നടത്തുകയാണ് എളമരം കരീം ചെയ്യുന്നത്.