അഡ്വ. പി.വി സൈനുദ്ദീന്‍
മഹാമാരി കാലത്തെ സമ്മേളനങ്ങള്‍ക്ക് കോടതി പൂട്ടിട്ടിരിക്കുകയാണ്. എറണാകുളത്തെ സംസ്ഥാന സമ്മേളനവും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെയാണ് സി.പി.എമ്മിന് കോടതി വക കണ്ണുരുട്ടല്‍. കൊറോണ വകഭേദം ഒമിക്രോണ്‍ രാജ്യമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയമം ലംഘിച്ചുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനുള്ള രാഷ്ട്രീയ ധാര്‍ഷ്ട്യത്തെ കോടതി കയ്യോടെ പിടികൂടിയത്. ആകാശം വരെ ചെങ്കൊടി ഉയരട്ടെയെന്ന മുദ്രാവാക്യം വിളിക്കുന്നവരുടെ സമ്മേളനമാണ് ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുമെന്ന നിയമ ഭാഷ ഉപയോഗിച്ച് കോടതി തടഞ്ഞത്.
എല്ലാറ്റിനും കാരണഭൂതന്‍ പിണറായിയാണെന്ന് പാറശാല തിരുവാതിര സമ്മേളനത്തില്‍ പാടിപുകയ്ത്തുമ്പോള്‍ പ്രജകളെ രോഗ വ്യാപനത്തിന് വിട്ടുകൊടുത്തുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന പിണറായി ആധുനിക നീറോ ചക്രവര്‍ത്തിയായി ചികിത്സക്കായി അമേരിക്കയില്‍ പോയിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കേവലം കാഴ്ചക്കാരിയാക്കിമാറ്റി കോവിഡ് അവലോകന സമിതി ജില്ലകളെ എ, ബി, സി കാറ്റഗറിയായി തിരിച്ചത് സമ്മേളനം നടന്ന ജില്ല, നടക്കുന്ന ജില്ല, നടക്കാനിരിക്കുന്ന ജില്ല എന്നീ ക്രമത്തിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ട്രോള്‍ പരക്കുകയാണ്. എ.കെ.ജി സെന്ററില്‍നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതന്ന്‌പോലുമെന്ന് വ്യാപക പ്രചാരണമുണ്ട്. തിരുവാതിരക്കളിയില്‍ കൈമുട്ടി കളിച്ചവര്‍ക്കും പങ്കെടുത്ത ചില നേതാക്കള്‍ക്കും കോവിഡ് ബാധിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എമ്മിനെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിച്ചത്. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന സമീപനത്തിനെതിരെ വ്യാപകമായി എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം. മഹാമാരി കാലത്ത് ഭരണാധികാരികള്‍ സ്വേച്ഛാധിപതികളാകുന്നതിന്റെ മികച്ച ഉദാഹരണമായി രണ്ടാം പിണറായി മന്ത്രിസഭ.
കാസര്‍കോട് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ത് ദുരന്ത നിവാരണ നിയമം വകുപ്പ് 26, 30, 34 പ്രകാരം (DISASTER MANAGEMENT ACT) കാസര്‍കോട് ജില്ലയിലെ ആള്‍ക്കൂട്ട സമ്മേളനങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് സഖാക്കള്‍ മണിക്കൂറുകള്‍ക്കകം നിയന്ത്രണങ്ങള്‍ പിന്‍വലിപ്പിച്ചത്. ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാകലക്ടര്‍ക്കുള്ള പ്രത്യേക അധികാരത്തെ കുറിച്ച് നേതാക്കന്മാര്‍ക്ക് അജ്ഞതയുള്ളത് കൊണ്ടല്ല ഇത്തരം ധിക്കാരപരമായ സമീപനം സ്വീകരിച്ചത്. ചോരച്ചാലുകള്‍ നീന്തി കയറിയെന്ന് അവകാശപ്പെടുന്ന നേതാക്കന്മാരുടെ നിയമത്തോടുള്ള വിസമ്മതത്തിന്റെ ഹാലിളക്കമായിരുന്നു പ്രസ്തുത നടപടി. ഒരു ജില്ലയിലെ ദുരന്ത നിവാരണ നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ദേശീയ സംസ്ഥാന പോളിസികള്‍ക്കനുസൃതമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനും ദുരന്തം പടരുന്നത് തടയാന്‍ വാഹനഗതാഗതം ഉള്‍പ്പെടെ നിരോധിക്കാനും മറ്റും കലക്ടര്‍ക്ക് നല്‍കുന്ന അധികാരത്തെ അന്യായമായ ഇടപെടലിലൂടെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച നടപടി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും പൊതുസമൂഹത്തിന്റെ വിമര്‍ശനാഭിപ്രായങ്ങളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ആശങ്കകളും സി.പി.എമ്മിനെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്നത് വിചിത്രവും ഖേദകരവുമാണ്. വ്യക്തിപരമായ കാരണമെന്ന് വിശദീകരണം നല്‍കി ജില്ലാകലക്ടര്‍ അവധിയില്‍ പ്രവേശിച്ചത് സത്യം പകല്‍ വെളിച്ചം പോലെ പുറത്താവുകയും ചെയ്തു.
