വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്. ഈ പ്രതിഭാസത്തിന്റെ ആവര്‍ത്തനത്തില്‍ ഭയാനകമായ രീതിയില്‍ വര്‍ധനവും ദൃശ്യമാകുന്നു. മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ വിരുദ്ധ അക്രമം, വിവിധ കാരണങ്ങളാല്‍, വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതിന് ഒരു കാരണം, അത് ചിതറിക്കിടക്കുന്നതും കുറഞ്ഞ തീവ്രതയുള്ളതുമാണ്, അതിനാല്‍ ഇത്തരം സംഭവങ്ങള്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നില്ല. സമീപകാലത്ത് നടന്ന വിവിധ ക്രിസ്ത്യന്‍ വിരുദ്ധ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ നിഗമനമാണിത്. റിപ്പോര്‍ട്ടില്‍ പറയുന്നു: ‘ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പതിവായി നടത്തുന്നതായി, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകള്‍ രേഖപ്പെടുത്തുന്നു. പക്ഷേ, മാധ്യമങ്ങളിലോ മനുഷ്യാവകാശ വൃത്തങ്ങളിലോപോലും ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടിട്ടില്ല’.
ഈ റിപ്പോര്‍ട്ട് യു.പിയിലെ വിവിധ ജില്ലകളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നതും 2020 ഒക്ടോബറില്‍ റൂര്‍ക്കി പള്ളിയില്‍ നടന്ന ആക്രമണത്തെകുറിച്ച് അന്വേഷിക്കുന്നതുമാണ്. അക്രമത്തെക്കുറിച്ച് പൊലീസിന് മുന്‍കൂര്‍ വിവരം ലഭിച്ചെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്രമണം ആരംഭിച്ചപ്പോള്‍ത്തന്നെ സ്ഥലത്തെത്തുന്നതിനുപകരം അക്രമികള്‍ പോയതിന് ശേഷമാണ് പൊലീസ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആഖ്യാനം കെട്ടിപ്പടുക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. സബ്രംഗ്ഇന്ത്യ, UCF, EFIRLC പോലുള്ള വിവിധ സ്രോതസുകളില്‍ നിന്നുള്ള മറ്റ് അക്രമ സംഭവങ്ങള്‍കൂടി സമാഹരിച്ചതാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ചില സംഭവങ്ങള്‍ ഇവയാണ്: മൗ (10 ഒക്ടോബര്‍); ഇന്‍ഡോര്‍ (ജനുവരി 26); ഷാജഹാന്‍പൂര്‍ (ജനുവരി 3); കാണ്‍പൂര്‍ (ജനുവരി 27); ബറേലി (ഫെബ്രുവരി 16); അംബേദ്കര്‍ നഗര്‍ (ഫെബ്രുവരി 21); പ്രയാഗ് രാജ് (ഫെബ്രുവരി 25); കാണ്‍പൂര്‍ (മാര്‍ച്ച് 3); ആഗ്ര (മാര്‍ച്ച് 14); മഹാരാജ്ഗഞ്ച് (ഏപ്രില്‍ 19); ബിജ്‌നോര്‍ (ജൂണ്‍ 23); ഗോണ്ട (ജൂണ്‍ 25); അസംഗഡ് (ജൂണ്‍ 25); രാംപൂര്‍ (ജൂണ്‍ 26); റായ്‌ബെര്‍ലി (ജൂണ്‍ 28); ഔറയ്യ (ജൂണ്‍ 29); ജൗന്‍പൂര്‍ (ജൂലൈ 3); ഹോഷങ്കാബാദ് (ഒക്ടോബര്‍ 3); മഹാസമുന്ദ് (ഒക്ടോബര്‍ 3); ഭിലായ് (ഒക്ടോബര്‍ 3).
ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത് യു.പിയിലാണ് എന്നാണ് ഈ സമാഹാരം കാണിക്കുന്നത്. എന്നാല്‍ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക കേസുകളിലും പ്രാര്‍ത്ഥനായോഗങ്ങളാണ് ലക്ഷ്യമിടുന്നത്, ഇവയെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി ലേബല്‍ ചെയ്യുന്നു. ഈ വിഷയങ്ങളില്‍ വി.എച്ച്.പി-ബജ്‌റംഗ്ദള്‍ വാദങ്ങള്‍ വളരെ തീവ്രമാണ്, ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ സരസ്വതി ദേവിയുടെ വിഗ്രഹം കത്തോലിക്കര്‍ നടത്തുന്ന സ്‌കൂളില്‍ സ്ഥാപിക്കണമെന്ന് ഒക്ടോബര്‍ 25 ന് ആവശ്യപ്പെട്ടിരുന്നു. വര്‍ധിച്ചുവരുന്ന ഭൂരിപക്ഷവാദത്തിന് അനുസൃതമായി, മതന്യൂനപക്ഷങ്ങള്‍ പ്രതികൂലമായ വഴികളിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നു, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും വശീകരണത്തിലൂടെയും മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്നു. വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ ഭയചകിതരാണ്. ഈ പ്രവണതയാണ് മുന്‍ പൊലീസ് ഓഫീസര്‍ ജൂലിയോ റെയ്‌ബെറോയെ ‘ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്ക് എന്റെ സ്വന്തം രാജ്യത്ത് പെട്ടെന്ന് അപരിചിതനായി തോന്നുന്നു’ എന്ന് പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്. 2015ല്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ച സമയം മുതല്‍, കാര്യങ്ങള്‍ അതിവേഗം വഷളാകുന്ന കാഴ്ചയാണ്. 2020 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 293 ക്രിസ്ത്യന്‍ വിരുദ്ധ പീഡന സംഭവങ്ങള്‍ രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ നിരീക്ഷിക്കുന്ന ഗ്രൂപ്പായ പെര്‍സിക്യൂഷന്‍ റിലീഫ് വ്യക്തമാക്കുന്നു. ഇതില്‍ ആറ് കേസുകള്‍ കൊലപാതകത്തില്‍ കലാശിച്ചു. വിശ്വാസത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു, ക്രിസ്തുമതം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് മറ്റു രണ്ട് പേരും 10 വയസുള്ള ഒരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയായി. ‘ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഏറ്റവും ശത്രുതയുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് തുടരുന്നതായി’ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. അറുപത്തിമൂന്ന് വിദ്വേഷ കുറ്റകൃത്യങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിന്റെ സ്ഥാപകന്‍ ഷിബു തോമസിന്റെ അഭിപ്രായത്തില്‍, ഇത് രേഖകളുള്ള കേസുകളാണ്; റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോയ നിരവധി കേസുകള്‍ ഇനിയും ഉണ്ടായേക്കാം. പ്രാദേശിക സഭകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ചൂണ്ടിക്കാണിക്കുന്നു, ‘പൊതുസ്വകാര്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു; മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ (നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍, സമാനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൂടുതല്‍ പരിഗണനയിലുണ്ട്) ക്രിസ്ത്യാനികളെ ഉപദ്രവിക്കാനും ഭയപ്പെടുത്താനും ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ നിയമങ്ങള്‍ക്ക് കീഴില്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ ചുരുക്കമാണ്, എന്നാല്‍ കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാം. ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ 10 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ ‘മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍’ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതിനാല്‍, പള്ളികളിലും ക്രിസ്ത്യന്‍ സഭകളിലും വന്‍തോതില്‍ രഹസ്യാന്വേഷണ വിവരശേഖരം നടത്താനാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ആഹ്വാനമാണ് ഒക്ടോബര്‍ ഒന്നിന് ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ നടന്ന റാലിയില്‍ സ്വാമി പരമാത്മാനന്ദ ആഹ്വാനം ചെയ്തിട്ടുള്ളത്. ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിഷനറിമാരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് വിവിധ ചാനലുകളിലൂടെ പ്രചാരണം നടക്കുമ്പോള്‍, ജനസംഖ്യാസെന്‍സസ് മറ്റൊരു കഥ പറയുന്നു. സെന്‍സസ് കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്രകാരമായിരുന്നു: 1971-2.60%, 1981-2.44%, 1991-2.34%, 2001-2.30%, 2011-2.30%. വിദേശ മതമായി ഉയര്‍ത്തിക്കാട്ടപ്പെടുമ്പോഴും ഇന്ത്യയില്‍ ക്രിസ്തുമതത്തിന് വളരെ പഴക്കമുണ്ട്. രാജ്യത്ത് അതിന്റെ ആവിര്‍ഭാവം അഉ 52ല്‍ കേരളത്തിലെ മലബാര്‍ തീരത്ത് സെന്റ് തോമസിന്റെ വരവ് വരെ എത്തുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍, അവരില്‍ ചിലര്‍ ജനങ്ങളെ പരിവര്‍ത്തനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി അവകാശപ്പെടുമ്പോള്‍ പോലും, വിദൂര പ്രദേശങ്ങളിലോ ദരിദ്രരായ ദലിത് സമൂഹങ്ങള്‍ക്കിടയിലോ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് മത്സരമുണ്ട്.
