രമേശ് ചെന്നിത്തല
കേരളത്തിലെസര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള ഉന്നത സ്ഥാനങ്ങള്‍ സ്വന്തം പാര്‍ട്ടി ബന്ധുക്കള്‍ക്ക് സംവരണം ചെയ്ത് നല്‍കുന്നതാണ് ഇടതു മുണണി അധികാരത്തില്‍ വരുമ്പോള്‍ എപ്പോഴും കാണുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതോടെ നിയമനങ്ങള്‍ അവരുടെ തറവാട്ട് സ്വത്ത് പോലെയായി. ഓരോ സര്‍വകലാശാലയിലും അതത് പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് നിയമനം നടത്താന്‍ അധികാരം ഉള്ളത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. അതില്‍ മനം നൊന്ത ചാന്‍സിലര്‍ കൂടിയായ ബഹുമാന്യ ഗവര്‍ണര്‍ മറ്റൊരു വഴിയും കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ട് മുന്നേറുന്ന സര്‍ക്കാറിനെ തിരുത്താന്‍ സ്‌റ്റേറ്റിന്റെ തലവന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളും വൃഥവിലായി. ഒടുവില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പുനര്‍ നിയമനം ചട്ടവിരുദ്ധമെന്നറിഞ്ഞിട്ടും ഉത്തരവില്‍ ഒപ്പ് വയ്ക്കാന്‍ ബാധ്യസ്ഥനായ ചാന്‍സലര്‍ നിസഹായനായി, ആത്മരോഷത്തോടെ പൊട്ടിത്തെറിച്ചു. വാസ്തവത്തില്‍ കേരളത്തിലെ അക്കാദമിക ലോകവും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും പ്രതിപക്ഷവും നിരന്തരം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തന്നെയാണ് ഗവര്‍ണര്‍ എഴുതിയ വരികളില്‍ തെളിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ അതിശക്തമായ വിമര്‍ശനം ആണത്. ധാര്‍മികത ശേഷിക്കുന്നെണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ.
കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശിപാര്‍ശ കത്ത് പുറത്തായതോടെ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ മന്ത്രി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല. രാജിവെച്ചില്ലെങ്കില്‍ ലോകായുക്തയെ സമീപിക്കും. വി.സി നിയമനത്തില്‍ ഇടപ്പെട്ടത് ആരൊക്കെയെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി അറിയാതെയാണു ഇത്തരത്തില്‍ ഒരു കത്ത് മന്ത്രി നല്‍കിയതെങ്കില്‍ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. കണ്ണൂരില്‍ സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചു വിട്ടത് എന്തിനാണെന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. കാലടി സംസ്‌കൃത സര്‍വകലാശാലയിലാകട്ടെ ചടങ്ങിനു വേണ്ടി ഒരു സെര്‍ച്ച് കമ്മിറ്റിയെ വെച്ചു. എന്നിട്ട്, കമ്മിറ്റിയുടെ രണ്ടു മാസത്തെ കാലാവധി കഴിയുന്നത് വരെ കാത്തിരുന്നു. അതു കഴിഞ്ഞ് നേരിട്ട് ഇഷ്ടക്കാരനെ നിയമിക്കാന്‍ ഒറ്റപ്പേരുമായി വന്നു. കണ്ണൂരില്‍ കരുണ കാട്ടിയ ഗവര്‍ണര്‍ കാലടിയിലും തുണക്കുമെന്ന് കരുതി. സ്വജനപക്ഷ പാര്‍ട്ടി ആജ്ഞാനുവര്‍ത്തികളെ നിയമിക്കുന്നതിന്, കലാശാലകളിലെ ഭരണവും അധ്യാപക നിയമനങ്ങളും നിതന്ത്രിക്കുന്നതിന് സി.പി.എം നയിക്കുന്ന അധ്യാപകസംഘടനാ നേതാക്കള്‍ക്ക് അധികാരം കൈമാറിയിരിക്കുന്നു.