ഒന്നാം കോവിഡിന്റെ ആനുകൂല്യത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരോഗ്യമന്ത്രി വിണാജോര്‍ജിന്റെ പത്രസമ്മേളനങ്ങള്‍ പോലും നാണകേടായി മാറുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റുന്ന വിധത്തിലായി മന്ത്രിയുടെ പത്രസമ്മേളനങ്ങള്‍. പശുവിന് പുല്ല് കൊത്താന്‍ പോയ ആളിന് പോലും പിഴ വിധിച്ച ഭരണകൂടത്തിന്റെ നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മുസ്‌ലിംലീഗിന്റെ വഖഫ് റാലിയില്‍ പങ്കെടുത്തവരുടെ പേരിലും കോണ്‍ഗ്രസ് എം.പിമാരുടെ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ പേരിലും മത പണ്ഡിതരുടെ പേരിലും കേസെടുത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യകക്ഷിയായ സി.പി.എമ്മിന് പ്രോട്ടോകോളും മാനദണ്ഡമൊന്നും ബാധകമല്ല എന്നത് പ്രബുദ്ധ കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. മന്ത്രിമാരായ റിയാസും അബ്ദുറഹ്മാനും പങ്കെടുത്ത എടപ്പാള്‍ പാലം ഉദ്ഘാടനത്തില്‍ ജനബാഹുല്യമൊന്നും പ്രോട്ടോകോള്‍ ലംഘനത്തിന്റെ പരിധിയില്‍ വരുമോയെന്ന് ബന്ധപ്പെട്ടവര്‍ പറയേണ്ടതുണ്ട്. ജനക്ഷേമത്തിന് തൂക്കുകയര്‍ സമ്മാനിക്കുന്ന ഭരണകൂട സമീപനങ്ങള്‍ക്കെതിരായി കലഹിക്കുന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നു എന്ന് പറയുന്ന ബുദ്ധിജീവികള്‍ പോലും നിശബ്ദമായ മൗനം അവലംബിക്കുകയാണ്.
