ഷംസീര്‍ കേളോത്ത്
ഡിസംബര്‍ പതിനെട്ടിനായിരുന്നു ലോക ന്യൂനപക്ഷാവകാശ ദിനം. എണ്ണത്തില്‍ കുറവുള്ള വിഭാഗങ്ങള്‍ക്ക് അവരുള്‍ക്കൊള്ളുന്ന സമൂഹങ്ങള്‍ തുല്യനീതിയുറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിച്ചാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങളുണ്ടെന്ന് അന്താരാഷ്ട്രസമൂഹം പ്രഖ്യാപിച്ചത്. ലോകം ന്യൂനപക്ഷാവകാശ ദിനം ആചരിക്കാന്‍ തുടങ്ങിയ തൊണ്ണൂറുകളിലാണ് ബാബരി ധ്വംസനത്തിലൂടെ ഇന്ത്യയുടെ യശസ്സിന് കളങ്കം ചാര്ത്തെപ്പെട്ടതെന്നത് മറ്റൊരു കാര്യം. ബാബരി വിധിന്യായത്തിലൂടെ അറിഞ്ഞോ അറിയാതെയോ ഹിന്ദുരാഷ്ട്രത്തിന്റെ ഉദ്ഘാടനമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയതെന്നായിരുന്നു ഈയിടെ രാഷ്ട്രമീമാംസാ പണ്ഡിതന് സുഹാസ് പാല്‍ശികാര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെഴുതിയത്. വിധിന്യായം പുറപ്പെടുവിച്ചതിന്ശേഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ സഹജഡ്ജിമാര്ക്ക് താന്‍ പ്രത്യേക പാര്‍ട്ടി നടത്തിയെന്നും മുന്തിയ വീഞ്ഞ് നുകര്‍ന്നുവെന്നും മുന്‍ചീഫ് ജസ്റ്റിസ് തന്റെ ആത്മകഥയിലെഴുതുകയും ചെയ്തു. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നോമിനിയായി അദ്ദേഹം ഇന്ന് രാജ്യസഭാംഗമാണ്. മതേതര റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ കേസില്‍ രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന് നീതിലഭ്യമായില്ല എന്ന ആക്ഷേപം നിലനില്‍ക്കവെ വിധിന്യായം പ്രഖ്യാപിച്ചതിന്ശേഷം ചീഫ് ജസ്റ്റിസടങ്ങുന്ന സംഘം ആഘോഷിക്കുകയായിരുന്നുവെന്നത് മതേതര വിശ്വാസികളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഭരണഘടനാസ്ഥാനത്തിരിക്കുന്നവര് തന്നെ ഭരണഘടനാമൂല്യങ്ങള്ക്കപ്പുറം ആള്‍ക്കൂട്ട താല്പര്യങ്ങളുടെ വക്താക്കളാക്കപ്പെടുന്നതിന്റെ ദുസ്സൂചനയാണിത്്. ആള്ക്കൂട്ടാതിക്രമങ്ങളോ കലാപങ്ങളോ മാത്രമല്ല ഭരണഘടനാസംവിധാനങ്ങള്ക്കുള്ളില്നിന്ന് കൊണ്ടുതന്നെ ന്യൂനപക്ഷാവകാശ ധ്വംസനം സാധ്യമാക്കപ്പെടുന്നു എന്നത് മതേതര വിശ്വാസികളെ കൂടുതല്‍ ജാഗരൂകരാക്കേണ്ടതുണ്ട്.