മുന്‍ മന്ത്രി കെ. ടി ജലീല്‍ അദാലത്തിലൂടെ മാര്‍ക്ക് ദാനങ്ങള്‍ നടത്തി തോറ്റവരെ ജയിപ്പിക്കാന്‍ എല്ലാ വ്യവസ്ഥകളും കാറ്റില്‍ പറത്തിയ മാന്യനാണ്. മാര്‍ക്ക് ദാനത്തിലൂടെ നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ അധികാരം ഗവര്‍ണര്‍ക്ക് മാത്രമുള്ളപ്പോള്‍ സര്‍വകലാശാല നേരിട്ട് ഡിഗ്രി റദ്ദാക്കുന്ന സംഭവങ്ങള്‍ വരെ അരങ്ങേറി. അക്കാലത്ത്, പ്രതിപക്ഷ നേതാവെന്ന നിലയില്‍, മന്ത്രി കെ.ടി ജലീലിന്റെ ചട്ടവിരുദ്ധ നടപടികള്‍ നിയമ സഭയില്‍ ഞാന്‍ ഉന്നയിച്ചിരുന്നു. പ്രശ്‌നം ബഹുമാനപ്പെട്ട ഗവര്‍ണറുടെ ശ്രദ്ധയില്‍ പല വട്ടം കൊണ്ടു വന്നു. പക്ഷേ വേണ്ടത്ര ഗൗരവത്തില്‍ ഗവര്‍ണറുടെ ഓഫീസ് ഇടപെട്ടില്ല. ഉചിതമായ നടപടികള്‍ അന്ന് കൈകൊണ്ടിരുന്നെങ്കില്‍, ഇന്ന് ചാന്‍സലര്‍ പദവി ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
പി.രാജീവിന്റെ ഭാര്യയെ കുസാറ്റില്‍ നിയമവകുപ്പിലും, പി.കെ ബിജുവിന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗത്തിലും എം.ബി രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തിലും നിയമിച്ചു. എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ റാങ്ക് നല്‍കി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറി രാഗേഷിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാന്‍ ഒന്നാംറാങ്ക് നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്റെ ഭാര്യയെ സംസ്‌കൃത പ്രഫസര്‍ ആയിട്ട് പോലും കേരള സംവകലാശാലയുടെ മലയാള വിഭാഗത്തില്‍ ലെക്‌സിക്കന്‍ എഡിറ്ററായി നിയമിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയല്ലേ നടക്കുന്നത്?. കലാമണ്ഡലം സര്‍വ്വവകലാശാലാ വി.സി ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു എന്നുപറഞ്ഞ മുഖ്യമന്ത്രി കേസിന് ആധാരമായ പി.ആര്‍.ഒ യെ തിരികെ സര്‍വീസില്‍ നാളിത് വരെ പ്രവേശിപ്പിച്ചില്ല. ഒരു വൈസ് ചാന്‍സിലര്‍ സര്‍വ്വവകലാശാല മേധാവിയായ ഗവര്‍ണര്‍ക്കെതിരെ കേസ് കൊടുക്കുന്നത് വിചിത്രമാണ്. ഇത് സി.പി.എമ്മിന്റെ ഒത്താശയോടുകൂടിയാണ്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ഇതേ വരെ ശമ്പളം നല്‍കാത്ത കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഗവര്‍ണറുടെ കത്തിന് യാതൊരു പ്രാധാന്യവും സര്‍ക്കാര്‍ നല്‍കിയില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഓപ്പണ്‍ സര്‍വകലാശാല രൂപീകരിച്ചതല്ലാതെ രണ്ടുവര്‍ഷമായിട്ടും അവിടെ കോഴ്‌സുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിയമിക്കപ്പെട്ട ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് തിരക്കിട്ട് ഇങ്ങനെ ഒരു സര്‍വകലാശാല രൂപീകരിച്ചു എന്നുള്ള ചോദ്യം ബാക്കിയാണ്. ഇത് നാരായണ ഗുരുവിനോടുള്ള അനാദരവായി വേണം കാണാന്‍.
ഭരിക്കുന്ന അദ്ധ്യാപക സംഘടനകള്‍ക്ക് താല്‍പര്യം ഇല്ലാത്തവരെ കള്ളക്കേസുകളില്‍ കുടുക്കുന്നതും അതുവഴി പീഡിപ്പിക്കുന്നതും സര്‍വകലാശാലകളില്‍ നിത്യസംഭവമാണ്. രാത്രികളില്‍ ഉറക്കമൊഴിച്ചു പഠിച്ച് റാങ്ക് നേടുന്നവര്‍ക്ക് സര്‍വകലാശാല അധ്യാപക നിയമനത്തിന് അപേക്ഷിക്കുവാന്‍ ഭയം ആയിരിക്കുന്നു. കാരണം മെറിറ്റിന് ഒരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല. എത്ര ഉയര്‍ന്ന റാങ്ക് നേടിയായാലും അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കില്ലെന്നതാണ് സ്ഥിതി. വിദ്യാഭ്യാസമേഖലയെ ഈ സര്‍ക്കാര്‍ അവരുടെ അടുക്കള കാര്യമാക്കി അധ പതിപ്പിച്ചുവെന്ന് ദുഃഖ ത്തോടെ പറയാതെ വയ്യ. സര്‍വകലാശാലയിലെ നിയമനങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ വിലക്കാന്‍ സര്‍ക്കാറിന് കഴിയുമോ. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പിറകെ നടക്കുന്നതിന്ന് പകരം ആദ്യം പാര്‍ട്ടി രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നും സര്‍വകലാശാലകളെ മോചിപ്പിക്കാന്‍ കരുണ കാട്ടുക. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് വി.സി നിയമനം നടത്തിയത് ഗവര്‍ണറുടെ ഇഷ്ടപ്രകാരമാണെന്ന് പറയാന്‍ കഴിയുക. സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് തനിക്ക് വഴങ്ങേണ്ടിവന്നുവെന്ന ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രസ്താവന കുറ്റസമ്മതത്തിന് സമാനമാണ്. യു.ഡി.ഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു വി.സി യെ പിരിച്ചുവിട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടികാട്ടിയത് ശരിതന്നെയാണ്. വ്യാജ ബയോഡാറ്റ സമര്‍പ്പിച്ചതായി ബോധ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന്റെ ശുപാര്‍ശ പ്രകാരം തന്നെ ഗവര്‍ണര്‍ തെറ്റ് തിരുത്തി. കണ്ണൂര്‍ വിസി നിയമനത്തിലുണ്ടായ വീഴ്ച ഗവര്‍ണര്‍ തിരുത്താന്‍ വൈകരുത്.