നാടിനെയും നാട്ടുകാരുടെയും രക്ഷക്കായി മുസ്‌ലിംലീഗിന്റെ രണ്ടാംഘട്ട വഖഫ് സമരവും യു.ഡി.എഫ് സര്‍വകലാശാല മാര്‍ച്ചും കെ റെയില്‍ സമരവുമൊക്കെ മാറ്റിവെച്ച ഘട്ടത്തിലാണ് സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊടിപൂരമായി ആഘോഷിച്ചത്. കാസര്‍കോട് കോടതി വിധിയിലെ ന്യായങ്ങളെ ധിക്കരിച്ച് കൊണ്ടാണ് തൃശൂര്‍ സമ്മേളനം പോലും സി.പി.എം നടത്തിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതുകൊണ്ടാണോ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് വന്നതന്നെ കോടിയേരി സഖാവിന്റെ ചോദ്യത്തിന്റെ ഉത്തരം അത്രമേല്‍ കോവിഡ് വ്യാപനം സാക്ഷര കേരളത്തിലുണ്ടെന്ന് മനസ്സിലാക്കാന്‍ കോടിയേരിക്ക് പുതിയ ചികിത്സ അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങളെ അവഗണിച്ചു പാര്‍ട്ടി സമ്മേളനങ്ങളുമായി മുന്നോട്ടുപോയ കമ്യൂണിസ്റ്റ് നേതൃത്വത്തിന് കാലം നല്‍കിയ കനത്ത ശിക്ഷയെന്നോണമാണ് റിപ്പബ്ലിക് ദിനാചരണത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന കോടതിയുടെ തീപാറുന്ന ചോദ്യം. റിപ്പബ്ലിക് ദിനാചരണ പരിപാടികള്‍ക്ക് 50 പേരെ മാത്രമാക്കിയ സര്‍ക്കാര്‍ ഉത്തരവിറക്കിയ ശേഷമാണ് 185 പേരെ പങ്കെടുപ്പിച്ച് കാസര്‍കോട് സമ്മേളനവും 175 പേരെ പങ്കെടുപ്പിച്ച് കൊണ്ട് തൃശൂര്‍ സമ്മേളനവും സി.പി.എം സംഘടിപ്പിച്ചത്.
പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് സി ജയചന്ദ്രനുമടങ്ങിയ ബെഞ്ചാണ് ഇഞ്ചുറി ടൈമില്‍ കൈവിട്ടു കളിച്ചവര്‍ക്കെതിരെ വിസിലൂതിയിട്ടുള്ളത്. മൂന്നാം തരംഗ കാലത്ത് കേരളത്തിലെ ടി.പി.ആര്‍ നിരക്ക് 41 ശതമാനത്തിന്മുകളില്‍ നില്‍ക്കുന്ന കാലത്താണ് രാഷ്ട്രീയ ധിക്കാരത്തിന്റെ മാസ്‌ക് ധരിക്കുന്നവര്‍ മനുഷ്യരെ വിഡ്ഢികളാക്കുന്ന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ പഞ്ചായത്തിലെ ടി.പി.ആര്‍ നിരക്ക് 67 ശതമാനത്തിന് മുകളിലാണെന്നത് കൂടി ഇതോടു ചേര്‍ത്ത്‌വായിക്കേണ്ടത്. മനുഷ്യ ജീവന് പുല്ലുവില കല്‍പിക്കാതെയുള്ള ഇത്തരം സമ്മേളനങ്ങള്‍ കേരളത്തിലെ പൊലീസിന്റെ ദൃഷ്ടിയില്‍ പെടുന്നുമില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ക്ക് പൊളിറ്റിക്കല്‍ ക്വാറന്റൈന്‍ പ്രഖ്യാപിക്കുന്ന ഭരണക്കാരോട് ‘കാവല്‍കാര്‍ക്ക് ആര് കാവല്‍ നില്‍ക്കുമെന്ന’ റോമിലെ പഴമൊഴി ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. നെഗറ്റീവും പോസിറ്റീവും കാലത്തിന്റെ ഗതിമാറ്റി നൂറ്റാണ്ടിന്റെ മഹാമാരിയില്‍ ജീവിത ക്രമത്തിന്റെ കൗണ്ട്ഡൗണ്‍ തന്നെ ആരംഭിച്ച സ്ഥിതിയില്‍ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട മനുഷ്യരോടുള്ള കമ്യൂണിസ്റ്റ് ധിക്കാരത്തോടാണ് നീതിയുടെ മഷിയുപയോഗിച്ച് ആര്‍ജവത്തോടെ കോടതി വര്‍ത്തമാനം പറഞ്ഞിട്ടുള്ളത്. മാസങ്ങളായി മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ലാത്ത മാനവന്റെ ആകുലതകളെയാണ് രാഷ്ട്രീയം ഫോക്കസ് ചെയ്യേണ്ടതെന്ന ധാര്‍മിക പാഠം കോടതി വിധിയിലുടനീളം നിറഞ്ഞുനില്‍ക്കുകയാണ്.