മിഷനറീസ് ഓഫ് ചാരിറ്റി
സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പേരെടുത്തവരാണ് കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി. പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ജീവകാരുണ്യ പ്രസ്ഥാനമാണത്. പതിനായിരങ്ങള്‍ക്ക് സാന്ത്വനമേകുന്ന ആ പ്രസ്ഥാനം ഇന്ന് കുറ്റാരോപിതരുടെ പട്ടികയിലാണ്. സംഘ്പരിവാറിന്റെ ദൃഷ്ടിയില് പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെടേണ്ടവരാണ്. വിദേശ ഫണ്ട് കൈപ്പറ്റുന്നുവെന്ന പേരില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മദര്‍ തെരേസ പോലും സൈബറിടങ്ങളില്‍ അപമാനിക്കപ്പെടുന്നു. ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയുള്ള സര്‍ക്കാറിന്റെ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന വിലയിരുത്തലിലാണ് ലോകസമൂഹം. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ അത് വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. മോദി സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികളാണെന്നാണ് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചത്്. രാജ്യത്തെ ആഭ്യന്തര ശത്രുക്കളില്‍ നേരത്തെ തന്നെ ആര്.എസ്.എസ് ക്രിസ്ത്യാനികളെ ഉള്‍ക്കൊള്ളിച്ചിരുന്നു. മുസ്ലിംകള്ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയും സിഖ് ന്യൂനപക്ഷ വിഭാഗങ്ങള്ക്കെതിരെയുമുണ്ടായ അതിക്രമങ്ങളുടെ രീതി പരിശോധിച്ചാല്‍ ആള്ക്കൂട്ടഭരണകൂട വേട്ടയുടെ ഒരു സംഘ്പരിവാര്‍ മോഡല്‍ കാണാനാവും. ആള്‍ക്കൂട്ടങ്ങള്‍ ആയുധമേന്തി തെരുവില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയും ഭരണകൂടം നിയമത്തിന്റെ വഴിയിലൂടെ (ഉദാഹരണം സി.എ.എ) ഇരകളെ കൂടുതല്‍ വരിഞ്ഞുമുറുക്കുകയും ചെയ്യുന്ന രീതി. ക്രിസ്മസ്ദിനങ്ങളില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അതിക്രമങ്ങളും മറ്റും ആള്‍ക്കൂട്ട അതിക്രമങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെങ്കില്‍ മിഷനറി ഓഫ് ചാരിറ്റീസിനെതിരെയുള്ള നീക്കവും കര്‍ണ്ണാടകയിലെ മതപ്രചാരണ നിരോധനം ലക്ഷ്യംവെച്ചുള്ള നിയമവും ക്രിസ്ത്യാനികളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഘടനാപരമായ അതിക്രമങ്ങളുടെ സാധ്യതകളാണ് തുറന്നിടുന്നത്.
മത(അ)സ്വാതന്ത്ര്യ നിയമങ്ങള്‍
സംഘ്പരിവാര രാഷ്ട്രീയം പരീക്ഷിച്ച് വിജയിച്ച ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമായ കര്‍ണ്ണാടകയാണ് ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ഭരണഘടന സ്വാതന്ത്ര്യമായ മതപ്രചാരണത്തിന് കൂച്ചുവിലങ്ങിടുന്ന പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്. മതപരിവര്‍ത്തനത്തിന് പത്തുവര്‍ഷത്തോളം ജയില്‍ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ അടങ്ങിയ ബില്ലാണിത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രലോഭിപ്പിച്ച് മതം മാറ്റുകയാെണന്ന സംഘ്പരിവാര്‍ ആരോപണത്തിന്റെ മറപിടിച്ചാണ് മൗലികാവകാശം ഉറപ്പ്നല്‍കുന്ന മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശത്തെ ഇല്ലാതാക്കുന്നത്. സ്വതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാവിനിര്‍ണ്ണയിച്ച രാഷ്ട്രശില്പ്പികള് ന്യൂനപക്ഷാവകാശങ്ങളെകുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ചിന്തകളുടെ പ്രതിഫലനമാണ് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷാവകാശങ്ങള്‍. മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശം മാത്രമല്ല, മതം പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന പൗരന്മാര്ക്ക് നല്കുന്നു.
സംഘ്പരിവാരത്തിന് മതപ്രചാരണം എന്നും കണ്ണിലെ കരടായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ക്ക് തന്നെ സെമിറ്റിക് മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ വലിയ പാതമകമായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരമാണ് അവര്‍ നടത്തിയത്. മതപ്രചാരണത്തിനെതിരെയുള്ള ശബ്ദം ഭരണഘടനാ നിര്‍മ്മാണ സമിതിയിലും ചില അംഗങ്ങള്‍ ഉയര്‍ത്തിയതായി കാണാം. 1948 ഡിസംബര്‍ ആറിനാണ് മതസ്വാതന്ത്ര്യം ഉള്‍ക്കൊള്ളിച്ച മൗലികാവകശാത്തെപറ്റി ഭരണഘടനാനിര്‍മ്മാണസഭ വിശദമായി ചര്‍ച്ച ചെയ്തത്്. സെമിറ്റിക് മതങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് മതപ്രചരണം എന്നും മതം പ്രചരിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ മതസ്വാതന്ത്ര്യം തന്നെയാണ് നിഷേധിക്കപ്പെടുന്നത് എന്നുമുള്ള അംഗങ്ങളുടെ വാദങ്ങളെ അംഗീകരിച്ചാണ് ഭരണഘടനയില്‍ മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം അന്ന് ഉള്‍ക്കൊള്ളിക്കപ്പെട്ടത് (വോള്യം 7, ഭരണഘടനാ നിര്‍മ്മാണ സമിതി ഡിബേറ്റ്സ്).