1970കളുടെ ദശകത്തില്‍ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) വനവാസി കല്യാണ്‍ ആശ്രമവും ആദിവാസി മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ ക്രിസ്ത്യന്‍ വിരുദ്ധ കോലാഹലങ്ങള്‍ ശക്തമായി. 1998 ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഗുജറാത്തിലെ ഡാംഗ് അക്രമത്തിന് സാക്ഷ്യം വഹിച്ചു. വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട സ്വാമി അസീമാനന്ദ ഇവിടെ ശബരി മാതാ ക്ഷേത്രം സ്ഥാപിക്കുകയും ശബരി കുംഭം സംഘടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഝബുവ പ്രദേശത്ത്, ആശാറാം ബാപ്പുവിന്റെ അനുയായികള്‍ സമാനമായ സഭകള്‍ സംഘടിപ്പിക്കുകയും 1998 സെപ്തംബര്‍ 23ന് അവിടെ അക്രമം നടക്കുകയും ചെയ്തു. ഒറീസയില്‍, സ്വാമി ലക്ഷ്മണാനന്ദന്‍ തന്റെ പ്രവര്‍ത്തനം തുടങ്ങുകയും കാണ്ഡമാല്‍ അക്രമം നടക്കുകയും ചെയ്തത് 2008 ലാണ്. ഇതിനുമുമ്പ്, 1999ല്‍ ബജ്‌റംഗ്ദളിന്റെ ഭാഗമായിരുന്ന രാജേന്ദ്ര സിങ് പാല്‍ എന്ന ദാരാ സിങ്, പാസ്റ്റര്‍ സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയിരുന്നു. വഞ്ചിക്കപ്പെട്ട ആദിവാസികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നതായിരുന്നു പാസ്റ്റര്‍ സ്റ്റെയിന്‍സിനെതിരെയുള്ള ആരോപണമെങ്കില്‍ ഈ ദാരുണമായ കൊലപാതകത്തെക്കുറിച്ചന്വേഷിച്ച വാധ്വ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം മതപരിവര്‍ത്തന പ്രവര്‍ത്തനത്തിലോ ക്രിസ്ത്യാനികളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിലേ പങ്കാളിയായിരുന്നില്ലെന്ന നിഗമനത്തിലാണെത്തിയത്. അദ്ദേഹം ജോലി ചെയ്തിരുന്ന ഒറീസയിലെ കിയോഞ്ജര്‍ പ്രദേശത്ത് സ്ഥിതിവിവരക്കണക്കുകളുടെ വര്‍ധന കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം നമ്മുടെ മാനുഷികവും സാമൂഹികവുമായ അവകാശമാണെങ്കിലും അത് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗവുമാണ്. വ്യത്യസ്തമായ അവകാശവാദ സംവിധാനങ്ങളിലൂടെ അത് പ്രായോഗികമായി വെല്ലുവിളിക്കപ്പെടുകയും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അക്രമങ്ങള്‍ നിരന്തരം വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.