ടി.കെ പ്രഭാകരകുമാര്‍
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ സകല അതിരുകളും ലംഘിക്കുന്നതാണ്. ഇവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലേയെന്ന് മതേതരത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഏതൊരു പൗരനും ചോദിച്ചുപോകുന്ന വിധത്തില്‍ അസഹനീയവും അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുന്ന അക്രമങ്ങളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ ശക്തികള്‍ സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്ദളിന്റെയുമൊക്കെ പേരിലാണ് ഈ അഴിഞ്ഞാട്ടങ്ങളൊക്കെയും. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങള്‍മാത്രം പരിശോധിച്ചാല്‍ രാജ്യത്ത് ഹിന്ദുത്വ ഭീകരത എത്രമാത്രം ശക്തമാണെന്ന് ബോധ്യമാകുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പേരിലുള്ള തീവ്രവാദത്തില്‍നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറുകയാണോയെന്ന ആശങ്ക പരത്തുന്നത്ര ആഴവും വ്യാപ്തിയും ഈ അക്രമങ്ങള്‍ക്കുണ്ട്.
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക്‌നേരെ രാജ്യം ഇതിന്മുമ്പ് ദര്‍ശിച്ചിട്ടില്ലാത്തവിധത്തിലുള്ള അക്രമാഭാസങ്ങളാണ് അരങ്ങേറിയത്. ഹരിയാനയിലെ അംബാലിയില്‍ ക്രിസ്ത്യന്‍പള്ളി ആക്രമിച്ച് യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുകയായിരുന്നു. ഹരിയാനയില്‍തന്നെ സ്വകാര്യസ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം തടഞ്ഞു. ഉത്തര്‍പ്രദേശില്‍ സാന്താക്ലോസിന്റെ കോലം കത്തിക്കുകയും അസമില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുനേരെ ബജ്രംഗ്ദള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ശൗര്യയാത്രയുടെ മറവില്‍ മുസ്‌ലിം സമുദായാംഗങ്ങളെ ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് കര്‍ണാടക ചിക്കബല്ലാപൂരിലെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളി തകര്‍ക്കപ്പെട്ടത്. ഇവിടെയും യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ സംഘ്പരിവാര്‍ പരക്കെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആരെയും മതപരിവര്‍ത്തനം നടത്താന്‍ പാടില്ലെന്ന ഭരണഘടനാതത്വം രാജ്യത്തെ ജനാധിപത്യബോധമുള്ളവരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ സമാധാനപരമായ മതപ്രചാരണത്തിന് ഇന്ത്യന്‍ ഭരണഘടന അംഗീകാരം നല്‍കുന്നുണ്ട്. സ്വമേധയാ മതം മാറുകയെന്നത് തികച്ചും വ്യക്തിപരമായ കാര്യമായതിനാല്‍ ഭരണഘടന അതിന് എതിരു നില്‍ക്കുന്നുമില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹിന്ദുസമുദായത്തില്‍പെട്ടവര്‍ക്ക് മാത്രമേ പാടുള്ളൂവെന്നും ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും അതിന് അവകാശമില്ലെന്നും തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഏകപക്ഷീയ ആക്രമണങ്ങളാണ് സംഘ്പരിവാര്‍ സംഘടനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കുന്ന സമീപനമാണ് അവിടത്തെ സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. മാത്രമല്ല സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ഇരകളാകുന്ന ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യാവകാശങ്ങളും ഇതര മത സ്വാതന്ത്ര്യവും ഉത്തര്‍പ്രദേശും കര്‍ണാടകയുമടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ വന്നതോടെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവ കുടുംബങ്ങളടക്കം ഭയചകിതരായി കഴിയുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ബംഗളൂരുവില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടത്തുമ്പോഴാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറി അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായത്. ക്രൈസ്തവര്‍ക്ക് അവരുടെ സ്‌കൂളില്‍ പോലും ക്രിസ്തുമസ് ആഘോഷിക്കാന്‍ സംഘ്പരിവാറിന്റെ അനുവാദം കൂടിയേ മതിയാകൂ എന്ന അവസ്ഥ സംജാതമായതിനെ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.
ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ സമ്മേളനത്തില്‍ സന്യാസിമാര്‍ നടത്തിയ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. മുസ്‌ലിംകളെ കൂട്ടക്കുരുതി ചെയ്യണമെന്നാണ് ഒരു സന്യാസി നടത്തിയ പ്രസംഗത്തിലുള്ളത്. ഇന്ത്യയെ കലാപഭൂമിയാക്കിമാറ്റാന്‍ എത്ര നികൃഷ്ടമായ കൃത്യവും സംഘ്പരിവാര്‍ നടത്തുമെന്നതിന്റെ ഒരുദാഹരണം മാത്രമാണ് ഈ പ്രസംഗം. ഗുജറാത്തില്‍ നടപ്പാക്കിയ മുസ്‌ലിം വംശഹത്യാപദ്ധതി രാജ്യമൊട്ടുക്കും പരീക്ഷിക്കാനുള്ള പുറപ്പാടാണ് ഇവര്‍ നടത്തുന്നതെങ്കില്‍ നാം ഭയപ്പെട്ടേ മതിയാകൂ. ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജനങ്ങളില്‍ വംശീയമനോഭാവം ആളിക്കത്തിച്ച് അക്രമാസക്തരാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടക്ക് വെള്ളവും വളവും നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരാണ്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന മതേതരത്വത്തിന് വിരുദ്ധമായ നിയമങ്ങള്‍ക്ക് സമാന്തരമായാണ് കലാപങ്ങളും ആസൂത്രണം ചെയ്യുന്നത്. രാജ്യത്ത് മൊത്തമായി മതപരിവര്‍ത്തനനിരോധനനിയമവും ഏകസിവില്‍ കോഡും നടപ്പില്‍ വരുത്തുന്നതിന് മുമ്പ് വംശീയാക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നതിന്പിന്നില്‍ കൃത്യമായ ആസൂത്രണം തന്നെയുണ്ട്. രാജ്യത്തെ മതേതരബോധത്തിനും മതസൗഹാര്‍ദത്തിനും ഐക്യത്തിനും അഖണ്ഡതക്കും ഗുരുതരമായ പോറലേല്‍പ്പിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ നിസംഗമായി കാണുകയെന്ന ശീലം ഇതിലും വലുതായ മാരകവിപത്തുകള്‍ക്ക് പ്രോത്സാഹനമാകുമെന്ന യാഥാര്‍ഥ്യം ഓരോരുത്തരും മനസിലാക്കണം.