എന്നാല്‍ ഒരു പറ്റം നിയമനിര്‍മ്മാണങ്ങളിലൂടെയാണ് സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മതപരിവര്ത്തത്തിനുള്ള സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തത്. ഒറീസ (1967), മധ്യപ്രദേശ് (1968), അരുണാചല്‍പ്രദേശ് (1978), ഗുജറാത്ത് (2003) ഛത്തീസ്ഗഢ് (2006) ഉത്തര്‍പ്രദേശ് (2021) തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങള്‍ ഇന്ന് നിലവിലുണ്ട്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നിയമങ്ങള്‍ക്കൊക്കെ നല്കപ്പെട്ടിരിക്കുന്ന പേര് മതസ്വാതന്ത്ര്യ നിയമങ്ങള്‍ എന്നതാണ് മറ്റൊരു തമാശ (ഉദാ. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 1968). പല സംസ്ഥാനങ്ങളും മതപരിവര്‍ത്തനം ഒരര്‍ഥത്തിലും സാധ്യമാകാത്ത തരത്തില്‍ അവരുടെ നിയമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. തമിഴ്നാട് 2002ല്‍ സമാന നിയമം പാസാക്കിയെങ്കിലും പിന്നീട് സംസ്ഥന സര്‍ക്കാര്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കടുത്ത വകുപ്പുകളുമായാണ് പുതിയ നിയമനിര്‍മ്മാണം നടത്തിയത്. കര്‍ണ്ണാടകയില്‍ ഇത്തരം ഒരു നിയമം പാസാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ മതപ്രചാരണങ്ങളെ വിലക്കാം എന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. മറ്റ് നിയമങ്ങളെ പോലെ തന്നെ മതസ്വാതന്ത്ര്യാവകാശ സംരക്ഷണ നിയമമെന്നാണ് ഫലത്തില്‍ മതപരിവര്‍ത്തനം വിലക്കുന്ന നിയമത്തിന് കര്‍ണാടക സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിന് യാതൊരു തെളിവുകളുമില്ല. ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുകയാണന്ന ആരോപണങ്ങള്‍ വസ്തുതകളെ മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍ അടിസ്ഥാനരഹിതമാണന്ന് മനസ്സിലാവും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നത് സംഘ്പരിവാരവും ബി.ജെ.പിയുമാണെന്ന് വ്യക്തവുമാണ്. ബെംഗളുരുവില്‍ നിന്നുള്ള ബി.ജെ.പി എം.പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വിസൂര്യ യുദ്ധകാലാടിസ്ഥാനത്തില്‍ ഗര്‍വാപസി നടപ്പാക്കാനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ആഹ്വാനം ചെയ്തത്. പിന്നീട് വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തു. ഹരിദ്വാറില്‍ നടന്ന വംശീയ ഉന്മൂലന സമ്മേളനത്തില്‍ മുസ്ലിംകളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ആഹ്വാനങ്ങളാണുണ്ടായത്. ഇവിടെ ന്യൂനപക്ഷങ്ങളാണ് യഥാര്‍ത്ഥത്തില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതെന്നും എന്നാല്‍ ഇരകളെ തന്നെ വേട്ടാക്കാരാക്കി വീണ്ടും പീഡിപ്പിക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പകല്‍വെളിച്ചം പോലെ വ്യക്തമാണ്. നിയമത്തിന്റെ മറപിടിച്ചുള്ള ഭരണകൂടാതിക്രമത്തെ കര്‍ഷകര്‍ നേരിട്ടത് ജനങ്ങളെ തെരുവിലിറക്കിയാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കിയ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാവുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചിരുന്ന് മതേതരവിശ്വാസികളെ കൂടെനിര്‍ത്തി ഇത്തരം നീക്കങ്ങളെ ജനാധിപത്യമാര്‍ഗത്തില്‍ ചെറുത്ത് തോല്‍പ്പിക്കണം.